കേരളത്തിലെ ആകെ ഭൂവിസ്തൃതി 38.865 ലക്ഷം ഹെക്ടറാണ്. അതിൽ കൃഷി നടക്കുന്നത് കഷ്ടി 21 ലക്ഷം ഹെക്ടറിലാണ്. അതിൽ എട്ട് ലക്ഷം ഹെക്ടർ തെങ്ങിൻതോട്ടങ്ങളും അഞ്ചര ലക്ഷം ഹെക്ടർ റബ്ബർ തോട്ടങ്ങളുമാണ്. വാഴക്കൃഷി കഷ്ടിച്ച് ഒരു ലക്ഷം ഹെക്ടർ വരും.
അതിൽ വാണിജ്യകൃഷിയും പെടും KKPP കൃഷിയും പെടും. വാണിജ്യകൃഷിയെന്നാൽ കൃത്യമായി വെള്ളവും വളവും കൊടുത്ത് വാഴയെ പട്ടിണിയ്ക്കിടാതെ ചെയ്യുന്ന കൃഷിയാണ്. വയറ്റിപ്പിഴപ്പാണ്.അവർ നിറകുടങ്ങളാണ്. തുളുമ്പുകയില്ല.
KKPP വീട്ടുവളപ്പിലെ 'മടിയന്മാരുടെ, വലിയ ന്യായങ്ങൾ 'പറയുന്നവരുടെ കൃഷിയാണ്. വയറ്റിപിഴപ്പ് ഒന്നുമല്ല. കിട്ടിയാൽ കിട്ടി പോയാൽ പോയി. വലിയ തീറ്റയും വെള്ളവും ഒന്നും കൊടുക്കില്ല. കിട്ടുന്നത് മതി.അവരുടെ ശബ്ദത്തിന് പക്ഷെ മുഴക്കം കൂടുതലാണ്.
കൃഷിക്കാരന് മുടക്ക് മുതൽ തിരിച്ചു് കിട്ടാനുള്ള വഴികളിൽ ഒന്ന് കൃഷി വൈവിധ്യവത്കരിക്കലാണ് (Crop Diversification ). ഒരു വിളയിൽ മാത്രം കേന്ദ്രീകരിച്ചാൽ ചിലപ്പോൾ ലോട്ടറി ഇല്ലെങ്കിൽ കുത്തുപാള. എന്നാൽ എത് വിളയുടെയും കൂടെ ഒന്ന് രണ്ട് സഹ/ഇട വിളകൾ കൂടി കൃഷി ചെയ്താലോ?
അത് ഒരു ഇൻഷുറൻസ് ആണ്. മുഖ്യവിള ചതിച്ചാലും സഹവിള കാപ്പാത്തും.
വാഴക്കൃഷിയും നാളീകേര കൃഷിയും ചെയ്യുന്നവരുടെ ഏറ്റവും വലിയ സാധ്യതയാണ് ഇടവിളക്കൃഷി. തെങ്ങിൽ ആദ്യ ഏഴ് വർഷവും വാഴയിൽ ആദ്യത്തെ ആദ്യത്തെ മൂന്ന് -നാല് മാസവും കിട്ടുന്ന വെയിൽ പരമാവധി പ്രയോജനപ്പെടുത്തണം കർഷകർ.
അതിന് ശേഷം വാഴകളുടെ ഇലകൾ തോട്ടത്തിൽ മേധാവിത്വം ഏറ്റെടുക്കും. അപ്പോൾ തണൽ സഹിക്കുന്ന വിളകൾ മാത്രം പിടിച്ചു നിൽക്കും. പക്ഷേ ആദ്യ മാസങ്ങളിൽ ഏത് sun loving വിളകളും പരീക്ഷിക്കാം. വള്ളിപ്പയർ, കുറ്റിപ്പയർ, വെണ്ട, ചീര, വെള്ളരി എന്നിവയൊക്കെ വിജയിക്കും.
വെള്ളരിയിലെ ഒരു വൈറസ് (Cucumber Mosaic വൈറസ്) ചില സമയങ്ങളിൽ വാഴയെയും ശല്യം ചെയ്തേക്കാം. എപ്പോഴും അങ്ങനെ സംഭവിക്കണമെന്നുമില്ല. പയർ കൃഷി ചെയ്യുന്നത് മണ്ണിനും വാഴയ്ക്കും ഒരുപോലെ നല്ലതാണ്. അത് മണ്ണിലേക്ക് അന്തരീക്ഷ നൈട്രജൻ കൊണ്ട് വരും. പയർ പറിച്ചു കഴിഞ്ഞാൽ അതിന്റെ വേസ്റ്റ് മുഴുവൻ വാഴയ്ക്ക് വളമാക്കാം.തോട്ടത്തിലെ കള വളർച്ചയും കുറയും.
ഈ കാര്യങ്ങളൊക്കെ എത്ര നമ്മൾ കർഷകർക്ക് പറഞ്ഞു കൊടുത്താലും അത് മനസ്സിലാക്കി കൃഷി ചെയ്യുന്നവർ വിരളം.
എന്നാൽ ഈ അടുത്തയിടെ, നമ്മൾ കാത്തിരുന്ന തരത്തിലുള്ള ഒരു കർഷകന്റെ തോട്ടങ്ങളുടെ വീഡിയോ കാണുകയുണ്ടായി.
വയനാട്കാരൻ സുധീഷ് കുമാറിന്റെ. മുപ്പതിനായിരം വാഴകൾ വരെ ഒരു വർഷം അദ്ദേഹം കൃഷി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു.
ഈ പോസ്റ്റിനോടൊപ്പം അദ്ദേഹത്തിന്റെ തോട്ടത്തിലെ രണ്ട് വീഡിയോകൾ ഉണ്ട്.ഒന്ന് അടുത്ത പോസ്റ്റ് ആയി കൊടുക്കുന്നു. വാഴയോടൊപ്പം തണ്ണിമത്തൻ കൃഷി ചെയ്ത ഫലം ഇതിൽ കാണാം. വാഴ മൾച്ചിങ് ഷീറ്റ് വിരിച്ച് തുള്ളി നനയോടെ നട്ടിരിക്കുന്നു. വെള്ളവും വളവും ഒരുമിച്ച് നൽകുന്ന രീതി (Fertigation ) പരീക്ഷിക്കുന്ന കർഷകൻ.
നല്ല വിളവെന്നത് ലോട്ടറിയല്ല രമണാ.. അത് ചിട്ടയായ കൃഷിരീതികളുടെയും സാങ്കേതിക വിദ്യകളുടെയും സങ്കലനഫലമാണ്. അത്തരം കുറച്ചു കർഷകർ ഓരോ പ്രദേശത്തും ഉണ്ടെങ്കിൽ ഭക്ഷ്യസമൃദ്ധി അവിടെ നിശ്ചയം.
നമുക്കെല്ലാവർക്കും ശ്രീ. സുധീഷ് കുമാറിനെ അനുമോദിക്കാം...
✍️ പ്രമോദ് മാധവൻ
വീഡിയോ കടം : സുധീഷ്കുമാർ.
പങ്ക് വച്ചത് പ്രിയ സുഹൃത്തും കർഷകനുമായ ശ്രീ ഷാജഹാൻ