ഇന്ന്, ഡിസംബർ 5, ലോക മണ്ണ് ദിനം (World Soil Day) ആയി ആചരിക്കുന്നു. നമ്മുടെ ജീവന്റെ നിലനിൽപ്പിന് ആധാരമായ മണ്ണിന്റെ പ്രാധാന്യം ഓർക്കാനുള്ള സുപ്രധാന ദിനമാണിത്. നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണവും വരുന്നത് ഈ മണ്ണിൽ നിന്നാണ്. വെറുമൊരു മണ്ണല്ല ഇത്; കോടിക്കണക്കിന് ജീവികൾ താമസിക്കുന്ന വീടും, വെള്ളം ശേഖരിച്ച് വെക്കുന്ന കലവറയും, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ശക്തിയും മണ്ണാണ്. കർഷകരെ സംബന്ധിച്ച്, മണ്ണ് അവരുടെ ജീവനാണ്. മണ്ണ് നന്നായിരുന്നാൽ മാത്രമേ നല്ല വിളവ് ലഭിക്കൂ, നമുക്ക് സുരക്ഷിതമായി ഭക്ഷണം കഴിക്കാനാകൂ. മണ്ണിനെ മനസ്സിലാക്കി, അതിനെ പരിപാലിക്കുന്ന കർഷകൻ്റെ കൂടെയാണ് നമ്മുടെ കൃഷിയുടെയും നാളെയുടെയും വിജയം. അമിതമായ രാസവളങ്ങൾ ഉപയോഗിച്ച് മണ്ണി
നെ നമ്മൾ വേദനിപ്പിക്കുന്നുണ്ട്. ഈ ദിനത്തിൽ, മണ്ണിൻ്റെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്നും, കേരളത്തിലെ മണ്ണിന്റെ തരങ്ങളും ഘടനകളും അനുയോജ്യമായ കൃഷികളും എതെല്ലാം ആണ് എന്ന് നോക്കാം.
കേരളത്തിലെ മണ്ണിന് പൊതുവായി ചില സവിശേഷതകളുണ്ട്. മിക്കവാറും എല്ലാ ജില്ലയിലെയും മണ്ണിന് അമ്ല സ്വഭാവം (pH 4.8 മുതൽ 5.9 വരെ) ഉണ്ട്. ഇത് പ്രധാനമായും ഉയർന്ന മഴയും ജൈവ വസ്തുക്കളുടെ സാന്നിധ്യവും മൂലമാണ്. ഇവിടുത്തെ മണ്ണിന് പൊതുവെ നല്ല അളവിൽ മണലിന്റെ അംശംവും, അതിനോടൊപ്പം കളിമണ്ണിന്റെയും എക്കലിന്റെയും മിശ്രിതവും ഉണ്ടെന്ന് കാണാം. ഇത് ഓരോ പ്രദേശത്തെയും മണ്ണ് രൂപപ്പെടുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. നിറം തവിട്ട്, കറുപ്പ്, ചുവപ്പ് മുതൽ കടും ചുവപ്പ് വരെ കാണപ്പെടുന്നുണ്ട്. കേരളത്തിലെ മണ്ണിനു പോഷകങ്ങളുടെ കുറവ് നല്ലതു പോലെ ഉണ്ട്. മിക്കവാറും മണ്ണിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ കുറവാണ്. ജൈവാംശത്തിന്റെ അളവും കുറവാണ്.
കേരളത്തിലെ മണ്ണിനെ പ്രധാനമായും 10 തരങ്ങളായി തിരിക്കാം. ഓരോ മണ്ണിനും അതിൻ്റേതായ ഘടനയും അനുയോജ്യമായ കൃഷികളുമുണ്ട്:
1. തീരദേശ മണ്ണ് (Coastal Alluvium / Coastal Sandy Soils):
**************************************
കേരളത്തിന്റെ പടിഞ്ഞാറൻ സമുദ്രതീരത്തും അതിനോട് ചേർന്ന സമതലപ്രദേശങ്ങളിലും കാണപ്പെടുന്നു. മഞ്ഞകലർന്ന തവിട്ടുനിറമുള്ള ഈ മണ്ണിൽ 80 ശതമാനത്തിനുമുകളിൽ മണലിന്റെ അംശമുള്ളതുകൊണ്ട് ഫലപുഷ്ടി കുറവാണ്. ഉയർന്ന ജലനിരപ്പ് മണ്ണിന്റെ പ്രത്യേകതയാണെങ്കിലും ഈർപ്പം നിലനിർത്താനുള്ള കഴിവ് വളരെ കുറവാണ്. മൂലകങ്ങളും വളരെ കുറവായതുകൊണ്ട് ഈ മണ്ണിൽ ജൈവവളങ്ങളും ജൈവപദാർത്ഥങ്ങളും വളരെയധികം ചേർത്താലെ കൃഷിയോഗ്യമാക്കാനാകൂ. അനുയോജ്യമായ കൃഷികൾ തെങ്ങ്, കശുമാവ്, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ചില താഴ്ന്ന പ്രദേശങ്ങളിൽ നെല്ല് കൃഷിക്കും അനുയോജ്യമാണ്.
2. എക്കൽ മണ്ണ് (Alluvial Soil / Riverine Alluvium):
******************************************
നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും കാണപ്പെടുന്നു. നദികൾ കൊണ്ടുവരുന്ന എക്കൽ അടിഞ്ഞുകൂടി രൂപപ്പെടുന്ന ഈ മണ്ണ് വളരെ ഫലഭൂയിഷ്ഠമാണ്. ഇതിന് നല്ല നീർവാർച്ചാ ശേഷിയുണ്ട്. മണൽ കലർന്ന കളിമണ്ണ് മുതൽ സാധാ കളിമണ്ണ് വരെ ഇതിൽ അടങ്ങിയിട്ടുണ്ട്. പൊതുവെ നെല്ല്, കരിമ്പ്, വാഴ, പച്ചക്കറികൾ, തെങ്ങ്, കശുമാവ് എന്നിവയ്‌ക്കു അനുയോജ്യമാണ്.
3. വെട്ടുകൽ മണ്ണ് / ലാറ്ററൈറ്റ് മണ്ണ് (Laterite Soil):
**************************************
കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്നു. കളിമണ്ണിന്റെ അംശം കൂടുതലുള്ളതും ഇരുമ്പ്, അലുമിനിയം ഓക്സൈഡുകൾ ധാരാളമായി അടങ്ങിയതുമായ മണ്ണാണിത്. കനത്ത മഴയും ഉയർന്ന താപനിലയും ലാറ്ററൈസേഷന് അനുയോജ്യമാണ്. പൊതുവേ അമ്ലസ്വഭാവമുള്ളതും പോഷകങ്ങൾ കുറഞ്ഞതുമാണ്. ജലം നിലനിർത്താനുള്ള കഴിവ് കുറവാണ്. അനുയോജ്യമായ കൃഷികൾ, റബ്ബർ, തെങ്ങ്, കശുമാവ്, കുരുമുളക്, അടയ്ക്ക, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയാണ്.
4. ചുമന്ന മണ്ണ് (Red Soil):
**************************
തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും ചില മലയോര മേഖലകളിലും കാണപ്പെടുന്നു. ഇരുമ്പ് ഓക്സൈഡിന്റെ സാന്നിധ്യം കാരണം ചുവപ്പ് നിറമാണ്. നൈട്രജൻ, ഫോസ്ഫറസ്, ഹ്യൂമസ് (ജൈവാംശം) എന്നിവയുടെ അളവ് പൊതുവെ ഈ മണ്ണിൽ കുറവാണ്. എന്നാൽ പൊട്ടാസ്യം താരതമ്യേന കൂടുതലായിരിക്കും. അമ്ലത്വം 4.8 മുതൽ 5.9 വരെയാണ്. അവശ്യ പോഷകങ്ങളും ജൈവാംശവും കുറവാണ്. തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, നെല്ല്, കരിമ്പ് മുതലായവ ഈ മണ്ണിൽ കൃഷി ചെയ്യാം.
5. കരിമണ്ണ് / കറുത്ത പരുത്തി മണ്ണ് (Black Soil / Black Cotton Soil / Regur Soil):
********************************************
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് പ്രധാനമായും കാണപ്പെടുന്നത്. കറുപ്പ് നിറമുള്ളതും കളിമണ്ണ് ധാരാളമായി അടങ്ങിയതുമായ മണ്ണാണിത്. ജലം പിടിച്ചുനിർത്താനുള്ള കഴിവ് കൂടുതലാണ്. വരണ്ട കാലാവസ്ഥയിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. pH മൂല്യം 7.0 മുതൽ 8.5 വരെയാണ്. മണ്ണ് നെൽകൃഷിക്ക് വളരെ അനുയോജ്യമാണ്.അത് പോലെ ഇത് പരുത്തി കൃഷിക്കും വളരെ അനുയോജ്യമാണ് , നിലക്കടല, കരിമ്പ്, പയർ വർഗ്ഗങ്ങൾ,തെങ്ങ്, മുളക്, വഴുതന, വെണ്ടയ്ക്ക തുടങ്ങി എല്ലാത്തരം പച്ചക്കറി കൃഷികൾക്കും ഇത് അനുയോജ്യമാണ്.
6. വനമണ്ണ് (Forest Soil):
*************************
ഇടുക്കി, പാലക്കാട്, വയനാട് പോലുള്ള മലയോര ജില്ലകളിൽ കാണപ്പെടുന്നു. ഇരുണ്ട ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. വനമണ്ണിന്റെ ഏറ്റവും പ്രധാന സവിശേഷത ഉയർന്ന ജൈവാംശം എന്നതാണ്. ഇലകൾ, മരച്ചില്ലകൾ, സസ്യഭാഗങ്ങൾ എന്നിവ മണ്ണിൽ വീഴുകയും കാലക്രമേണ വിഘടിക്കുകയും ചെയ്യുന്നതിലൂടെ മണ്ണിന് നല്ല അളവിൽ ജൈവാംശം ലഭിക്കുന്നു. നൈട്രജൻ, പൊട്ടാഷ് എന്നിവ ഇടത്തരം അളവിലുണ്ട്. ഫോസ്ഫറസും കുമ്മായവും കുറവാണ്. കാപ്പി, തേയില, റബ്ബർ, ഏലം, കുരുമുളക് തുടങ്ങിയവയാണ് ഈ പ്രദേശങ്ങളിൽ സാധാരണയായി കൃഷി ചെയ്യുന്നത്.
7. കുട്ടനാട് മണ്ണ് (Kuttanad Soil):
*********************************
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട് പ്രദേശത്തെ മണ്ണാണിത്. ലവണാംശമുള്ളതും അമ്ലസ്വഭാവമുള്ളതുമായ മണ്ണാണിത്. വെള്ളക്കെട്ട് ഒരു പ്രധാന പ്രശ്നമാണ്. നെല്ല് കൃഷി ആണ് പ്രധാനമായും ഇവിടെ.
8. ഹൈഡ്രോമോർഫിക് സലൈൻ മണ്ണ് (Hydromorphic Saline Soil / Acid Saline Soil):
********************************************
എറണാകുളം (പൊക്കാളി), ആലപ്പുഴ (ഓരുമുണ്ടകൻ), കണ്ണൂർ (കൈപ്പാട്) തുടങ്ങിയ തീരദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു. തീവ്രമായ അമ്ലതയും നീർവാർച്ച തീരെ കുറവായതുമായ മണ്ണാണിത്. പലപ്പോഴും ഉപ്പുരസം കൂടുതലായിരിക്കും. പ്രത്യേകതരം നെല്ലിനങ്ങൾ (ഉപ്പുവെള്ളത്തെ അതിജീവിക്കുന്നവ) ആണ് ഇവിടങ്ങളിലെ പ്രധാന കൃഷി.
9. ഓണാട്ടുകര മണ്ണ് (Greyish Onattukara Soil):
******************************************
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര പ്രദേശത്തെ ഈ മണ്ണ്, വെട്ടുകൽ മണ്ണിന്റെയും തീരദേശ മണലിന്റെയും ഇടയിലുള്ള ഒരു പ്രത്യേകതരം മണ്ണാണ്. ഇതിന് ചാരനിറം കലർന്ന നിറമാണുള്ളത്. കടൽ നിക്ഷേപങ്ങളിൽ നിന്നാണ് ഇത് രൂപപ്പെടുന്നത്. സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ കുറവാണ്. ഓണാട്ടുകര മണ്ണിന്റെ അമ്ലത്വം ഒരു പ്രശ്നമായതുകൊണ്ട്, മണ്ണുപരിശോധന നടത്തി ആവശ്യത്തിനനുസരിച്ച് കുമ്മായം ചേർത്ത് അമ്ലത്വം കുറയ്ക്കുന്നത് വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
നെല്ല്, മരച്ചീനി, കപ്പലണ്ടി, തെങ്ങ്, വാഴ, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും ഈ മണ്ണിൽ കൃഷി ചെയ്യാറുണ്ട്.
10. ബ്രൗൺ ഹൈഡ്രോമോർഫിക് മണ്ണ് (Brown Hydromorphic Soil):
******************************************
പ്രധാനമായും നദീതടങ്ങളിലും, തീരദേശ മേഖലകളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും കായൽ പ്രദേശങ്ങളോടും കായൽത്തീരങ്ങളോടും ചേർന്നുള്ള വയലുകളിലാണ് ഈ മണ്ണ് കാണപ്പെടുന്നത് ഈ മണ്ണിന് വെള്ളക്കെട്ടിന്റെയും ജലാംശത്തിന്റെയും സ്വാധീനമുണ്ട്. പൊതുവേ ജലാംശം കൂടുതലായതിനാൽ നീർവാർച്ചാ പ്രശ്നങ്ങൾ ഉണ്ടാകാം. തവിട്ടുനിറം അല്ലെങ്കിൽ ചാരനിറം കലർന്ന തവിട്ടുനിറം ആയിരിക്കും പൊതുവെ ഈ മണ്ണിനുള്ളത്. വെള്ളക്കെട്ടിന്റെ സ്വാധീനം കാരണം ഇരുമ്പിന്റെ ഓക്സീകരണത്തിൽ മാറ്റം വരുന്നത് ഈ നിറത്തിന് കാരണമാകുന്നു.ജൈവാംശം, നൈട്രജൻ, പൊട്ടാഷ് എന്നിവ മിതമായ അളവിലുണ്ട്. നെൽകൃഷിയാണ് ഈ മണ്ണിൽ ഏറ്റവും അനുയോജ്യമായ കൃഷി. വെള്ളക്കെട്ടുള്ള സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന നെല്ലിനങ്ങൾ ഈ പ്രദേശങ്ങളിൽ സാധാരണയായി കൃഷി ചെയ്യുന്നു. തെങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയും ഈ മണ്ണിൽ കൃഷി ചെയ്യുന്നുണ്ട്.
കേരളത്തിലെ ഓരോ ജില്ലയിലും ഒന്നിലധികം തരം മണ്ണുകൾ കാണപ്പെടാറുണ്ട്, കാരണം ഭൂപ്രകൃതിയും, കാലാവസ്ഥയും, നദികളുടെ സാന്നിധ്യവും മണ്ണിന്റെ ഘടനയെ സ്വാധീനിക്കുന്നുണ്ട്. ഓരോ ജില്ലയുടെയും ഭൂപ്രകൃതി അനുസരിച്ച് ഈ മണ്ണിനങ്ങളിൽ വ്യത്യാസങ്ങൾ വരാം. ഉദാഹരണത്തിന്, മലയോര ജില്ലകളിൽ മലയോര മണ്ണും വെട്ടുകൽ മണ്ണും കൂടുതലായി കാണുമ്പോൾ, തീരദേശ ജില്ലകളിൽ മണൽ മണ്ണും എക്കൽ മണ്ണും ആയിരിക്കും പ്രധാനം. കൃത്യമായ മണ്ണ് പരിശോധന നടത്തി, അതിനനുസരിച്ചുള്ള മൂലകങ്ങൾ മണ്ണിൽ ചേർത്തും, വിള തിരഞ്ഞെടുപ്പും, ശാസ്ത്രീയമായ വളപ്രയോഗവും, മണ്ണ് സംരക്ഷണ മാർഗ്ഗങ്ങളും തിരിച്ചറിഞ്ഞ് കൃഷി ചെയ്യുന്നതിലൂടെ മാത്രമേ ഓരോ പ്രദേശത്തും ഏറ്റവും മികച്ച വിളവ് നേടാനും മണ്ണിന്റെ ആരോഗ്യം നിലനിർത്താനും സാധിക്കു.

