മണ്ണിൽ കൃഷി ചെയ്യുമ്പോൾ തടം എടുക്കേണ്ട ഭാഗം ഒരടി ആഴത്തിൽ കിളയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലെ കട്ടകൾ ഉടച്ച് മണ്ണ് പൊടിയാക്കുക. ഈ മണ്ണ് ഉപയോഗിച്ച് വേണം തടങ്ങൾ തയ്യാറാക്കുവാൻ. ചിലയിടങ്ങളിൽ തടങ്ങൾ ഉപയോഗപ്പെടുത്തിയും, മറ്റു ഇടങ്ങളിൽ വാരങ്ങൾ എടുത്തും കൃഷിചെയ്തുവരുന്നു. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്.
ഇത് കൃഷിയിൽ പരമപ്രധാനമായ കാര്യമാണ്. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ വാരങ്ങൾ അല്ലെങ്കിൽ തടങ്ങൾ എടുത്ത് കൃഷി നല്ല രീതിയിൽ ചെയ്യാവുന്നതാണ്.
പുളിരസ ക്രമീകരണവും, വിത്ത് നടുന്ന രീതിയും
മണ്ണിന് പുളിപ്പ് രസം ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ തടം ഒന്നിന് എന്ന രീതിയിൽ ഒരുപിടി കുമ്മായം വിതറി കൊത്തി ചേർക്കണം. ഒന്നര ആഴ്ച കഴിഞ്ഞ് അതേ തടത്തിൽ ചാണകപ്പൊടിയോ വെർമി കമ്പോസ്‌റ്റോ വിതറി മണ്ണുമായി ഇളക്കി ചേർക്കുക. ഇങ്ങനെ തയ്യാറാക്കിയ തടത്തിൽ ആണ് വിത്തുകൾ നടേണ്ടത്.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
പുറം തോടിന് കട്ടികുറഞ്ഞ വിത്തുകൾ ആണെങ്കിൽ നേരിട്ട് മണ്ണിൽ നടാവുന്നതാണ്. വെള്ളരി വർഗ്ഗങ്ങളിൽ പടവലം, പാവൽ തുടങ്ങിയ വിത്തുകൾ ഒരു രാത്രി പച്ചവെള്ളത്തിൽ കുതിർത്ത സൂക്ഷിച്ചശേഷം നടുന്നതാണ് നല്ലത്. നടീൽ കഴിഞ്ഞാൽ തടം നന്നായി നനച്ചുകൊടുത്താൽ അതിൻറെ ഈർപ്പം കൊണ്ട് വിത്തുകളുടെ പുറംതോടിനു അയവ് വരുന്നു.
വലിപ്പം തീരെ കുറഞ്ഞ വിത്തുകൾ നേരിട്ട് മണ്ണിൽ പാകുന്നതിനേക്കാൾ നല്ലത് തടങ്ങളിൽ പാകി മുളപ്പിച്ച ശേഷം പ്രത്യേക തടങ്ങളിലേക്ക് പറിച്ചുനടുന്നതാണ്. വഴുതന, മുളക്, തക്കാളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയവ ഈ ഗണത്തിൽ ഉൾപ്പെടുന്നു. വിത്ത് മുളച്ച് ആറിഞ്ച് മേൽ പ്രായമാകുമ്പോൾ പറിച്ചുനടാം.
വിത്തു നട്ട് നാലാഴ്ച കൊണ്ട് ഇവ പറിച്ചുനടാൻ വേണ്ട വളർച്ച എത്തുന്നു. ഇങ്ങനെ പാകി കിളർപ്പിച്ചശേഷം പറിച്ചുനടാം. തണ്ടൊടിച്ചു കറി വെക്കാൻ വേണ്ടി കൃഷിചെയ്യുമ്പോൾ ഈ രീതിയാണ് ഉത്തമം. നേരിട്ട് നടന്നവയുടെ വിത്ത് മുളച്ച് കഴിയുമ്പോൾ, പറിച്ചു നടുന്നവ ശരിയായ തടങ്ങളിൽ നട്ടു കഴിയുമ്പോൾ എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതം ഓരോ പിടി വീതം ഓരോ തടത്തിലും നുള്ളി കൊടുക്കുന്നതാണ് നല്ലത്.