ചെടികൾ നന്നായി വളരാനും മികച്ച വിളവ് നൽകാനും നൈട്രജനും പൊട്ടാഷും പോലെ തന്നെ പ്രധാനമാണ് മഗ്നീഷ്യം എന്ന മൂലകവും. മണ്ണിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ചെടികളുടെ ആരോഗ്യത്തെയും ഉൽപ്പാദനത്തെയും സാരമായി ബാധിക്കും. പലപ്പോഴും കർഷകർ ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുകയാണ് പതിവ്.
ചെടികളിലെ മഗ്നീഷ്യം കുറവ് എങ്ങനെ തിരിച്ചറിയാമെന്നും പരിഹാരങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
ചെടികളിൽ മഗ്നീഷ്യം കുറയുമ്പോൾ ഇലകളിൽ വ്യക്തമായ ലക്ഷണങ്ങൾ കാണാൻ സാധിക്കും:
ചെടിയിലെ മൂത്ത ഇലകളുടെ ഞരമ്പുകൾക്കിടയിൽ മഞ്ഞളിപ്പ് ബാധിക്കുന്നു.
ഇലയുടെ ഞരമ്പുകൾ പച്ചനിറത്തിൽ തന്നെ ഇരിക്കുകയും ഇടയിലുള്ള ഭാഗങ്ങൾ മാത്രം മഞ്ഞ നിറമാവുകയും ചെയ്യുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്.
ഇലകൾ മഞ്ഞളിക്കുന്നതോടൊപ്പം ചെടിയുടെ വളർച്ച മുരടിക്കുകയും വിളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു.
പരിഹാരമാർഗ്ഗങ്ങൾ
മണ്ണിലെ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം:
മഗ്നീഷ്യം സൾഫേറ്റ് (Epsom Salt): ഇതിന് ഏറ്റവും എളുപ്പമുള്ള പ്രതിവിധി മഗ്നീഷ്യം സൾഫേറ്റ് പ്രയോഗമാണ്. തടമൊന്നിന് 30 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
ഡോളോമൈറ്റും ചുണ്ണാമ്പും: മണ്ണിലെ അമ്ലത്വം കുറയ്ക്കാനും മഗ്നീഷ്യം ലഭ്യമാക്കാനും ഡോളോമൈറ്റ് (Dolomite), ചുണ്ണാമ്പുകൾ, ലൈം സ്റ്റോൺ അടങ്ങിയിട്ടുള്ള വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
ജൈവവളങ്ങൾ: ചാണകം, കമ്പോസ്റ്റ് എന്നിവ ധാരാളമായി ഉപയോഗിക്കുന്നത് മണ്ണിലെ പോഷകാംശം സന്തുലിതമായി നിലനിർത്താൻ സഹായിക്കും.
മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിലൂടെ മാത്രമേ മികച്ച വിളവ് ഉറപ്പാക്കാൻ കഴിയൂ. ഇലകളിലെ മാറ്റങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ മഗ്നീഷ്യം കുറവ് മൂലമുള്ള വിളനാശം ഒഴിവാക്കാം.

