മാവിൽ മികച്ച വിളവ് കിട്ടാൻ ശരിയായി കൊമ്പ് കോതണം | Mango tree


ഒരു മാവെങ്കിലും ഇല്ലാത്ത ഒറ്റ വീട്ടുവളപ്പും കേരളത്തിൽ ഉണ്ടാകില്ല. ലക്ഷണമൊത്ത ഒരു കേരള ഭവനം കുറ്റിപ്പുറത്ത് കേശവൻ നായർ വർണിച്ചതു 'മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും നിറഞ്ഞഹോ സസ്യ ലതാഢ്യമായ വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു "എന്നാണല്ലോ.

 കേരളത്തിലെ എൺപത്തേഴു ലക്ഷം വരുന്ന വീട്ടുവളപ്പുകളിൽ നല്ലൊരു പങ്കും പതിനഞ്ച് സെന്റിൽ താഴെ ആണ്. അതിൽ വീടും മുറ്റവും പട്ടിക്കൂടും കാർ പോർച്ചും കഴിഞ്ഞ് ബാക്കി ഉള്ളിടം സൂര്യന് കീഴിൽ ഉള്ള എല്ലാ വൃക്ഷങ്ങളും ഉള്ള ഒരു ട്രീ മ്യൂസിയം ആക്കി മാറ്റുകയാണ് നമ്മുടെ പതിവ് രീതി. 
അവിടെ ശാസ്ത്രീയമായ അകലം, ശരിയായ നീളം, വീതി, ആഴം പാലിച്ചുള്ള കുഴിയെടുപ്പ്, വർഷാവർഷം ഉള്ള ചിട്ടയായ വള പ്രയോഗം ഒന്നും ഉണ്ടാവില്ല. ആയതിനാൽ തന്നെ തെങ്ങിലായാലും മാവിലായാലും വാഴയിലായാലും മികച്ച വിളവ് അപൂർവ്വം. ഒരു തരം Low External Input Low Output System എന്ന് വിളിക്കാം. 

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here


ഒന്നോ രണ്ടോ മാവുകൾ മാത്രം ആയിരിക്കാം പലപ്പോഴും അത്തരം വീട്ടുവളപ്പിൽ നടാൻ കഴിയുക. അപ്പോൾ മാവിലെ സൂപ്പർ താരങ്ങളെ തേടി പോകാതെ മൂവാണ്ടൻ, കിളിച്ചുണ്ടൻ, കൊളമ്പ് കർപ്പൂരം, പ്രിയോർ, നീലം, കോട്ടൂർ കോണം, കോശ്ശേരിൽ എന്നിവ വയ്ച്ചാൽ നമുക്ക് വിളവ് ഉറപ്പിക്കാം. 

കൂടുതൽ മാവുകൾ വയ്ക്കാൻ സ്ഥലം ഉണ്ടെങ്കിൽ മല്ലിക, ബംഗനപ്പള്ളി, സിന്ദൂരം, ചന്ത്രക്കാറൻ, കാലപ്പാടി, മുണ്ടപ്പ, കിളിമുക്ക്‌, രത്ന എന്നിവയും പരീക്ഷിക്കാം.

എന്ത് കൊണ്ടാണ് നമ്മുടെ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം വിളവ് തരാത്തത്? 

1. മാവിൽ നിന്നോ മറ്റു മരങ്ങളിൽ നിന്നോ വേണ്ടത്ര അകലത്തിൽ മാവുകൾ നടാറില്ല. 

2. പ്രാദേശികമായി അനുയോജ്യമായ ഇനങ്ങൾ നോക്കി നടാറില്ല 

3. ശരിയായ അളവിൽ ഉള്ള കുഴികൾ എടുത്ത് വേണ്ടത്ര അളവിൽ അടിസ്ഥാനവളം ചേർത്ത് കുഴി മൂടി തൈകൾ നടുന്നതിൽ ഉദാസീനത. 

4. മാവ് തുടക്കത്തിലേ ശിഖരങ്ങൾ ക്രമീകരിച്ചു (Formative Prunning ) അധികം ഉയരം വയ്ക്കാതെ പടർത്തി വളർത്താറില്ല. 

5. വർഷാവർഷം പ്രധാന സസ്യ മൂലകങ്ങൾ സന്തുലിതമായി ചേർത്ത് വളപ്രയോഗം നടത്താറില്ല. 

6. വിളവെടുപ്പിനു ശേഷം ചെറിയ അളവിൽ കൊമ്പ് കോതൽ (maintenance prunning ) നടത്താറില്ല. 

7. മാന്തളിർ മുറിയൻ, തളിരില കുരുടൽ, ഇല കൂടുകെട്ടി പുഴു, കൊമ്പുണക്കം, കറയൊലിപ്പ്‌, കായീച്ച എന്നിവയെ മുൻകൂട്ടി കണ്ട് പ്രതിരോധ മരുന്നുകൾ ചെയ്യാറില്ല. 

എങ്ങനെ ആണ് മാവ് നട്ടതിന് ശേഷം അതിന് ശരിയായ ആകൃതി നൽകി, വർഷാവർഷം കൊമ്പുകൾ ആവശ്യത്തിന് കോതി നിർത്തേണ്ടത് എന്ന് നോക്കാം.

1മീറ്റർ നീളം, വീതി, ആഴം ഉള്ള കുഴി എടുക്കണം. കുഴി എടുക്കുമ്പോൾ ഒരടി മേൽമണ്ണ് പ്രത്യേകം മാറ്റി വയ്ക്കണം. അത് കുഴിയെടുത്തു കഴിഞ്ഞ് ഏറ്റവും അടിയിൽ ആയി ഇടണം. അതിന് ശേഷം 2കിലോ റോക്ക് ഫോസ്‌ഫേറ്റ്, 25 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കിളച്ചെടുത്ത മണ്ണ് എന്നിവ കൂട്ടി കലർത്തി കുഴി മൂടിയതിനു ശേഷം അതിൽ പിള്ളക്കുഴി എടുത്ത് വേണം തൈകൾ നടാൻ. അപ്പോൾ വേരുകൾ അടിയിലേക്ക് പോകുമ്പോൾ ഇളക്കമുള്ള, വളക്കൂറുള്ള മണ്ണുള്ളതിനാൽ വേഗം വളരും. ഇത് ഏത് വൃക്ഷ വിള നടുമ്പോഴും ബാധകമാണ്.

ഏപ്രിൽ -മെയ്‌ മാസങ്ങളിൽ, വേനൽ മഴ കിട്ടുന്നതോടു കൂടി ഒട്ടു തൈകൾ നടാം. അടുത്തുള്ള ഏത് മരത്തിൽ നിന്നും കുറഞ്ഞത് 8 മീറ്റർ എങ്കിലും അകലത്തിൽ വേണം മാവുകൾ നടാൻ. നല്ല വളക്കൂറുള്ള മണ്ണാണെങ്കിൽ 10-12 മീറ്റർ അകലം കൊടുക്കണം എന്നാണ് ശാസ്ത്രം. തുടക്കത്തിലേ തന്നെ മാവിന് നല്ല ആകൃതി ലഭിക്കാൻ പ്രൂണിങ് ചെയ്യണം. 

മാവ് നട്ട് അരപ്പൊക്കം (60-80cm)ആകുമ്പോൾ അതിന്റെ മണ്ട മുറിക്കണം. മുറിപ്പാടിൽ അല്പം കുമിൾനാശിനി കുഴമ്പ് പുരട്ടണം. അതിന് ശേഷം ധാരാളം മുളകൾ മുറിപ്പാടിന് താഴെ നിന്നും പൊട്ടും. അതിൽ മൂന്നോ നാലോ മുളകൾ മാത്രമേ നിർത്താവൂ. അതും കരുത്തുള്ളത് മാത്രം. അവ തുല്യഅകലത്തിൽ ആയിരിക്കണം.

 മരത്തിന്റെ നടുഭാഗം നന്നായി വെയിൽ വീഴത്തക്ക രീതിയിൽ തുറന്ന് കിടക്കണം.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here


ഇത്തരത്തിൽ മൂന്നോ നാലോ കരുത്തുള്ള ശിഖരങ്ങൾ വളർന്നു 40-50 സെന്റി മീറ്റർ ആകുമ്പോൾ അവ വീണ്ടും മുറിക്കണം. നല്ല മൂർച്ചയുള്ള പ്രൂണിങ് ഷിയർ ഉപയോഗിച്ച് മുറിച്ചാൽ നല്ലത്. 'മുറിപ്പാടിൽ എപ്പോഴും കുമിൾ നാശിനി കുഴമ്പ് പുരട്ടുന്നത് നന്നായിരിക്കും' . മുറിപ്പാടിന് അടിയിൽ നിന്നും വരുന്ന മുളകളിൽ കരുത്തുള്ള മൂന്നോ നാലോ എണ്ണം തുല്യ അകലത്തിൽ നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യണം. അവ വളർന്നു 25-30 cm ആകുമ്പോൾ വീണ്ടും ഇതാവർത്തിക്കണം. ഇങ്ങനെ ചെയ്താൽ നടുഭാഗം തുറന്ന് നല്ല ശിഖരങ്ങളോട് കൂടിയ വലിയ പൊക്കമില്ലാത്ത ഒരു ആകൃതി മാവിന് ലഭിക്കും.

മാവിന്റെ ശിഖരങ്ങളുടെ അഗ്ര ഭാഗത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത് . കുറഞ്ഞത് ആറു മാസമെങ്കിലും പ്രായമുള്ള ശിഖരങ്ങൾ മാത്രമേ പൂക്കുകയുള്ളൂ. ജൂൺ -ജൂലൈ മാസത്തിൽ വിളവെടുപ്പ് കഴിയുന്നതോടെ ചെറിയ ഒരു കൊമ്പ് കോതൽ നടത്താം. പ്രായം ചെന്നവ, ബലം കുറഞ്ഞവ, വളഞ്ഞു അകത്തേക്ക് വളരുന്നവ, കുത്തനെ മേലോട്ട് വളരുന്നവ, രോഗം ബാധിച്ചവ എന്നിവ നീക്കം ചെയ്യാം. അത് പോലെ തന്നെ ഒരുപാട് കായ്കൾ പിടിച്ചവയുടെ അഗ്ര ഭാഗം മുറിച്ച് മാറ്റാം. ചുവട്ടിൽ നിന്നും നാലടി വരെ പൊക്കത്തിലും ശിഖരങ്ങൾ അനുവദിക്കേണ്ട. അപ്പോൾ തടം തുറക്കാനും കള പറിക്കാനും വളമിടാനും ഒക്കെ എളുപ്പമുണ്ടാകും. 

ചുരുക്കത്തിൽ പറഞ്ഞാൽ മാവിന് തുടക്കത്തിലേ ശിഖരങ്ങൾ ഉണ്ടാകണം. നടുഭാഗം തുറന്ന് സൂര്യപ്രകാശം എല്ലാ ശിഖരങ്ങളിലും തട്ടണം. നല്ല വായുസഞ്ചാരം ചില്ലകൾക്കിടയിൽ ഉറപ്പ് വരുത്തണം. ഇലച്ചാർത്തുകൾ അധികമാകാതെ ക്രമീകരിച്ചാൽ പൂക്കാനുള്ള പ്രവണത കൂടും. 

വാൽ കഷ്ണം :നിശ്ചിത സ്ഥലത്ത് കൂടുതൽ മാവുകൾ നടുന്ന തീവ്ര സാന്ദ്രത (High Density ), അതി തീവ്ര സാന്ദ്രത (Ultra High Density )നടീൽ സമ്പ്രദായം മറ്റു സംസ്ഥാനങ്ങളിൽ വ്യപകമാകുന്നുണ്ട്. 3x2m, 4x2m എന്നീ അകലങ്ങളിൽ ആണ് മാവുകൾ നടുക. കള വളർച്ച തടയാൻ പ്ലാസ്റ്റിക് പുതയും തുള്ളി നനയും വളസേചനവും, ഹോർമോൺ പ്രയോഗവുമൊക്കെ ചെയ്താണ് മികച്ച വിളവ് നേടുന്നത്. വർഷാവർഷം ഉള്ള കൊമ്പ് കോതലും തകൃതി. ഓരോ മാവിൽ നിന്നും ഉള്ള വിളവ് കുറവായിരിക്കുമെങ്കിലും നിശ്ചിത സ്ഥലത്ത് കൂടുതൽ മാവുകൾ നടാൻ കഴിയുന്നതിനാൽ മൊത്തം ഉല്പാദനം കൂടുതൽ ആയിരിക്കും. രണ്ട് രണ്ടര മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരാൻ അനുവദിക്കാത്തതിനാൽ എല്ലാ മാങ്ങയും നേരാം വണ്ണം കേട് കൂടാതെ വിളവെടുത്തു മാർക്കെറ്റിൽ എത്തിക്കാനും കഴിയും. പക്ഷെ അന്തരീക്ഷ ആർദ്രത കൂടിയ കേരളത്തിൽ ഇത്രയും കടുത്ത പ്രൂണിങ് ചെയ്യുന്നത് കുമിൾ രോഗബാധയ്ക്ക് കാരണമായേക്കും എന്നതിനാൽ അത്ര വ്യാപകമായി ശുപാർശ ചെയ്യുന്നില്ല. 

✍🏻 പ്രമോദ് മാധവൻ 
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here

Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section