തെങ്ങിൻറെ ഉൽപാദനക്ഷമത | Coconut tree

ഉൽപ്പാദനക്ഷമത വർധിപ്പിച്ചു മികച്ച ആദായം എങ്ങനെ കരസ്ഥമാക്കാമെന്നാണ് പലരും ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. മാറുന്ന കാലാവസ്ഥയിൽ കൂടുതൽ രോഗ സാധ്യതകൾ വരുന്ന ഒരു വിളയാണ് തെങ്ങ്. 



എന്നാൽ മികച്ച പരിപാലനം എന്ന വിജയ സൂത്രവാക്യത്തിലൂടെ തെങ്ങുകൃഷി ഏറെ ലാഭകരമാക്കാം. പരിപാലനം എന്നതിനപ്പുറം മികച്ച സങ്കരയിനം തൈകൾ നഴ്സറികളിൽ നിന്നും വാങ്ങുന്നതാണ് വരുമാനം വർദ്ധിപ്പിക്കുന്ന ആദ്യഘട്ടം.

അതുകൊണ്ടുതന്നെ ഇടത്തരം ഉയരമുള്ള ഡി*ടി സങ്കര തെങ്ങിൻ തൈകൾ വാങ്ങുന്നതാണ് മികച്ചത്. ഇതുകൂടാതെ മികച്ച വിളവ് തരുന്ന ഉയരമേറിയ വെസ്റ്റ് കോസ്റ്റ് ടോൾ എന്ന ഇനവും കർഷകർ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. കരിക്ക് കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കുമ്പോൾ കുറിയ ഇനങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതുകൂടാതെ ഉല്പാദനക്ഷമത ഏറിയ ഇനങ്ങൾ കണ്ടെത്തി മറ്റു കുറിയ ഇനങ്ങളുമായി പരാഗണം നടത്തി നല്ല സങ്കരയിനം തൈകൾ ഉണ്ടാക്കുന്നതും ആദായം നൽകുന്ന കാര്യമാണ്.

പരിപാലനം എപ്രകാരം

മികച്ചരീതിയിൽ വളപ്രയോഗവും, ജലസേചനവും തെങ്ങുകൃഷിയിൽ അനിവാര്യമാണ്. നല്ല ചൂടുള്ള കാലാവസ്ഥയിൽ സൂക്ഷ്മ ജല രീതികൾ അവലംബിച്ചു ജലവിനിയോഗം ക്രമമായും കാര്യക്ഷമമായും നടത്തുക. തെങ്ങിൻ തൈകൾ നടുമ്പോൾ തന്നെ കർഷകർ തുള്ളിനന സംവിധാനമേർപ്പെടുത്തുക നല്ലതാണ്. ഇതുകൂടാതെ മണ്ണിലെ ഈർപ്പം ക്രമമായി നിലനിർത്തുവാൻ തെങ്ങിൻ ചുവട്ടിൽ നിന്ന് രണ്ട് മീറ്റർ മാറി ചകിരി തൊണ്ട് കൊണ്ട് പുത ഇട്ടു നൽകാം. 

ജലവിനിയോഗം നടത്തുന്നതോടൊപ്പം മണ്ണിന് വേണ്ട മൂലകങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ക്രമമായി വളപ്രയോഗം നടത്തുക. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രാഥമിക മൂലകങ്ങൾ മാത്രമല്ല ബോറോൺ,മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും തെങ്ങ് കൃഷിക്ക് നൽകേണ്ടത് അനിവാര്യമാണ്. മണ്ണു പരിശോധനയിലൂടെ മാത്രമേ നമുക്ക് മണ്ണിൽ ഏതൊക്കെ മൂലകങ്ങൾ വേണമെന്ന് തിരിച്ചറിയാൻ സാധിക്കൂ.

 അതുകൊണ്ടുതന്നെ തെങ്ങ് കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് മണ്ണുപരിശോധന ആവശ്യപ്പെടാം. പലപ്പോഴും കേരളത്തിൽ കാറ്റുവീഴ്ച പ്രതിഭാസത്തിലൂടെ നിരവധി കർഷകർക്ക് നാശം സംഭവിക്കാറുണ്ട്. അതുകൊണ്ട് കാറ്റുവീഴ്ച പ്രദേശങ്ങളിൽ കല്പശ്രീ,കല്പ രക്ഷ തുടങ്ങി ഇനങ്ങൾ മാത്രം കൃഷി ചെയ്യുവാൻ തെരഞ്ഞെടുക്കുക. മഴക്കാല ആരംഭത്തിനു മുൻപ് തടം തുറന്ന് മികച്ചരീതിയിൽ വളം നൽകണം. തെങ്ങിൽ മഞ്ഞളിപ്പ് ഇല്ലാതാക്കുവാൻ ബോറോൺ യഥാക്രമം നൽകുക. 




വേനൽക്കാലത്ത് ഒരു ദിവസം ഒരു തെങ്ങിനെ 30 ലിറ്റർ വെള്ളം നൽകുവാൻ ശ്രമിക്കുക. ചെമ്പൻ ചെല്ലി, വെള്ളീച്ച തുടങ്ങി കീടങ്ങളുടെ ആക്രമണം ഇല്ലാതാക്കുവാൻ സംയോജിത മാർഗങ്ങൾ അവലംബിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.

©


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section