ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ
രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്.
➤ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.
വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം
1. ചങ്ങാലിക്കോടൻ
➤ കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം.
ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു കളയാതെ നിർത്തുന്നു. ആൺപൂക്കൾ കൊഴിഞ്ഞു പോകാതെ കുലത്തണ്ടിൽ നിൽക്കും. കായ് ഉപ്പേരി, പഴം നുറുക്ക് എന്നിവയ്ക്ക് കേമം.
2. നഞ്ചൻഗുഡ് രസബല്ലേ
➤ കർണാടകയിലെ മൈസൂർ, ചാമ്‌രാജ് നഗർ ജില്ലകളിൽ പ്രചാരത്തിലുള്ള ഇനം. നമ്മുടെ നാട്ടുപൂവൻ പഴത്തോട് സാമ്യം. കപില (കബനി ) നദിയുടെ തീരങ്ങൾ പാലൂട്ടി വളർത്തിയ അതീവ രുചികരമായ പഴം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന നഞ്ചുണ്ടേശ്വര ക്ഷേത്രം (ശിവ ക്ഷേത്രം )ഇവിടെയാണ്. അതുകൊണ്ട് കൂടിയാണ് ആ പേര് ലഭിച്ചത്. പക്ഷെ പനാമ വാട്ടം എന്ന രോഗം ഈ ഇനത്തെ മാരകമായി ബാധിക്കുന്നതിനാൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കർഷകർ ബുദ്ധിമുട്ടുന്നു. കേരളത്തിലെ പൂവൻ വാഴ കൃഷിയും ഏതാണ്ട് ഇതേ അവസ്ഥയിലാണ്.
3. വിരൂപാക്ഷി, ശിരുമലൈ
➤ തമിഴന്റെ അരിയ, തങ്കമാന വാളപ്പളം. പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിന്റെ സ്വാദിന്റെ രഹസ്യം ഈ വാഴകളാണ്. കുന്നിൻ ചരിവുകളിൽ കുറ്റിവിള കൃഷി രീതിയിൽ വിളയിച്ചെടുക്കുന്നു. താര തമ്യേന കീട രോഗ പ്രതിരോധ ശേഷി ഉള്ള ഇനങ്ങൾ.
4. കമലാപുർ ചെങ്കദളി
➤ നമ്മുടെ കപ്പവാഴ തന്നെ. തിരുവനന്തപുരം ജില്ലയാണ് കേരളത്തിൽ ചെങ്കദളി കൃഷിയിൽ മുന്നിൽ. എന്നാൽ ഇതിന്റെ യഥാർഥ അവകാശികൾ കർണാടകയിലെ ഗുൽബർഗ ജില്ലയിലെ കുന്നിൻ ചരിവുകൾ നിറഞ്ഞ കമലാപൂർ ഗ്രാമം ആണ്. 12-13മാസം മൂപ്പുള്ള വളരെ ഉയരത്തിൽ പോകുന്ന വാഴയിനം. ഒരു ഡസൻ പഴത്തിനു 150-200രൂപ വരെ വില വരും. കമനീയമായ ചുവന്ന തൊലിക്കുള്ളിൽ ഹൃദ്യമായ സുഗന്ധവും സ്നിഗ്ധതയും ഉള്ള ക്രീം നിറത്തിൽ ദശയുള്ള രുചികുടുക്ക. പക്ഷെ കാറ്റിനെ പ്രതിരോധിക്കാൻ കെൽപു കുറവാണ്. അവിടുത്തെ ഫല ഭൂയിഷ്ടമായ, അല്പം ക്ഷാരത കലർന്ന, നീർവാർച്ചയുള്ള മണ്ണിൽ പിടിക്കുമ്പോൾ നല്ല രുചി. പിന്നെ മഴ കുറവായതു കൊണ്ട് മധുരവും കേമം. TSS(Total Soluble Sugar )20-22 Brix.
5. ജൽഗാവോൺ വാഴപ്പഴം
➤ ഇന്ത്യയുടെ വാഴപ്പഴനഗരം. മഹാരാഷ്ട്രയുടെ പശ്ചിമ തീരത്ത് നിന്നും 300 കിലോമീറ്റർ അകലത്തുള്ള ഈ വരണ്ട പ്രദേശം എങ്ങനെ വാഴക്കൃഷിയുടെ പ്രതാപം നേടി എന്നത് പഠിക്കുന്നത് നന്നായിരിക്കും. ജെയിൻ ഇറിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് അതിന്റെ ക്രെഡിറ്റ്. അക്കാഡമിക് ഗ്രന്ഥങ്ങൾ വായിച്ചാൽ ആർദ്രത കുറഞ്ഞ , വരണ്ട, ചൂട് കൂടിയ, വർഷം വെറും 700മില്ലി മീറ്റർ മാത്രം മഴ കിട്ടുന്ന (കേരളത്തിൽ ഇത് 3000mm ആണെന്ന് ഓർക്കണം )ഈ പ്രദേശം വാഴകൃഷിയ്ക്കു പറ്റിയതല്ല എന്നേ പണ്ഡിതർ പറയൂ. അവിടെയാണ് ശാസ്ത്രം ജയിച്ചത്. 48000ഹെക്ടറിൽ ആണ് വാഴക്കൃഷി. ഹെക്ടറിന് 70ടൺ ആണ് ഉൽപ്പാദന ക്ഷമത. എന്താണ് ഇവരുടെ രഹസ്യം.
1. തുള്ളി നന (Drip irrigation)
2. തീവ്ര സാന്ദ്രത നടീൽ (High density planting )
3. ഗ്രാൻഡ് നൈൻ എന്ന ഇനത്തിന്റെ ഗുണമേന്മയുള്ള ടിഷ്യു കൾച്ചർ തൈകൾ.
➤ ഒരു ഏക്കറിൽ സാധാരണ 1000വാഴയാണ് നടാൻ ശുപാര്ശ. പക്ഷെ ഇവിടുത്തെ ആർദ്രത കുറഞ്ഞ കാലാവസ്ഥയെ നേരിടാൻ അവർ ഏക്കറിൽ 1200-1300തൈകൾ നടും. അപ്പോൾ തോട്ടത്തിനകത്തു നീരാവി തടുത്തു നിർത്തപ്പെടും. എന്നാൽ ഇലപ്പുള്ളി (സിഗെറ്റോക )രോഗം ഒരു ഭീഷണി ആകുന്നുമില്ല.
(കേരളത്തിൽ ഇങ്ങനെ നട്ടാൽ ഇലപ്പുള്ളി രോഗം ഒരു 'കൊലപ്പുള്ളി' ആയി മാറും ).
ആ പ്രദേശത്തുള്ള കഠിനാധ്വാനികളും ബിസിനസ് മനസ്സും ഉള്ള ഗുജ്ജർ, ലേവ പാട്ടീൽ സമുദായക്കാരുടെ മിടുക്കും ഒരു കാരണമാണ്. അടുത്തുള്ള ഭുസാവൽ റെയിൽവേ സ്റ്റേഷനും അവരുടെ ഉൽപ്പന്നങ്ങളുടെ നീക്കത്തെ സഹായിക്കുന്നു.
എന്തായാലും ലോകത്തെ ഏറ്റവും മികച്ച ഏഴ് വാഴയുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് ജൽഗാവോൺ.
വാൽ കഷ്ണം : അധിനിവേശത്തിന്റെ കണ്ണീർക്കഥകൾ വാഴക്കൃഷിയിലും ഉണ്ട്. ലോകത്തിലെ വാഴപ്പഴ വിപണി നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തകകൾ ആണ്. ചിക്വിറ്റ (പണ്ടത്തെ യുണൈറ്റഡ് ഫ്രൂട്സ് കമ്പനി ), ഡോൾ(പഴയ സ്റ്റാൻഡേർഡ് ഫ്രൂട്സ് കമ്പനി ), ഡെൽ മോണ്ടെ, നോബോവ, ഹൈഫസ്, സുമിഫ്രൂ, ടാഡെക്കോ ഏണിവരൊക്കെയാണ് പ്രധാന കളിക്കാർ. ഒരു കാലത്ത് പലരാജ്യങ്ങളിലും കരാർ കൃഷിക്കായി എത്തി 'കഴകം മൂത്ത് ശാന്തിക്കാർ 'ആയ ചരിത്രം. ആ രാജ്യങ്ങളിലെ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും ഈ കമ്പനികൾ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തി. അങ്ങനെ ആണ് Banana Republic എന്ന പ്രയോഗം തന്നെ ഉണ്ടായത്.മെക്സിക്കോ, ഗ്വാട്ടിമല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ, ഇക്വഡോർ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു ഇവരുടെ കേളീ രംഗം. ഇവിടങ്ങളിൽ രാസ മലിനീകരണം നടത്തി, ജനങ്ങളെ വാഴത്തോട്ടങ്ങളിൽ അടിമകളാക്കി, രാഷ്ട്രീയ നേതൃത്വങ്ങളെ ചൊൽപ്പടിക്ക് നിർത്തി, യൂറോപ്പിലേക്കും അമേരിക്കയിലേക്കും അവർ വാഴപ്പഴം കയറ്റുമതി നടത്തി വിലസ്സി.
വിവരണം:
പ്രമോദ് മാധവൻ,
കൃഷി ഓഫീസർ.