ഇലകൾ ഒരു സ്പൂണിലോ തവിയിലോ എടുത്ത് ഇളംതീയിൽ ചൂടാക്കി വാട്ടിപ്പിഴിഞ്ഞെടുക്കുന്ന നീരിൽ അല്പം തേൻചേർത്ത് നൽകിയാൽ ശിശുക്കൾക്കും മുതിർന്നവർക്കും ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ ശമിക്കും. ഇതിട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും കഫശല്യം, ചൊറിച്ചിൽ, ശരീരവേദന തുടങ്ങിയവ അകറ്റുന്നതിന് നല്ലതാണ്.
തലയിൽ തേക്കാനായി എണ്ണകാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇലകൾ അരച്ചുചേർത്താൽ നീർവീഴ്ചയും ജലദോഷവും ഇല്ലാതാകും. 100 മില്ലി വെളിച്ചെണ്ണയിൽ 10-15 ഇലകൾ അരച്ചെടുത്തത് ചേർക്കുക. ചൂടായിത്തുടങ്ങുമ്പോൾ ഇലയിലെ ജലാംശം പൊട്ടിത്തെറിക്കുന്നതായിക്കാണാം. തുടർന്ന് രണ്ട്-മൂന്ന് മിനിറ്റ് ചൂടാക്കി ഇലകൾക്ക് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കാം. എണ്ണ തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.
ഇതിന്റെ ഇലകളുടെ ഗന്ധം മുറികളിലെ പല്ലിയുടെയും പാറ്റയുൾപ്പെടെയുള്ള പ്രാണികളുടെയും ശല്യമകറ്റാൻ സഹായകമാണ്. തലമുടി വളരുന്നതിനായി മൈലാഞ്ചി, നെല്ലിക്ക തുടങ്ങിയവ അടങ്ങിയ വിവിധ ഹെയർ പായ്ക്കുകളും നരയകറ്റുന്നതിനുള്ള ഡൈയും മറ്റും തലയിൽ പുരട്ടിയിരിക്കുമ്പോഴുള്ള നീരിറക്കം ഒഴിവാക്കുന്നതിന് പ്രസ്തുതമിശ്രിതങ്ങളിൽ പനിക്കൂർക്കകൂടി അരച്ചുചേർക്കുന്നത് ഏറെ ഫലപ്രദമാണ്.
പനിക്കൂർക്ക ദഹനത്തെ നന്നായി സഹായിക്കുന്നു. ചമ്മന്തിയരയ്ക്കുമ്പോൾ ഇതിന്റെ പച്ചയിലയും ഒരു ചേരുവയാക്കാം. ബജി ഉണ്ടാക്കാനും ഇലകൾ ഉപയോഗിക്കാറുണ്ട്. ഉണക്കിപ്പൊടിച്ച ഇലകൾ 'ഇന്ത്യൻ ഒറിഗാനോ' എന്നപേരിൽ വിപണിയിൽ ലഭ്യമാണ്. ഇത് മസാലപ്പൊടികളിലും മറ്റും ചേർക്കാറുമുണ്ട്.