2024 കാലവര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്, കേരളത്തിലും മഴ കൂടും | Monsoon season in 2024



2024 കാലവര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്, കേരളത്തിലും മഴ കൂടും
2024 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം. ദീര്‍ഘകാല ശരാശരിയേക്കാള്‍ (Long Period Average – LPA ) 104 ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിക്കുമ്പോഴാണ് സാധാരണയില്‍ കൂടുതല്‍ മഴയെന്ന് പറയുക.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ദേശീയ തലത്തില്‍ 106 ശതമാനം മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി പ്രവചനത്തില്‍ പറയുന്നത്. 1971 മുതല്‍ 2020 വരെയുള്ള മഴക്കണക്കുകളെ ആസ്പദമാക്കിയുള്ള ദീര്‍ഘകാല ശരാശരിയില്‍ 87 സെ.മി മഴയാണ് ദേശീയ തലത്തില്‍ ലഭിക്കേണ്ടത്. കാലവര്‍ഷം എന്ന് കേരളത്തില്‍ എത്തുമെന്നതിനെ കുറിച്ച് മെയ് അവസാന വാരം കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ പ്രവചനം പുറത്തുവരും.

കേരളത്തിലും മഴ കൂടും

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷ സീസണില്‍ കേരളത്തില്‍ മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ മഴ സാധ്യത. കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, രായലസീമ, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും മഴ കൂടും.


ഒഡിഷയിലും വടക്കു കിഴക്കും കുറയും

ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ലഡാക്ക് എന്നിവിടങ്ങളിലാണ് മഴ കുറയുക.

2003 മുതലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ദീര്‍ഘകാല കാലാവസ്ഥാ പ്രവചനം മണ്‍സൂണ്‍ കാലത്തേക്ക് നല്‍കി തുടങ്ങിയത്. ആദ്യഘട്ട പ്രവചനം ഏപ്രില്‍ പകുതിയോടെയും രണ്ടാംഘട്ട പ്രവചനം മെയ് അവസാനവാരവുമാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section