കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടുവള്ളി മാമ്പഴപ്പൂരം പ്രദർശന വിപണനമേള ഇന്ന് മുതൽ 20 വരെ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശം കടുവാകുളത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഉല്ലാസ് തോമസ് മാമ്പഴോത്സവം ഉദ്ഘാടനം ചെയ്യും.
കോട്ടുവള്ളിയിലെ കർഷകരുടെ വീടുകളിൽ നിന്ന് ശേഖരിച്ച 60 ഇനം മാങ്ങകളുടെയും വിവിധയിനം മാവിൻ തൈകൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെയും പ്രദർശന വിപണന മേളയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10ന് കുട്ടികൾക്കായി ചിത്രരചനാ മത്സരം, ബഡിംഗ് ഗ്രാഫ്റ്റിംഗ് പരിശീലനം, കുടുംബശ്രീ വനിതകൾക്കായി മാമ്പഴപ്പുളിശ്ശേരി, മാമ്പഴ പായസ മത്സരം, മാമ്പഴ ചർച്ച എന്നിവ നടക്കും. കോട്ടുവള്ളിയിലെ മികച്ച മാവ് കർഷകനെ കണ്ടെത്തി മാമ്പഴ ശ്രീമാൻ പുരസ്കാരം നൽകും. ഏറ്റവും മികച്ച മാങ്ങയിനങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്ന കുടുംബശ്രീക്ക് മാമ്പഴ ശ്രീമതി പുരസ്കാരവും നൽകും.
മാമ്പഴോത്സവത്തിന്റെ പ്രചാ രണാർഥം ഗ്രാമ പഞ്ചായത്ത് പരിധിയിലെ 250 വീടുകളിൽ മാവിൻ തൈകൾ നടും. ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകൾ ആവശ്യമുള്ള കർഷകർ കോട്ടുവള്ളി കൃഷിഭവനിലെ എക്കോ ഷോപിൽ രജിസ്റ്റർ ചെയ്യണം.