അരളിയുടെ വിലക്കുമൂലം പനിനീർ റോസിന്റെ മാത്രമല്ല, തെച്ചിയുടെയും വില കൂടുന്നുണ്ട്. തുളസിക്ക് വില കൂടിയില്ലെങ്കിലും ആവശ്യം കൂടി. അരളിക്ക് തമിഴ്‌നാട്ടിലെ വിപണിയിൽ 150 മുതൽ 200 രൂപവരെ ഇപ്പോഴും വിലയുണ്ട്. ഇതു കേരളത്തിലെത്തുമ്പോൾ 250 രൂപവരെയാകും. തമിഴ്നാട്ടിൽ അരളിയുടെ ആവശ്യം കുറഞ്ഞില്ലെന്നതാണ് ഇതിന് കാരണം. കൂടാതെ കനത്ത വേനൽ കാരണം ഉത്പാദനം കുറയുകയും ചെയ്തു.
സാധാരണ ദിവസങ്ങളിൽ 50 കിലോവരെ അരളിപ്പൂ വിറ്റിരുന്ന കച്ചവടക്കാരൻ ഇപ്പോൾ പത്തും പതിനഞ്ചും കിലോ മാത്രമാണ് വിൽക്കുന്നത്. സാധാരണ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ 500 കിലോവരെ അരളിപ്പൂ ചെലവായിരുന്നു. ഇതാണ് 70 ശതമാനം ഇടിഞ്ഞത്. പത്തനംതിട്ടയിൽ അരളിപ്പൂവിൽപ്പന 90 ശതമാനം കുറഞ്ഞുവെന്നാണ് വിൽപ്പനക്കാർ പറയുന്നത്. കൊല്ലത്തെ വിൽപ്പന അമ്പതുശതമാനമായി.
70 രൂപ മുതൽ 120 രൂപവരെയുണ്ടായിരുന്ന പനിനീർ റോസിന് 150 രൂപമുതൽ 200 രൂപവരെയായി വില. സീസൺ അവസാനിച്ചതോടെ വില താഴേണ്ട സമയമായിട്ടും ഇതുണ്ടായില്ല. സീസൺ കഴിയുമ്പോൾ തെച്ചിപ്പൂവില 60 രൂപയായി താഴാറുണ്ട്. ഇതും 150 മുതൽ 200 രൂപ വരെയായി ഉയർന്നു. പനിനീർറോസിന്റെയും തെച്ചിയുടെയും ഉത്പാദനം കുറവാണെന്നതിനാലാണ് വില ഉയരുന്നത്.
അരളിപ്പൂവിലക്കുമൂലം തമിഴ്‌നാട്ടിലെ കർഷകർ ഇതുപേക്ഷിച്ച് പകരം പനിനീർറോസും തെച്ചിയും കൃഷിചെയ്യാനാണ് നീക്കം. പക്ഷേ, ഈ പൂക്കൾ വിപണിയിലെത്താൻ കൃഷി ആരംഭിച്ച് ഒന്നരവർഷത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ പൂവിപണിയിലെ വിലക്കയറ്റം തുടരുമെന്നാണ് കർഷകർ പറയുന്നത്. തുളസിക്കും ആവശ്യക്കാർ കൂടിയെങ്കിലും വില വർധിച്ചിട്ടില്ലെന്നും കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 60 രൂപയാണ് ഇപ്പോഴും വില.