അടുത്ത സീസണിലേക്ക് മാവിനെ ഒരുക്കാൻ നേരമായി | പ്രമോദ് മാധവൻ



രാവണപുത്രി എന്ന വയലാറിന്റെ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. രാമ -രാവണ യുദ്ധം കഴിഞ്ഞ പടക്കളമാണ് രംഗം.

"യുദ്ധം കഴിഞ്ഞു,

കബന്ധങ്ങൾ ഉന്മാദനൃത്തം

ചവിട്ടി കുഴച്ചു രണാങ്കണം..

രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ

കാൽ തെറ്റി വീണു നിഴലുകൾ".

ഇതായിരിക്കും ഇപ്പോൾ മാഞ്ചോടുകളുടെ അവസ്ഥ. കിളി കൊത്തിയും കേട് വന്നും കായീച്ച കയറി പുഴുത്തും ഒക്കെയായി മാങ്ങാകളുടെ ശവപ്പറമ്പ്ആയി  അവിടെ കിടക്കുന്നുണ്ടാകും.

 ഇല്ലെങ്കിൽ കുട്ടികൾ ഒന്നും ഇല്ലാത്ത വീട്ടിൽ എല്ലാം ഭംഗിയായി കിടക്കുന്ന പോലെ, വന്ധ്യമായ മാവിൻ ചുവട്ടിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ഒരു 'ശമശ്മാന മൂകത 'തളം കെട്ടി നിൽക്കുന്നുണ്ടാകാം. മധുസൂദനൻ നായർ സർ എഴുതിയപോലെ "വന്ധ്യയുടെ വയർ പിളർന്നൊഴുകും വിലാപവേഗം പോലെ വരൾവരകൾ നദികൾ പരമ്പരകളറ്റവർ" എന്ന മട്ട്.

ഒരു മാവെങ്കിലും ഇല്ലാത്ത  ഏതെങ്കിലും വീട്ടുവളപ്പുകൾ കേരളത്തിൽ ഉണ്ടാകുമോ? സംശയമാണ്.

ലക്ഷണമൊത്ത ഒരു കേരള ഭവനം കുറ്റിപ്പുറത്ത് കേശവൻ നായർ വർണിച്ചത് 'മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും 

നിറഞ്ഞഹോ സസ്യ ലതാഢ്യമായ വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു" എന്നാണല്ലോ.

 കേരളത്തിലെ അൻപത് ലക്ഷമെങ്കിലും വരുന്ന വീട്ടുവളപ്പുകളിൽ നല്ലൊരു പങ്കും പതിനഞ്ച് സെന്റിൽ താഴെ ആണ്. അതിൽ വീടും മുറ്റവും പട്ടിക്കൂടും കാർ പോർച്ചും കഴിഞ്ഞ് ബാക്കി ഉള്ളിടം സൂര്യന് കീഴിൽ ഉള്ള എല്ലാ വൃക്ഷങ്ങളും ഉള്ള  ഒരു ട്രീ മ്യൂസിയമോ കാവോ അല്ലെങ്കിൽ മിയാവാക്കി വനമോ ആക്കി മാറ്റുകയാണ്  മല്ലുവിന്റെ പതിവ് രീതി. (അകിര മിയാവാക്കി ഒക്കെ കേരളത്തിൽ നിന്നാണോ ആ രീതി പഠിച്ചത് എന്ന് വരെ ചിന്തിച്ചു പോകും ചില വീട്ടുവളപ്പുകൾ  കണ്ടാൽ.

അവിടെ ശാസ്ത്രീയമായ അകലം, ശരിയായ നീളം, വീതി, ആഴം പാലിച്ചുള്ള കുഴിയെടുപ്പ്, വർഷാവർഷം ഉള്ള ചിട്ടയായ വള പ്രയോഗം ഒന്നും ഉണ്ടാവില്ല. ആയതിനാൽ തന്നെ തെങ്ങിലായാലും മാവിലായാലും വാഴയിലായാലും മികച്ച വിളവ് അപൂർവ്വം. 

ഒരു തരം LEIS(?)A  കൃഷി എന്ന് പറയാം.

Low External Input Sustainable (?) Agriculture.

Input കുറവെങ്കിൽ output ഉം അതേ. യഥാ ഇൻപുട്ട് തഥാ ഔട്ട്പുട്ട് എന്നല്ലേ തോലമഹാകവി എഴുതിയ ശ്ലോഗൻ....

ഒന്നോ രണ്ടോ മാവുകൾ മാത്രം ആയിരിക്കാം പലപ്പോഴും അത്തരം  വീട്ടുവളപ്പിൽ നടാൻ കഴിയുക. അപ്പോൾ മാവിലെ സൂപ്പർ താരങ്ങളെ തേടി പോകാതെ മ്മ്‌ടെ മൂവാണ്ടൻ, കിളിച്ചുണ്ടൻ, കൊളംബി, കർപ്പൂരം, പ്രിയോർ, നീലം, കോട്ടൂർ കോണം,കാലപ്പാടി (പ്രദേശത്തിന് യോജിച്ച ഇനങ്ങൾ ) പോലുള്ള ഇനങ്ങൾ വച്ച് പിടിപ്പിച്ചാൽ നമുക്ക് വിളവ് ഉറപ്പിക്കാം. 

കൂടുതൽ മാവുകൾ വയ്ക്കാൻ സ്ഥലം ഉണ്ടെങ്കിൽ മല്ലിക, ബംഗനപ്പള്ളി,ഇമാം പസന്ത്, അൽഫോൻസോ, തോത്താപ്പൂരി എന്നിവയുമൊക്കെ പരീക്ഷിക്കാം.

എന്ത് കൊണ്ടാണ് നമ്മുടെ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം മാവുകൾ വിളവ് തരാത്തത്? 

1. ശരിയായ അകലത്തിൽ മാവ് നടാറില്ല. മാവിന്റെ ചെറുചില്ലകളിൽ ആണ് പൂക്കളും പിന്നീട് കായ്കളും ഉണ്ടാകുന്നത്. ആ ചില്ലകൾ കൂടുതൽ ഉണ്ടാകണം. അവയിലും ശിഖരങ്ങളുടെ തടികളിലും എല്ലാം സൂര്യകിരണങ്ങളുടെ തലോടൽ ഉണ്ടാകണം.അതാണ് പൂക്കാൻ ഉള്ള ഉദ്ദീപനം.

2. പ്രാദേശികമായി അനുയോജ്യമായ ഇനങ്ങൾ നോക്കി നടാറില്ല. വലിയ പേരുകളുടെ പിന്നാലെ പോകും. കൂടുതൽ മാവുകൾ വയ്ക്കാൻ ഇടമുണ്ടെങ്കിൽ അങ്ങനെ ആകാം.

3. ശരിയായ അളവിൽ ഉള്ള കുഴികൾ എടുത്ത്, വേണ്ടത്ര അളവിൽ അടിസ്ഥാനവളം ചേർത്ത് കുഴി മൂടി തൈകൾ നടുന്നതിലുള്ള ഉദാസീനത. തായ് വേരുള്ള ഒരു ദീർഘകാല വിള എന്ന നിലയിൽ അതിന് യോജിച്ച വലിപ്പത്തിൽ കുഴി എടുക്കണം. "തെങ്ങിനും കവുങ്ങിനും ഒരേ തളപ്പല്ല"  എന്ന തത്വം ഓർക്കണം.

4. മാവ് തുടക്കത്തിലേ ശിഖരങ്ങൾ ക്രമീകരിച്ച് (Formative Prunning ) അധികം ഉയരം വയ്ക്കാതെ ശിഖരങ്ങൾ വശങ്ങളിലേക്ക് പടർത്തി വളർത്താറില്ല. ഒന്നേ ഉള്ളെങ്കിലും ഒലക്ക കൊണ്ട് അടിച്ച് വളർത്തണം എന്നല്ലേ banana talk.

5. വർഷാവർഷം പ്രധാന സസ്യ മൂലകങ്ങൾ(NPK, CalMagS, ബോറോൺ എന്നിവ ) സന്തുലിതമായി ചേർത്ത് വളപ്രയോഗം നടത്താറില്ല. "വാ കീറിയ ദൈബം ഇര കൊടുക്കും "എന്നതാണ് മ്മടെ തത്വം. പറമ്പിലെ മാവിലും പ്ലാവിലും ആരെങ്കിലും വളമിട്ടിട്ടാണോ ഹേ അതൊക്കെ പൂക്കുന്നത് എന്നതാണ് മറുചോദ്യം.

6. വിളവെടുപ്പിനു ശേഷം ചെറിയ അളവിൽ  കൊമ്പ് കോതൽ (maintenance prunning ) നടത്താറില്ല. അത് പിന്നെ അറിവില്ലാത്തത് കൊണ്ടാണ് എന്ന് പറയാം. റംബുട്ടാൻ കൃഷിയൊക്കെ കണ്ടപ്പോഴാണ് അതിനെ കുറിച്ചൊക്കെ ഒരു ധാരണ പൊതുവിൽ വന്നത്.

7. മാന്തളിർ മുറിയൻ, തളിരില  കുരുടൽ, ഇല കൂടുകെട്ടി പുഴു, കൊമ്പുണക്കം, കറയൊലിപ്പ്‌, കായീച്ച എന്നീ മാരണങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധ മരുന്നുകൾ ചെയ്യാറില്ല. "നെല്ല് പത്തായത്തിലുണ്ടെങ്കിൽ ലെലി വയനാട്ടിൽ നിന്നും ഊബർ പിടിച്ച് വരും 'എന്ന് മനസ്സിലാക്കിക്കോണം.

എങ്ങനെയാണ് മാവ് നട്ടതിന് ശേഷം അതിന് ശരിയായ ആകൃതി നൽകി, വർഷാവർഷം കൊമ്പുകൾ ആവശ്യത്തിന് കോതി നിർത്തേണ്ടത് എന്ന് നോക്കാം.


നടാനായി 1മീറ്റർ നീളം, വീതി, ആഴം ഉള്ള കുഴി എടുക്കണം. (ലതേ.. തെങ്ങിൻ കുഴി പോലെ തന്നെ ).കുഴി എടുക്കുമ്പോൾ ഒരടി മേൽമണ്ണ് പ്രത്യേകം മാറ്റി വയ്ക്കണം. അത് കുഴിയെടുത്തു കഴിഞ്ഞ് ഏറ്റവും അടിയിൽ ആയി ഇടണം. അതിന് ശേഷം ഒരു കിലോ റോക്ക് ഫോസ്‌ഫേറ്റ്, 25 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കിളച്ചെടുത്ത മണ്ണ് എന്നിവ കൂട്ടി കലർത്തി കുഴി മൂടിയതിനു ശേഷം അതിൽ പിള്ളക്കുഴി എടുത്ത് വേണം തൈകൾ നടാൻ. അപ്പോൾ വേരുകൾ അടിയിലേക്ക് പോകുമ്പോൾ ഇളക്കമുള്ള,  വളക്കൂറുള്ള മണ്ണുള്ളതിനാൽ വേഗം വളരും. 

ഇത് ഏത് വൃക്ഷവിള നടുമ്പോഴും ബാധകമാണ്.

ഏപ്രിൽ -മെയ്‌ മാസങ്ങളിൽ, വേനൽ മഴ കിട്ടുന്നതോടു കൂടി ഒട്ടുതൈകൾ(Grafts ) നടാം.  അടുത്തുള്ള ഏത് മരത്തിൽ നിന്നും കുറഞ്ഞത് 8 മീറ്റർ  എങ്കിലും അകലത്തിൽ വേണം മാവുകൾ നടാൻ. നല്ല വളക്കൂറുള്ള മണ്ണാണെങ്കിൽ 10 മീറ്റർ  അകലം എങ്കിലും കൊടുക്കണം എന്നാണ് ശാസ്ത്രം.  തുടക്കത്തിലേ തന്നെ മാവിന് നല്ല ആകൃതി ലഭിക്കാൻ പ്രൂണിങ് ചെയ്യണം. 

(ഇപ്പോൾ അകലം കുറച്ച് High Density Planting, Ultra High Density Planting എന്ന രീതികൾ ഉണ്ട്. പക്ഷെ അന്തരീക്ഷ ആർദ്രത കൂടിയ കേരളത്തിൽ അത് എത്രത്തോളം ഫലപ്രദംആണ് എന്നത് കാർഷിക സർവ്വകലാശാല പറയട്ടെ ).

മാവ് നട്ട്   അരപ്പൊക്കം (60-80cm)ആകുമ്പോൾ അതിന്റെ മണ്ട മുറിക്കണം. മുറിപ്പാടിൽ അല്പം കുമിൾനാശിനി കുഴമ്പ് പുരട്ടണം. അതിന് ശേഷം ധാരാളം മുളകൾ മുറിപ്പാടിന് താഴെ നിന്നും പൊട്ടും. അതിൽ മൂന്നോ നാലോ മുളകൾ മാത്രമേ നിർത്താവൂ. അതും കരുത്തുള്ളത് മാത്രം. അവ  തുല്യഅകലത്തിൽ നാല് വശങ്ങളിലേക്കും ആയിരിക്കണം.

 മരത്തിന്റെ നടുഭാഗം  നന്നായി വെയിൽ വീഴത്തക്ക രീതിയിൽ തുറന്ന് കിടക്കണം.(Open Center ).

ഇത്തരത്തിൽ  മൂന്നോ നാലോ കരുത്തുള്ള ശിഖരങ്ങൾ വളർന്നു 50-60  സെന്റി മീറ്റർ ആകുമ്പോൾ അവ വീണ്ടും മുറിക്കണം. നല്ല മൂർച്ചയുള്ള പ്രൂണിങ് ഷിയർ ഉപയോഗിച്ച് മുറിച്ചാൽ നല്ലത്. മുറിപ്പാടിൽ എപ്പോഴും കുമിൾ നാശിനി കുഴമ്പ് പുരട്ടുന്നത് നന്നായിരിക്കും. മുറിപ്പാടിന് അടിയിൽ നിന്നും വരുന്ന മുളകളിൽ കരുത്തുള്ള മൂന്നോ നാലോ എണ്ണം തുല്യ അകലത്തിൽ നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യണം. അവ വളർന്നു 30-40  cm ആകുമ്പോൾ വീണ്ടും ഇതാവർത്തിക്കണം. ഇങ്ങനെ ചെയ്താൽ നടുഭാഗം തുറന്ന് നല്ല ശിഖരങ്ങളോട് കൂടിയ വലിയ പൊക്കമില്ലാത്ത ഒരു ആകൃതി മാവിന് ലഭിക്കും.

മാവിന്റെ ശിഖരങ്ങളുടെ അഗ്ര ഭാഗത്താണ് പൂക്കളും  കായ്കളും  ഉണ്ടാകുന്നത് . കുറഞ്ഞത് ആറാഴ്ചയെങ്കിലും പ്രായമുള്ള ശിഖരങ്ങൾ മാത്രമേ പൂക്കുകയുള്ളൂ. ചിലപ്പോൾ അതിൽ കൂടുതലും.

ജൂൺ -ജൂലൈ മാസത്തിൽ വിളവെടുപ്പ് കഴിയുന്നതോടെ ചെറിയ ഒരു കൊമ്പ് കോതൽ നടത്താം.

 പ്രായം ചെന്നവ, ബലം കുറഞ്ഞവ, വളഞ്ഞു അകത്തേക്ക് വളരുന്നവ, തായ് തടിയിൽ നിന്നും പൊട്ടി കുത്തനെ മേലോട്ട് വളരുന്നവ, രോഗം ബാധിച്ചവ എന്നിവ നീക്കം ചെയ്യാം. 

അത് പോലെ തന്നെ ഒരുപാട് കായ്കൾ പിടിച്ച ശിഖരങ്ങളുടെ അഗ്ര ഭാഗം മുറിച്ച് മാറ്റാം. ചുവട്ടിൽ നിന്നും നാലടി വരെ പൊക്കത്തിലും ശിഖരങ്ങൾ അനുവദിക്കേണ്ട. അപ്പോൾ തടം തുറക്കാനും കള പറിക്കാനും വളമിടാനും ഒക്കെ എളുപ്പമുണ്ടാകും. 

ചുരുക്കത്തിൽ പറഞ്ഞാൽ മാവിന് തുടക്കത്തിലേ ശിഖരങ്ങൾ ഉണ്ടാകണം. നടുഭാഗം തുറന്ന് സൂര്യപ്രകാശം എല്ലാ ശിഖരങ്ങളിലും തട്ടണം. നല്ല വായുസഞ്ചാരം ചില്ലകൾക്കിടയിൽ ഉറപ്പ് വരുത്തണം. ഇലച്ചാർത്തുകൾ അധികമാകാതെ ക്രമീകരിച്ചാൽ പൂക്കാനുള്ള പ്രവണത കൂടും. 

വാൽ കഷ്ണം : നിശ്ചിത സ്ഥലത്ത് കൂടുതൽ മാവുകൾ നടുന്ന തീവ്ര സാന്ദ്രത (High Density ), അതി തീവ്ര സാന്ദ്രത (Ultra   High Density )നടീൽ സമ്പ്രദായം മറ്റു സംസ്ഥാനങ്ങളിൽ വ്യപകമാകുന്നുണ്ട്. 

3x2m, 4x2m എന്നീ അകലങ്ങളിൽ ആണ് മാവുകൾ നടുക. കള വളർച്ച തടയാൻ പ്ലാസ്റ്റിക് പുതയും തുള്ളി നനയും വളസേചനവും, ഹോർമോൺ പ്രയോഗവുമൊക്കെ ചെയ്താണ് മികച്ച വിളവ് നേടുന്നത്. വർഷാവർഷം ഉള്ള കൊമ്പ് കോതലും തകൃതി. ഓരോ മാവിൽ നിന്നും ഉള്ള വിളവ് കുറവായിരിക്കുമെങ്കിലും നിശ്ചിത സ്ഥലത്ത് കൂടുതൽ മാവുകൾ നടാൻ കഴിയുന്നതിനാൽ മൊത്തം ഉല്പാദനം കൂടുതൽ ആയിരിക്കും. രണ്ട് രണ്ടര മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരാൻ അനുവദിക്കാത്തതിനാൽ എല്ലാ മാങ്ങയും നേരാം വണ്ണം കേട് കൂടാതെ വിളവെടുത്തു മാർക്കെറ്റിൽ എത്തിക്കാനും കഴിയും. 

പക്ഷെ അന്തരീക്ഷ ആർദ്രത കൂടിയ കേരളത്തിൽ ഇത്രയും കടുത്ത പ്രൂണിങ് ചെയ്യുന്നത് കുമിൾ രോഗബാധയ്ക്ക് കാരണമായേക്കും എന്നതിനാൽ അത്ര വ്യാപകമായി ശുപാര്ശ ചെയ്യുന്നില്ല. 

അതെന്തായാലും അപ്പോൾ വേഗം തന്നെ മാവിനെ പീഡിപ്പിക്കാൻ തയ്യാറെടുത്തോളൂ...No pain, no gain.

എന്നാൽ അങ്ങട്.... 

പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section