മാങ്ങയും ഏത്തപ്പഴവും പഴുക്കുന്നതും പഴുപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാം | Mango, banana - ripen


മാങ്ങയും ഏത്തപ്പഴവും പഴുക്കുന്നതും പഴുപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയുന്നത് നല്ലതാണ്. എല്ലാ പഴങ്ങളും ചെടിയിൽ നിന്ന് മൂക്കാതെ, പഴുക്കാതെ പറിച്ചെടുത്ത് നമുക്ക് പഴുപ്പിക്കാൻ പറ്റില്ല. നാരങ്ങയും മുന്തിരിയും ആപ്പിളും പാഷൻ ഫ്രൂട്ടും ഒക്കെ പഴുക്കാതെ പറിച്ച് സൂക്ഷിച്ച് വെച്ചാൽ ചീഞ്ഞു പോകുകയേ ഉള്ളു. എന്നാൽ ചക്കയും മാങ്ങയും പപ്പായയും സപ്പോട്ടയും ഏത്തക്കയും ഒക്കെ ഇടത്തരം മൂപ്പായത് പോലും പറിച്ച് വെച്ചാലും പഴുപ്പിക്കാനാവും. ഒരു സസ്യ ഹോർമോൺ ആണ് ഇങ്ങനെ പഴുപ്പിക്കുന്നത്. പഴം മാത്രമല്ല ഇലയും പഴുത്ത് വീഴുന്നത് ഈ ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണ്. ഈ സസ്യ ഹോർമോൺ വളരെ ലളിതരൂപിയാണ്. എത്തിലീൻ , എത്തീൻ എന്നൊക്കെ - C2H4 എന്ന രാസസൂത്രത്തിൽ നാം ഹൈസ്കൂളിൽ ഓർഗാനിക് കെമിസ്ട്രിയിൽ പഠിച്ച സംയുക്തം. കായകളിലെ സ്റ്റാർച്ച് എന്ന ഹൈഡ്രോ കാർബണിനെ ഷുഗർ - പഞ്ചസാര എന്ന ഹൈഡ്രോ കാർബണാക്കുന്ന പരിപാടി ഈ എത്തിലീന്റെ സഹായത്തോടെ നടക്കും. കൂടെ മറ്റ് പല രാസ പ്രവർത്തനങ്ങളും ട്രിഗർ ചെയ്യപ്പെടും. നിറം , മണം, രുചി ഒക്കെ മാറുന്നത് അങ്ങിനെയാണ്. വിത്തു വിതരണത്തിന് സഹായിക്കാൻ , ആകർഷിക്കാൻ മറ്റ് ജീവികളെ പ്രേരിപ്പിക്കുന്ന സമ്മാനമാണിതെല്ലാം. പഴം പഴുക്കുന്നതോടെ പുറത്തേക്ക് കൂടി വ്യാപിക്കുന്ന എത്തിലീൻ വാതകം തട്ടിയാണ് തൊട്ടടുത്തുള്ള പഴങ്ങളും വേഗത്തിൽ പഴുക്കുന്നത്. ഒരു വാഴക്കുലയിലെ ചാക്കിൽ കെട്ടി വെച്ചാൽ , താഴത്തെ ഒന്നോ രണ്ടോ പഴം പഴുത്താൽ അതിൽ നിന്നുണ്ടാക്കുന്ന എത്തിലീൻ ഗ്യാസ് ചാക്കിൽ തന്നെ ട്രാപ്പ് ചെയ്യപ്പെടുന്നതിനാലാണ് കുലയുടെ അഗ്രത്തിലെ മൂപ്പില്ലാത്ത കായ അടക്കം ഒന്നിച്ച് പെട്ടന്ന് പഴുക്കുന്നത്. ഈ എത്തിലീൻ വാതകം നിർമ്മിച്ച് പറിച്ച് വെച്ച പച്ച കായകളിൽ അടിപ്പിച്ചാലും സ്വാഭാവികമായുണ്ടാവുന്ന അതേ പ്രവർത്തനം തന്നെ നടക്കും. കൃത്രിമമായി പഴുപ്പിക്കൽ എന്നത് ഇതാണ്. അല്ലാതെ വേറെന്തോ വിധത്തിൽ "കെമിക്കൽ - രാസ വിഷം - " കുത്തിവെച്ചും പുരട്ടിയും, മുക്കിയും ഒക്കെ ചെയ്യുന്ന ഭീകര പ്രവർത്തനമല്ല. ഇതിൽ എന്തോ തെറ്റുള്ളതായി - പലരും കരുതുന്നത് . കിമോ ഫോബിയ എന്ന രോഗം നമ്മെ പിടികൂടിയത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത്. 

ചന്ദനത്തിരി കത്തിച്ച് വെച്ചും അടുപ്പിന് മുകളിൽ കെട്ടിവെച്ചും നമ്മൾ പഴം പഴുപ്പിക്കുന്നതും കൃത്രിമമായി പഴം പഴുപ്പിക്കൽ തന്നെയാണ്. ഇവിടെ എത്തിലിൻ എന്ന വസ്തുവിന് പകരം , വളരെ സാമ്യമുള്ള C2H2 എന്ന രാസ സമവാക്യമുള്ള അസറ്റിലീൻ ആണ് പഴത്തെ പഴുപ്പിക്കുന്നത്. വിറകുകളുടെ ജ്വലനത്തിലൂടെയാണ് എത്തിലീന് സമാനമായ ഈ വാതകം ഉണ്ടാകുന്നത്. ഇതേ പ്രവർത്തനമാണ് കാർബൈഡും ചെയ്യുന്നത്. 
CaC2 എന്ന കാൽസ്യം കാർബൈഡ് നനഞ്ഞാൽ അതിൽ നിന്ന് എത്തിലിനോട് സമാനമായ അസറ്റിലീൻ വാതകം ഉണ്ടാവും. അതായത് ചന്ദനത്തിരി കത്തിച്ചാലും വിറക് പുകച്ചാലും ഉണ്ടാകുന്ന അതേ വാതകം. സസ്യ ഹോർമോൺ ആയ എത്തിലിന്റെ അതേ പ്രവർത്തനം തന്നെയാണ് അസറ്റലീനും ചെയ്യുന്നത്. 
വികസിത രാജ്യങ്ങളിൽ വ്യാവസായികമായി പഴങ്ങൾ പഴുപ്പിക്കാൻ 
എത്തിലീൻ ഗ്യാസ് ഉപയോഗിച്ചുള്ള റൈപ്പിങ്ങ് ചേമ്പറുകൾ ആണ് ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കാൻ ചിലവേറിയതിനാൽ നമ്മുടേത് പോലുള്ള രാജ്യങ്ങൾ കാർബൈഡ് ഉപയോഗിച്ച് അസറ്റിലീൻ വാതകം ഉണ്ടാക്കിയായിരുന്നു ഇത്തരത്തിൽ പഴുപ്പിച്ചിരുന്നത്. ഇങ്ങനെ പഴുപ്പിക്കുന്നത് കൊണ്ട് പഴങ്ങളുടെ സ്വഭാവത്തിനോ ഗുണത്തിനോ ഒരു വ്യത്യാസവും ഉണ്ടാവുന്നില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവില്ല. 

പക്ഷെ 2011 ൽ നമ്മളും കാർബൈഡ് ഉപയോഗിച്ച് പഴം പഴുപ്പിക്കുന്നത് നിരോധിച്ചു. കാരണം 
 ശുദ്ധമായ കാർബൈഡിന് പകരം - ഉപയോഗിക്കുന്നത് സ്റ്റീൽ ഫാക്ടറികളിലും മറ്റും കൊമേർഷ്യൽ ആവശ്യങ്ങൾക്ക് വേണ്ടി വിതരണം ചെയ്ത ശുദ്ധത കുറഞ്ഞ കാർബൈഡ് ആണ് എന്നതാണ് കാരണം. അവയിൽ പലതരം വിഷ മാലിന്യങ്ങൾ ഉള്ളതാണെങ്കിൽ അവ അബദ്ധത്തിൽ നേരിട്ട് പഴങ്ങളിൽ എത്തുന്നത് പ്രശ്നം ഉണ്ടാക്കും. ആർസനിക്ക് പോലുള്ളവ അതിലുണ്ടാവാനുള്ള വിദൂര സാദ്ധ്യത ഉണ്ട്. അവ കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. കൂടാതെ അശ്രദ്ധമായി കൈകാര്യം ചെയ്താൽ കാർബൈഡ് തീപിടുത്തത്തിനും കാരണമാകാം. ഇതൊക്കെ കൊണ്ടാണ് ശുദ്ധത കുറഞ്ഞ - കൊമേർഷ്യൽ കാർബൈഡ് ഉപയോഗിച്ചുള്ള പഴുപ്പിക്കൽ നിരോധിച്ചിരിക്കുന്നത്. അല്ലാതെ കാർബൈഡ് നനഞ്ഞ് ഉണ്ടാവുന്ന അസറ്റലിനെ കൊണ്ട് എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടല്ല. കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച പഴവും ചാക്കിൽ കെട്ടി പുകയത്ത് വെച്ച് പഴുപ്പിച്ച പഴവും തമ്മിൽ ഒരു വ്യത്യാസവും രുചിയിലും ഗുണത്തിലും ഉണ്ടാവില്ല. കാർബൈഡ് യാതൊരു കാരണവശാലും നേരിട്ട് പഴങ്ങളുമായി സമ്പർക്കത്തിൽ വരാതെ അടച്ച ഒരു മുറിയിലോ ചേമ്പറിലോ സഞ്ചികളിലാക്കി നനച്ച് വെച്ചത് ആണെങ്കിൽ പഴങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. കൊമേർഷ്യൽ കാർബൈഡിൽ തീർച്ചയായും ആർസനിക്ക് പോലുള്ളവ തീർച്ചയായും ഉണ്ടാവും എന്ന മുൻ വിധിയും വേണ്ട. സാദ്ധ്യത ഉണ്ടെന്ന് മാത്രം. നിർമ്മാണ വേളകളിൽ അത്യഅപൂർവ്വമായി അതിൽ ഇത്തരം വിഷസാന്നിദ്ധ്യം ഉണ്ടാവാം എന്ന് മാത്രം. ഇത്തരം വിദൂര സാദ്ധ്യത പോലും ഒഴിവാക്കാനാണ് നമ്മൾ അത് ഇത്തരം ഉപയോഗത്തിന് നിരോധിച്ചത്. എങ്കിലും ഏതെങ്കിലും വിധത്തിൽ പഴങ്ങളുടെ പുറത്ത് (കാർബൈഡിൽ അടങ്ങിയ മാലിന്യത്തിൽ വിഷാംശം ഉണ്ടായിരുന്നെങ്കിൽ ) അത് നീക്കം ചെയ്യാൻ നന്നായി കഴുകിയാൽ തന്നെ മതിയാകും. അല്ലാതെ നമ്മൾ മഹാ വിഷമായി പേടിച്ച് അന്തംവിട്ട് നിൽക്കേണ്ട കാര്യം ഒന്നും ഇല്ല. 
ഇനി നമ്മുടെ നാട്ടിലും നിരോധിത കാർബൈഡ് അശ്രദ്ധമായി കൈകാര്യം ചെയ്താണ് കച്ചവടക്കാർ പഴം പഴുപ്പിക്കുന്നതെങ്കിൽ തടയേണ്ടത് അത്യാവശ്യം തന്നെയാണ്. അതിൽ വിട്ടു വീഴ്ച ചെയ്യേണ്ട കാര്യവും ഇല്ല . 

എന്നാൽ ശാസ്ത്രീയമായി എങ്ങിനെയാണ് ശ്രദ്ധയോടെ പഴങ്ങൾ പഴുപ്പിക്കേണ്ടത് എന്ന് ആരാണ് കൃഷിക്കാരേയും പഴം കച്ചവടക്കാരേയും പഠിപ്പിക്കുക ? 2011 കഴിഞ്ഞ് 12 വർഷം തീർന്നിരിക്കുന്നു. എത്തിലീൻ ഗ്യാസ് റൈപ്പിങ്ങ് ചേമ്പറുകൾ നിർമ്മിക്കാൻ ചെലവേറിയതാണ് കാർബൈഡ് ഉപയോഗിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാമല്ലോ. അപ്പോൾ ചെറുകിട കച്ചവടക്കാരേയും കൃഷിക്കാരെയും സഹായിക്കാൻ ആരാണ് മുന്നോട്ട് വരേണ്ടത് ? ഓരോ ജില്ലകളിലും കൃഷി വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഇത്തരം ചേമ്പറുകൾ നിർമ്മിച്ച് ഇത് വാടകയ്ക്ക് കൊടുത്ത് - അല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കി പഴുപ്പിച്ച് കൊടുക്കാൻ നടപടി എടുക്കുകയല്ലെ വേണ്ടത്. പന്ത്രണ്ട് മാങ്ങയും രണ്ട് ഏത്തക്കുലയും ചാക്കിൽ കെട്ടിയും വൈക്കേൽ മൂടിയും നമ്മൾ സ്വന്തം ആവശ്യത്തിന് പഴുപ്പിക്കുന്നത് പോലെ അല്ല സീസൺ സമയത്ത് ഒന്നിച്ച് വിളവെടുക്കേണ്ടി വരുമ്പോൾ സംഭവിക്കുക. ആയിരക്കണക്കിന് പെട്ടി മാമ്പഴങ്ങളാണ് കണ്ണൂരിലെ പല ഗ്രാമങ്ങളിൽ നിന്നും കച്ചവടക്കാർ - മാവുകൾ പാട്ടത്തിനെടുത്ത് കഴിഞ്ഞ ഒരു മാസം മാത്രം പറിച്ചത്. മറ്റ് കൃഷികളിൽ നിന്നൊക്കെ ഒരു വരുമാനവും ഇല്ലാത്ത ആയിരക്കണക്കിന് ആളുകൾക്കാണ് ഇത് ആശ്വാസമായത്. കുറ്റ്യാട്ടൂർ മാങ്ങ പോലുള്ള പ്രാദേശിക ഇനങ്ങൾക്ക് വലിയ ഡിമാന്റും ഉണ്ട്. ഒരൊറ്റ മാവ് തന്നെ ആയിരക്കണക്കിന് രൂപയ്ക്ക് പാട്ടത്തിന് നൽകാൻ ആയവരുണ്ട്. ഇങ്ങനെ ലോറികൾ നിറയെ പറിച്ച് കൊണ്ടുപോയവ എന്ത് ചെയ്യണം എന്നാണ് ഗവർമെന്റ് ആഗ്രഹിക്കുന്നത്? 
കൃഷിവകുപ്പിലെ ബുദ്ധി ജീവികൾ നൽകുന്ന മഹത്തായ നിർദേശങ്ങൾ കേട്ടാൽ ചിരിച്ച് ചത്ത് പോകും. കാരസ്കര ഇലയും വൈക്കോലും കൊണ്ട് മൂടി വിഷമില്ലാതെ പഴുപ്പിക്കാമത്രെ! ആയിരക്കണക്കിന് പെട്ടി മാങ്ങയും ഏത്തപ്പഴവും പഴുപ്പിക്കാൻ ഇലക്കായി കാഞ്ഞിര കൃഷി പ്രോത്സാഹനം ഇനി തുടങ്ങുമായിരിക്കും. പ്രായോഗികമല്ലാത്ത ഇത്തരം ഉട്ടോപ്യൻ നിർദേശങ്ങൾ മാത്രമുള്ളവരാണ് നമ്മുടെ സർക്കാർ വകുപ്പുകൾ . വിഷ മാമ്പഴം എന്ന് പറഞ്ഞ് റൈഡ് നടത്തി ആയിരക്കണക്കിന് കിലോ മാമ്പഴങ്ങൾ ആണ് ഈ കഴിഞ്ഞ ആഴ്ചയും കണ്ണൂരിൽ നഗരസഭ അധികൃതർ പിടിച്ചെടുത്ത് കുഴിച്ചിടുന്നത് !. കച്ചവടക്കാരെ കൊടും കുറ്റവാളികളാക്കി പൊതു ജനത്തിന്റെ മുന്നിൽ നിർത്തുന്നത് !  
വിഷ ഭീതി പടർത്തി - കിമോ ഫോബിയ പരത്തി - ആളുകളെ ജൈവ ഭ്രാന്തിൽ തളക്കുവാൻ മാത്രമേ ഇത്തരം ഷോകൾ കൊണ്ട് കഴിയു .

പ്രായോഗികമായ പരിഹാരങ്ങൾ, സഹായങ്ങൾ നൽകാനാകണം ഇത്തരം ഡിപ്പാർട്ട്മെന്റുകൾ.

✍🏻 വിജയകുമാർ ബ്ലാത്തൂർ


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section