നൂതനമായ കൃഷി രീതി; കേരളത്തിന്റെ ഭകൃഷി ഭാവി ജിമ്മിയെ പോലുള്ളവരുടെ കൈകളിലാണ് | New agricultural method of Jimmy



തൊടുപുഴ വെട്ടുകാട്ടിൽ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടിൽ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങൾ - തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ- റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം.



ഭൂവുടമയ്ക്കു ലാഭവീതം 

പാട്ടസമ്പ്രദായത്തിനു നിയമപ്രാബല്യമില്ലാത്ത കേരളത്തിൽ റംബുട്ടാൻപോലെയുള്ള  ദീർഘകാലവിളയ്ക്കു ഭൂമി വാടകയ്ക്കു കിട്ടാറില്ല. എന്നിട്ടും വരുന്ന 15 വർഷത്തേക്ക് 100 ഏക്കറില്‍ ജിമ്മിക്കു റംബുട്ടാൻകൃഷി സാധ്യമായത് സവിശേഷവും നൂതനവുമായ ക്രമീകരണത്തിലൂടെ. ലാഭം പങ്കുവയ്ക്കൽ (profit sharing) എന്നു വിളിക്കാവുന്ന ഈ സമ്പ്രദായത്തിൽ രണ്ടു വിളകളുടെ കോംബോ ഓഫറാണ് തൽക്കാലം ജിമ്മി മുന്നോട്ടുവയ്ക്കുന്നത്– റംബുട്ടാനും പൈനാപ്പിളും. റംബുട്ടാന് സമൃദ്ധമായി നന ആവശ്യമുള്ളതിനാല്‍ കൃഷിക്കായി വിട്ടുകിട്ടുന്ന സ്ഥലത്തു വേണ്ടത്ര ജലലഭ്യത എന്നതാണ് ജിമ്മിയുടെ ഏക നിബന്ധന. 

തൊടുപുഴയിലും പരിസരങ്ങളിലുമായി വിവിധ കൃഷിയിടങ്ങളിലാണ് ജിമ്മിയുടെ റംബുട്ടാന്‍കൃഷി. 15 വർഷം കൃഷി ചെയ്യാനുള്ള ദീർഘകാല കരാറാണ് ആദ്യ പടി. കരാര്‍ പ്രകാരം വിട്ടുകിട്ടുന്ന സ്ഥലത്ത് റംബുട്ടാനൊപ്പം ആദ്യ 3 വർഷം പൈനാപ്പിളും കൃഷി ചെയ്യും. അതിന്റെ ആദായം ജിമ്മിക്കു മാത്രം. പൈനാപ്പിൾകൃഷി ചെയ്യുന്ന 3 വർഷം മുൻകൂട്ടി നിശ്ചയിച്ച പാട്ടം സ്ഥലമുടമയ്ക്കു നല്‍കും. കൃഷിക്കു മുന്നോടിയായി കുളം കുഴിക്കൽ, നന സംവിധാനം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ക്കു പണം സ്ഥലമുടമ മുടക്കണം. ഇതിനുള്ള ജോലികൾ ജിമ്മി തന്നെ സ്വന്തം മേല്‍നോട്ടത്തില്‍ നടത്തും. ചെലവാകുന്ന തുക പാട്ടത്തുകയിൽനിന്നു കിഴിക്കും. 3 വർഷത്തെ പാട്ടം തീരുന്നതോടെ പൈനാപ്പിൾ നീക്കം ചെയ്യുകയും കൃഷിയിടം റംബുട്ടാൻതോട്ടമായി തുടരുകയും ചെയ്യും. തുടർന്നുള്ള കൃഷിയിലാണ് ലാഭം പങ്കു വയ്ക്കൽ. റംബുട്ടാന്റെ വിളപരിപാലനവും വിപണനവുമെല്ലാം പതിനഞ്ചാം വർഷം വരെ ജിമ്മി തന്നെ നടത്തും. നാലാം വർഷം ആദായമേകിത്തുടങ്ങുന്ന റംബുട്ടാന്റെ ലാഭത്തിൽ പകുതി സ്ഥലമുടമയ്ക്കു നൽകും. വിശേഷിച്ച് തലവേദനകളൊന്നുമില്ലാതെ സ്വന്തം പറമ്പില്‍നിന്ന് 12 വർഷം ആദായം കിട്ടിക്കൊണ്ടിരിക്കുമെന്നതാണ് സ്ഥലം ഉടമകൾക്കുള്ള മെച്ചം. വിളവെടുപ്പു കാലത്ത് ഉൽപാദനത്തിന്റെ തൂക്കം കണ്ടു ബോധ്യപ്പെടാൻ മാത്രമേ ഉടമകള്‍ കൃഷിയിടത്തിൽ വരേണ്ടതുള്ളൂ. കരാര്‍ കാലാവധി കഴിഞ്ഞാല്‍ റംബുട്ടാന്‍ തോട്ടവും അതിലെ വരുമാനവും സ്ഥലമുടമയ്ക്കു സ്വന്തം. നോക്കി നടത്തിയാല്‍ മാത്രം മതി.  

മുപ്പതും അൻപതും നൂറും ഏക്കറിൽ കൃഷി ചെയ്യുന്നതിനു സാഹചര്യമുണ്ടായാൽ ഒട്ടേറെ യുവാക്കള്‍ കൃഷിയിലേക്കു വരുമെന്ന് ജിമ്മി പറയുന്നു. ലാഭം പങ്കുവയ്ക്കല്‍ സ്ഥലമുടമകള്‍ക്കു പാട്ടത്തേക്കാള്‍ ആകര്‍ഷകമാണെന്നാണ് ഇതുവരെയുള്ള അനുഭവമെന്നു ജിമ്മി. നാലാം വർഷത്തിലെത്തിയ ആദ്യ കൃഷിയിടങ്ങളിലെ ലാഭവിഹിതം സ്ഥലമുടമയ്ക്കു ജിമ്മി കൈമാറിക്കഴിഞ്ഞു. ഏക്കറിന് 2 ലക്ഷം രൂപ വീതമാണ് നൽകിയത്. ആദ്യം 2 ഏക്കർ വിട്ടുനൽകിയ അദ്ദേഹം അതോടെ ബാക്കിയുള്ള 3 ഏക്കർ സ്ഥലം കൂടി ഏല്‍പിച്ചു. പുതുതലമുറ വിദേശത്തേക്കു കുടിയേറുന്ന പ്രവണത വർധിച്ചതോടെ സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ട് നൂറുകണക്കിനു ഫോൺകോളുകളാണ് തനിക്കു വരുന്നതെന്നു ജിമ്മി പറയുന്നു. 

വിപണനം എളുപ്പം 

ഉല്‍പന്നം കൂടുതല്‍ അളവിലുണ്ടെങ്കില്‍ വില്‍ക്കാന്‍ പ്രയാസമാണെന്ന പൊതുധാരണ തിരുത്തുന്നതാണ് ജിമ്മിയുടെ അനുഭവം. മറിച്ച്, ഈ രീതിയില്‍ വിപണനം എളുപ്പമാണ്. ഒരു കയറ്റുമതിക്കാരൻ 5 ടൺ റംബുട്ടാൻ ആവശ്യപ്പെട്ടാൽ നൽകാൻ കഴിയുന്നവർ ഇന്നു കേരളത്തിലുണ്ടാവില്ല. വിശേഷിച്ച്, കാലാവസ്ഥമാറ്റം ഉൽപാദനത്തെ ബാധിച്ച സാഹചര്യത്തിൽ. നൂറും ഇരുനൂറും ഏക്കറിൽ കൃഷി ചെയ്യുന്നവരുണ്ടായാലേ ഏതു വിളയുടെയും കയറ്റുമതിയും സംസ്കരണവും സാധ്യമാവുകയുള്ളൂവെന്ന് ജിമ്മി ചൂണ്ടിക്കാട്ടുന്നു. 

കൂടുതൽ വിസ്തൃതിയിൽ കൃഷിയുണ്ടായാൽ പുതിയ വിപണികളും സംസ്കരണസംരംഭങ്ങളുമൊക്കെ വരും ഇത്തരം ക്ലസ്റ്ററുകളിൽ അനുബന്ധ തൊഴിലവസരങ്ങള്‍ കൂടും. വിപുലമായി കൃഷി ചെയ്യുമ്പോൾ വിത്ത്, വളം തുടങ്ങിയ ഉൽപാദനോപാധികൾക്കുള്ള മുതല്‍മുടക്ക് ഗണ്യമായി കുറയുമെന്നും ജിമ്മി. തമിഴ്നാട്ടിൽനിന്നു വർഷംതോറും 2,000 ചാക്ക് ആട്ടിൻകാഷ്ഠമാണ് ജിമ്മി കൊണ്ടുവരുന്നത്. ലോഡ് കണക്കിനു വാങ്ങുമ്പോള്‍ വിപണിവിലയെക്കാൾ കുറയും. വമ്പൻകൃഷിയില്‍ ഉൽപാദനച്ചെലവു കുറയുമെന്നതിനാല്‍ വിളകൾക്ക് വിപണിയില്‍ അല്‍പം വില കുറഞ്ഞാലും ലാഭംതന്നെ. ഇതു വിപണിയില്‍ കര്‍ഷകനു മത്സരക്ഷമത കൂട്ടുന്നു. വിശാലമായ കൃഷിയില്‍ തൊഴിലാളിക്ഷാമത്തിനു ബദലായി യന്ത്രവൽക്കരണം സാധ്യമാകുമെന്നതും മെച്ചം.  

ദീർഘകാല കരാറുണ്ടാക്കാൻ കഴിഞ്ഞാൽ മാത്രമേ വാടക കൃഷിയിടങ്ങളിൽ നിക്ഷേപിക്കാന്‍ കര്‍ഷകന്‍ തയാറാവുകയുള്ളൂ.  അതുകൊണ്ടുതന്നെ കേരളത്തിൽ ദീർഘകാല പാട്ടസമ്പ്രദായത്തിനു പരിരക്ഷ നല്‍കുന്ന നിയമം ആവശ്യമാണ്. ഇപ്പോൾ തരിശു കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് മാസംതോറും ലക്ഷങ്ങളുടെ വരുമാനം നേടാൻ യുവജനങ്ങൾക്ക് അവസരമൊരുക്കണം. മറ്റാരെയുംപോലെ ഉയർന്ന ജീവിത നിലവാരം കൃഷിയിലൂടെ സ്വന്തമാക്കാനായാൽ പൊതുസമൂഹത്തിൽ കർഷകന്റെ പദവി മെച്ചപ്പെടും. യുവകർഷകർക്ക് ജീവിതപങ്കാളിയെ കിട്ടാതെ വരുന്ന സാഹചര്യം പോലും മാറുമെന്നു ജിമ്മി പറയുന്നു. 




കൃഷി രീതി 

40 അടിയും 20 അടിയും അകലത്തില്‍ ജിമ്മി റംബുട്ടാൻ നടാറുണ്ട്. ഇക്കാര്യത്തിൽ സ്ഥലം ഉടമയുടെ അഭിപ്രായവും കണക്കിലെടുക്കും. 20 അടി അകലത്തിൽ നട്ട റംബുട്ടാൻ ചെടികൾ പരസ്പരം കൂട്ടിമുട്ടാൻ സാധ്യതയുള്ളിനാൽ എട്ടു വർഷം കഴിയുമ്പോൾ ഇടയിലെ ഒരു നിര വെട്ടിനീക്കണം. എന്നാൽ, 40 അടി അകലത്തിൽ നട്ട തോട്ടത്തില്‍ തുടക്കത്തിൽ ഉല്‍പാദനവും വരുമാനവും കുറയുമെങ്കിലും പിൽക്കാലത്ത് വിളവും   വരുമാനവും ഉയരും.

ഫോൺ : 9447178258

© manorama news







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section