ആപ്പിള്‍ മത്രമല്ല, ഓറഞ്ചും മാതളവുമൊക്കെ പൊട്ടിച്ചു കഴിക്കാം സഞ്ചാരികള്‍ക്ക്. ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കന്തല്ലൂര്‍. അതായത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമം. ഈ ഭൂപ്രകൃതിയാണ് കാന്തല്ലൂരിനെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിയത്.
ആപ്പിള്‍കാലത്താണ് ഇവിടെ കൂടുതലും സഞ്ചാരികളെത്തുക. പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായി കാണുന്നത്. ഈ പ്രദേശത്തെ ശരാശരി താപനില 18 ഡിഗ്രിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത വൈവിധ്യമാര്‍ന്ന വിളകളുടെ ആവാസ കേന്ദ്രവുമാണ്.
പ്ലംസ്, പീച്ച്, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, സ്‌ട്രോബറി, കോളിഫ്‌ളവര്‍, കാരറ്റ്, ബിന്‍സ്, ഉരുളക്കിഴങ്ങ,് ബിറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പട്ടിശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ എന്നിവയാണ് കാന്തലൂരിലെ പ്രാധന ആകര്‍ഷണങ്ങള്‍.
മെയ് ഏഴുമുതല്‍ 12 വരെ കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റ് നടത്തുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പരിപാടിയിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതിനോടൊപ്പം തണുപ്പും ആശ്വാസമാകും. കുടുംബത്തോടൊപ്പം തല്‍ക്കാലത്തേക്ക് ഒരു അവധിക്കാലം ആഘോഷിക്കുന്നവര്‍ക്ക് ഇവിടെയാണ് ഏറ്റവും മികച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കാന്തല്ലൂര്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മഞ്ഞുമൂടിയ നിലയിലായിരുന്നു. കേരളത്തില്‍ കൊടുംചൂടും വെയിലും ഒക്കെ കുതിച്ചുയരുമ്പോള്‍ ഇവിടെ മാത്രം ചെറുമഴ പെയ്തതോടെ മൂടല്‍മഞ്ഞിന്റെ സാന്നിധ്യം മനോഹരമായ കാഴ്ചയൊരുക്കി.