തേൻ സംഭരിക്കുമ്പോൾ ഗുണനിലവാരം നിലനിർത്തുക ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ തേൻ സൂക്ഷിക്കുമ്പോൾ അത് കട്ടപിടിക്കാതെയും, പുളിക്കാതെയും സംരക്ഷിക്കണം. ദീർഘനാൾ തേൻ സൂക്ഷിക്കുമ്പോൾ അത് സംസ്കരിച്ചു സൂക്ഷിക്കുക. തേനിലെ വർധിച്ച അളവിലുള്ള ജലാംശവും, പഞ്ചസാരയും തേൻ കട്ടപിടിക്കാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ നിശ്ചിത അളവിൽ ചൂടാക്കിയാണ് തേൻ സംസ്കരിക്കുന്നത്.
തേൻ സംസ്കരണം അറിയേണ്ട കാര്യങ്ങൾ
കൂട്ടിൽ നിന്ന് ശേഖരിക്കുന്ന തേൻ 43 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ അതിലെ പൊടിപടലങ്ങൾ, മെഴുകിന്റെയും പൂമ്പൊടിയുടെയും അംശങ്ങൾ തുടങ്ങിയവ കലർന്ന് പത രൂപത്തിൽ മുകളിൽ വരുന്നു. ഈ പത നീക്കം ചെയ്ത് അരിച്ചതിനുശേഷം വീണ്ടും ചൂടാക്കുക.
തേനിൻറെ ഊഷ്മാവ് 63 ഡിഗ്രി സെൽഷ്യസ് എത്തുമ്പോൾ പത്ത് മിനിറ്റ് നേരം അതേ ഊഷ്മാവിൽ തന്നെ നിലനിർത്തുന്നത്, തേനിൽ ഉള്ള മുഴുവൻ യീസ്റ്റ് കോശങ്ങളെയും നശിപ്പിക്കുന്നതിനും ജലാംശം കുറയ്ക്കുന്നതിനും സഹായിക്കും.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
നല്ല ഇഴയടുപ്പമുള്ള അരിപ്പയിലൂടെ അരിക്കുമ്പോൾ പൊടിപടലങ്ങൾ മാറി ശുദ്ധമായ തേൻ ലഭ്യമാകുന്നു. സംസ്കരിക്കുമ്പോൾ തേൻ നേരിട്ട് ചൂടാക്കാൻ പാടില്ല. ഇതിനുവേണ്ടി വാട്ടർ ബാത്ത് സിസ്റ്റം ഉപയോഗപ്പെടുത്താം. അതായത് ഒരു പാത്രത്തിനുള്ളിൽ 3 ഇഷ്ടിക കഷ്ണങ്ങൾ വച്ചതിനുശേഷം വലുപ്പം കുറഞ്ഞ സ്റ്റീൽ പാത്രം അതിൽ ഇറക്കിവയ്ക്കുക. ഈ പാത്രത്തിൽ തേൻ നിറച്ചതിനു ശേഷം തേനിൻറെ നിരപ്പിൽ പുറമേയുള്ള പാത്രത്തിൽ വെള്ളം നിറച്ച് ചൂടാക്കുക. വെള്ളത്തിൻറെ ചൂടുകൊണ്ട് തേൻ ചൂടാകുന്നു.
ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ്. തെർമോമീറ്റർ ഉപയോഗിച്ച് തേനിന്റെ ഊഷ്മാവ് അളക്കാം. സംസ്കരണം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഊഷ്മാവ് കൂടുകയും തേൻ കരിഞ്ഞു പോവുകയും, അതിൻറെ ഗുണമേന്മ നഷ്ടപ്പെടുകയും ചെയ്യുന്നു.
അതിനുശേഷം നല്ല ഗ്രേഡിലുള്ള സംഭരണികളിൽ മാത്രമേ തേൻ സൂക്ഷിക്കാവൂ. വിൽക്കാനുള്ള തേൻ ഗ്ലാസ് ബോട്ടിൽ നിറക്കുക. പ്ലാസ്റ്റിക് കുപ്പികൾ ആണെങ്കിൽ ഫുഡ് ഗ്രേഡ് ആണെന്ന് ഉറപ്പുവരുത്തണം.