ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്നാണ് ഈ ഇനം മാങ്ങ ഉത്ഭവിച്ചത്. ഇത് 'ചിന്നസുവർണരേഖ' എന്നും ഒഡീഷയിൽ 'ലത്സുന്ദർ' എന്നും ഉത്തരേന്ത്യയിൽ 'സുന്ദരി' എന്നും അറിയപ്പെടുന്നു. ഒരുപക്ഷേ ഈ മാമ്പഴത്തിന്റെ ഭംഗി കൊണ്ടാവാം ഇതിനെ സുന്ദരി എന്ന് വിളിക്കപ്പെടുന്നത്. മാമ്പഴത്തിന്റെ വർണ്ണ മനോഹാരിതയും കാണാനുള്ള ഭംഗിയും മധുരവും തിന്നാനുള്ള രുചിയും ഇതിനെ മുൻനിര മാമ്പഴങ്ങളുടെ ഗണത്തിൽ പെടുത്തുന്നു. വിദേശ മാവുകളുടെ കൂടെ ഓടുന്നവർക്ക് ഇത്തരത്തിലുള്ള ഇന്ത്യൻ മാവുകളെ ഒന്ന് പരിചയപ്പെടുന്നത് ഈ അവസരത്തിൽ നല്ലതായിരിക്കും. വീട്ടുമുറ്റത്ത് ഡ്രമ്മിലോ പോട്ടിലോ മട്ടുപ്പാവിലോ ഏവർക്കും നട്ടുവളർത്താൻ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരിനം തന്നെയാണ്. മുൻകാലങ്ങളിൽ നമ്മൾ ഏതെങ്കിലും ഒരു ഒട്ടുമാവ് വെക്കുക എന്നുള്ളതായിരുന്നു. ഇന്ന് ആ സങ്കല്പമെല്ലാം മാറി സ്ഥലപരിമിതി വളരെ കുറവുള്ളതുകൊണ്ട് ഉള്ളയിടത്ത് നല്ല ഒന്നോ രണ്ടോ മാവുകൾ വെക്കണം എന്നുള്ളതാണ് എല്ലാവരുടെയും ആഗ്രഹം. മാവും മാങ്ങയും കാണാനുള്ള ചന്തവും തിന്നാനുള്ള രുചിയും ഒത്തിണങ്ങിയ നല്ലയിനം വേണമെന്ന് ചിന്തിച്ചു തുടങ്ങി. അങ്ങിനെ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇനം തന്നെയാണ് സുവർണരേഖ മാമ്പഴം എന്നതിൽ സംശയമില്ല.
പഴത്തിന് അണ്ഡാകാര-ആയതാകൃതിയും ഇടത്തരം വലിപ്പവും നാരുകളില്ലാത്ത മെറൂൺ ബ്ലഷ് പഴങ്ങളാണ്. മൃദുവും മധുരവും സ്വാദുള്ളവയുമാണ്. ചുവപ്പു കലർന്ന മെറൂൺ ബ്ലഷ് നിറവും മാമ്പഴത്തെ മനോഹരമാക്കുന്നു. ഇടത്തരം കട്ടിയുള്ള ചർമ്മമാണിതിന്. പുഴുവിന്റെ ശല്യം തീരെ കുറവാണ്. സൂക്ഷിപ്പുകാലം ഉള്ളതുകൊണ്ട് ഇന്ത്യൻ സീസണിൽ ആദ്യം കായ്ഫലം ലഭിക്കുന്നു. ന്യായമായ വിലയും ലഭിക്കുന്നു. ഇത് കാരണം കർഷകർ ഇതിന് നല്ല പരിഗണന നൽകുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് തീർത്തും അനുയോജ്യമാണ് . ഇത് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ സർട്ടിഫിക്കേഷൻ (Gi Tag)പദവി നേടിയിട്ടുമുണ്ട്.