തക്കാളിക്കൃഷിയ്ക്കൊരുങ്ങൂ... ചിലപ്പോൾ ലോട്ടറി അടിച്ചേക്കും | പ്രമോദ് മാധവൻ


പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചാണെങ്കിൽ ജൂൺ -ജൂലൈ മാസങ്ങളിൽ തക്കാളിക്ക് തീവില ആയിരിക്കും. ഈ മാസങ്ങളിൽ കിലോയ്ക്ക് എൺപതും നൂറും അതുക്കും മേലെയും പോയ വർഷങ്ങൾ ആയിരുന്നു 2022,2023 എന്നിവ.

ഇന്ത്യയിലെ തക്കാളി ഭൂപടത്തിൽ കേരളം ഇല്ലേയില്ല. ഇവിടെ പാലക്കാട്‌ ജില്ലയുടെ കിഴക്കുള്ള കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിൽ തമിഴ്നാടിനെയും കർണാടകയേയും അനുസ്മരിപ്പിക്കുന്ന തരത്തിൽ തക്കാളി കൃഷി ചെയ്യുന്നുണ്ട്. അവിടങ്ങളിൽ വിളവെടുക്കുന്ന തക്കാളി, കേരള -തമിഴ് നാട് അതിർത്തിയിലെ  വേലൻതാവളം ചന്തയിൽ നിന്നും തമിഴ് നാട്ടിലെ വ്യാപരികൾ എടുത്ത്, മറുനാടൻ ആയി,  വീണ്ടും കേരളത്തിലേക്ക് വരികയാണ് ചെയ്യുന്നത്.

പറിച്ച് നട്ട് 60-70 ദിവസം കഴിയണം തക്കാളി വിളവെടുക്കാൻ. തൈകൾ പാകമാകാൻ ഏതാണ്ട് ഒരു ഇരുപത്തഞ്ച് ദിവസവും വേണം. അപ്പോൾ, ഇപ്പൊ തൈകൾ തയ്യാറാക്കാൻ തുടങ്ങിയാൽ ഏതാണ്ട് ജൂലൈ ആകുമ്പോൾ വിളവെടുത്ത് തുടങ്ങാം.

പച്ചയ്ക്കും പഴുപ്പിച്ചും കറിയായും പ്രോസസ്സ് ചെയ്തും കഴിക്കുന്ന ഒരേ ഒരു പച്ചക്കറി തക്കാളി തന്നെ.
അരക്കിലോയിൽ അധികം വലിപ്പമുള്ള Beef steak Tomato മുതൽ 15-20g തൂക്കം വരുന്ന Cherry Tomato വരെ ഉണ്ട് കൂട്ടത്തിൽ. 
തക്കാളി പഴമാണോ പച്ചക്കറിയാണോ എന്ന് തർക്കമുണ്ടായി അമേരിക്കയിൽ. 1887 ൽ പച്ചക്കറികൾക്ക് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്.പഴമാണ് എന്ന് വ്യാപാരികൾ. പച്ചക്കറി ആണെന്ന് ഭരണകൂടം. ഒടുവിൽ  പച്ചക്കറി തന്നെ എന്ന് കോടതി തീർപ്പാക്കി.

സ്പെയിനിലെ Valencia യിലെ ബ്യൂണോളിൽ നടക്കുന്ന തക്കാളിയേറ് ലോക പ്രശസ്തമാണ്. ഒരു ലക്ഷം കിലോ തക്കാളിയാണ് അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞ് അർമാദിക്കാറ്. 

ലോകത്ത് ഏറ്റവും വലിയ തക്കാളി ഉൽപ്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ Oklahoma യിലുള്ള ഒരു കർഷകനാണ്. തൂക്കം 3.51 കിലോ. അമ്പമ്പോ.. 
ഏറ്റവും കൂടുതൽ തക്കാളി ഉൽപ്പാദിപ്പിക്കുന്നത് ചൈനക്കാർ ആണ്. 

തക്കാളി ഇനങ്ങളുടെ സ്വീകാര്യത പ്രധാനമായും അതിന്റെ രുചി, കേടാകാതെ എത്ര ദിവസം ഇരിക്കും (shelf life )എന്നുള്ളത്,
 നിറം, 
വിണ്ടു കീറാതെ  (cracking )ഇരിക്കാൻ ഉള്ള കഴിവ്, 
മണ്ണിലെ നിമ വിരകളെ ചെറുക്കാൻ ഉള്ള കഴിവ്,
 ഇല ചുരുളൽ(Yellow Leaf Curl Disease ) പോലെ ഉള്ള ഒരു കൂട്ടം വൈറസ് രോഗങ്ങളെ ചെറുക്കാൻ ഉള്ള കഴിവ്
 എന്നിവ കണക്കിലെടുത്താണ് നിശ്ചയിക്കാറ്. 

ഇപ്പോൾ വിപണിയിലെ താരം Indian Institute of Horticulture, ഹെസ്സർഘട്ട, ബാംഗ്ലൂരിൽ നിന്നും പുറത്തിറക്കിയ 'അർക്ക രക്ഷക്'  എന്ന ഇനമാണ്. കായ് തുരപ്പൻ, ഇല ചുരുളൽ, Early Blight എന്ന fungus രോഗം, ഇവ മൂന്നിനേയും ചെറുക്കൻ കഴിവുണ്ട്. വിദേശ രാജ്യങ്ങളിലേക്കും ഇതിന്റെ വിത്തുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. Precision farming വഴി ഒരു ചെടിയിൽ നിന്നും 17 കിലോ വരെ കായകൾ ലഭിച്ചു എന്ന് റിപ്പോർട്ട്‌ ഉണ്ട്. 

കേരളത്തിൽ തക്കാളി കൃഷിക്ക് ഏറ്റവും യോജിച്ച സമയം സെപ്റ്റംബർ മാസത്തിൽ നടുന്നതാണ്‌. 30-32 ഡിഗ്രി ചൂടിന് താഴെ അന്തരീക്ഷ താപനില ആയിരിക്കുന്നതാണ് തക്കാളിയ്ക്ക് നല്ലത്.. 

നല്ല സൂര്യ പ്രകാശം വേണം. 

പ്രകാശം കുറഞ്ഞാൽ ചെടികൾ ബലം കുറഞ്ഞ് , കോലിച്ച്,ഇലകൾ തമ്മിൽ ഉള്ള അകലം കൂടി (inter nodal length ) ഉൽപ്പാദനം കുറയും. 

പക്ഷെ തക്കാളിയുടെ ഏറ്റവും മാരകമായ രോഗം ബാക്റ്റീരിയൽ വാട്ടം ആണ്. കേരളത്തിലെ മണ്ണിന്റെ pH അത് വരാൻ അനുയോജ്യവും ആണ്. പിന്നെ ഇത് കൃഷി ചെയ്യുന്ന കർഷകരുടെ അജ്ഞതയും. സ്വതവേ ദുർബല , പോരെങ്കിൽ ഗർഭിണി എന്ന് പറയാം.

Ralstonia solanacearum( ഞാൻ വെള്ളായണിയിൽ പഠിക്കുമ്പോൾ ഈ മഹാന്റെ പേര് Pseudomonas solanacearum ) എന്ന ബാക്റ്റീരിയയാണ് രോഗഹേതു. ( പിന്നെ Pseudomonas flurascens കോടതിയിൽ പരാതി കൊടുത്ത് കക്ഷിയുടെ പേര് മാറ്റിച്ചു 🤣)

Ralstonia എന്ന ഈ ഭീകര 'മ്യാരക' ബാക്ടീരിയയുടെ പിടിയിൽ തക്കാളി ചെടി അമരാതിരിക്കാൻ എന്തൊക്കെ ചെയ്യണം? 

1.ഒരിക്കൽ ഈ രോഗം വന്ന മണ്ണിൽ ഇവൻ ദീർഘനാൾ അധിവസിക്കും. ആയതിനാൽ ഒരേ സ്ഥലത്തുള്ള തുടർ കൃഷി(continuous cultivation in same place ) ഒഴിവാക്കണം. വിള പരിക്രമം (Crop rotation)  പിന്തുടരണം. പക്ഷെ മുളക്, വഴുതന, ഉരുളക്കിഴങ്ങ് എന്നീ മൂന്ന് ബന്ധു വിളകളും (മൂന്നു പേരും സൊളനേസിയെ എന്ന സസ്യ തായ് വഴിയിൽ പെട്ടവർ ) ഈ രോഗത്തിന് അടിപ്പെടും.വിള പരിക്രമം നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

2.മണ്ണിന്റെ pH 6 നും 7നും ഇടയ്ക്ക്‌ ആയിരിക്കണം. അതിനു വേണ്ടി സെന്റിന് 2 മുതൽ 3 കിലോ കുമ്മായം /ഡോളോമൈറ്റ് മണ്ണിൽ ഇളക്കി ചേർത്ത് രണ്ടാഴ്ച ഈർപ്പത്തോടെ ഇടണം. മാത്രമല്ല വലിയ അളവിൽ കാൽസ്യം തക്കാളിക്ക് ആവശ്യം ഉണ്ട് താനും. ഇല്ലെങ്കിൽ കായ്‌തുമ്പ് കറുത്ത് പോകുന്ന Blossom End Rot എന്ന് പറയുന്ന പ്രശ്നവും ഉറപ്പായും ഉണ്ടാകും 

3.Trichoderma യാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതം തന്നെ മണ്ണിൽ അടിസ്ഥാന വളമായി നൽകണം.

4.നട്ട് രണ്ടാഴ്ച കൂടുമ്പോൾ 2%വീര്യത്തിൽ സ്യൂഡോമോണസ് ലായനി ഒഴിച്ച് വേരുപടലം കുതിർക്കണം. 

ഇത്രയൊക്കെ ചെയ്താലും ഈ രോഗം വരാമെന്നിരിക്കെ ചിട്ടയോടെ മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റില്ല എങ്കിൽ ഈ പണിക്ക്‌ ഇറങ്ങാതിരിയ്ക്കയാകും ബുദ്ധി.
 
No pain... no gain... 

പോഷകഗുണം പറയാൻ തുടങ്ങിയാൽ എന്റെ തക്കാളീ... നീ പൊന്നപ്പനല്ല, തങ്കപ്പനാ... 

Lycopene, Beta Carotene, Nanugenin, Chloragenic acid എന്നീ antioxidant കളാൽ സമ്പന്നമാണിവൻ.

കാൽസ്യം, വിറ്റാമിൻ C, പൊട്ടാസ്യം എന്നിവ വേണ്ടതിലേറെയുണ്ട് . കിഡ്നി സ്റ്റോൺ ഉള്ളവർ കുറേശ്ശേ മാത്രം കഴിക്കുക. 

ഒരു പഴത്തിൽ മാത്രം ഉണ്ട് ഒന്നര ഗ്രാമിലേറെ ദഹന നാരുകൾ. 

തൊലിയ്ക്ക് തുടിപ്പും മിനുപ്പും നിറവും നൽകും 

ദിവസവും കഴിക്കാൻ വേണ്ടതിലേറെ കാരണങ്ങൾ...

നല്ല ഇനങ്ങൾ?
 ഒരു പഞ്ഞവുമില്ല. 

കാർഷിക സർവ്വകലാ ശാല പുറത്തിറക്കിയ 
ശക്തി 
മുക്തി 
അനഘ 
വെള്ളായണി വിജയ് 
മനുപ്രഭ 
അക്ഷയ...... അവിടെ,ചോദിച്ചു ചെല്ലുമ്പോൾ സ്റ്റോക്ക് ഉണ്ടായാൽ രക്ഷപ്പെട്ടു.

പിന്നെ അങ്ങ് ദില്ലിയിൽ നിന്നും 

പുസ റൂബി 
പുസ സദാ ബഹാർ 
പുസ ഉപഹാർ 

ബാംഗ്ലൂരിൽ നിന്നും 
അർക്ക രക്ഷക് 
അർക്ക വർദ്ധൻ 
അർക്ക അലോക് 
അർക്ക അഭിജിത് 

പിന്നെ സങ്കരന്മാർ 
ശിവം 
സരസ്വതി 
രമ്യ 
രൂപാലി 
അമോഗ്,
സഹോ 
NS 815
ഹീം സോന... അങ്ങനെ അങ്ങനെ. 

വെള്ള, ചുവപ്പ്, പിങ്ക്, പർപ്പിൾ, ചോക്ലേറ്റ്, ബ്ലാക്ക്, മഞ്ഞ ഇങ്ങനെ പല നിറങ്ങളിൽ തക്കാളി ഇനങ്ങൾ ലഭ്യമാണ്. 

കിളച്ച്,നന്നായി കട്ട ഉടച്ചു,  കുമ്മായം ചേർത്ത് രണ്ടാഴ്ച ഇട്ടതിനു ശേഷം ട്രൈക്കോഡെർമ്മയാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് മിശ്രിതം, എല്ലുപൊടി, ചാരം, കടല പിണ്ണാക്ക് പൊടിച്ചത് എന്നിങ്ങനെ "ആനമയിലൊട്ടകം"  ജൈവ വസ്തുക്കൾ, അവനവന്റെ കഴിവ് പോലെ അടിവളമായി നൽകിയിട്ട് വേണം നാലാഴ്ച പ്രായമുള്ള തക്കിടിമുണ്ടൻ തൈകൾ പറിച്ചു നടാൻ. വൈകുന്നേരം പറിച്ചു നടുക. രണ്ടു മൂന്നു ദിവസം തണൽ നൽകുക. 

വരികൾ തമ്മിലും  വരിയിലെ ചെടികൾ തമ്മിലും രണ്ടടി അകലം നൽകുക. 

തടത്തിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക. 

ആഴ്ചയിൽ ഒരിക്കൽ ഒരു ചെറിയ മേൽവളം നൽകുക. അടിവളമായി സെന്റൊന്നിന് 500ഗ്രാം ഫാക്ടംഫോസ്, 150ഗ്രാം പൊട്ടാഷ് എന്നിവ നൽകാം. ഒരു സെന്റിൽ 110 ചെടികൾ ഉണ്ടാകും എന്നോർക്കുക. അത്രയും തടങ്ങളിൽ ഭാഗിച്ചു ചേർക്കണം.

ചെടികൾ ഉയരം വയ്ക്കാൻ തുടങ്ങുമ്പോൾ കമ്പുകൾ കെട്ടി താങ്ങു നൽകണം. (Staking ).

ഇലകളുടെ കക്ഷത്തിൽ നിന്നും മുളയ്ക്കുന്ന അനാവശ്യ ശിഖരങ്ങൾ ശ്രദ്ധയോടെ മുറിച്ചു മാറ്റുക.(Prunning ).

പ്രായമാകുന്ന ഇലകൾ പറിച്ചു മാറ്റി നശിപ്പിക്കുക.(De leafing ).

പിന്നെ രോഗ കീടങ്ങൾ. 
അതുറപ്പായും വരും സർ. നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരുമെന്നല്ലേ കൃഷിഗീതയിൽ പറയുന്നത് 🤣.

പ്രധാന കീടങ്ങൾ ആരൊക്കെ? 

ചിത്ര കീടം (Leaf Miner )
കായ് തുരപ്പൻ പുഴു (Fruit Borer )
വെള്ളീച്ച (White Fly )etc 

രോഗങ്ങളോ? 
ബാക്റ്റീരിയൽ വാട്ടം 
Fungal വാട്ടം (Fusarium sp)
Damping off (തൈ അഴുകൽ )
Early Blight
Late Blight
പൊടിപ്പൂപ്പ് രോഗം 
ഇല ചുരുളൽ (വൈറസ് )
Spotted Wilt വൈറസ് 
കായ് അഴുകൽ... വൈറസ്സുകളുടെ ഒരു നീണ്ട നിര തന്നെ തക്കാളിയെ കാത്ത് നിൽക്കുന്നുണ്ട്.

ഇങ്ങനെയാണ് കാര്യങ്ങൾ...

ഇപ്പോൾ മനസ്സിലായല്ലോ ഇവരിൽ നിന്നൊക്കെ രക്ഷപ്പെടുത്താൻ മരുന്നുകൾ ചില്ലറ ഒന്നുമായിരിക്കില്ല തക്കാളിയിൽ പ്രയോഗിക്കുന്നത് എന്ന്. ആയതിനാൽ അവർ (ആര്?   അയൽ സംസ്ഥാനക്കാർ ) ഒൻപത് തവണ മരുന്നടിച്ചു കൊണ്ട് വരുന്നത് വാങ്ങി തിന്നുന്നതിനേക്കാൾ നല്ലത്, വേണ്ടി വന്നാൽ,  നമ്മൾ തന്നെ ഒരു പ്ലാന്റ് ഡോക്ടറുടെ ഉപദേശ പ്രകാരം  ഒന്നോ രണ്ടോ തവണ മരുന്നുകൾ ഉപയോഗിച്ച് തക്കാളി ഉണ്ടാക്കുന്നതാണ് എന്ന് ചുരുക്കം.

ജൈവ തീവ്ര വാദം(ക്ഷമിക്കണം ) ചിലപ്പോൾ തക്കാളിയിൽ ഫലിച്ചെന്നു വരില്ല  രമണാ... (എന്നെ അടിയ്ക്കേണ്ട.. പേടിപ്പിച്ചു വിട്ടാൽ മതി ). അല്ലെങ്കിൽ തക്കാളി,കൃഷി ചെയ്തിട്ടുള്ളവർ പറയട്ടെ.

ഇല ചുരുളൽ രോഗം( Yellow Leaf Curl disease ) വന്നാൽ ഉടൻ തന്നെ ചെടി പറിച്ചു മാറ്റിയേക്കണം. വൈറസ് മൂലമാണ്.അവിടെ നിർത്തി പരീക്ഷിക്കരുത്.എങ്കിൽ ഒന്നിന് പത്തേ, പത്തിന് നൂറേ എന്ന കണക്കിന് ബാക്കി ഉള്ളതും കൂടി പോകും.പറഞ്ഞേക്കാം. 

അങ്ങനെ കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ പുരോഗമിച്ചാൽ  പറിച്ചുനട്ട് 60-70 ദിവസം കഴിയുമ്പോൾ വിളവെടുപ്പ് തുടങ്ങാം. 

ചൂട് ഒരുപാടു കൂടുമ്പോൾ പൂക്കൾ കൊഴിയും.

പരാഗണം സ്വയം നടക്കും. ആരും സഹായിക്കേണ്ട രാവിലെ ചെടികൾ ചെറുതായി ഒന്ന് കുലുക്കി കൊടുത്താൽ ബഹുത് സന്തോഷം. 

കൃത്യമായി നനച്ചാൽ കായ് വിണ്ടു കീറുന്നത് ഒഴിവാക്കാം. കായ ആകുമ്പോൾ,  നിനച്ചിരിക്കാതെ ഒക്കെ മഴ പെയ്താൽ ചിലപ്പോൾ വിണ്ട് കീറാം.

പൂക്കുന്നതിന് മുൻപ്, ഒന്നോ രണ്ടോ തവണ ഇലകളിൽ സൂക്ഷ്മ മൂലക മിശ്രിതം(Micro nutrient Mixture ) തളിക്കുന്നതും നല്ലത്. 

Cherry തക്കാളി പഴമായി കഴിക്കാൻ നല്ലത്. 
Sun gold 
Sweet cherry 
Yellow Pear എന്നിവ നല്ല ഇനങ്ങൾ. 

വാൽക്കഷ്ണം :Heinz എന്ന കമ്പനിയുടെ Tomato Ketch up ന്റെ ഒരു പ്രധാന ഗുണമേന്മാസൂചകമായി കണക്കാക്കുന്നത് അത് കുപ്പിയിൽ നിന്നും പുറത്തേക്കു ഒഴുകുന്ന speed ആണ്. അത് 0.028 miles per hour ൽ ഒഴുക്ക് കൂടിയാൽ ആ lot കമ്പനി reject ചെയ്യും. ആ.. ആ.. ആജാ.. എന്ന ഒരു പരസ്യം ഓർമ വരുന്നുണ്ടോ? എന്താ ല്ലേ?

എന്നാൽ പിന്നെ താമസിക്കേണ്ട... വിത്ത് മേടിക്കാൻ ഒരുങ്ങിയാട്ടെ..

പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section