ലോകത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. മലയാളിയ്ക്ക് "പഴം "എന്ന് പറഞ്ഞാൽ അത് വാഴപ്പഴം തന്നെയാണ്. 'പുട്ടും പഴ'വും, 'പഴമ്പൊരി' എന്നൊക്കെയാണല്ലോ നമ്മൾ പറയാറ്.പുട്ടും വാഴപ്പഴവും എന്ന് പറയാറില്ലല്ലോ.
Carl Linneaus സസ്യവർഗീകരണം നടത്തിയപ്പോൾ, നേന്ത്രൻ അടങ്ങിയ സ്റ്റാർച്ച് കൂടുതലുള്ള ഇനങ്ങൾക്ക് (Plantains ) Musa paradaisiaca എന്നും പഴമായി മാത്രം കഴിക്കുന്ന വാഴയിനങ്ങൾക്ക് (Dessert varieties )ന് Musa sapientum എന്നും പേര് കൊടുത്തു.
പിന്നീട് ജനിതകം മുഴുവൻ പഠിച്ചു വന്നപ്പോഴാണ് മനസ്സിലാകുന്നത് നമ്മൾ കഴിക്കുന്ന വാഴയിനങ്ങൾ എല്ലാം തന്നെ Musa acuminata എന്നും Musa balbisiana എന്നുമുള്ള രണ്ടിനങ്ങളുടെ സങ്കരമാണ് എന്ന്. ആയതിനാൽ ഇപ്പോൾ വാഴയുടെ ശാസ്ത്രീയ നാമം Musa x paradisiaca എന്നാണ്.
കുരുവില്ലാത്ത വാഴയിനങ്ങൾ എല്ലാം തന്നെ parthenocarpic ആണ്. കാരണം പരാഗണം കൂടാതെ തന്നെ അവ കായ്കൾ ആയി മാറും.
കേരളത്തിലെ വാഴകൃഷിയെ നമുക്ക് രണ്ടായി തിരിക്കാം.
ഒന്ന്: വാണിജ്യ വാഴകൃഷി.
രണ്ട്: KKPP വാഴകൃഷി (അതായത് കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന മനസ്ഥിതിയോടെ ചെയ്യുന്ന കൃഷി ). അത് കൂടുതലും കാണുന്നത് വീട്ടുവളപ്പുകളിലാണ്. കാര്യമായ വളമോ പരിചരണമോ കൊടുക്കാതെ കിട്ടുന്ന കുലകൾ വീട്ടിയെടുത്ത് തൃപ്തിയടയുന്നു.
വാണിജ്യവാഴക്കൃഷി ഒരു ചൂതാട്ടമാണ്.
കീട രോഗങ്ങളോടും പ്രകൃതി ശക്തികളോടും വന്യമൃഗങ്ങളോടും പിന്നെ വിപണിയോടും.
ഏത് സമയത്തും അടി കിട്ടാം. കീടങ്ങൾ (മാണവണ്ട് (പുഴു ), പിണ്ടിപ്പുഴു ), രോഗങ്ങൾ (പനാമ വാട്ടം, ഇലപ്പുള്ളി ), നിമാ വിരകൾ എന്നിവയാണ് ആദ്യം പണി തരുക. കാരണം ഇവരെല്ലാം ഏത് മണ്ണിലും പരിസരത്തും തക്കം പാർത്തുകിടക്കും. കാര്യങ്ങൾ മനസ്സിലാക്കാതെ കൃഷിയ്ക്കിറങ്ങിയ രമണന്മാരെ അവർ പാഠം പഠിപ്പിക്കും.
പിന്നെ കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച എന്നീ പ്രകൃതി ശക്തികളാണ്. സ്ഥലം തെരെഞ്ഞെടുക്കലും ജലസേചന സൗകര്യം ഒരുക്കലും താങ്ങ് കൊടുക്കലുമൊക്കെ യഥാവിധി ശ്രദ്ധിച്ചാൽ പരിഹാരമുളള വിഷയങ്ങളാണ്. കൂടാതെ വിള ഇൻഷുറൻസ് സൗകര്യവുമുണ്ട്.
മൂന്ന് വന്യമൃഗ ശല്യമാണ്. (അങ്ങനെ പറയാൻ പാടില്ല എന്നാണ് മൃഗാവകാശ പ്രവർത്തകർ പറയുന്നത്. Man -Animal Conflict, Human -Wild Life Interaction എന്നൊക്കെ വേണമത്രേ വിളിക്കാൻ 🤪). ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ് എന്നിവയാണ് അവർ. കർഷകന് അനുകൂലമായ നയങ്ങൾ സർക്കാർ കൊണ്ട് വന്നില്ലയെങ്കിൽ പതുക്കെ വാഴക്കൃഷി, കിഴങ്ങ് വർഗ വിളകളുടെ കൃഷി എന്നിവ വിസ്‌മൃതിയിലാകും.
അവിടെ നിന്നെല്ലാം രക്ഷപ്പെട്ട് അവസാനം വിപണിയിൽ എത്തുമ്പോൾ കർഷകന്റെ നെഞ്ച് പൊട്ടും. പത്ത് മാസം കാത്ത കർഷകന് പകുതി, പത്ത് ദിവസം പോലും കുലകൾ കൈകാര്യം ചെയ്യാത്തവർക്കെല്ലാം കൂടി പകുതി എന്നതാണ് പലപ്പോഴും കാണുന്നത്. ഇങ്ങനെയുള്ള സാഹസികതകൾ ഉള്ളത് കൊണ്ടാണ് "വാഴ വയ്ക്കുന്നവനെ അടിക്കണം "എന്ന ചൊല്ലുണ്ടായത്.
വാഴ നടുന്നതിന് രണ്ട് രീതികളുണ്ട്. "ഒന്നുകിൽ അന്ന് വയ്ക്കണം, അല്ലെങ്കിൽ കൊന്ന് വയ്ക്കണം "എന്നാണ് അതിന്റെ ഒരിത്. അന്ന് വയ്ക്കുന്നത് കൂടുതലും KKPP കൃഷിയിലാണ്. കുറേ വാഴക്കന്നുകൾ കൂടി നിൽക്കുന്ന ഒരു മൂട്ടിൽ നിന്നും കുന്താലി കൊണ്ട് കന്നുകൾ ഓരോന്നായി ഇളക്കിയെടുക്കുന്നു. അടുത്ത് തന്നെ ഒരു കുഴിയെടുത്ത് അതിലേക്ക് ഈ കന്ന് വച്ച് രണ്ട് ചവിട്ടും കൊടുക്കുന്നു. വാഴവയ്പ് കഴിഞ്ഞു. No കുമ്മായം... No അടിവളം... So simple. പിന്നെ വേരിറങ്ങി, പുതിയ ഇലകൾ ഒക്കെ വരുമ്പോൾ ഒരിത്തിരി ചാരം, ഒരിത്തിരി ചാണകപ്പൊടി.... പിന്നെ കിട്ടുന്ന കുലകൾ വെട്ടിയെടുക്കും. ചിലപ്പോൾ വവ്വാൽ ഒക്കെ തിന്നതിന്റെ ബാക്കിയാകും കിട്ടുക. ഈ രീതിയിൽ Cost -, Benefit ratio വളരെ കൂടുതലാണ്. കാര്യമായി അങ്ങോട്ട് ഒന്നും കൊടുത്തിട്ടില്ലല്ലോ, അപ്പോൾ കിട്ടിയത് ബോണസ്.
എന്നാൽ വാണിജ്യവാഴക്കൃഷിയിൽ വാഴക്കന്നിനെ "കൊന്ന് വയ്ക്കണം "എന്നാണ് ചൊല്ല്.
കാരണം എവിടെ നിന്നോ, ആരോ ഉണ്ടാക്കിയ കന്നുകളാണ് ഈ രീതിയിൽ നടാനായി കിട്ടുക. അതിനകത്തും പുറത്തും നിമാ വിരകൾ, ഫംഗസ്സുകൾ, ബാക്റ്റീരിയകൾ, വൈറസുകൾ തുടങ്ങിയ സൂക്ഷ്മജീവികളും മാണപ്പുഴു, മീലിമൂട്ട പോലെയുള്ള കീടങ്ങളും ഉണ്ടാകും. ഇവരെല്ലാം ജീവനോടെ ഇരുന്നാൽ കൃഷിക്കാരൻ മയ്യത്താകും. ആയതിനാൽ ഈ "മുള്ള് മുരട് മൂർഖൻ പാമ്പുകളെയെല്ലാം "കൊല്ലണം. അതിന് വാഴക്കന്നിനെത്തന്നെ കൊല്ലണം.
അത് എങ്ങനെ വേണമെന്ന് നോക്കാം.
1. വാഴക്കന്നിന്റെ പുറമേ പറ്റിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം. ട്രിച്ചിയിലെയോ പുളിയംവെട്ടിയിലെയോ കരുളായിയിലെയോ മഞ്ചേരിയിലെയോ ശങ്കരൻ കോവിലിലെയോ മണ്ണിൽ എന്തൊക്കെ ക്ഷുദ്രജീവികൾ ഉണ്ടെന്ന് ആര് കണ്ടു? ആയതിനാൽ, ഒഴുകുന്ന വെള്ളത്തിൽ മുക്കിയിട്ട് മണ്ണ് മുഴുവൻ കളയണം.
2. കന്നിൽ അഴുകിയ ഭാഗങ്ങൾ ഉണ്ടാകും. മിക്കവാറും മാണവണ്ടിന്റെ മുട്ടകൾ, കുഞ്ഞു ലാർവകൾ ഒക്കെ തൊലിയിലും തൊലിയ്ക്കുള്ളിലുമായിക്കാണും.അവരെ കളയാനായി ആപ്പിൾ ചെത്തുന്ന പോലെ തൊലി ചെത്തണം. അപ്പോൾ കേടുള്ള ഭാഗങ്ങൾ ശ്രദ്ധയിൽപ്പെടും. അത് നോക്കി തീർത്തും ഒഴിവാക്കേണ്ട കന്നുകൾ ഉണ്ടെങ്കിൽ അത് കളയാൻ കഴിയും.
3. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ 20 സെക്കന്റ് നേരം കന്നിന്റെ കിഴങ്ങ് ഭാഗം മുക്കി വച്ചാൽ അകത്തേക്ക് കടക്കാത്ത സൂക്ഷ്മജീവികളെ കൊല്ലാൻ കഴിയും. 50-55 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ 20 മിനിറ്റ് നേരം മുക്കിയിട്ടാലും ഏറെക്കുറെ ഇതേ ഫലം ലഭിക്കും.
4. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നമ്മൾ പീഡിപ്പിച്ച കന്നിന് ഒരു ലേപനം നൽകാം. നല്ല ഫ്രഷ് ആയ ചാണകം വെള്ളത്തിൽ കലക്കി ഒരു ഇടത്തരം കുഴമ്പാക്കി, ഒരുക്കിയ കന്ന് അതിൽ മുക്കി ഒരു പാട പോലെ ചാണകപ്പാൽ പറ്റിയിരിക്കണം.
5. ഇനി കന്നുകൾ ഇടത്തരം വെയിലിൽ മൂന്ന് നാല് ദിവസം ഉണക്കി ഒന്നോ രണ്ടോ ആഴ്ച സൂക്ഷിക്കാം. "കാഞ്ഞ കന്നിന് മുളക്കരുത്ത് കൂടും "എന്നാണ് അനുഭവം.
അപ്പോൾ, വാണിജ്യ വാഴക്കൃഷി കളിയല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. 100 വാഴകൾ വച്ചാൽ നൂറും കുലയ്ക്കണം എന്നും നൂറും ഏറ്റവും മികച്ച ഗ്രേഡ് ആകണം എന്നും ആഗ്രഹിക്കുന്നവർക്ക് ഇതൊക്കെ ചെയ്യാൻ മനസ്സ് വരും. കാരണം No Pain.. No Gain ആണെന്ന് അവർക്കറിയാം.
അടുത്ത കൊല്ലം ഓണം അല്പം നേരത്തേ യാണെന്ന കാര്യം ഉത്തമൻ അറിഞ്ഞോ ആവോ?
ആഗസ്റ്റ് 25 നാണ് തിരുവോണം. ഓണത്തിന് നേന്ത്രക്കുല വെട്ടാൻ നവംബർ മാസം പകുതിയോടെ നടീൽ തുടങ്ങാം. അപ്പോൾ നവംബർ ആദ്യം കുഴി തയ്യാറാക്കി കുമ്മായം ചേർത്തിളക്കി ഇടാം.
അപ്പോൾത്തന്നെ വാഴക്കന്ന് ഒരുക്കിയും തുടങ്ങാം.
"നേരത്ത് കൃഷി ചെയ്‌താൽ കാലത്ത് വിളവെടുക്കാം".
✍️ പ്രമോദ് മാധവൻ