കാർഷിക മേഖല വളരെയേറെ പ്രതിസന്ധികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്ന് പോകുന്നത്. കാർഷികവിളകളുടെ വിലത്തകർച്ചയും, കൃഷിനാശവും, വന്യജീവി ആക്രമണവും മൂലം മനുഷ്യൻ കൃഷിയിൽ നിന്ന് പിൻമാറുകയാണ്. ഈ ഒരു സാഹചര്യത്തിൽ മരകൃഷിയുടെ പ്രസക്തി വളരെയേറെ വർദ്ധിച്ചിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിൻറെ ഭാഗം ആകുന്നതിനൊപ്പം ഉയർന്ന വരുമാനം നേടാൻ കഴിയും എന്നതും മരകൃഷിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
അത്തരത്തിൽ ഒന്നാണ് കാട്ടുവേപ്പ് അല്ലെങ്കിൽ മലവേപ്പ്. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യവും ഉയർന്ന വളർച്ചാനിരക്കും വിപണി മൂല്യവും ഉള്ളതുമായ ഈ മരം 7-8 വർഷം കൊണ്ട് നല്ല വളർച്ച എത്തുന്നു.
കാട്ടുവേപ്പിൻറെ ഉപയോഗങ്ങൾ
വ്യത്യസ്ഥമായ ആവശ്യങ്ങൾക്ക് ഈ മരത്തിന്റെ തടികൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ
1. പ്ലൈവുഡ് നിർമ്മാണം
2. പേപ്പർ നിർമ്മാണം
3.തീപ്പെട്ടി നിർമ്മാണം
4. Biofuel,വിറക് ആവശ്യങ്ങൾക്ക്
കാട്ടുവേപ്പ് കൃഷിയുടെ ചില ഗുണങ്ങൾ
1. അതിവേഗ വളർച്ച : 7-8 വർഷം കൊണ്ട് 40 അടി വരെ ഉയരം എത്തുന്ന തടിക്ക് 4-5 അടി വരെ വണ്ണവും വെക്കുന്നു. അതായത് ഈ പ്രായം ആയ ഒരു മരത്തിൽ നിന്ന് ശരാശരി 750kg -1000kg തടി ലഭിക്കുന്നു.
2. കുറഞ്ഞ പരിപാലനം : മറ്റു കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലനം മാത്രമെ കാട്ടുവേപ്പിന് നൽകേണ്ടതുള്ളു.
3 മാസം കൊണ്ട് 6 അടിയോളം വളർച്ചയെത്തുന്ന കാട്ടുവേപ്പിന് അതു വരെ ആണ് കാര്യമായ പരിചരണം നൽകേണ്ടത് .
3. ഉയർന്ന വിപണിമൂല്യം : കാട്ടുപേപ്പിന് തടി മാർക്കറ്റിൽ നല്ല വില ലഭിക്കുന്നു. ഒരു ടണ്ണിന് 9000 മുതൽ 10,000 രൂപ വരെ വില ലഭിക്കും ഓരോ വർഷം കഴിയുന്തോറും നിശ്ചിത അളവിൽ വില കൂടുന്നുണ്ട്.
4. കാലാവസ്ഥയ്ക്ക് അനുയോജ്യം : കേരളത്തിലെ കാലാവസ്ഥയിൽ നല്ല വളർച്ച കാട്ടുവേപ്പിന് ലഭിക്കുന്നു. 1000 സെൻറിമീറ്ററിന് മുകളിൽ മഴയും, നല്ല മണ്ണും 25-30 ഡിഗ്രി അന്തരീക്ഷ ഊഷ്മാവും ഇതിന് കാരണമാകുന്നു....