സമ്മിശ്ര കൃഷി (Intercropping): നേട്ടങ്ങൾ, നടേണ്ട വിളകൾ, ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ

 


ഇടവിള കൃഷി അഥവാ സമ്മിശ്ര കൃഷി എന്നത് ഒരേ സ്ഥലത്ത്, ഒരേ സമയം ഒന്നോ അതിലധികമോ വിളകൾ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണ്. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠി വർദ്ധിപ്പിക്കാനും, കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാനും, വിളവ് കൂട്ടാനും, കർഷകന്റെ വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഇങ്ങനെ ചെയ്യുമ്പോൾ ഒരേ സ്ഥലത്ത് നിന്ന് കൂടുതൽ വിളവ് ലഭിക്കുന്നു. വ്യത്യസ്ത വിളകൾക്ക് വ്യത്യസ്ത പോഷകങ്ങൾ ആവശ്യമായതിനാൽ മണ്ണിന്റെ പോഷക സമൃദ്ധി നിലനിർത്താൻ സഹായിക്കുന്നു. ചില സസ്യങ്ങൾ കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.ഇടവിളകൾ മണ്ണിനെ മൂടുന്നതിലൂടെ കളകളുടെ വളർച്ച കുറയ്ക്കുന്നു.മണ്ണിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഏതെങ്കിലും ഒരു വിള നശിച്ചുപോയാലും മറ്റ് വിളകളിൽ നിന്ന് വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്.


അടിസ്ഥാന വിളകൾക്കിടയിൽ ഇടവിളയായി നടാൻ കഴിയുന്ന സസ്യങ്ങൾ:


തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കുരുമുളക്, വാഴ, പൈനാപ്പിൾ, മഞ്ഞൾ, ഇഞ്ചി, ജാതി, കൊക്കോ, ചേമ്പ്, ചേന, പയർ വർഗ്ഗങ്ങൾ, ചെണ്ടുമല്ലി, പച്ചക്കറികൾ എന്നിവ നടാം. തെങ്ങുകൾക്ക് ആദ്യ 8 വർഷം വരെ നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ഈ സമയത്ത് കൂടുതൽ പ്രകാശം ആവശ്യമുള്ള വിളകൾ നടാം. പിന്നീട് തണൽ കൂടുന്നതിനനുസരിച്ച് തണൽ ഇഷ്ടപ്പെടുന്ന വിളകൾ തിരഞ്ഞെടുക്കാം.


വാഴത്തോട്ടങ്ങളിൽ പയർ, വെണ്ട, പച്ചമുളക്, തക്കാളി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഹ്രസ്വകാല പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും നടാം. അതുപോലെ തന്നെ മരച്ചീനി തോട്ടങ്ങളിൽ പയർ വർഗ്ഗങ്ങൾ, ചീര, വെണ്ട തുടങ്ങിയ ഹ്രസ്വകാല വിളകളും നാട്ടു പിടിപ്പിക്കാം. നെൽകൃഷിക്ക് ശേഷം പയർ വർഗ്ഗങ്ങൾ, എള്ള്, പച്ചക്കറികൾ എന്നിവ നടാം. ഇഞ്ചി, മഞ്ഞൾ എന്നിവയോടൊപ്പം ചേമ്പ്, ചേന, മറ്റ് തണൽ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ എന്നിവ നടാം.


സമ്മിശ്ര കൃഷി ചെയ്യുമ്പോൾ ചേർക്കേണ്ട വളങ്ങൾ:


എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നീ  സാന്ദ്രീകൃത ജൈവവളങ്ങൾ കൃഷി ചെയ്യുമ്പോൾ മണ്ണിൽ ചേർക്കുന്നത് എല്ലാത്തരം ചെടികൾക്കും നല്ലതാണ്. വേപ്പിൻപിണ്ണാക്ക് കീടങ്ങളെ അകറ്റാനും സഹായിക്കും. കാലിവളം മണ്ണിന് പോഷകങ്ങൾ നൽകുന്നതിനും ഘടന മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അടുക്കളയിലെ മാലിന്യങ്ങളും കാർഷിക അവശിഷ്ടങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന കമ്പോസ്റ്റ് ഇതിനിടയിൽ ചേർക്കാം.


ശീമക്കൊന്ന, വൻപയർ, ചണമ്പ്, ഡയിഞ്ച, ചെറുപയർ, ഉഴുന്ന് തുടങ്ങിയവ പച്ചിലവളങ്ങളായി ഉപയോഗിക്കാം. ഇവ അടിസ്ഥാന വിളകൾക്കിടയിൽ നട്ടു വളർന്നു വരുമ്പോൾ മണ്ണിലേക്ക് ഉഴുതു ചേർക്കുന്നത്  മണ്ണിൽ നൈട്രജൻ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നു. അസറ്റോബാക്ടർ, ഫോസ്ഫോബാക്ടർ, സ്യൂഡോമോണസ് തുടങ്ങിയ ജൈവവളങ്ങൾ മണ്ണിൽ ചേർക്കുന്നതും  പോഷക ലഭ്യത വർദ്ധിപ്പിക്കും.


സമ്മിശ്ര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


ഓരോ വിളയുടെയും വളർച്ചാ സ്വഭാവം, സൂര്യപ്രകാശത്തിന്റെ ആവശ്യം, വേരുകളുടെ ആഴം, പോഷക ആവശ്യകത എന്നിവ മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാൻ.

പരസ്പരം സഹായകരമായ സസ്യങ്ങൾ തിരഞ്ഞെടുക്കുക ഉദാഹരണത്തിന്, നൈട്രജൻ മണ്ണിൽ ഉറപ്പിക്കുന്ന പയർ വർഗ്ഗങ്ങളും, കൂടുതൽ നൈട്രജൻ ആവശ്യമുള്ള വിളകളും സമ്മിശ്രമായി നടുക. 


കീടങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ ഒഴിവാക്കുക, അല്ലെങ്കിൽ അവയെ  കീടങ്ങളെ അകറ്റുന്ന സസ്യങ്ങളോടൊപ്പം നടുക. ഉദാഹരണത്തിന് തക്കാളിക്ക് ചുറ്റും ചെണ്ടുമല്ലി, കാബേജിനും ബ്രോക്കോളിക്കും ഒപ്പം പുതിന, റോസാച്ചെടികൾക്ക് ചുറ്റും വെളുത്തുള്ളി, കാരറ്റിന് ചുറ്റും റോസ്മേരി അല്ലെങ്കിൽ സവാള. ഈ രീതിയിൽ ചെടികൾ ഇടവിളയായി നടുകയാണെങ്കിൽ നിങ്ങളുടെ തോട്ടത്തിലെ കീടങ്ങളെ നിയന്ത്രിക്കാനും സാധിക്കും, അതുപോലെ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും.


വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ അകലം നൽകണം. അമിതമായി അടുത്തടുത്ത് നട്ടാൽ പോഷകങ്ങൾക്കും സൂര്യപ്രകാശത്തിനും മത്സരം ഉണ്ടാകാം. വിളകൾ വളരെ അടുത്തടുത്ത് നടുമ്പോൾ, കീടങ്ങൾക്കും രോഗകാരികൾക്കും ഒരു ചെടിയിൽ നിന്ന് അടുത്തതിലേക്ക് എളുപ്പത്തിൽ വ്യാപിക്കാൻ കഴിയും.

കീടരോഗങ്ങൾ ഒരു വിളയിൽ നിന്ന് മറ്റൊന്നിലേക്ക് പടരുവാനുള്ള സാധ്യത ചില സാഹചര്യങ്ങളിൽ ഉണ്ടാകാറുണ്ട്. 


ഒരേ സസ്യകുടുംബത്തിൽപ്പെട്ട വിളകൾ ഒരുമിച്ച് കൃഷി ചെയ്യുമ്പോൾ അവയ്ക്ക് പൊതുവായ കീടങ്ങളും രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഒരേ  കുടുംബത്തിൽപ്പെട്ടവയാണ്. ഇവയെല്ലാം ഒരേ രോഗങ്ങൾക്കും കീടങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ട്. ചില കീടങ്ങൾക്കും രോഗങ്ങൾക്കും ഒന്നിലധികം സസ്യങ്ങളെ ആക്രമിക്കാൻ കഴിയും. ഉദാഹരണത്തിന്, വിവിധതരം ഇലപ്പേനുകൾ, വെള്ളീച്ചകൾ, ചില ഫംഗസ് രോഗങ്ങൾ എന്നിവയ്ക്ക് വ്യത്യസ്ത വിളകളെ ബാധിക്കാൻ കഴിയും.


ചെണ്ടുമല്ലി, തുളസി, വെളുത്തുള്ളി, വേപ്പ് മുതലായവ കീടങ്ങളെ അകറ്റുന്ന സസ്യങ്ങൾ ആണ്. ഇവയേയും അടിസ്ഥാന വിളകൾക്കിടയിൽ ഇടവിളയായി നടുന്നത് ചെടികൾക്ക് രോഗപ്രതിരോധശേഷി നൽകും.

ഏതെങ്കിലും ചെടിയിൽ രോഗം അല്ലെങ്കിൽ കീടബാധയുടെ ലക്ഷണം കണ്ടാൽ ഉടൻതന്നെ ആ ചെടി വേരോടെ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക. അത്തരം ചെടികളെ  കമ്പോസ്റ്റിൽ ചേർക്കരുത്, കാരണം രോഗം പടരാൻ സാധ്യതയുണ്ട്. കീടബാധയുള്ള ചെടികൾ കത്തിച്ചു കളയുക.


വിളവെടുപ്പിന് ശേഷം രോഗം ബാധിച്ചതോ അല്ലാത്തതോ ആയ സസ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യുക. ഇവയിൽ രോഗാണുക്കളോ കീടങ്ങളോ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. കളകൾ കീടങ്ങൾക്കും രോഗാണുക്കൾക്കും അഭയം നൽകുന്ന സ്ഥലമായതിനാൽ കളകൾ യഥാസമയം നീക്കം ചെയ്യണം.


ഈ കാര്യങ്ങൾ ശ്രദ്ധിച്ച് ഇടവിള കൃഷി ചെയ്താൽ മികച്ച വിളവും ആരോഗ്യകരമായ കൃഷിരീതിയും സാധ്യമാകും. ഇടവിള കൃഷിയിൽ കീടരോഗങ്ങളുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാനും ആരോഗ്യമുള്ളതും ഉൽപാദനക്ഷമവുമായ ഒരു കൃഷിരീതി നിലനിർത്താനും സാധിക്കും........


Green Village WhatsApp Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section