ഒരു സൈക്കിളിൽ നിറയെ തേനീച്ചയുടെ കൂടും പാത്രത്തിൽ തേനുമായി വിൽപന നടത്തുന്ന കച്ചവടക്കാരനിൽ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. തേൻ ശുദ്ധമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാമെന്നു കാണിച്ചു തരികയാണ് അയാൾ. അതിനായി ആദ്യമെടുക്കുന്നത് ഒരു ഗ്ലാസിൽ വെള്ളമാണ്. അതിലേക്ക് തേൻ ഒഴിക്കുന്നു. വെള്ളത്തിൽ കലരാതെ, ഗ്ലാസിനടിയിലേയ്ക്ക് തേൻ എത്തുകയാണെങ്കിൽ അത് ശുദ്ധമാണെന്നു പറഞ്ഞുകൊണ്ടാണ് ആ കച്ചവടക്കാരൻ ഇപ്രകാരം ചെയ്ത് കാണിക്കുന്നത്. ശുദ്ധമായ തേൻ നായകൾ ഒരിക്കലും കഴിക്കുകയില്ലെന്നും താൻ വിൽക്കുന്നത് മായം കലരാത്തതാണെന്നും അയാൾ പറയുന്നുണ്ട്. അതിനായി മറ്റൊരു പരീക്ഷണം കൂടി ചെയ്യുന്നു. പത്തുരൂപയുടെ നോട്ടിലേയ്ക്ക് കുറച്ചു തേൻ ഒഴിച്ചതിനു ശേഷം, തീപ്പെട്ടികൊള്ളി കത്തിച്ച് നോട്ടിന് അടിയിൽ, തേൻ ഒഴിച്ച ഭാഗത്തിന് താഴെയായി പിടിക്കുന്നു. നോട്ട് കത്തുന്നില്ല. തേൻ ശുദ്ധമാണെങ്കിൽ കടലാസ് കത്തുകയില്ലെന്നാണ് തെളിവുകൾ നിരത്തി ആ കച്ചവടക്കാരൻ സാക്ഷ്യപ്പെടുത്തുന്നത്. കാട്ടിൽ നിന്നും ശേഖരിക്കുന്ന തേനിന് കിലോഗ്രാമിന് 1200 രൂപയാണ് അയാൾ നിശ്ചയിച്ചിട്ടുള്ള വില.
സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഈ തേനും മായമാണെന്ന വാദവുമായി എത്തിയത്. ശർക്കരയും പഞ്ചസാരയും ഒരുമിച്ചു ചേർത്താൽ അതേ നിറത്തിൽ, ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള തേൻ ഉണ്ടാക്കാമെന്നാണ് ചിലരുടെ വാദം. ആരും വിൽക്കുന്നതിൽ ശുദ്ധമായതില്ലെന്നും എല്ലാം ശർക്കര ചേരുന്നതാണെന്നും ഒരാൾ വിഡിയോയുടെ താഴെ കുറിച്ചപ്പോൾ മറ്റുചിലർ തേൻ ഫ്രീസറിൽ വച്ചാൽ മതിയെന്നും കട്ടയാകാതെ ഇരിക്കുകയാണെങ്കിൽ ശുദ്ധമാണെന്നു മനസിലാക്കാമെന്നും എഴുതിയിട്ടുണ്ട്.
വീഡിയോ കാണാം