സിംഗിൾ ആയവർക്ക് കൂട്ടായി ഒരു ഒരു മരം; പെൺമരത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല | Loneliest Plant in the world



സിംഗിൾ പസങ്കെ, സിംഗിൾ തുടങ്ങിയ വാക്കുകൾ സമൂഹമാധ്യമങ്ങളിലൊക്കെ വളരെ ഫേമസാണ്. എന്നാൽ അങ്ങനെയുള്ളവർ വിഷമിക്കേണ്ട, ആഫ്രിക്കയിൽ നിന്നുള്ള ഒരു കിടിലൻ ആൺമരവും സിംഗിളാണ്. ഇതിന്റെ വിഭാഗത്തിലുള്ള പെൺമരത്തെ ഇതുവരെ കണ്ടെത്തിയിട്ടുപോലുമില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.

എൻസെഫാലർടോസ് വുഡി എന്നാണ് ഈ അപൂർവമരത്തിന്‌റെ പേര്. എക്സ്റ്റിൻക്റ്റ് ഫ്രം വൈൽഡ് എന്ന വിഭാഗത്തിൽപെട്ടതാണ് ഈ മരം. അതായത് കാടുകളിൽ നിന്നും സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിന്നും ഈ മരം മറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നാൽ സസ്യശാസ്ത്രജ്ഞരുടെ ശ്രമഫലമായി ഈ മരത്തിലെ ആൺമരങ്ങൾ ലോകത്ത് ചില ഉദ്യാനങ്ങളിൽ വളരുന്നുണ്ട്.

നല്ല തെളിച്ചമുള്ള ഇലകളോടെ പന വിഭാഗത്തിൽപെടുന്ന മരമാണ് വുഡി. 1895ൽ ദക്ഷിണാഫ്രിക്കയിലെ എൻഗോയെ കാട്ടിൽനിന്ന് ജോൺ മെഡ്‌ലി വുഡ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ മരത്തെ കണ്ടെത്തിയത്. അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് ഇതിനു വുഡിയെന്ന് പേര് കിട്ടിയത്.

1899ൽ ഇതിൽ നിന്നുള്ള സസ്യഭാഗങ്ങൾ ലണ്ടനിലെ ക്യൂ സസ്യോദ്യാനത്തിൽ എത്തിച്ചു. ഇതു വളർന്നു. എന്നാൽ പ്രകൃതിദത്തമായ രീതിയിലല്ലായിരുന്നു ഈ വളർച്ച.

വുഡി മരങ്ങൾ ഡയോസ്യസ് എന്ന സസ്യവിഭാഗത്തിൽ പെടുന്നവയാണ്. ആൺ, പെൺ വേർതിരിവുള്ള മരങ്ങളാണ് ഈ വിഭാഗത്തിൽ. ആൺമരവും പെൺമരവും അടുത്തു വളർന്ന് പരാഗണം നടന്ന് പുതിയ മരങ്ങൾ വളരുന്ന രീതിയിലാണ് ഇവയുടെ പ്രജനനം.

എന്നാൽ വുഡി വിഭാഗത്തിൽ ഒരു പെൺമരത്തെ ഇതുവരെ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഇതിനായി തിരച്ചിൽ തകൃതിയാണ്. ഈ ആൺമരത്തെ ആദ്യം കണ്ടെത്തിയ എൻഗോയെ കാട്ടിൽ തന്നെ ഇവയുണ്ടാകുമെന്ന് പ്രത്യാശിക്കുന്നുണ്ട് സസ്യശാസ്ത്രജ്ഞർ. ഈ കാട്ടിൽ കാലമിത്ര കഴിഞ്ഞിട്ടും സമഗ്രമായ പര്യവേക്ഷണങ്ങൾ നടന്നിട്ടില്ല.


ഇനി ഇത് കണ്ടെത്തിയില്ലെങ്കിലും പെൺമരത്തെ കിട്ടാനായി മറ്റൊരു ഐഡിയയും ശാസ്ത്രജ്ഞരുടെ മുന്നിലുണ്ട്. എൻസെഫാലർടോസ് വുഡിയുമായി അടുത്ത ബന്ധമുള്ള എൻസെഫാലസ് നേറ്റലെനിസിസ് എന്ന മരവുമായി ക്രോസിങ് നടത്തി ഒരു പെൺമരത്തെ സൃഷ്ടിക്കുക. ഇവയിലേതെങ്കിലും നടക്കുന്നതു വരെ പാവം വുഡി സിംഗിളായി തന്നെ തുടരും.






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section