വിലവർധനയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കൊക്കോ കൃഷി വ്യാപനമാണ് ഉണ്ടാകാൻ പോകുന്നത്. അതിന്റെ സൂചന കൃഷിയിടങ്ങളിൽ കണ്ടു തുടങ്ങി. ബ്രിട്ടീഷ് പാരമ്പര്യമുള്ള കാഡ്‌ബറി (ഇപ്പോൾ മോണ്ടസ് എന്ന അമേരിക്കൻ കമ്പനി) വിതരണം ചെയ്തിരിക്കുന്ന ഹൈബ്രിഡ് ഇനം കൊക്കോ തൈകൾക്ക് ഇപ്പോൾ ഒന്നിനു വില 13 രൂപയാണ്. ഇനിയും വില വർധിക്കുമെന്നാണ് കാർഷിക മേഖലയിൽ നിന്നും ലഭിക്കുന്ന വിവരം. വില അൽപം കൂടുതലാണെങ്കിലും വാങ്ങാൻ ആവശ്യക്കാർ ഏറെയുണ്ടെന്നതാണ് രസകരം. മോണ്ട്സ് കമ്പനി തന്നെയാണ് ഇന്ത്യൻ ചോക്ലേറ്റ് വിപണിയുടെ ഏതാണ്ട് 55 ശതമാനവും കയ്യാളുന്നത്. സ്വിസ് ചോക്ലേറ്റ് കമ്പനിയായ നെസ്ലെ ഏതാണ്ട് 20 ശതമാനം വിപണിയുമായി പിന്നിലുണ്ട്.
മുൻനിര ബ്രാൻഡുകളെല്ലാം കഴിഞ്ഞാൽ കാംപ്‌കോയും അമൂലും പോലുള്ള ഇന്ത്യൻ ബ്രാൻഡുകളും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിൽ നിന്നുള്ള ചോക്ലേറ്റ് ബ്രാൻഡുകളും ഇക്കൂട്ടത്തിൽപെടും. "കോംപൗണ്ട് ചോക്ലേറ്റ് വാങ്ങി ഹോംമെയ്‌ഡ് ചോക്ലേറ്റുകൾ നിർമിക്കുന്നവരും ഏറെയുണ്ട്. ഇവരൊന്നും വിപണിയിൽ നിന്നു നേരിട്ടു കൊക്കോ സംഭരിക്കുന്നില്ല. എന്നാൽ കേരളത്തിൽ നിന്നു കൊക്കോ സംഭരിക്കുന്ന കാംപ്കോ പോലുള്ള കമ്പനികളെ ഇവർ കൊക്കോ പൗഡറിനും കൊക്കോ ബട്ടറിനുമായി ആശ്രയിക്കുന്നുണ്ട്. കേരളത്തിൽ പ്രധാന കൊക്കോ കാർഷിക മേഖലകളിലെ ചെറുകിട, മൊത്ത കച്ചവടക്കാരിൽ നിന്നെല്ലാം ഇവർ പച്ചക്കായയും പരിപ്പും സംഭരിക്കുന്നുമുണ്ട്.'' കൊക്കോ വ്യാപാരിയായ ജോസ് ജോസഫ് കുനംപാറയിൽ പറയുന്നു. എന്തായാലും അടുത്തിടെയൊന്നും വിലയിടിവ് വരില്ലെന്ന ആശ്വാസത്തിലാണ് കർഷകർ.