തുടങ്ങണം ചെറുകൃഷി, വീടുകളിലും

സംസ്ഥാനത്ത് പച്ചക്കറി വില വർധിച്ചതിന്  കൃഷി വകുപ്പിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്തുകൊണ്ട് പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കാണുന്നു. അതുപോലെ 60,000 ഉദ്യോഗസ്ഥർ ഉള്ള ഒരു വകുപ്പാണ് കൃഷിവകുപ്പ് എന്നും വ്യാജപ്രചരണങ്ങൾ നടക്കുന്നു. എന്നാൽ കൃഷിവകുപ്പിന്റെ വികസനപ്രവർത്തനങ്ങളും കർഷക ക്ഷേമ പദ്ധതികളും മനസ്സിലാക്കിയുള്ള ഒരു പോസ്റ്റ് അല്ല ഇതെന്നു വ്യക്തം.

 സംസ്ഥാന കൃഷി വകുപ്പിൽ എല്ലാ വിഭാഗത്തിൽ ഉള്ള ജീവനക്കാരെയും ഉൾപ്പെടുത്തിയാൽ തന്നെയും 7932   മാത്രമാണ് എണ്ണം. ഓരോ കൃഷിഭവനും മൂന്നും നാലും ജീവനക്കാരെ കൊണ്ടുമാത്രമാണ് ഓരോ ഗ്രാമപഞ്ചായത്ത് പരിധിയിലും  വരുന്ന 5000 മുതൽ 8000 വരെ കർഷകർക്ക് സേവനം നൽകുന്നത്.

 കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കാർഷിക ഉത്പാദന വർദ്ധനവ് തന്നെ സൂചിപ്പിക്കുന്നത് കാർഷികമേഖലയിലെ പോസിറ്റീവ് വളർച്ചയെയാണ്. കൃഷി വകുപ്പിൻ്റെ  ക്രിയാത്മകമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് ഈ ഒരു നേട്ടം കൈവരിക്കുവാനായിട്ടുള്ളത്.

 നമ്മുടെ പ്രധാന കാർഷിക വിളകൾ നെല്ല്, തെങ്ങ്, പച്ചക്കറി വിളകൾ, കിഴങ്ങുവർഗ്ഗവിളകൾ, സുഗന്ധവിളകൾ എന്നിവയാണ്. പലകാരണങ്ങളാൽ നെൽകൃഷി വിസ്തൃതിയിൽ കഴിഞ്ഞ 50 വർഷത്തിനകം ഗണ്യമായ കുറവുണ്ടായി എന്നത് വാസ്തവം. ജനസംഖ്യാ വർധനവിന് അനുസരിച്ച് നെൽവയൽ വിസ്തൃതിയിലും കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ 2008 ൽ നെൽവയൽ-തണ്ണീർത്തട നിയമം വന്നതിന് ശേഷം നിലവിലുണ്ടായിരുന്ന നെൽവയലുകളെയെങ്കിലും സംരക്ഷിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽതന്നെ നികത്തൽ നടപടികൾക്ക് പലവിധ സമ്മർദങ്ങൾ ചെലുത്തുന്നുണ്ടെങ്കിലും കൃഷിവകുപ്പിൻ്റെ  ക്രിയാത്മകമായ ഇടപെടലിലൂടെ ഇവ നമ്മൾ സംരക്ഷിച്ചു വരികയാണ്. 2008 ൽ 1.90 ലക്ഷം ഹെക്ടർ ആയിരുന്നു നെൽവയൽ വിസ്തൃതി. സുസ്ഥിര നെൽകൃഷി വികസനം, തരിശുനിലം കൃഷി എന്നീ പദ്ധതികളിലൂടെ 2020 -21 ൽ അത് 2.32 ലക്ഷം ഹെക്ടറിൽ എത്തിക്കുവാൻ കൃഷിവകുപ്പിന് സാധിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രതിസന്ധി സൃഷ്ടിച്ചി ട്ടുണ്ടെങ്കിലും ഈ വർദ്ധനവ് അഭിമാനകരമാണ്. നെൽ ഉൽപാദനത്തിലും ഈ വർദ്ധനവ് നമുക്ക് കാണാൻ കഴിയും. ഈ കാലയളവിൽ നെല്ലുൽപാദനം 5.6 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 9.8 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നിട്ടുണ്ട്. ഉത്പാദനക്ഷമതയിലും  കൈവരിക്കുവാനായ വർദ്ധനവ് ശ്രദ്ധേയമാണ്. ഉത്പാദനക്ഷമതയുടെ സംസ്ഥാന ശരാശരി 2.92 ടൺ ആണെങ്കിലും പല  സ്ഥലങ്ങളിലും 8 ടണ്ണിനു മുകളിൽ ലഭ്യമാക്കാനായിട്ടുള്ളത് ഗവേഷണ മേഖലയിലെ കൂടി നേട്ടമാണ്.

 മറ്റൊരു പ്രധാന വിളയാണ് തെങ്ങ്. പലയിടങ്ങളിലും നാണ്യവിളകളിലേക്കുണ്ടായ മാറ്റം തെങ്ങിൻ്റെ  വിസ്തൃതി കുറയ്ക്കുന്നതിന് ഇടയാക്കിയെങ്കിലും നാളികേരം ഇപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. കേരഗ്രാമം, നാളികേര വികസന കൗൺസിൽ എന്നീ പദ്ധതികളിലൂടെ നാളികേര വിസ്തൃതി നമുക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ സ്ഥായിയായി നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. നാളികേര ത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് 250 ഹെക്ടർ വീതം ഉള്ള മുന്നൂറിലധികം കേര ഗ്രാമങ്ങൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

 അഭൂതപൂർവമായ നേട്ടം കൈവരിക്കുവാൻ ആയ മറ്റൊരു മേഖലയാണ് പച്ചക്കറികൃഷി. 

 സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കിവരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി, സമഗ്ര പച്ചക്കറി വികസന പദ്ധതി, മഴമറ കൃഷി, കൃത്യതാ കൃഷി എന്നീ പദ്ധതികളിലൂടെയും, തരിശുനില കൃഷി യിലൂടെയും നല്ലൊരു ജനകീയ മുന്നേറ്റം പച്ചക്കറി കൃഷി മേഖലയിൽ കൊണ്ടുവരാനായിട്ടുണ്ട്. 

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ തന്നെ പച്ചക്കറി വിസ്തൃതിയിലും, ഉത്പാദനത്തിലും വളരെ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പച്ചക്കറി വിസ്തൃതി 33450 ഹെക്ടറിൽ നിന്നും 102000 ഹെക്ടറിലേക്കും, ഉത്പാദനം 5 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 16 ലക്ഷം മെട്രിക് ടണ്ണി ലേക്കും  എത്തുകയുണ്ടായി. പ്രതിവർഷം സംസ്ഥാനത്തെ പച്ചക്കറി ഉപഭോഗം 22 ലക്ഷം മെട്രിക് ടൺ ആണ്. ഈ മേഖലയിൽ കൂട്ടായ പരിശ്രമം ഉണ്ടെങ്കിൽ നമുക്ക് സ്വയംപര്യാപ്തത കൈവരിക്കാമെന്നതിൽ സംശയമില്ല.

 മറ്റൊരു പ്രധാന നേട്ടം സുഭിക്ഷ കേരളം പദ്ധതിയുടെ വിജയമായിരുന്നു. ലോക്ക് ഡൗൺ സമയത്ത് അയൽസംസ്ഥാനങ്ങളിൽ  ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ടുകൊണ്ടു സംസ്ഥാന  സർക്കാർ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സംയോജിത ഭക്ഷ്യ സുരക്ഷാ  പദ്ധതിയാണ് സുഭിക്ഷ കേരളം. 35000  ഹെക്ടർ തരിശുനില കൃഷിയാണ് പദ്ധതിപ്രകാരം നടപ്പിലാക്കിയത്. അധികമായി ഉത്പാദിപ്പിക്കപ്പെട്ട കപ്പ, പൈനാപ്പിൾ എന്നിവ മൂല്യവർദ്ധനവ് നടത്തി വിപണിയിൽ എത്തിക്കുകയും ചെയ്തു. ഇതുവരെ പദ്ധതി നടത്തിപ്പിൽ ഉണ്ടായിരുന്ന ഉൽപാദന വർദ്ധനവ് എന്ന ലക്ഷ്യത്തിനു പുറമേ സംസ്കരണത്തിനും, വിപണനത്തിനും  തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കൃഷി വകുപ്പ് ഇപ്പോൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്.

മണ്ണിനും മനുഷ്യനും ദോഷകരമായ രീതിയിലുള്ള കീടനാശിനികളുടെ  വിൽപന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനും കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന വളം അനധികൃതമായി വിറ്റഴിക്കുന്നത് തടയാനും ഗുണമേന്മയുള്ള വളം, കീടനാശിനി ലഭ്യത ഉറപ്പുവരുത്താനും സാങ്കേതിക വൈദഗ്ദ്ധ്യം ഉള്ള ക്വാളിറ്റി കൺട്രോൾ ടീം കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നുമുണ്ട്.

കൃഷിയിട സസ്യകീടരോഗ നിർണ്ണയത്തിനു വിള ആരോഗ്യക്ളിനിക്കുകൾ, ഗുണമേന്മയുള്ള ജൈ വഉത്പാദനോപാധികൾ കർഷകർക്ക് ലഭ്യമാക്കാൻ ബയോ കൺട്രോൾ ലാബുകൾ തുടങ്ങി അനേകം സേവനങ്ങളും കൃഷി വകുപ്പ് കർഷകർക്ക് നൽകുന്നു. കൂടാതെ കർഷക ക്ഷേമനിധി ബോർഡ് പോലെ കർഷക ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികളും.

 ഇപ്പോൾ ഉണ്ടായിട്ടുള്ള താൽക്കാലിക വില വർധനവിന് കാരണം എല്ലാവർക്കും അറിവുള്ളതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു മാസം തുടർച്ചയായി ഉണ്ടായിട്ടുള്ള കനത്തമഴയിലും ഉരുൾപൊട്ടലിലും 800  കോടിയുടെ കൃഷിനാശമാണ് പ്രാഥമിക കണക്കെടുപ്പ്‌ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 2 .2 ലക്ഷം കർഷകരുടെ 70000  ഹെക്ടർ കൃഷിയാണ് നശിച്ചിട്ടുള്ളത്.  അതുകൊണ്ടുതന്നെ വിലക്കയറ്റം എന്തുകൊണ്ട് എന്നുള്ളത് സാധാരണക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ. പരിഹാരമാർഗം ഒന്നേയുള്ളൂ എല്ലാവരും കൃഷിയിലേക്കിറങ്ങുക .സ്വന്തമായി  ഒരു ചുവട് തക്കാളിയോ, മുളകോ, പച്ചക്കറികൾ ഏതുമാകട്ടെ ലഭ്യമായ സ്ഥലത്ത് നട്ടുപിടിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. സാങ്കേതിക സഹായത്തിന് ഏതുനിമിഷവും തയ്യാറായി ഒപ്പം കൃഷിവകുപ്പും ഉണ്ടാകും. 

"തുടങ്ങണം ചെറുകൃഷി വീടുകളിലും"

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section