വിത്തിനെക്കുറിച്ചുള്ള പഴഞ്ചോല്ലുകൾ നിരവധിയാണ്.
- വിത്ത് ഗുണം പത്ത് ഗുണം
- മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?
- ഞവര വിതച്ചാൽ തുവര വിളയുമോ?
- ഒക്കത്ത് വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി ചെയ്യാം
- വിന വിതച്ചവൻ വിന കൊയ്യും
- തിന വിതച്ചവൻ തിനയും
- വിത്ത് നന്നായാൽ വിളവും നന്നാകും
- വിത്താഴം ചെന്നാൽ പത്തായം നിറയും
- മുളയിലറിയാം വിള
- വിത്തിനൊത്ത വിള
- വിത്ത് കുത്തി ഉണ്ണരുത്
- വിത്ത് പാതി പരിപാലനം പാതി
- ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്
- എല്ലാ വിത്തിനും വിളവൊന്നല്ല
- വിളയും വിത്ത് മുളയിലറിയാം
- വിതച്ചതേ കൊയ്യൂ...
- കാലത്ത് വിതച്ചാൽ നേരത്ത് കൊയ്യാം..
ഇങ്ങനെ പോകുന്നു വിത്ത് പഴഞ്ചൊല്ലുകൾ.
ഗ്രിഗർ മെൻഡൽ ജനിതക തത്വങ്ങൾ ഒക്കെ ഉരുത്തിരിച്ചെടുക്കുന്നതിനും മുൻപ് തന്നെ നമ്മുടെ കർഷകർക്ക് വിത്തിന്റെ ജനിതകത്തെ ക്കുറിച്ച് നല്ല ധാരണ യുണ്ടായിരുന്നു എന്ന് പറയേണ്ടി വരും.
നല്ല വിത്തിൽ നിന്നും ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കാൻ കൂടി കൃഷിക്കാരൻ പഠിക്കണം.
പണ്ടൊരു കാലത്ത് തനിയ്ക്കാവശ്യമുളള തൈകൾ കർഷകൻ തന്നെ ഉണ്ടാക്കുന്ന രീതിയായിരുന്നു. മണ്ണ് കിളച്ച് കട്ടയുടച്ച് പൊടിപ്പരുവമാക്കി ജൈവവളങ്ങൾ പൊടിച്ച് ചേർത്ത് അല്പം ഉയരത്തിൽ വാരം കോരി വിത്ത് വിതച്ച് നിശ്ചിത വലിപ്പം എത്തുമ്പോൾ പറിച്ചെടുത്ത് നടുന്ന രീതിയായിരുന്നു. മുളക്, തക്കാളി, വഴുതന എന്നിവയിൽ മാത്രമായിരുന്നു പറിച്ച് നടീൽ അവലംബിച്ചിരുന്നത്.
പിന്നീട് കാബേജ്, കോളിഫ്ളവർ എന്നിവ കൃഷി ചെയ്യുന്നത് വ്യാപകമായപ്പോൾ അതിന്റെയും തൈകൾ ഉണ്ടാക്കാൻ തുടങ്ങി.
എന്നാലിപ്പോൾ ഏതാണ്ട് എല്ലാത്തരം പച്ചക്കറികളും തൈകളുണ്ടാക്കി പറിച്ച് നടുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. അങ്ങനെ ചെയ്യുമ്പോൾ തോട്ടത്തിൽ പത്ത് പതിനഞ്ച് ദിവസം ലഭിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ ആകർഷണം.ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കി വിൽക്കുന്നത് ലാഭകരമായ ഒരു ബിസിനസായും മാറിക്കഴിഞ്ഞു.
ഇപ്പോൾ ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി എന്നിവയുടെ തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം.
വീട്ടുവളപ്പിലെ കൃഷി ആയാലും വാണിജ്യകൃഷിയായാലും ഗുണമേന്മയും കരുത്തുമുള്ള തൈകളുണ്ടാക്കാൻ കർഷകർ പഠിക്കണം.
പ്രോ ട്രേ(Pro Tray ) കളിൽ തൈകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട സാധനങ്ങൾ
1. ചകിരിച്ചോർ ബ്ലോക്ക്
2. അരിച്ചെടുത്ത ചാണകപ്പൊടി അല്ലെങ്കിൽ ഗുണമേന്മയുള്ള മണ്ണിരക്കമ്പോസ്റ്റ്
3. പ്രോ ട്രേകൾ
4. പ്ലാസ്റ്റിക് ഷീറ്റ്
5. 19:19:19 വളം.
6. സ്പ്രയർ
ആദ്യമായി ചകിരിചോറിന്റെ ബ്ലോക്ക് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. നന്നായി കുതിർന്നു ഇളകിക്കഴിഞ്ഞാൽ രണ്ട് മൂന്നാവൃത്തി വെള്ളത്തിൽ കഴുകി അതിന്റെ കറ കളയുക.
അവസാനം കഴുകുന്ന വെള്ളത്തിൽ ആവശ്യമെങ്കിൽ സ്യൂഡോമൊണാസ് 20 ഗ്രാം /L ചേർക്കാം. കഴുകിയ വെള്ളം ഇഞ്ചിയുടെയോ മഞ്ഞളിന്റെയോ കുരുമുളകിന്റെയോ ചുവട്ടിൽ ഒഴിക്കാം.
മൂന്ന് ഭാഗം ചകിരിച്ചോറിന് ഒരു ഭാഗം അരിച്ച ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് ചേർത്ത് നന്നായി ഇളക്കാം.
ഈ മിശ്രിതം പ്രോ ട്രേകളിൽ നിറയ്ക്കാം. ഒരു ട്രേയിൽ മിശ്രിതം നിറച്ച് മറ്റൊരു ട്രേ കൊണ്ട് നന്നായി അമർത്തി, വീണ്ടും കുറച്ച് മിശ്രിതം ഇട്ടു വീണ്ടും അമർത്തി നല്ല ഉറപ്പായതിന് ശേഷം ഓരോ അറയിലേക്കും ഓരോ വിത്തുകൾ വീതം ഇട്ട് നേരിയ അളവിൽ (ആ വിത്തിന്റെ കനത്തോളം മാത്രം ) മിശ്രിതം വീണ്ടും ഇട്ടു കൊടുത്ത് 48 മണിക്കൂർ നേരം ട്രേകൾ ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കി വച്ച് പ്ലാസ്റ്റിക് ഷീറ്റ് മൂടി വയ്ക്കുക.
48 മണിക്കൂർ കഴിഞ്ഞാൽ ഓരോ ട്രേയും എടുത്ത് നിരത്തി വെയിൽ കിട്ടുന്ന രീതിയിൽ വയ്ക്കുക. മിശ്രിതം ഉണങ്ങാതെ നോക്കുക. വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക.
നന്നായി വെയിൽ കിട്ടുന്ന പോളി ഹൗസുകളോ മഴമറകളോ ആണ് ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കാൻ അനുയോജ്യം.ചിലർ ഗ്രീൻ നെറ്റ് വിരിച്ച സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
വിത്ത് മുളച്ച് നാല് ഇലകൾ ആയികഴിഞ്ഞാൽ 19:19:19 വളം ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക.
ഒരാഴ്ച കഴിഞ്ഞ് ഡോസ് രണ്ട് ഗ്രാം ആക്കി വീണ്ടും സ്പ്രേ ചെയ്യാം.
കുമിൾ ബാധ ഉണ്ടെങ്കിൽ ഇൻഡോഫിൽ 3ഗ്രാം /L ഡോസിൽ സ്പ്രേ ചെയ്യാം.
വിളർച്ച കാണുന്നു എങ്കിൽ കാൽസ്യം നൈട്രേറ്റ് 2ഗ്രാം /L ഡോസിൽ സ്പ്രേ ചെയ്യാം.
ഇങ്ങനെ മുളക്, തക്കാളി, വഴുതന, കാബേജ്, കോളി ഫ്‌ളവർ, ബ്രോക്കോളി, കാപ്‌സിക്കം എന്നിവയുടെ 5-6 വരെ ഇലകളുള്ള തൈകൾ നടാനായി ഉപയോഗിക്കാം.
Well begun is half done എന്നാണല്ലോ..
നന്നായി തുടങ്ങിയാൽ തന്നെ പകുതി വിജയിച്ചു എന്ന് പറയാം. അല്ലെങ്കിലോ പകുതി തോറ്റു കൊണ്ടാണ് നമ്മൾ തുടങ്ങുന്നത് എന്ന് തന്നെയാണ് അർത്ഥം.
എങ്കിൽ വേഗമാകട്ടെ... നിങ്ങളുടെ തൈകൾ ആണ് ലോകത്തിലെ ഏറ്റവും നല്ല തൈകൾ എന്ന് ആളുകൾ പറയണം എന്ന ആഗ്രഹത്തോടെ തൈകൾ ഉണ്ടാക്കാൻ തുടങ്ങിയാട്ടെ...
✍️ പ്രമോദ് മാധവൻ