നമ്മുടെ അത്തിയല്ല അവരുടെ അത്തിപ്പഴം ... | പ്രമോദ് മാധവൻ


അൾത്താര എന്ന സിനിമയിൽ "അത്തിക്കായ്കൾ പഴുത്തല്ലോ, ചെമ്മുന്തിരി വള്ളി തളിർത്തല്ലോ, യെരുശലേമിൻ കന്യകയാളേ വരൂ വരൂ. വീണ്ടും " എന്ന് ഓ എൻ വി എഴുതി . നക്ഷത്രക്കൂടാരം എന്ന സിനിമയിൽ "അത്തിപ്പഴത്തിന്നിളനീർ ചുരത്തും, മുത്തം കൊതിയ്ക്കുന്ന പൂവിൻ കവിൾപ്പൂ.."

എന്ന് ബിച്ചു തിരുമലയും.   


കവികളെ മോഹിപ്പിക്കുന്ന പഴമാണ് അത്തി. പക്ഷേ നമ്മുടെ നാട്ടിൽ പലർക്കും യഥാർത്ഥ അത്തിമരം ഏതാണെന്നറിയില്ല. അതിന് അവരെ കുറ്റം പറയാനും കഴിയില്ല. കാരണം Ficus എന്ന ജനുസ്സിൽ ഏതാണ്ട് ഏണ്ണൂറോളം വിവിധ സ്പീഷീസുകളുണ്ട്.


 മലയാളിയ്ക്ക് ഏറ്റവും പരിചയമുള്ള ഔഷധമാണ് നാല്പാമര. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയാണ് ആ നാൽവർ. നാല്പാമര തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. വയറ് ശുദ്ധമാക്കാൻ നാല്പാമരാദി കഷായവും ബഹുകേമം.


 പക്ഷേ നാല്പാമരയിലെ ആ അത്തിയല്ല നമ്മുടെ കവികൾ വർണ്ണിയ്ക്കുന്ന അത്തിപ്പഴം. അത് Ficus carica എന്ന അത്തിയാകുന്നു.


പല 'അന്തം പഴസ്നേഹി' കളെയും നഴ്സറിക്കർ പറ്റിക്കുന്നത് Ficus auriculata എന്ന Elephant Ear Tree കൊടുത്തിട്ടാണ്. എന്നിട്ട് അത് കൊണ്ട് വന്ന് ഇട്ടാവട്ടത്ത് നടും. കൊട്ടക്കണക്കിന് കായ്കളും ഉണ്ടാകും. കിം ഫലം. വീട്ടിൽ പശുവുണ്ടെങ്കിൽ അതിന് കൊടുക്കാം. അത്ര തന്നെ. 


Elephant Ear Tree


പക്ഷേ വലിയ കാമ്പസ്സുകളിൽ ഇതിനോളം പോന്ന ഒരു തണൽ മരമില്ല. ചോറ് പൊതിയാൻ ഇല വേണമെങ്കിലും വേറെ എങ്ങും പോകേണ്ടതില്ല.


എത്ര മാത്രം വിവിധങ്ങളായ ചെടികളാണ് Moraceae കുടുംബത്തിൽ പെട്ട Ficus ജനുസ്സിൽ. Ficus religiosa എന്ന അരയാൽ. Ficus elastica എന്ന തിളങ്ങുന്ന ഇലകളുള്ള അലങ്കാര ആൽ മരം. Ficus benjamina എന്ന കുഞ്ഞൻ ഇലകളുള്ള ആൽമരം. മതിലുകളിൽ പറ്റിപ്പിടിച്ചു വളരുന്ന കുഞ്ഞൻ ഇലകളുള്ള Ficus pumila. Ficus benghalensis എന്ന പേരാൽ. Ficus racemosa എന്ന നമ്മുടെ, നാല്പാമരയിലെ അത്തി. Ficus tinctoria എന്ന ഇത്തി. അങ്ങനെ പോകുന്നു അത്തിക്കുടുംബത്തിലെ വിശേഷങ്ങൾ.


 ഹിന്ദിക്കാർ അഞ്ജീർ എന്ന് വിളിയ്ക്കുന്ന അത്തിപ്പഴത്തിന്റെ ജന്മദേശം മെഡിറ്റേറനിയൻ പ്രദേശമാണ്. ടർക്കി, ഈജിപ്റ്റ്, മൊറൊക്കോ, അൽജീരിയ ഒക്കെ ഉൾപ്പെടുന്ന ദേശം. ഇവർ നാല് പേരും കൂടിയാണ് ലോകഅത്തിപ്പഴത്തിന്റെ 65 ശതമാനവും ഉത്പാദിപ്പിക്കുന്നത്. അത്യാവശ്യം ചൂടിനെയും തണുപ്പിനെയും സഹിക്കാൻ അത്തിയ്ക്ക് കഴിയും. അത്തരം കാലവസ്ഥയെ മെഡിറ്ററേനിയൻ കാലാവസ്ഥ എന്ന് പറയാം. 




അത്തി ഫ്രഷ് പഴമായും ഉണക്കിയും കഴിക്കാം. ഏറ്റവും കൂടുതൽ നാരുകൾ ഉള്ള പഴങ്ങളിൽ ഒന്നാണിത്. 100 ഗ്രാം പഴത്തിൽ പത്ത് ഗ്രാമോളം നാരുകളുണ്ട്. ആയതിനാൽ ത്തന്നെ മലബന്ധം ഉണ്ടാകാതിരിക്കാൻ പണക്കാർക്ക് കഴിയ്ക്കാവുന്ന പഴമാണിത് 😂.


 ഒരത്തിപ്പഴം യഥാർത്ഥത്തിൽ ഒറ്റപ്പഴമല്ല, ഒരായിരം പഴങ്ങളാണ്. അത് ഒരു multiple fruit ആണ്. നമ്മുടെ ചക്കയും മൾബെറിയുമൊക്കെ ഈ കുടുംബത്തിൽ പെട്ടതാണ്.


 അത്തിപ്പഴത്തെ, സസ്യശാസ്ത്രത്തിൽ Synconium എന്നാണ് വിളിക്കുന്നത്. ഒരു പൂവിനകത്തു ആയിരക്കണക്കിന് ചെറുപഴങ്ങൾ ഉണ്ടാകും. Osttole എന്ന ദ്വാരത്തിലൂടെ അകത്ത് കടക്കുന്ന Blastophaga എന്ന വിഭാഗത്തിൽപ്പെടുന്ന കടന്നലുകളാണ് പരാഗണ സഹായികൾ. ഓരോ കുഞ്ഞ് പഴത്തിനകത്തും ഓരോ വിത്തുകൾ ഉണ്ടാകും. അപ്പോൾ നമ്മൾ ഉണങ്ങിയ അത്തിപ്പഴം കഴിക്കുമ്പോൾ കുഞ്ഞ് വിത്തുകളിൽ കടി കൊള്ളുന്നത് നമുക്കറിയാൻ കഴിയും. 


വളരെ ശക്തമായ വേര് പടലമാണ് അത്തിയുടെ വേരുകൾക്ക്. (പാറയുടെ പുറത്തും കെട്ടിടങ്ങളുടെ പുറത്തുമൊക്കെ ആൽമരങ്ങൾ വളർന്നുനിൽക്കുന്നത് കണ്ടിട്ടുണ്ടാകുമല്ലോ.)  


നന്നായി പഴുത്ത പഴങ്ങൾ അങ്ങനെതന്നെ കഴിയ്ക്കാം. ആ രൂപത്തിൽ ദീർഘദൂരത്തേക്ക് കടത്താൻ ബുദ്ധിമുട്ടാണ്. പെട്ടെന്ന് കേടാകും. ആയതിനാൽ തന്നെ നന്നായി ഉണക്കി, പതുക്കി, നടുവിൽ ദ്വാരമിട്ട്, അത് ഒരു വള്ളിയിൽ കോർത്ത്, പഞ്ചസാര ലായനിയിൽ മുക്കി പാക്ക് ചെയ്താണ് വിപണിയിൽ വരാറ്.


മൂന്നോ അഞ്ചോ ലോബുകൾ ഉള്ള ഇലകളാണ് അത്തിപ്പഴത്തിന്റെ മരത്തിന്. അതേ സമയം നമ്മുടെ Ficus auriculata യുടെ ഇലകൾക്ക് ലോബുകൾ ഇല്ല. ഒറ്റ ഇലയാണ്. 


വാൽക്കഷ്ണം: ചരിത്രാതീത കാലം മുതൽ തന്നെ അത്തിപ്പഴത്തിനെ ക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. അരിസ്റ്റോട്ടിൽ,തിയോഫ്രാസ്സ്റ്റസ് എന്നിവരുടെ രചനകളിൽ ഇവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 


റോമാ സാമ്രാജ്യത്തിലെ കരുത്തനായ അഗസ്റ്റസ് സീസർ നെ ഭാര്യയായ ലിവിയ അത്തിപ്പഴത്തിൽ വിഷം ചേർത്ത് കൊടുത്താണ് കൊന്നത് എന്നത് ചരിത്രം.


 കീശ മെച്ചമെങ്കിൽ ഡെയിലി ഒരു രണ്ട് അത്തിപ്പഴം വെള്ളത്തിലിട്ടു കുതിർത്ത് കഴിക്കുന്നത് സുഖ ഭേദി ഉറപ്പ് വരുത്തും.


എന്നാൽ അങ്ങട്....


പ്രമോദ് മാധവൻ

പടം കടം:ഗൂഗിൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section