അടയ്ക്കയായാൽ മടിയിൽ വയ്ക്കാം.. അടയ്ക്കാ മരം ആയാലോ..ലക്ഷപ്രഭുവാകാം | പ്രമോദ് മാധവൻ


തെങ്ങിനെ ആരും തേങ്ങാമരം എന്ന് വിളിക്കാറില്ല. പ്ലാവിനെ ആരും ചക്കമരമെന്നും. പക്ഷെ അടയ്ക്ക തരുന്ന മരത്തിനെ നമ്മൾ അടയ്ക്കാമരം എന്ന് വിളിക്കും. പൊതുവേ കവുങ്ങ് /കഴുങ്ങ് എന്ന് വിളിക്കും.

അടയ്ക്കയുടെ ഉപയോഗം എന്താണ് എന്ന് ഒരു ശരാശരി മലയാളിയോട് ചോദിച്ചാൽ 'നാലും കൂട്ടി മുറുക്കാൻ' എന്ന് പറയും. ഇനി ചിലർ ഒരുപടി കൂടി കടന്ന് സുപ്പാരി അഥവാ വായ്ക്ക് സുഗന്ധം നൽകുന്ന സുഗന്ധപ്പാക്ക് ഉണ്ടാക്കാൻ എന്ന് പറയും.(എന്റെ കുട്ടിക്കാലത്ത്, റേഡിയോ തുറന്നാൽ റോജാപാക്ക്/നിജാം പാക്ക് എന്നിവയുടെ പരസ്യങ്ങൾ നിരന്തരം കേൾക്കാമായിരുന്നു).
ഒക്കെ ശരിയാണ്. ഏറ്റവും കൂടുതൽ ഇത് ഉപയോഗിക്കുന്നത് ചവയ്ക്കാൻ ആണ്. മൌത്ത് ഫ്രഷ്‌നെർ ആയി വലിയ അളവിൽ ഉപയോഗിക്കുന്നു. പക്ഷെ ഒരുപാട് വ്യവസായിക ഉപയോഗങ്ങൾ ഉണ്ട്. ആയുർവേദത്തിലും ചൈനീസ് മെഡിസിനിലും ഔഷധങ്ങൾ ഉണ്ടാക്കാൻ ഇത് വേണം. പെയിന്റ് വ്യവസായത്തിൽ വലിയ ആവശ്യകതയുണ്ട്. തുകൽ വ്യവസായത്തിലും പ്ലൈവുഡ് നിർമ്മാണത്തിലെ പശയായും ഒക്കെ ഉപയോഗിക്കുന്നു. ചവയ്ക്കാൻ മാത്രമാണ് ഉപയോഗം എന്ന് ചിലർ കരുതുന്നു.ഫ്രാൻസ്, ജർമനി, നെതെർലാൻഡ്സ് എന്നിവരാണ് ഇന്ത്യ കഴിഞ്ഞാൽ പ്രധാന ഇറക്കുമതിക്കാർ.
ഇവരാരും സുപ്പാരിയുണ്ടാക്കാൻ മാത്രം ആവില്ല ഇറക്കുമതി ചെയ്യുന്നത് എന്ന് അനുമാനിക്കാം.

അടയ്ക്ക ഒരു തെറ്റായ ശീലം വളർത്താൻ കാരണമാകുന്നു എന്നതിനാൽ ഈ വിളയ്ക്ക് വലിയ ഭാവിയില്ല എന്നും ചിലർ കരുതുന്നു.പക്ഷെ തോട്ടവിളകളിൽ, വിലയുടെ കാര്യത്തിൽ മുടിചൂടാമന്നൻ ആയി ഇന്ന് കവുങ്ങ് വിലസുന്നു.

ഗുണമേന്മയുള്ള ഒരു കിലോ കൊട്ടടയ്ക്കയക്ക് 400-500 രൂപ വിലയുണ്ട്.ഒരു മോഹിത് നഗർ ഇനത്തിൽപ്പെട്ട കവുങ്ങ് നന്നായി വെള്ളവും വളവും നൽകി പരിപാലിച്ചാൽ 6-7 കൊല്ലം കൊണ്ട് ഏതാണ്ട് മൂന്നേമുക്കാൽ കിലോ കൊട്ടടയ്ക്ക തരും.അതിൽ നിന്നുള്ള വരുമാനം എങ്ങനെ പോയാലും 1000 രൂപ എന്ന് കൂട്ടിയാൽ, ഒരേക്കറിൽ 400 മരം, മൊത്തം ആദായം 4 ലക്ഷം രൂപ. ചിലപ്പോൾ അതുക്കും മേലേ. പകുതി ചെലവ് കണക്കാക്കിയാൽ പോലും എക്കറിന് ലാഭം രണ്ട് ലക്ഷം രൂപ.
ഈ വില ഇങ്ങനെ തുടർന്നാൽ കവുങ്ങ് കൃഷി പിടിച്ചാൽ കിട്ടാതെ വരും.ഉള്ള വയലുകൾ കൂടി നികത്തി ആൾക്കാർ കവുങ്ങ് നടും.

ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകനും ഉപയോഗകനും. ഏതാണ്ട് നാലരലക്ഷം ഹെക്റ്ററിൽ ഇന്ത്യ കവുങ്ങ് കൃഷി ചെയ്യുന്നു. ഏഴര ലക്ഷം ടൺ അടയ്ക്ക ഉത്പാദിപ്പിക്കുന്നു. എന്നിട്ടും ശ്രീലങ്ക, മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും നമുക്ക് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. അത്രയ്ക്കുണ്ട് ഇവിടുത്തെ ഉപഭോഗം.
ചൈനയിലും വടക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും വലിയ അളവിൽ കവുങ്ങ് കൃഷിയുണ്ട്. മലേഷ്യയുടെ പെനാങ് പ്രവിശ്യയുടെ പതാകയിൽ അടയ്ക്കയുടെ ചിത്രമുണ്ട്. അപ്പോൾ തന്നെ അവിടങ്ങളിൽ അതിന്റെ പ്രാധാന്യം പിടികിട്ടിക്കാണും.
ഔഷധ ആവശ്യങ്ങൾക്കും വ്യവസായ ആവശ്യങ്ങൾക്കുമൊപ്പം മതപരമായ ആവശ്യങ്ങൾക്കും അടയ്ക്കയ്ക്ക് വലിയ ആവശ്യമുണ്ട്. മംഗളകർമ്മങ്ങളിൽ മുതിർന്നവരുടെ ആശ്ശിർവ്വാദം കിട്ടാൻ വെറ്റിലയിൽ അടയ്ക്ക പൊതിഞ്ഞു ദക്ഷിണ കൊടുക്കുന്നത് ഹിന്ദുസമുദായത്തിൽ സാധാരണമാണ്. പാണിഗ്രഹണസമയത്ത് വധുവിന്റെ പിതാവ് മകളെ ഉത്തമനായ പുരുഷന് കൈപിടിച്ചേൽപ്പിക്കുമ്പോഴും സാക്ഷിയായി വെറ്റിലയും അടയ്ക്കയുമുണ്ട്. നവവധുവിനെ കല്യാണമണ്ഡപത്തിലേക്കു കൊണ്ട് വരുമ്പോൾ നിലവിളക്കേന്തി മുൻപിൽ നടക്കുന്ന അമ്മായിയുടെ കയ്യിലുള്ള തളികയിൽ അഷ്ടമംഗല്യത്തിനൊപ്പം കവുങ്ങിന്റെ പൂക്കുലയും ഉണ്ടാകും. അപ്പോൾ തെങ്ങിനെ പോലെ തന്നെ കവുങ്ങിന്റെ ഫലവും ഇലയും പാളയും കൂമ്പാളയും തടിയും അടയ്ക്കാത്തൊണ്ടും ഒക്കെ നമ്മൾ പ്രയോജനപ്പെടുത്തുന്നു. ആ തരത്തിൽ നോക്കിയാൽ മറ്റൊരു കല്പവൃക്ഷം തന്നെ കവുങ്ങും.

ഇനി കവുങ്ങിന്റെ കൃഷിയിലേക്ക് വരാം.
ഭൂമധ്യരേഖയ്ക്ക് ഇരുവശവും ഏതാണ്ട് 28 ഡിഗ്രി വരെയുള്ള ഭൂഭാഗം കവുങ്ങ് കൃഷിയ്ക്ക് വളരെ യോജിച്ചതാണ്. നല്ല മഴ, നല്ല സൂര്യപ്രകാശം, നല്ല നീർവാർച്ച.ജൈവ സമ്പുഷ്ടമായ വായുസഞ്ചാരമുള്ള മണ്ണ്, ജലസേചന സൗകര്യം ഇതൊക്കെ നിങ്ങളുടെ തോട്ടത്തിലുണ്ടെങ്കിൽ ഇനി മറ്റൊന്നും നോക്കേണ്ട, തോട്ടത്തിൽ ഒരു പ്രധാന വിളയായി കവുങ്ങിനെ ഉൾപ്പെടുത്തണം.

തുടക്കത്തിൽ കവുങ്ങിന് അല്പം തണൽ വേണം. കായ്ക്കാൻ തുടങ്ങുന്നതോടെ അത് വെയിലിനെ പ്രതിരോധിച്ച് കൊള്ളും.
പണ്ട് വയൽ നികത്താനുള്ള എളുപ്പവഴിയായിരുന്നു കവുങ്ങ് നടീൽ. ആദ്യം പണ (ഏരി, വാരം ) കോരി വാഴ നടും. പിന്നെ അതിനിടയിൽ കവുങ്ങിൻ തൈകൾ നടും. ആരും കാണില്ല. നടപടിയും എടുക്കില്ല. പിന്നെ രണ്ടോ മൂന്നോ കൊല്ലത്തെ വാഴക്കൃഷി കഴിയുമ്പോഴേക്കും കവുങ്ങ് തല പുറത്ത് കാണിയ്ക്കാൻ തുടങ്ങും.അങ്ങനെ വയൽ പതുക്കെ പണയും പിന്നെ കരയുമായി മാറും.
പക്ഷെ മണ്ണിൽ വേണ്ടത്ര നീർവാർച്ചയില്ലെങ്കിൽ, വായുസഞ്ചാരം ഇല്ലെങ്കിൽ, കവുങ്ങിൻ വേരുകൾ നിരന്തരം വെള്ളത്തിൽ മുട്ടി നിന്നാൽ പതുക്കെ നശിച്ച് കവുങ്ങ് അകാലമൃതിയടയും. അതിന് ആരെ കുറ്റം പറയാൻ?

ഓരോ ചെടിയ്ക്കും ഓരോ മണ്ണാവശ്യങ്ങൾ (Soil needs ) ഉണ്ട്. അത് പാകത്തിനുള്ളിടത്ത് അവ തഴയ്ക്കും. അല്ലെങ്കിൽ പിഴയ്ക്കും.
'തെങ്ങ് നട്ട് നാടാക്കുക, കവുങ്ങ് നട്ട് കാടാക്കുക' എന്നൊരു പഴഞ്ചൊല്ലുണ്ട്. തെങ്ങ് നട്ട്, അതിനൊപ്പം ഇടവിളകൾ ചെയ്ത് കളകളെ നിയന്ത്രിച്ച് നല്ല തോട്ടമാക്കിയെടുക്കും. പക്ഷെ കവുങ്ങ് നട്ടാൽ പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കില്ല. കളകളും വളർന്ന് കാട് കയറിക്കിടക്കും. നീർവാർച്ചയും വളപ്രയോഗവും ഒന്നും ശ്രദ്ധിക്കില്ല. "വാ കീറിയ ദൈവം ഇര കൊടുക്കും" എന്ന വരട്ടുവാദമാണ് പലരുടെയും വഴികാട്ടി. പക്ഷെ ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് കുഴൽക്കിണർ കുഴിച്ച്, തുള്ളി നനയോടൊപ്പം വളങ്ങളും കൊടുത്താണ് കന്നഡക്കാരൻ കവുങ്ങ് കൃഷി ചെയ്യുന്നത്. അവരോടൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ നമ്മളുടെ കൃഷിയും ശാസ്ത്രീയമാകണം.

"അവർ തേങ്ങാ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉടയ്ക്കണം".

എട്ട് മാസം മുതൽ ഒരു കൊല്ലം വരെ പ്രായമുള്ള, നല്ല കഴുത്ത്‌ വണ്ണമുളള (collar girth ) അഞ്ച് ഇലകൾ എങ്കിലുമുള്ള പൊക്കം കുറഞ്ഞ, അടുത്തടുത്ത് ഇലകൾ വരുന്ന തൈകൾ തന്നെ വേണം നടാനായി തെരെഞ്ഞെടുക്കാൻ. തടിയിൽ ഓലകൾ അടുത്തടുത്ത് വിരിഞ്ഞ് വരുന്നത് ഒരു നല്ല ലക്ഷണമാണ്. വർഷത്തിൽ ഏഴ് അടയ്ക്കാകുലകൾ കിട്ടിയാൽ വളരെ നല്ലത്. മൂന്നും നാലുമൊക്കെയാണ് സാധാരണ പരിചരണത്തിൽ കിട്ടുക.
കവുങ്ങ് തനിവിളയായും ഇടവിളയായും ചെയ്യാം. 2.7 മീറ്റർ അകലത്തിൽ വേണം കുഴികൾ എടുക്കാൻ. വാഴയും കൂടി കൃഷി ചെയ്യുന്നുവെങ്കിൽ 3.3 മീറ്റർ അകലത്തിൽ നടാം. കവുങ്ങിൻ തൈകൾക്ക് തണൽ കിട്ടാൻ ആദ്യം തന്നെ വാഴകൾ നടാം. അതിനിടയിൽ കവുങ്ങ് നടാം. അല്ലെങ്കിൽ പപ്പായ ഇടവിളയായി ചെയ്യാം.
നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിൽ മൂന്നടി നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് ഒരടി മേൽമണ്ണ്, മണൽ, ചാണകപ്പൊടി മിശ്രിതം കുഴിയിൽ ഇട്ട്, അതിന്റെ നടുക്കായി കവുങ്ങിൻ തൈകൾ നട്ട് കൊടുക്കാം. വേരുകൾ വളർന്നതിന് ശേഷം വളപ്രയോഗം ആരംഭിക്കാം.

മികച്ച ഒരുപിടി ഇനങ്ങൾ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഇടത്തരം പൊക്കമുള്ളതും മൂന്ന് -നാല് കൊല്ലത്തിനുള്ളിൽ കായ്ച്ചു തുടങ്ങുന്നതുമായ മംഗള, ശതമംഗള എന്നിവ മരമൊന്നിന് യഥാക്രമം 3 കിലോ, 4 കിലോ കൊട്ടടയ്ക്ക ഒരു കൊല്ലം തരാൻ കഴിവുള്ളവയാണ്. പൊക്കം കൂടിയ ഇനങ്ങളായ സുമംഗള (3.28 kg), ശ്രീമംഗള (3.18kg),മോഹിത് നഗർ (3.67kg), സുവർണമംഗള (3.78 kg) എന്ന അളവിൽ കൊട്ടടയ്ക്ക തരും. പക്ഷെ അഞ്ചാം കൊല്ലം മുതൽ മാത്രമേ കായ്‌ഫലം കിട്ടിത്തുടങ്ങൂ.
കുള്ളൻ ഇനങ്ങളായ VTLAH -1,VTLAH -2 എന്നിവ മൂന്നാം കൊല്ലം മുതൽ കായ്ച്ചു തുടങ്ങും. ശരാശരി 2.5 കിലോ കൊട്ടടയ്ക്ക മരമൊന്നിന് പ്രതീക്ഷിക്കാം. ഒരു ഹെക്റ്ററിൽ 1300 കവുങ്ങുകൾ നടാം. ഒരു കിലോ കൊട്ടടയ്ക്ക ഒരു മരത്തിന് എന്ന് കൂട്ടിയാൽ പോലും ഹെക്റ്ററിന് 1300 കിലോ കിട്ടും.

ജനിതക ഗുണം മാത്രം പോരല്ലോ, പരിപാലനവും നന്നായിരിക്കണം.
10 കൊല്ലത്തിന് മേൽ പ്രായമുള്ള, സ്ഥിരമായി വിളവ് തരുന്ന, രോഗ കീടബാധകൾ ഇല്ലാത്ത കവുങ്ങിൽ നിന്നും വിളവെടുക്കുന്ന ശരാശരി 35 ഗ്രാം എങ്കിലും തൂക്കം വരുന്ന വിത്തടയ്ക്കകൾ വേണം നടാനായി തെരെഞ്ഞെടുക്കാൻ. ആദ്യം പ്രാഥമിക നഴ്സറിയിലും(Primary Nursery ) പിന്നെ ദ്വിതീയ നഴ്സറിയിലും(Secondary Nursery ) വളർത്തി, നല്ല കഴുത്ത്‌ വണ്ണവും 8-12 മാസത്തിനിടയിൽ അഞ്ച് ഇലകളും ഉള്ള പൊക്കം കുറഞ്ഞ തൈകൾ മാത്രമേ നടാനായി എടുക്കാൻ പാടുള്ളൂ.
നല്ല നീർവാർച്ചയുള്ള(drainage ) സ്ഥലങ്ങളിൽ മെയ്‌ -ജൂൺ മാസത്തിലും നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ സെപ്റ്റംബർ -ഒക്ടോബർ മാസത്തിലും തൈകൾ നടാവുന്നതാണ്. തെക്ക് -വടക്ക് ദിശയിൽ വരിയായി പടിഞ്ഞാറേയ്ക്ക് ചരിവ് നൽകി തൈകൾ നടാൻ ശ്രമിക്കണം. തെക്ക് പടിഞ്ഞാറൻ വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ അതിർത്തികളിൽ പൊക്കത്തിൽ വളരുന്ന തണൽ മരങ്ങൾ നട്ട് പിടിപ്പിക്കാവുന്നതാണ്. ആദ്യത്തെ അഞ്ച് കൊല്ലം വേനൽക്കാലത്ത്
ഭേദപ്പെട്ട തണൽ കിട്ടണം. അതിനായി വാഴകൾ നട്ട് പിടിപ്പിക്കാം. അതിൽനിന്നും ആദായവും ലഭിക്കും. അങ്ങനെയെങ്കിൽ 3.3x3.3 മീറ്റർ അകലത്തിൽ കുഴിയെടുത്ത്, നാല് കവുങ്ങുകൾക്കിടയിൽ ഒരു വാഴ എന്ന കണക്കിന് നടാവുന്നതാണ്. ഏതാണ്ട് അഞ്ച് കൊല്ലം വരെ വാഴക്കൃഷി തുടരാവുന്നതാണ്.

കവുങ്ങ് ഒരു തോട്ടവിളയാണ്. പലപ്പോഴും വളപ്രയോഗത്തെക്കുറിച്ചും കീട-രോഗ പ്രതിരോധ -നിയന്ത്രണമാർഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത അതിനെ 'തോറ്റ'വിളയാക്കും.
കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയ വളപ്രയോഗം, കളനിയന്ത്രണം, നീർ വാർച്ച ഉറപ്പ് വരുത്തൽ, കീട-രോഗ പ്രതിരോധം, അത് ഫലിച്ചില്ലെങ്കിൽ ശരിയായ രാസവസ്തുക്കൾ അടക്കമുള്ളവയെ ഉപയോഗിച്ച് കീട-രോഗ നിവാരണം എന്നിവ ചെയ്യാൻ കർഷകർ പഠിച്ചിരിക്കണം.
പനവർഗ്ഗത്തിൽ (Palmae )പെട്ട മരമാകയാൽ പരിപാലനരീതികൾ ഏറെക്കുറെ തെങ്ങിന്റേത് പോലെ തന്നെ. വശങ്ങളിലേക്ക് രണ്ടടി ദൂരത്തിലും താഴേക്ക് ഒരടി ആഴത്തിലുമാണ് കവുങ്ങിന്റെ സജീവമായ വേരുകൾ. ആയതിനാൽ വളപ്രയോഗം ആ ഭാഗത്ത് വേണം ചെയ്യാൻ. pH അഞ്ചിൽ താഴെ ആണെങ്കിൽ നിർബന്ധമായും കുമ്മായപ്രയോഗം, വളപ്രയോഗത്തിന് രണ്ടാഴ്ച മുൻപ് ചെയ്യണം.

100:40:140 ഗ്രാം എന്ന കണക്കിന് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഒരു പൂർണ വളർച്ചയെത്തിയ കവുങ്ങിന് നൽകണം.ഈ അളവിൽ NPK കിട്ടാനായി മരമൊന്നിന് 220 ഗ്രാം യൂറിയ, 200 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 230ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. ഒരു കൊല്ലം പ്രായമായ തൈകൾക്ക് ഇതിന്റെ മൂന്നിലൊന്നും രണ്ട് കൊല്ലം പ്രായമായവയ്ക്ക് മൂന്നിൽ രണ്ടും അളവിൽ കൊടുക്കണം. മഴയെ മാത്രം ആശ്രയിച്ചാണ് കൃഷിയെങ്കിൽ ഇടവപ്പാതിയ്ക്ക് മുൻപ്, വേനൽ മഴ കിട്ടിയതിനു ശേഷം വളങ്ങൾ നൽകാം. സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ നല്ല രീതിയിൽ ജൈവ വളങ്ങൾ കൊടുക്കാം. മരമൊന്നിന് 12 കിലോയെങ്കിലും അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ അതിന്റെ പകുതി മണ്ണിരക്കമ്പോസ്റ്റോ ചേർത്ത് നൽകാം.

വേര് തീനിപ്പുഴുക്കൾ (Root grub ) മണ്ണിൽ ഉണ്ടെങ്കിൽ പൊടിച്ച വേപ്പിൻ പിണ്ണാക്ക് രണ്ട് കിലോ വരെ ഒരു മരത്തിന് നൽകാം. കടചീയൽ, വാട്ടം പോലെയുള്ള രോഗസാധ്യതയുണ്ടെങ്കിൽ ട്രൈക്കൊഡെർമ്മ ചേർത്ത് സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി -വേപ്പിൻപിണ്ണാക്ക് മിശ്രിതം വേണം കൊടുക്കാൻ.രണ്ടടി വ്യാസാർദ്ധത്തിലും ഒരടി ആഴത്തിലും തടങ്ങൾ എടുത്ത് ചുറ്റിനുമായി വളമിട്ട് മണ്ണിട്ട് മൂടാം. അതിന് മുകളിൽ ജൈവ അവശിഷ്ടങ്ങളുപയോഗിച്ച് പുതയിട്ട് കൊടുക്കാം. ഡിസംബർ ആയാൽ തടങ്ങളിൽ മുഴുവൻ കവുങ്ങിന്റെ ഓലയും പാളയും മറ്റ് കളകളുമെല്ലാം ചേർത്ത് പുതയിടുക എന്നത് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്.

കവുങ്ങിനെ വരൾച്ച ബാധിച്ചാൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലുമെടുക്കും അതിൽ നിന്നും കര കയറാൻ.
ഒരു ഹെക്ടർ സ്ഥലത്ത് നിന്നും ഒരു കൊല്ലം 6000-8000 കിലോ ജൈവാവശിഷ്ടങ്ങൾ കവുങ്ങിൻ തോട്ടത്തിലുണ്ടാകുന്നു. അത് മുഴുവൻ കവുങ്ങിൻ തോട്ടത്തിൽ തന്നെ ജൈവവളമാക്കി മാറ്റണം.പുതയിടാനായി ഉപയോഗിക്കണം.
ഇലകൾക്ക് പച്ചനിറം കുറവാണ് എന്ന് തോന്നിയാൽ മരമൊന്നിന് കാൽകിലോ മഗ്‌നീഷ്യം സൾഫേറ്റ് ചേർത്ത് നൽകാം.
ഇലകൾ കുറുകി വരുന്നുണ്ടെങ്കിൽ സിങ്കിന്റെ കുറവാണ് എന്നനുമാനിക്കാം. 10 ഗ്രാം സിങ്ക് സൾഫേറ്റ് മണ്ണിൽ കൊടുക്കാം.
ചെറിയ മരങ്ങൾക്ക് 5 ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്യാം.

കായ്കൾ പ്രായമെത്താതെ പൊട്ടിക്കീറുന്നുണ്ടെങ്കിൽ പൊട്ടാസ്യം, കാൽസ്യം, ബോറോൺ എന്നിവയുടെ കുറവുണ്ട് എന്ന് മനസ്സിലാക്കാം. അതിനനുസൃതമായി വളങ്ങൾ കൊടുക്കണം. ചെറിയ മരങ്ങൾക്ക് സൊല്യൂബോർ (Solubor )2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ നൽകാം.
വരൾച്ച ഏറ്റവും കൂടുതൽ ബാധിക്കുന്ന വിളയാണ് കവുങ്ങ്. ആയതിനാൽ ഡിസംബർ മുതൽ മെയ്‌ വരെയുള്ള കാലത്ത് ആവശ്യമായ അളവിൽ ജലസേചനം നൽകണം. മഴക്കാലം തീരുന്നതിനു മുൻപ് തന്നെ തടങ്ങൾ പുതയിട്ട്, മണ്ണിലെ ജലാംശം ബാഷ്പീകരിച്ച് പോകാതെ കാക്കണം. നവംബർ -ഡിസംബർ മാസത്തിൽ ആഴ്ചയിൽ ഒരിക്കലും, ജനുവരി -ഫെബ്രുവരി മാസങ്ങളിൽ ആറ് ദിവസത്തിലൊരിയ്ക്കലും, മാർച്ച്‌ -മെയ്‌ മാസങ്ങളിൽ നാല് ദിവസത്തിലൊരിയ്ക്കലും നനയ്ക്കണം.
തുള്ളിനന രീതിയാണെങ്കിൽ മണ്ണിന്റെ തരമനുസരിച്ച് 16 മുതൽ മുപ്പത് വരെ ലിറ്റർ വെള്ളം വേണ്ടിവരും. ഈ രീതിയിൽ വെള്ളത്തിനൊപ്പം വളങ്ങളും പല തവണകളായി ചേർത്ത് കൊടുക്കാം.

കളിമണ്ണിന്റെ അംശം കൂടുന്നത്, മണ്ണിലെ വായുസഞ്ചാരത്തെ മോശമായി ബാധിക്കും. ശരാശരി ഒരു മില്ലിമീറ്റർ മാത്രം വണ്ണമുള്ളവയാണ് കവുങ്ങിന്റെ തീറ്റവേരുകൾ (Feeder roots ). മണ്ണ് തറഞ്ഞുപോയാൽ ഈ വേരുകൾ നശിക്കും.വെള്ളക്കെട്ട് ആണെങ്കിലും ഇത് തന്നെയായിരിക്കും ഫലം. ആയതിനാൽ മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ, അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ തക്കവണ്ണം സൗകര്യം ചെയ്ത് കൊടുക്കണം.
കളിമണ്ണ് കൂടിയ മണ്ണിൽ (Heavy soil ) ഓരോ വരി കവുങ്ങിനും ഇടയിൽ നീർച്ചാൽ കൊടുക്കണം.കളിമണ്ണിന്റെ അംശം കുറവാണെങ്കിൽ രണ്ട് വരി മരങ്ങൾ കഴിഞ്ഞാൽ നീർച്ചാൽ കൊടുത്താൽ മതിയാകും.

കവുങ്ങിൻതോട്ടത്തിൽ നിന്നും കൂടുതൽ ആദായം കിട്ടാൻ ശാസ്ത്രീയമായ ഇടവിളകൃഷി അനുവർത്തിക്കണം.
വിളവ് കിട്ടിതുടങ്ങാൻ അഞ്ച് കൊല്ലത്തോളം എടുക്കും എന്നതിനാൽ ആദ്യം മുതൽതന്നെ വാഴ പോലെയുള്ള വിളകൾ ചെയ്യണം. അത് കവുങ്ങിന് തണലും നൽകും. നാല് കവുങ്ങിന്റെ നടുക്ക് ഒരു വാഴ എന്ന രീതിയിൽ നടാം. കുറ്റിവിള (Ratooning )എടുക്കാവുന്ന ഇനങ്ങളായ പാളയം കോടൻ (മൈസൂർ പൂവൻ ), ഞാലിപ്പൂവൻ, റോബസ്റ്റ എന്നിവ കൂടുതൽ അനുയോജ്യം.
6-8 വർഷം പ്രായമായ കവുങ്ങിൽ, മരമൊന്നിന് രണ്ട് കുരുമുളക് വള്ളികൾ എന്ന അളവിൽ നട്ട് കൊടുക്കാം. അപ്പോൾ ഒരു ഹെക്ടറിൽ 1300 കവുങ്ങിന്റെ അത്രയും കുരുമുളക് കൊടികളും ആകും.

രണ്ട് കൊല്ലം പ്രായമായ തോട്ടങ്ങളിൽ കൊക്കോ ഒരു നല്ല ഇടവിളയാണ്.
കൂടുതൽ അധ്വാനിക്കാൻ തയ്യാറെങ്കിൽ കുരുമുളകിന് പകരം നല്ലയിനം വെറ്റില വള്ളികൾ പിടിപ്പിക്കാം.
നാല് കൊല്ലത്തിനു മുകളിൽ പ്രായമുള്ള തോട്ടങ്ങളിൽ ചെറുനാരകം /കറിനാരകവും ഇടവിളയാക്കാം. അടയ്ക്കയുടെ വില കുറഞ്ഞാലും ഇടവിളകൾ കർഷകനെ കാത്ത് കൊള്ളും.

"നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും" എന്ന് പറഞ്ഞപോലെയാണ് കവുങ്ങിലെ കീട-രോഗശല്യങ്ങൾ. അതാണ് ഇന്ന് കർഷകനെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ, കർഷകരുടെ അജ്ഞത, അലസത, നിസംഗത എന്നിവയൊക്കെ ഇതിന് ആക്കം കൂട്ടും.
കൂടിയ ചൂടുള്ളപ്പോൾ മണ്ഡരികളാണ് ഏറ്റവും ശല്യക്കാർ. കായ്കളെ ശല്യം ചെയ്യുന്ന ചാഴികൾ (Pentatomid Bugs ), കൂമ്പിലച്ചാഴി (Spindle Bug), ശൽക്കകീടങ്ങൾ (Scale Insects ), വേര് തീനിപ്പുഴുക്കൾ (Root grubs ), പൂങ്കുലപ്പുഴു (Inflorescence Caterpillar )എന്നിവയാണ് പ്രധാന കീടങ്ങൾ. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കേടായ പൂങ്കുലകൾ മരത്തിൽ നിന്നും നീക്കം ചെയ്യുക, ശരിയായ വള പ്രയോഗത്തിലൂടെ മണ്ണാരോഗ്യം (Soil Health )സംരക്ഷിക്കുക എന്നതൊക്കെ കീട-രോഗ നിയന്ത്രണത്തിനും വളരെ പ്രധാനമാണ്.
കട ചീയൽ (Foot rot ), കായ് ചീയൽ (Fruit rot ), ചുവട് ചീയൽ (Anabe roga ), കൂമ്പ് ചീയൽ (Bud rot ), പൂങ്കുല കരിച്ചിൽ (Inflorescence Blight ), ഇലക്കുത്ത് (Leaf spot ), മഞ്ഞളിപ്പ് (Yellowing )എന്നിവയൊക്കെയാണ് പ്രധാന രോഗങ്ങൾ. അന്തരീക്ഷതാപനില കൂടുന്നതും ഈർപ്പം വർധിക്കുന്നതും ഒക്കെ രോഗസാധ്യത കൂട്ടും.

തോട്ടങ്ങളിൽ നല്ല നിരീക്ഷണം അത്യാവശ്യമാണ്. പൊടുന്നനെ ആയിരിക്കും മാഹാളി പോലെയുള്ള കായ് കൊഴിച്ചിൽ ആരംഭിക്കുക. മെയ്‌ മാസം അവസാനത്തോടെ കവുങ്ങിന്റെ ഇലകളിലും കുലകളിലും നിർബന്ധമായും ബോർഡോ മിശ്രിതം പശ ചേർത്ത് തളിച്ച് നിർത്തണം. ചുവട്ടിൽ ട്രൈക്കോഡെർമ്മ ചേർത്ത ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചേർക്കണം. കേട് വന്നു വീഴുന്ന കായ്കൾ പെറുക്കിക്കത്തിക്കണം. ലക്ഷണങ്ങൾ നോക്കി രോഗങ്ങൾ മനസ്സിലാക്കി ശരിയായ മരുന്നുകൾ ശരിയായ ഡോസിൽ നൽകണം. ഉയരത്തിൽ സ്പ്രേ ചെയ്യാവുന്ന ഉപകരണങ്ങൾ SMAM പോലെയുള്ള പദ്ധതികളിൽ പെടുത്തി സബ്‌സിഡി നിരക്കിൽ വാങ്ങാൻ ശ്രമിക്കണം.

ചുരുക്കത്തിൽ കവുങ്ങ് കൃഷി വിജയിപ്പിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ ഒന്ന് ചുരുക്കിപ്പറയാം.
1. ഉത്പാദന ശേഷി കൂടിയ ഇനങ്ങളുടെ , കരുത്തുള്ള തൈകൾ തന്നെ വേണം നടാൻ

2. കൃത്യമായ ഇടയകലം, കുഴിയാഴം എന്നിവ പാലിക്കണം.

3. ചെറിയ ചെടികൾ ആയിരിക്കുമ്പോൾ വേണ്ടത്ര തണൽ നൽകണം.

4. കളിമണ്ണ് അംശം കൂടിയ മണ്ണിൽ മണ്ണിനെ ലൂസാക്കാനുള്ള പച്ചില വളങ്ങൾ വളർത്തി തടങ്ങളിൽ ചേർത്ത് കൊടുക്കണം.

5. നീർ വാർച്ച ഉറപ്പ് വരുത്തണം

6. ശരിയായ ഇടവിളകൾ ശരിയകലം പാലിച്ചു നട്ട് കൊടുക്കണം

7. ശരിയായ അളവിൽ NPK വളങ്ങളും ആവശ്യമെങ്കിൽ മറ്റ് മൂലകങ്ങളും കൊടുക്കണം.

8. വേനൽക്കാലം തുടങ്ങുന്നതിനു മുൻപ് തടങ്ങൾ പുതയിട്ട് സംരക്ഷിക്കണം.

9. ഡിസംബർ മുതൽ മെയ്‌ വരെയുള്ള കാലത്ത് ആവശ്യനുസരണം നന കൊടുക്കണം.

10. ഗുരുതരരോഗബാധയുള്ള ചെടികൾ പിഴുത് കത്തിക്കണം.

11. മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഇലകളിലും കുലകളിലും ബോർഡൊ മിശ്രിതം തളിക്കണം.

വാൽക്കഷ്ണം : ഒരു മയക്ക് മരുന്നിന്റെ സ്വഭാവം, കൂടിയ അളവിൽ ഉള്ളിൽ ചെന്നാൽ അടയ്ക്കയ്ക്ക് ഉണ്ട്. ആയതിനാൽ തന്നെ വടക്ക് കിഴക്കൻ ഏഷ്യക്കാരിലും ഇന്ത്യക്കാരിലും ഇത് ചവയ്ക്കുന്ന ശീലം വ്യാപകമാണ്.കഴിയ്ക്കുന്നവരിൽ ഒരുതരം ആസക്തി തന്നെ ഇതുണ്ടാക്കും അടയ്ക്കയിലുള്ള 'അരിക്കോളിൻ' എന്ന വസ്തുവിന്റെ അംശമാണ് ഈ ലഹരി നൽകുന്നത്. സ്ഥിരമായി അടയ്ക്ക ചവയ്ക്കുന്നത് വായിലെയും ദഹന വ്യൂഹങ്ങളിലെയും ക്യാൻസറിനും ഹൃദയമാഘാതത്തിനും കാരണമാകുന്നുണ്ട്.ഇന്ത്യയിൽ ഏതാണ്ട് അൻപത് ലക്ഷം ആൾക്കാർ അടയ്ക്കയുടെ അമിതവും തുടർച്ചയതുമായ ഉപയോഗം മൂലം Oral Sub mucuous fibrosis എന്ന രോഗത്തിന് അടിമകളാണ്.ഗർഭിണികൾ ഇതുപയോഗിക്കുന്നത് മൂലം ഗർഭസ്ഥ ശിശുക്കൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
കവുങ്ങിന്റെ പാളകൾ വളരെ പ്രയോജനമുള്ള ഒന്നാണ്. കുട്ടികളെ കുളിപ്പിക്കാനും വെള്ളം കോരാനുള്ള പാളത്തൊട്ടി ഉണ്ടാക്കാനും പാളത്തൊപ്പി നിർമ്മിക്കാനും പാളപ്പാത്രങ്ങൾ ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. (ഇനി കടം കയറിയാൽ ഭിക്ഷ തെണ്ടാനുള്ള കുത്തുപാള വരെ അതിൽനിന്നും ഉണ്ടാക്കാം🤣).
എന്തായാലും ഇപ്പോൾ കിട്ടുന്ന വില കർഷകർക്ക് ഒരു വലിയ പ്രചോദനമാണ്. ഇടവിളകൃഷികൾ കൂടി ചെയ്ത് തോട്ടത്തിൽ നിന്നും പരമാവധി ആദായമുണ്ടാക്കാൻ പരിശ്രമിക്കണം എന്ന് മാത്രം.

പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ
കടപ്പാട് :കർഷകശ്രീ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section