കമ്പോസ്റ്റ് വളം (Compost Fertilizer):
(ചെലവില്ലാതെ മാലിന്യം ഇനി വളമാക്കാം!)
വീട്ടിലെ അടുക്കളയിലെയും പറമ്പിലെയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് അധികം ചിലവില്ലാതെ എളുപ്പത്തിൽ ജൈവവളങ്ങൾ നിർമ്മിക്കുന്നത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ ഒന്നാണ് കമ്പോസ്റ്റ് വളം . അടുക്കളയിലെ അവശിഷ്ടങ്ങൾ ആയ പഴത്തൊലികൾ, പച്ചക്കറിത്തൊലികൾ, ചായ-കാപ്പിപ്പൊടി, മുട്ടത്തൊടുകൾ പോലുള്ള നൈട്രജൻ സമ്പുഷ്ടമായ പച്ച വസ്തുക്കളും (Green waste), ഉണങ്ങിയ ഇലകൾ, വൈക്കോൽ, അറക്കപ്പൊടി, കടലാസ് കഷണങ്ങൾ, ചകിരിച്ചോറ് തുടങ്ങിയ കാർബൺ സമ്പുഷ്ടമായ തവിട്ടു വസ്തുക്കളും (Brown waste) ശരിയായ അനുപാതത്തിൽ ഒരുമിച്ച് ചേർത്ത് അടുക്കി, ഇടയ്ക്കിടെ നനച്ച് വായു സഞ്ചാരം ഉറപ്പാക്കിയാണ് കമ്പോസ്റ്റ് തയ്യാറാക്കുന്നത്. ഇതിനുപുറമെ, മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ പുളിപ്പിച്ച മത്സ്യവളവും, പച്ചിലകളും ചാണകവും പോലുള്ളവ പുളിപ്പിച്ച ജീവാമൃതവും വേപ്പിൻപിണ്ണാക്കും ചാണകപ്പൊടിയും പോലുള്ള ലളിതമായ ജൈവവളങ്ങളും ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. ഈ ജൈവവളങ്ങൾ ഉപയോഗിക്കുന്നതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനും നമ്മുടെ കൃഷിയെ കൂടുതൽ പരിസ്ഥിതി സൗഹൃദപരമാക്കാനും സാധിക്കും.
കമ്പോസ്റ്റ് നിർമിക്കുന്ന രീതി:
നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത, എന്നാൽ നല്ല വായുസഞ്ചാരമുള്ള തണലുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലം തിരഞ്ഞെടുക്കുക. അവിടെ കമ്പോസ്റ്റ് ഉണ്ടാക്കാൻ അനുയോജ്യമായ കമ്പോസ്റ്റ് പിറ്റ്, കമ്പോസ്റ്റ് ബിൻ, അല്ലെങ്കിൽ മണ്ണ് / സിമന്റ് കൊണ്ട് കെട്ടിയ ടാങ്ക് എന്നിവ ഉപയോഗിക്കാം. ഇവയുടെ അടിഭാഗം മണ്ണിനോട് ചേർന്നിരിക്കുന്നത് മണ്ണിലെ സൂക്ഷ്മാണുക്കൾക്ക് കമ്പോസ്റ്റിലേക്ക് എത്താൻ നല്ലതാണ്. കമ്പോസ്റ്റ് ബിൻ ന്റെ ഏറ്റവും അടിയിൽ ഉണങ്ങിയ ചില്ലകൾ, ചെറിയ ചുള്ളിക്കമ്പുകൾ, ചെറിയ കല്ലുകൾ എന്നിവ ഇടുക. ഇത് നല്ല വായുസഞ്ചാരം ഉറപ്പാക്കാൻ സഹായിക്കും. അതിൻ്റെ മുകളിലേക്ക് ഉണങ്ങിയ ഇലകൾ, വൈക്കോൽ, അടുക്കള അവശിഷ്ടങ്ങൾ, പച്ചപ്പുല്ല് എന്നിവ ഒരു ലെയർ ആയി ഇടുക. അതിനു മുകളിലായി അല്പം മണ്ണോ അല്ലെങ്കിൽ ചാണകപ്പൊടിയോ വിതറുന്നത് അഴുകൽ പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും. അങ്ങനെ ഈ രീതിയിൽ ഓരോ ലെയർ ആയി അവശിഷ്ട്ടങ്ങൾ കമ്പോസ്റ്റ് ബിൻ / കുഴി നിറയുന്നതുവരെ ആവർത്തിക്കുക.
കമ്പോസ്റ്റ് കൂമ്പാരത്തിൽ ആവശ്യത്തിന് ഈർപ്പം എപ്പോഴും നിലനിർത്തുക. ആവശ്യമെങ്കിൽ വെള്ളം തളിച്ചുകൊടുക്കുക. രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ കമ്പോസ്റ്റ് കൂമ്പാരം നന്നായി ഇളക്കിക്കൊടുക്കുക. ഇത് വായുസഞ്ചാരം കൂട്ടാനും കമ്പോസ്റ്റ് അഴുകുന്ന പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കും. മാലിന്യങ്ങൾ പൂർണ്ണമായും അഴുകി കറുത്ത പൊടിരൂപത്തിലുള്ള വളമായി മാറാൻ 2-3 മാസമോ അതിലധികമോ സമയമെടുക്കും, ഇത് കാലാവസ്ഥയെയും ഉപയോഗിക്കുന്ന മാലിന്യങ്ങളെയും ആശ്രയിച്ചിരിക്കും. നന്നായി അഴുകിയ കമ്പോസ്റ്റിന് മണ്ണിന്റെ ഗന്ധവും കറുത്ത നിറവും ഉണ്ടാകും. മാലിന്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മാലിന്യങ്ങൾ എത്രത്തോളം ചെറുതാക്കുന്നുവോ അത്രയും വേഗത്തിൽ അവ അഴുകും. മാംസാവശിഷ്ടങ്ങൾ, പാലുൽപ്പന്നങ്ങൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ എന്നിവ കമ്പോസ്റ്റിൽ ചേർക്കുന്നത് ദുർഗന്ധമുണ്ടാക്കാനും കീടങ്ങളെ ആകർഷിക്കാനും സാധ്യതയുണ്ട്. രോഗം ബാധിച്ച സസ്യഭാഗങ്ങൾ കമ്പോസ്റ്റിൽ ചേർക്കുന്നത് രോഗം പടരാൻ കാരണമായേക്കാം, അതിനാൽ ഒഴിവാക്കുക. കമ്പോസ്റ്റിൽ പുഴുക്കളെ കാണുന്നത് സ്വാഭാവികമാണ്, ഇത് അഴുകൽ പ്രക്രിയയുടെ ഭാഗമാണ്. അഴുകൽ പ്രക്രിയ വേഗത്തിലാക്കാൻ ഇ.എം. സൊല്യൂഷൻ - (Effective Microorganisms Solution) പോലുള്ള ബാക്ടീരിയൽ കൾച്ചറുകൾ ഉപയോഗിക്കാം. ഈ രീതികൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് വളം ഉണ്ടാക്കാൻ കഴിയും. ഇത് നിങ്ങളുടെ ചെടികൾക്ക് പോഷകങ്ങൾ നൽകാനും മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ മാർഗ്ഗം കൂടിയാണ്.

