ചെറുധാന്യങ്ങൾ തേടി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. തമിഴ്നാട്ടിലേയും, കർണ്ണാടകയിലേയും ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിൽ എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ പറവൂർ നിയോജകമണ്ഡലത്തിലെ കോട്ടുവള്ളിയിൽ ചെറുധാന്യങ്ങളുടെ വിളവെടുപ്പ് കാലമാണ്. വിളവെടുത്ത ചെറുധാന്യങ്ങൾ ഉണക്കി ജൈവരാജ്യം മില്ലറ്റ് പ്രോസസിംഗ് സെന്ററിൽ കൊണ്ടുപോയി പ്രോസസ് ചെയ്യുവാനുള്ള തയാറെടുപ്പിലാണ് കർഷകർ.
വിവിധങ്ങളായ ചെറുധാന്യങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഇതിനോടകം തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. വരൾച്ചയും, ജലദൗർലഭ്യവും, നേരിടുന്ന ഈ കാലത്ത് ലോകത്താകമാനം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുവാനും, കർഷകർക്ക് സുരക്ഷിത വരുമാനം ഉറപ്പുവരുത്തുവാനും , ചെറുധാന്യകൃഷിക്ക് കഴിയും എന്നു തന്നെയാണ് പ്രതീക്ഷ.
ലോകത്ത് ഏറ്റവും കൂടുതൽ ചെറുധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ പ്രമേയം ഐക്യരാഷ്ട്ര സഭയിൽ വോട്ടിനിടുകയും, എഴുപതോളം രാജ്യങ്ങൾ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ 2023 ചെറുധാന്യവർഷമായി UN പ്രഖ്യാപിച്ചു. ലോക രാജ്യങ്ങൾക്ക് ഒരു നല്ല സന്ദേശം നൽകുവാൻ ഇന്ത്യക്ക് കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുവാൻ കഴിയുന്ന, കടുത്ത വേനലിനെ വരെ ചെറുക്കുവാൻ ശേഷിയുള്ള, വരണ്ട കാലാവസ്ഥയിലും വിജയകരമായി കൃഷി ചെയ്യുവാൻ കഴിയുന്ന, മണ്ണ് സംരക്ഷണത്തിന് അനുയോജ്യമായ, വിളയാണ് ചെറുധാന്യങ്ങൾ. ഈ ചെറുധാന്യങ്ങൾ കൃഷി ചെയ്യുവാൻ മില്ലറ്റ് വർഷത്തിൽ സംസ്ഥാനത്ത് ആദ്യം രംഗത്തുവന്നത് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനാണ്. ആദ്യമൊക്കെ പലർക്കും തമാശയായി തോന്നിയെങ്കിലും , മില്ലറ്റ് ഭാവിയുടെ ഭക്ഷണം എന്ന സന്ദേശത്തിനൊപ്പം നിൽക്കേണ്ടി വന്നു. അട്ടപ്പാടി കഴിഞ്ഞാൽ ചെറുധാന്യകൃഷിയിൽ ഒരു മുന്നേറ്റം ഉണ്ടാക്കിയ ഇടം പറവൂർ നിയോജക മണ്ഡലത്തിലെ കോട്ടുവള്ളിയാണ്. ഗ്രാമീണതയുടെ തനിമയും നന്മയും ചാലിച്ച കാർഷിക കാഴ്ച്ചകൾ കോട്ടുവള്ളിയിൽ നിന്നും ഇനിയും കാണുവാനുണ്ട്. കോട്ടുവള്ളിയിലെ കർഷകന്റെ വിയർപ്പിന്റെ വിലയാണ് കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം എന്ന ചെറുധാന്യകൃഷി വ്യാപന പദ്ധതി.
Photos