നേന്ത്രനിൽത്തന്നെ ഇത്രയും ഇനങ്ങളോ? - പ്രമോദ് മാധവൻ




1998 ൽ കേരള ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് പ്രോഗ്രാ(KHDP) മിൽ ജോലിയിൽ ചേർന്നപ്പോൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യേണ്ടി വന്നത് വാഴക്കൃഷിയെ കുറിച്ചുള്ള കാര്യങ്ങളാണ്. സംസ്ഥാന സർക്കാരിന്റെയും യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെയും ഒരു സംയുക്ത പദ്ധതി ആയിരുന്നു അത്.

 ഒരു വാണിജ്യ വാഴക്കർഷകന് ആവശ്യമായ എല്ലാ മുൻ പിൻ ബന്ധങ്ങളും (Forward & Backward Linkages) തരപ്പെടുത്തി നൽകുന്ന പ്രവർത്തന രീതിയായിരുന്നു കേരള ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റേത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരുടെ സ്വാശ്രയ സംഘങ്ങൾ (Self Help Groups, SHG) രൂപീകരിച്ച് അതിലൂടെയാണ് എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്. എല്ലാ മാസവും സംഘത്തിലെ ഏതെങ്കിലും ഒരു കർഷകന്റെ വീട്ടിലോ തോട്ടത്തിലോ വച്ച് യോഗം കൂടും. സാങ്കേതിക ഉദ്യോഗസ്ഥൻ അതിൽ പങ്കെടുക്കും. ഗ്രൂപ്പിൽ ഉത്പാദനം, വായ്പ, വിപണനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ മൂന്ന് മാസ്റ്റർ കർഷകർ ഉണ്ടാകും. അവർക്ക് വേണ്ട പരിശീലനം നേരത്തേതന്നെKHDP നൽകിയിട്ടുണ്ടാകും. ആ പേര് തന്നെ കർഷകന് ഒരു ബഹുമതിയാണ്. വളരെ കാര്യശേഷിയോടെ അവർ പ്രവർത്തിച്ചു. 

 ഗ്രൂപ്പിലെ എല്ലാവർക്കും ആവശ്യമായ നടീൽ വസ്തുക്കൾ കൂട്ടായി വാങ്ങാൻ (Collective Purchase) പ്രേരിപ്പിക്കുന്നു.അതിലൂടെ ഒരു വിലക്കിഴിവ് അവർക്ക് ലഭിക്കും.
 അവർക്ക് ആവശ്യമായ വായ്പ (1998 ൽ ഒരു വാഴയ്ക്ക് 160 രൂപയാണ് അന്ന് വായ്പ നൽകിയത് എന്നാണ് എന്റെ ഓർമ്മ ) ബാങ്കുകളുമായി ചേർന്ന് തരപ്പെടുത്തി നൽകുന്നു.അവർക്ക് ആവശ്യമായ സാങ്കേതിക വിജ്ഞാനം പരിശീലനങ്ങൾ വഴി നൽകുന്നു. പ്രകൃതിക്ഷോഭം മൂലം വാഴകൾ നഷ്ടപ്പെട്ടാൽ അതിനുള്ള നഷ്ടപരിഹാരം ഇൻഷ്വറൻസ് പദ്ധതി വഴി നൽകുന്നു. അവർക്ക് വേണ്ട സാങ്കേതിക ഉപദേശങ്ങൾ തോട്ട സന്ദർശനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഉദ്യോഗസ്ഥർ നൽകുന്നു.

ഏറ്റവും പരമപ്രധാനം അവർ ഉത്പാദിപ്പിക്കുന്ന വാഴക്കുലകൾ കൂട്ടായി ഒരിടത്ത് എത്തിച്ച് (Aggregation )തരം തിരിച്ച് (Grading ) അന്നത്തെ വിലനിലവാര സൂചിക അനുസരിച്ച് ലേലം (Auction) ചെയ്ത് വിൽക്കാനുള്ള സ്വാശ്രയ കർഷക വിപണികൾ സജ്ജമാക്കുന്നു . 

ഇതിലെല്ലാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ഉദ്യോഗസ്ഥർക്ക് തുടക്കത്തിൽ കുറച്ച് ജോലികൾ ഉണ്ടാകുമെങ്കിലും തുടർന്ന് അങ്ങോട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് കർഷകരുടെ സംഘങ്ങളോ കർഷകരുടെ സമിതികളോ ആയിരിക്കും എന്നുള്ളതാണ്.

കേരള ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ tag line തന്നെ "സെൽഫ് ഹെൽപ്പ്, പാർട്ടിസിപ്പേഷൻ, പ്രോസ്പെരിറ്റി(Self Help, Participation, Prosperity) എന്നുള്ളതായിരുന്നു.

 കേരളത്തിന്റെ മുൻ ഡിജിപി യും കൃഷിശാസ്ത്ര ബിരുദധാരിയുമായിരുന്ന ഡോക്ടർ ജേക്കബ് തോമസ് ആയിരുന്നു കെഎച്ച്ഡിപിയുടെ ആദ്യ പ്രോഗ്രാം ഡയറക്റ്റർ. അദ്ദേഹമാണ് ഇത്തരം ഒരു മാതൃകയുടെ സ്രഷ്ടാവ്. വി കെ രാജൻ എന്ന കൃഷിവകുപ്പ് മന്ത്രി വന്നപ്പോൾ അദ്ദേഹത്തെ മാറ്റുകയും പകരം പി.കെ. കേശവൻ IFS (അദ്ദേഹവും കൃഷിശാസ്ത്ര ബിരുദധാരി ആയിരുന്നു ) എന്ന മിടുക്കനായ ഉദ്യോഗസ്ഥൻ ആ സ്ഥാനത്ത് വരികയും ചെയ്തു.
 ഇവർ രണ്ടുപേരും ആണ് ഈ പദ്ധതിക്ക് ഊടും പാവും മജ്ജയും മാംസവും ഒക്കെ നൽകിയത്.

ഇന്നും കേരളത്തിന്റെ ഹോർട്ടികൾച്ചർ മേഖലയിൽ VFPCK(KHDP പിന്നീട് VFPCK ആയി മാറി) നേതൃത്വം നൽകുന്ന 295 സ്വാശ്രയ കർഷക വിപണികൾ കർഷകർക്ക് നൽകുന്ന സേവനങ്ങൾ വിലകുറച്ചു കാണാൻ നമുക്ക് കഴിയില്ല.ഒരു External Aided Project സുസ്ഥിരമായ ഒരു വികസന മാതൃകയ്ക്ക് രൂപം നൽകുക യായിരുന്നു. 

 കഴിഞ്ഞ ദിവസം കൃഷിവകുപ്പിന്റെ ഒരു ചർച്ചയിൽ വാഴക്കൃഷിയുടെ ഭാഗം വന്നപ്പോൾ ഒരു ചെറിയ തർക്കമുണ്ടായി. സാമ്പത്തിക സ്ഥിതിവിവര കണക്ക് വിഭാഗം വാഴക്കൃഷിയുടെ വിവരങ്ങൾ ശേഖരിക്കുന്നത് അതിനെ രണ്ടായി കണ്ടുകൊണ്ടാണ്. അതായത്.പ്ലാന്റൈൻ(Plantain) എന്നും ബനാന (Banana) എന്നും.

 എന്താണ് ഇത് തമ്മിലുള്ള വ്യത്യാസം എന്നുള്ളതിനെക്കുറിച്ച് ആയിരുന്നു തർക്കം. ബനാന എന്നാൽ നേന്ത്രൻ അടക്കമുള്ള ഇനങ്ങൾ എന്നും പ്ലാന്റൈൻ എന്നാൽ പഴമായി കഴിക്കുന്ന ഇനങ്ങൾ Banana എന്നും ഉള്ള രീതിയിലായിരുന്നു ചിലർ മനസ്സിലാക്കിയിരുന്നത്. എന്നാൽ മറിച്ചാണ് കാര്യങ്ങൾ എന്ന് വിശദീകരിക്കേണ്ടി വന്നു. Plantain എന്നുള്ള വിഭാഗത്തിലാണ് തോട് കട്ടിയുള്ളതും സ്റ്റാർച്ചിന്റെ അംശം കൂടുതലുള്ളതും പച്ചയ്ക്ക് പുഴുങ്ങിയോ വേവിച്ചോ, വറുത്തോ ഒക്കെ കഴിക്കുന്ന വിഭാഗത്തിൽപ്പെട്ട വാഴയിനങ്ങൾ വരുന്നത്. എന്നാൽ പഴമായി കഴിക്കുന്ന വിഭാഗങ്ങളെയാണ് ഡെസേർട്ട് ബനാന (Dessert Banana) അല്ലെങ്കിൽ Banana എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..ആ തർക്കം അവിടെ കഴിഞ്ഞു. (ഇപ്പോഴും മറിച്ച് ചിന്തിക്കുന്ന ആൾക്കാരും ഉണ്ടാകും 🤣).

 ലോകത്ത് ആഫ്രിക്കൻ രാജ്യങ്ങൾ ഏറിയ കൂറും അവരുടെ ഭക്ഷണമായി ആഹരിക്കുന്നത് ഇതുപോലെയുള്ള പ്ലാന്റൈൻ വിഭാഗത്തിൽപ്പെട്ട വാഴയ്ക്കയാണ്. വാഴയ്ക്കയും കിഴങ്ങ് വർഗ്ഗങ്ങളും ചോളവും ഒക്കെയാണ്.യുഗാണ്ട പോലുള്ള രാജ്യങ്ങൾ വളരെ കൂടുതൽ വാഴയ്ക്കാ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ അവർക്ക് അത് കയറ്റുമതി ചെയ്യാൻ കഴിയുന്നില്ല.കാരണം അത് അവരുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി അവർ ഉപയോഗിക്കുകയാണ്. ഒരു ശരാശരി യുഗാണ്ടക്കാരൻ ഒരു ദിവസം ഏതാണ്ട് 700 ഗ്രാം എങ്കിലും വാഴയ്ക്കാ അകത്താക്കുന്നു എന്നാണ്.


കഴിഞ്ഞദിവസം മറ്റൊരു സംഭവമുണ്ടായി. 

നേന്ത്രവാഴ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചാലോ എന്ന് ചിന്തിച്ചു. കാരണം അതിന്റെ ശാസ്ത്രീയ വളപ്രയോഗം,കീടരോഗ പരിപാലനം എന്നിവയെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവർ ധാരാളമുണ്ട്.അതിന് ഒരു ചെറിയ മാറ്റം വരുത്താൻ സാധിച്ചാലോ എന്നുള്ള ആഗ്രഹത്താൽ ആണ് ഗ്രൂപ്പ് ആരംഭിച്ചത്. ശാസ്ത്രീയ നേന്ത്രവാഴ കൃഷി എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും അതിന്റെ ലിങ്ക് മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പങ്കുവയ്ക്കുകയും ചെയ്തു.ഏതാണ്ട് എട്ടു മണി ആയപ്പോൾ തന്നെ മുന്നൂറിലധികം കർഷകർ അതിന്റെ ഭാഗമായി.
അവർ വളരെ ഉത്സാഹത്തോടെ കൂടി അവരുടെ കൃഷിയുടെ ചിത്രങ്ങളും അവരുടെ അനുഭവങ്ങളും അറിവുകളും ഒക്കെ അതിൽ പങ്കുവെക്കാൻ തുടങ്ങി. എന്റെ സമയപരിമിതി മൂലം അതെല്ലാം കേൾക്കാനോ പലതിനും മറുപടി നൽകാനോ സാധിച്ചില്ല. മാത്രമല്ല കർഷകർക്കറിയുന്ന പല വിവരങ്ങളും എനിക്കറിയില്ല എന്നും മനസ്സിലായി. പ്രത്യേകിച്ചും പുതുതായി ആളുകൾ കണ്ടെത്തിക്കൊണ്ട് വരുന്ന ഇനങ്ങളെപ്പറ്റി.

 ഓരോ ദിവസവും വാഴക്കൃഷിയുടെ ഓരോ വിഷയമായി ചർച്ച ചെയ്യാമെന്ന് കരുതിയിരിക്കുന്നു. 

 പൊതുവിൽ നമ്മൾ നേന്ത്രൻ (ഏത്തൻ) എന്ന ഒറ്റ ഇനത്തെക്കുറിച്ച് പറയുമ്പോൾ പോലും അതിൽ നിരവധിയായ പ്രാദേശിക വകഭേദങ്ങൾ ഉണ്ട് എന്നുള്ള കാര്യമാണ് ചർച്ചയ്ക്ക് വച്ചത്.
 കുല വലിപ്പം, വാഴയുടെ മൂപ്പ്, ഉയരം, കായുടെ ആകൃതിയും അടുങ്ങി ഇരിക്കുന്നതിലുള്ള വ്യത്യാസം, കാറ്റിനെ ചെറുത്തുനിൽക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളിൽ എല്ലാം തന്നെ ഇവയിൽ വൈജാത്യമുണ്ട്. 

ഏറ്റവും പൊക്കം കുറഞ്ഞ മഞ്ചേരി നേന്ത്രൻ മുതൽ വളരെയധികം പൊക്കത്തിൽ വളരുന്ന ആറ്റുനേന്ത്രൻ/ ക്വിന്റൽ വാഴ/ സ്വർണ മുഖി വരെയുള്ള ഇനങ്ങൾ.
 അത് പലപ്പോഴും വളർത്തുന്ന പ്രദേശങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുന്നത്. മഞ്ചേരി നേന്ത്രൻ, കരുളായി നേന്ത്രൻ, കോട്ടയം നേന്ത്രൻ, ചെങ്ങാലിക്കോടൻ, മേട്ടുപ്പാളയം,തേനി നേന്ത്രൻ, പുളിയം വെട്ടി, ആറ്റുനേന്ത്രൻ, നെടുനേന്ത്രൻ, മിന്റോളി,സാൻസിബാർ, കാളിയേത്തൻ, ബിഗ് എബാoഗ,സ്വർണ്ണ മുഖി എന്നിങ്ങനെ പോകുന്നു അവരുടെ പേരുകൾ .

 താൻ കൃഷി ചെയ്യുന്ന ഇനത്തിന്റെ മൂപ്പ് കർഷകന് കൃത്യമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ അതിന്റെ വിളവെടുപ്പ് സമയം തെറ്റുകയും അത് ചിലപ്പോൾ ലാഭത്തിലോ അല്ലെങ്കിൽ നഷ്ടത്തിലോ കലാശിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. ആയതിനാൽത്തന്നെ ഒരു കർഷകൻ ഉപയോഗിക്കുന്ന ഇനത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയിരിക്കുന്നത് എപ്പോഴും നല്ലതാണ്. 

ചിലയിനങ്ങളിൽ നാല് -അഞ്ചു മാസം കൊണ്ട് തന്നെ കുടം വരും. ചിലയിനങ്ങൾ ഒൻപത് പത്തുമാസം എടുക്കും കുടംവരാൻ.
 കൂമ്പ് വിരിഞ്ഞു പടലകൾ എല്ലാം പുറത്തു വന്നാൽ 90 മുതൽ 100 ദിവസങ്ങൾ വരെ എടുക്കും അത് മൂപ്പായി വരാൻ. അത് നിലവിലുള്ള കാലാവസ്ഥയും അന്തരീക്ഷ ഊഷ്മാവും ഒക്കെ ആശ്രയിച്ചിരിക്കും.

 നേന്ത്രൻ എന്ന് പറയുന്ന ഒറ്റ ഇനത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ലോകവ്യാപകമായി അതിൽ ഏതാണ്ട് നാല് ഇനങ്ങൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

 Musa x paradisica എന്ന പൊതു ശാസ്ത്രീയ നാമത്തിൽ ആണ് വാഴ അറിയപ്പെടുന്നതെങ്കിലും അത് മ്യൂസ അക്കുമിനേറ്റ (Musa accuminata),മ്യൂസ ബൽബിസിയാന (Musa balbisiana) എന്ന രണ്ടിനങ്ങളുടെ സങ്കരമാണ്.ഇതിൽ അക്യുമിനേറ്റയുടെ ഗുണഗണങ്ങളും ബാൽബിസിയാനയുടെ ഗുണഗണങ്ങളും വ്യത്യസ്തമാണ്.ഒരു ഇനത്തിൽ എത്രകണ്ട് accuminata characters അല്ലെങ്കിൽ എത്രമാത്രം balbisiana characters ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനെ വർഗീകരിച്ചിരിക്കുന്നത്.

 Accuminata അംശം കൂടുതലാണെങ്കിൽ A എന്ന അക്ഷരം അക്ഷരവും balbisiana അംശം കൂടുതലാണെങ്കിൽ B എന്ന അക്ഷരവും ഉപയോഗിക്കും. ഉദാഹരണമായി നേന്ത്രൻ അടക്കമുള്ള Plantain വിഭാഗത്തെ AAB എന്നാണ് വർഗീകരിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം അതിന് accuminata ഗുണഗണങ്ങൾ കൂടുതലാണ് എന്നുള്ളതാണ്.

 ലോകവ്യാപകമായി ഏറ്റവും കൂടുതൽ വളർത്തുന്നതും കഴിക്കുന്നതും ഈ ഇനത്തിൽപ്പെട്ട വാഴയിനങ്ങളാണ്. കേരളത്തിന്റെ കാര്യം എടുത്തു കഴിഞ്ഞാലും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് പ്രധാനമായും നേന്ത്രൻ ആണ്.    

Plantain ഇനങ്ങളെ പൊതുവിൽ നാലായി തിരിച്ചിരിക്കുന്നു 

  1. French Plantain 
  2. French Horn Plantain
  3. False Horn Plantain
  4. Horn Plantain 

 ഇതിൽ French Plantain എന്നുള്ള വിഭാഗത്തിലാണ് നമ്മൾ കൃഷി ചെയ്യുന്ന ഏറെക്കുറെ എല്ലാ നേന്ത്രൻ ഇനങ്ങളും ഉൾപ്പെടുന്നത്.

French Plantain ൽ വലിയ കുലകൾ ആയിരിക്കും.ധാരാളം കായ്കൾ ഉണ്ടാവും. പക്ഷേ കായ്കൾ ഇടത്തരം വലിപ്പമുള്ളവയായിരുക്കും. അതിന്റെ ആൺപൂക്കൾ കൊഴിയാതെ തന്നെ കുലത്തണ്ടിൽ പറ്റിപ്പിടിച്ച് ഇരിക്കും.ഉദാഹരണം. ചെങ്ങാലിക്കോടൻ


 ഫ്രഞ്ച് ഹോൺ പ്ലാന്റയിനും ഏതാണ്ട് ഇതേ സ്വഭാവങ്ങൾ തന്നെയാണ്.പക്ഷേ അതിന്റെ ആൺപൂക്കൾ, പടല വിരിഞ്ഞതിനു ശേഷം കുലത്തണ്ടിൽ നിന്നും കൊഴിഞ്ഞു പോകും.


 False Horn Plantain വിഭാഗത്തിൽപ്പെട്ട കുലകൾക്ക് പടലകൾ എല്ലാം വിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നോ രണ്ടോ മൂന്നോ നിര hermaphroditc (ആണും പെണ്ണും കൂടിച്ചേർന്ന)പൂക്കൾ കൂടിയേ ഉണ്ടാവുകയുള്ളൂ. അത് കൊഴിയാതെ പച്ചയായി നിൽക്കും.


 നാലാമത്തെ വിഭാഗമായ Horn Plantain എന്ന പറയുമ്പോൾ അതിന് "ആകെ മൊത്തം ടോട്ടൽ എല്ലാംകൂടി"😂 ഒന്നോ രണ്ടോ പടലകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷേ അത് അസാമാന്യ വലിപ്പമുള്ളവ ആയിരിക്കും. ഒരടിയിൽ കൂടുതൽ നീളവും ഭേദപ്പെട്ട വണ്ണവും ഉള്ളവ. ഉദാഹരണം സാൻസിബർ.


ഇത് വായിക്കുന്ന വാണിജ്യവാഴക്കർഷകർ അവർ ചെയ്യുന്ന നേന്ത്രവാഴയിനം ഏത് ഇനത്തിൽ പെട്ടതാണെന്നും അതിന്റെ മൂപ്പ്,പൊക്കം, പടലകളുടെ എണ്ണം, കായ്കളുടെ ആകൃതി,കായ്കൾ അടുക്കിയിരിക്കുന്ന രീതി, കുലത്തണ്ടിലെ ആൺപൂക്കളുടെ പ്രകൃതം എന്നിവയൊക്കെ ചിത്ര സഹിതം ഇതിന്റെ കമന്റിൽ പോസ്റ്റ് ചെയ്യുകയാണെങ്കിൽ അത് മറ്റുള്ളവർക്ക് ഉപകാരമായിരിക്കും.

 അപ്പോൾ,മനസ്സിലാക്കുക, നേന്ത്രൻ എന്ന ഒരു വിഭാഗത്തിൽ തന്നെ നിരവധിയായ ഉപവിഭാഗങ്ങൾ അല്ലെങ്കിൽ ഇക്കോ ടൈപ്പ്കൾ (Ecotypes) ഉണ്ട് എന്നുള്ള കാര്യം.

 വളരെ രസകരമാണ് വാഴയുടെ കൃഷി കൃഷിരീതികളും കീടരോഗ പരിപാലന മുറകളും.
അത് തുടർന്നുള്ള ദിവസങ്ങളിൽ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

✍️ പ്രമോദ് മാധവൻ 


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section