ഡാഡിയും മമ്മിയും തെങ്ങിന്റെ മണ്ടേലും ക്ടാങ്ങള് വളക്കുഴിയിലും - ഇത് കൊമ്പൻ ചെല്ലിയുടെ കുടുംബ കഥ - പ്രമോദ് മാധവൻ | Pramod Madhavan


"ഛായ് ലജ്ജാകരം".... ഇങ്ങനേം കുടുംബങ്ങൾ ഉണ്ടല്ലോ?



അച്ഛനും അമ്മേം നല്ല മധുരക്കള്ളും കുടിച്ച് തെങ്ങിന്റേം പനേടേം മണ്ടേൽ സുഖവാസം. 
പൈതങ്ങൾ വൃത്തികെട്ട വളക്കുഴിയിലും. പോക്സോ പ്രകാരം കേസെടുക്കണം പിള്ളേച്ചാ..

 നടക്കത്തില്ല...

കാരണം കൊമ്പൻ ചെല്ലീടെ പേരിൽ കേസെടുക്കാൻ ഇമ്മിണി പുളിക്കും. 

കില്ലാടിയാണ് കൊമ്പൻ ചെല്ലി. പക്ഷെ കൊമ്പ് കൊണ്ട് കുത്തുമെന്നു പേടി വേണ്ടാ. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിലും ഇത് കുട്ടികളുടെ പെറ്റ് (pet) ആണ്. വെന്റിലേഷൻ ഉള്ള ചെറിയ കൂടുകളിൽ വളർത്തി കുട്ടികൾ അവയെ കളിപ്പിക്കും. 

സ്വന്തം ശരീര ഭാരത്തിന്റെ 850 ഇരട്ടി ഭാരം പൊക്കാൻ കൊമ്പന് കഴിയും. ഈ കഴിവ് മനുഷ്യന് ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഏതാണ്ട് 65 ടൺ എങ്കിലും ഉയർത്താൻ കഴിഞ്ഞേനെ. 

നമിച്ചു കൊമ്പോ... 

'പോക്കറ്റ് ഹെർക്കുലീസ്' എന്നറിയപ്പെട്ടിരുന്ന തുർക്കിയിലെ നയീം സുലൈമാനുലു തന്റെ ശരീരഭാരത്തിന്റെ കഷ്ടിച്ച് മൂന്നിരട്ടി ഭാരം പൊക്കിയിരുന്നു. അതാണ്‌ മനുഷേന്റെ ലോക റെക്കോഡ്.. 

ഒരു സമയത്തു തന്റെ മൂന്നു കാലുകൾ തറയിൽ ഉറപ്പിച്ച് നിർത്താൻ കൊമ്പന് കഴിയുന്നതാണത്രേ ഈ ലോഡ് എടുക്കാൻ കഴിയുന്നതിന്റെ രഹസ്യം. 

നീ ഭാരമെടുക്കന്നതിനൊന്നും ഞങ്ങൾക്ക് അസൂയയില്ല. മറിച്ച് അഭിമാനമേയുള്ളൂ മിസ്റ്റർ കൊമ്പൻ.

 പക്ഷെ 

ഞങ്ങളുടെ പാവം തെങ്ങിൻ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു?

 നീയാണല്ലോ അവരുടെ ശൈശവ മരണത്തിൽ പകുതിയിലും വില്ലൻ. നിന്റെ കൂടെ ആ ഫയ്‌റ്റോഫ്ത്തോറ (Phytophthora palmivora) എന്ന കള്ളക്കുമിളും കൂടി ചേർന്നാണ് ഈ തെങ്ങിൻ തൈകളെ കാലപുരിയ്ക്ക് അയക്കുന്നത്. 

പിന്നെ ഞങ്ങളേം പറേണം...

ഈ ബിവറേജസിൽ ക്യുവിൽ നിൽക്കലിനും സീരിയൽ കാണലിനും ഇടയ്ക്ക് നിന്നെ തടയാൻ ഞങ്ങളും ശ്രമിക്കുന്നില്ല....

We are the sorry....... 

 കൊമ്പൻ, ശാന്തനെങ്കിലും ക്രൂരൻ. 
തള്ളചെല്ലിയ്ക്ക് കൊമ്പില്ല. കൊമ്പൊണ്ടാരുന്നെങ്കിൽ തകർത്തേനെ. അഞ്ചാറ് മാസം കൊണ്ട് 50 മുട്ടയോളം വളക്കുഴീൽ ഇടും.

 അടയിരിക്കുന്ന ശീലം പൊതുവേ കീടങ്ങളിൽ ഇല്ല. മൊട്ടയ്‌ക്ക് വേണമെങ്കിൽ വിരിഞ്ഞോണം.

 പിന്നെ വരരുചി മൊഴിയാണ് ശരണം. 'വാ കീറിയ ദൈവം ഇര കൊടുത്തോളും'. അങ്ങനെ അഴുകുന്ന മാലിന്യങ്ങളും തടികഷ്ണങ്ങളും തിന്ന് നല്ല തക്കിടി മുണ്ടൻ അമുൽ ബേബി ആയി അവർ വളരും.

കുണ്ടള പുഴു എന്ന് ഞങ്ങൾ തെക്കർ പറയും.ചില രാജ്യങ്ങളിൽ ഇവയെ അങ്ങോട്ട്‌ പിടിച്ച്, 'മാരിനേറ്റ് ' ചെയ്ത്, വാഴയിലയിൽ വച്ചു പൊള്ളിച്ച്,ഒരു സ്‌പൈസിയായ സോസിൽ മുക്കി ഒരു പിടിയുണ്ട് . എന്റെ സാറേ... അതിന്റെ ഒരു രുചി......പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണൂല...വളരെ പോഷക സമൃദ്ധം. സമാന വലിപ്പം ഉള്ള ചിക്കനിലും ബീഫിലും ഉള്ളതിനേക്കാൾ പ്രോട്ടീൻ.

ചിത്രത്തിൽ കാണുന്ന പോലെ ഓലയിൽ ഉള്ള തൃകോണാകൃതിയിൽ ഉള്ള മുറിവുകളാണ് ഒരു തെങ്ങിൽ കൊമ്പന്റെ വരുത്ത് പോക്കിന്റെ ലക്ഷണങ്ങൾ.

"ദൈവ പുത്രന് വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു" എന്നത് നല്ല കാര്യം. 

പക്ഷെ 'ചെമ്പൻ ചെല്ലിയ്ക്ക് വീഥിയൊരുക്കുവാൻ കൊമ്പൻ ചെല്ലി വന്നു' എന്നതാണ് തെങ്ങിന്റെ കാര്യത്തിൽ സംഭവിക്കുന്നത്.

ഇവര് തമ്മിൽ ഒരുതരം 'സിണ്ടിക്കേറ്റ്' പരിപാടി . കൂടെ മണ്ട അഴുക്കുന്ന ഫംഗസ് (Phytophthora palmivora) കൂടി ആകുമ്പോൾ പിന്നെ തെങ്ങ് വയ്ക്കുന്നവന്റെ മൂക്കിൽ പഞ്ഞി വച്ചാൽ മതി. അമ്മാതിരി ആണ് ഇവറ്റകളുടെ മറ്റേ പണി. 

"അപ്പോൾ പരിഹാരം എന്താച്ചാൽ പറ പണിക്കരെ.. അതോ പരിഹാരം ഒന്നും ല്ലേ?"

ഉണ്ടല്ലോ....

തെങ്ങ് വച്ചിട്ട് അങ്ങ് പോയാൽ പോരാ ഉത്തമാ..

 പിന്നെ..... 

'വരുത്ത് പോക്ക്' ഉള്ള തെങ്ങിന്റെ പുതുതായി വിരിഞ്ഞ ഓലകളുടെ കവിളിൽ ചെല്ലിക്കോൽ കൊണ്ട് കുത്തിഎടുത്ത് കൊല്ലണം.

മൂന്നു മാസം കൂടുമ്പോൾ മണ്ടയ്ക്ക് ചുറ്റുമുള്ള മൂന്ന് ഓലക്കവിളുകളിൽ തുല്യ അളവിൽ മണലും പൊടിച്ച വേപ്പിൻ പിണ്ണാക്കും ചേർത്ത് അവന്റെ മണിയറ തകർക്കണം.

ചെറിയ തെങ്ങിന് പാറ്റ ഗുളിക കവിളിൽ വച്ചിട്ട്,അതിനു മുകളിൽ മണലിട്ടാലും മതി. 

ഇനി അവൻ ഇച്ചിരി കടുപ്പത്തിൽ ആണെങ്കിൽ 1കിലോ മണലിന് 25-50 ഗ്രാം Ferterra /Tagban granules ചേർത്ത് മണ്ടയ്ക്ക് ചുറ്റുമുള്ള മൂന്നു ഓലക്കവിളുകൾ നിറയ്ക്കണം. 

തോട്ടം വൃത്തിയായി സൂക്ഷിക്കണം.

തെങ്ങിൻ തടിയിൽ അനാവശ്യമായി മുറിവുകൾ ഉണ്ടാക്കരുത്. 

ചാണക കുഴികൾ നൈസ് വല (ഗിൽ നെറ്റ്) കൊണ്ട് മൂടി ഇട്ടാൽ ചെല്ലികൾ അതിൽ കുടുങ്ങും. പെറുക്കി കൊല്ലണം. 

' ഗിൽ നെറ്റ്' (ഉടക്ക് വല) മുറിച്ചു തെങ്ങിന്റെ മണ്ടയ്ക്ക് ചുറ്റും കെട്ടി കൊടുക്കണം. വരുന്ന ചെല്ലി അബടെ കെടക്കും. 

വളക്കുഴികളിൽ പെരുവല ചെടി (Clerodendron infortunatum) കഷ്ണിച്ചു ഇളക്കി ചേർക്കണം. 

ഇടയ്ക്ക്, ചാണകം ഇളക്കിമറിച്ച് കോഴിയെ ഇറക്കി പുഴുവിനെ തീറ്റണം.
നല്ല പ്രോട്ടീനാണ്.. പ്രോട്ടീൻ. 

തെങ്ങിന്റെ ചുവട്ടിൽ ചാണകം കൂന കൂട്ടി വയ്ക്കരുത്. വിതറി തടത്തിൽ ഇടണം. 

തോട്ടങ്ങളിലും ചാണകം ലോഡ് കണക്കിന് ഇറക്കി ദീർഘനാൾ ഇട്ടേക്കരുത്. 

പിന്നെ കെണി വയ്ക്കാം.

1കിലോ ആവണക്കിൻ പിണ്ണാക്ക് 5 ലിറ്റർ വെള്ളത്തിൽ പുളിപ്പിച്ച് മൺ കുടത്തിൽ മുക്കാൽഭാഗം നിറച്ച് തോട്ടത്തിൽ കുഴിച്ചിടാം. അല്പം തേങ്ങാ വെള്ളം കൂടി ചേർക്കാം. അതിൽ വീഴുന്ന വണ്ടുകളെ പെറുക്കി കൊല്ലണം. 

ഇനി ഫിറമോൺ കെണി എന്ന സാധനം ഉണ്ട്. ഹെക്ടറിന് 5 എണ്ണം വച്ചാൽ ഇവറ്റകളെ കൂട്ടമായി പിടിക്കാം. പക്ഷെ ഒരു പ്രദേശത്ത് സംഘടിതമായി ചെയ്തില്ലെങ്കിൽ 'പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു' 
എന്ന പോലെ ആകും കാര്യങ്ങൾ . 

നാട്ടിലൊള്ള കൊമ്പനും കൊമ്പില്ലാത്തവനും ഒക്കെ വന്ന്, അതിൽ കുറെയെണ്ണം രക്ഷപ്പെട്ട്,ബാക്കി നിൽക്കുന്ന തെങ്ങുകളെ ഒരരുക്കാക്കിയേക്കാം. ജാഗ്രതൈ. 

ബാക്കുലോ വൈറസ് (Baculo virus ) NPV(Nuclear Polyhedrosis virus ) എന്നീ വൈറസ് കൾച്ചറുകളിൽ ജീവനുള്ള ചെല്ലികളെ മുക്കി,അവരുടെ സങ്കേതങ്ങളിലേക്ക് അയയ്ക്കുന്ന പരിപാടി ഉണ്ട്. സൂയിസൈഡ് ബോംബർമാർ. ഈ വൈറസ്സുകൾ മറ്റുള്ള ചെല്ലികൾക്ക് രോഗമുണ്ടാക്കി അവയെ കൊല്ലും. 

മെറ്റാറൈസിയം(Metarhizium ) എന്ന മിത്രകുമിൾ ലായനി വളക്കുഴികളിൽ തളിച്ച് പുഴുവിന് അസുഖമുണ്ടാക്കി(septicemia ) കൊല്ലുന്ന വിദ്യയും പയറ്റാം. 

'Where there is will, there are ways'.. മനസ്സും വിവരവുമുണ്ടെങ്കിൽ വഴിയുണ്ട് എന്ന് ചുരുക്കം. അല്ലാതെ കൃഷിവകുപ്പിനെ കുറ്റം പറഞ്ഞിരുന്നിട്ട് ബല്ല കാര്യോംണ്ടോ രമണാ..

വാൽകഷ്ണം :
ഈ വിദ്വാൻ ഇപ്പോൾ വാഴയിലും, പ്രത്യേകിച്ച് ഏത്തവാഴയിലും ഒരു ' ചിന്ന വീട്' ഉണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്.ലതായത്, കക്ഷി പുതിയ ലാവണങ്ങൾ തേടുന്നു. ജാഗ്രത വേണം. എണ്ണപ്പന, മറ്റു പലതരം പനകൾ, കൈത, കരിമ്പ് എന്നിവയൊക്കെ ആശാന് പഥ്യം. 


✍🏻 പ്രമോദ് മാധവൻ 
 

Photos









Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section