കിലോ​ഗ്രാമിന് രണ്ട് ലക്ഷം രൂപ; കേരളത്തിലും വിരിഞ്ഞു 'ചുവന്ന സ്വർണം'

വാണിജ്യപരമായി ഒട്ടേറെ സാധ്യകൾ ഉള്ള ഒന്നാണ് കുങ്കുമപ്പൂവ് കൃഷി. ഇന്ത്യയിൽ കാശ്മീരിലും ഹിമാചലിലുമൊക്കെ വ്യാപകമായ കൃഷി കേരളത്തിലും വ്യാപകമായാലോ? കുങ്കുമപ്പൂവ് ലാബിൽ വികസിപ്പിച്ചെടുത്ത് വെള്ളായണി കാർഷിക കോളേജ്



വാണിജ്യപരമായി ഒട്ടേറെ സാധ്യതകൾ ഉള്ള ഒന്നാണ് കുങ്കുമപ്പൂവ് കൃഷി. ഇന്ത്യയിൽ കാശ്മീരിലും ഹിമാചലിലുമൊക്കെ വ്യാപകമായ കൃഷി കേരളത്തിലും വ്യാപകമായാലോ? ചുവന്ന സ്വർണം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് കൃഷി ചെയ്യാൻ ചിലരെങ്കിലും സന്നദ്ധരാകും. മികച്ച വിപണി വിലയാണ് കാരണം. കിലോഗ്രാമിന് ഏകദേശം രണ്ട് ലക്ഷം രൂപ വരെ വില ലഭിക്കുന്ന കാശ്മീരി കുങ്കുമപ്പൂവ് ലാബിൽ വികസിപ്പിച്ച് വെള്ളായണി കാർഷിക കോളേജ്. ഇവിടുത്തെ ബയോടെക്നോളജി ലാബിലാണ് ഏറെ വാണിജ്യ സാധ്യതകളുള്ള പരീക്ഷണം. കാശ്മീരിലെ കർഷകരിൽ നിന്ന് ലഭിച്ച വിത്ത് ഉപയോഗിച്ചാണ് ചെടി വിരിയിച്ചത്. നിയന്ത്രിത താപനിലയിലാണ് ചെടിയും അതിൽ നിന്ന് പൂവും വിരിഞ്ഞത്.


കാശ്മീരിലെ കാർഷിക സർവകലാശാല ആയിരുന്നു കൃഷിക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകിയത്. ടിഷ്യൂ കൾച്ചറിലൂടെ ടെസ്റ്റ്ട്യൂബിനുള്ളിൽ പൂ വിരിയിച്ചെടുക്കാനുള്ള ശ്രമം വിജയിച്ചതോടെ കൃഷിക്കാവശ്യമായ വിത്തുകൾ വികസിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. വാണിജ്യാടിസ്ഥാനത്തിൽ ഉള്ള ഉൽപ്പാദനം വിജയമാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടി വരുമെങ്കിലും ഇതിന് അധികം കാത്തിരിക്കേണ്ടി വന്നേക്കില്ല.


ലോകമെമ്പാടും കുങ്കുമപ്പൂവ് കൃഷി വ്യാപകമാണ്. കുങ്കുമപ്പൂവിൻെറ പ്രാദേശിക വകഭേദങ്ങൾക്കും മുന്തിയ ഇനങ്ങൾക്കും പൊന്നും വില തന്നെ നൽകണം. ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളതായി പറയപ്പെടുന്ന കുങ്കുമത്തിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിടുകൾ അർബുദത്തിനെയും, ജനിതകമാറ്റത്തെയും ചെറുക്കും എന്നു ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മരുന്ന് നിർമാണത്തിന് മാത്രമല്ല നിരവധി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്. സുഗന്ധദ്രവ്യങ്ങളിലും ഉപയോഗിക്കുന്നു. രുചിക്കും നിറത്തിനുമായി ഭക്ഷ്യപദാർത്ഥങ്ങളിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്.


ലോകത്തിലെ കുങ്കുമപ്പൂവ് ഉൽപ്പാദനം പ്രതിവർഷം 300 ടൺ ആണ്. ഇറാൻ, ഇന്ത്യ, സ്പെയിൻ, ഗ്രീസ് എന്നിവയാണ് പ്രധാനമായി കുങ്കുമം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ, ഇറാൻ തന്നെയാണ് ഏറ്റവും കൂടതൽ കുങ്കുമം ഉൽപ്പാദിപ്പിക്കുന്നത്. ലോകത്തിലെ കുങ്കുമം ഉൽപാദനത്തിന്റെ 88 ശതമാനം സംഭാവന ചെയ്യുന്നു. ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മൊത്തം ഉൽപ്പാദനത്തിന്റെ ഏകദേശം ഏഴ് ശതമാനം മാത്രമാണിവിടെ.


കുങ്കുമപ്പൂവിന് വിലയേറാൻ കാരണമുണ്ട്. ഗുണം മാത്രമല്ല കൃഷിയും അത്ര എളുപ്പമല്ല. കൃഷിക്കായി കിഴങ്ങ് ആണ് ഉപയോഗിക്കുന്നത്. നട്ട് ആദ്യത്തെ വര്‍ഷം 60 മുതല്‍ 65 ശതമാനം വരെ കിഴങ്ങുകളില്‍ നിന്നും ഓരോ പൂക്കള്‍ വീതമാണത്രെ ലഭിക്കുക. ഒരു ഗ്രാം ഉണങ്ങിയ കുങ്കുമപ്പൂവ് കിട്ടാന്‍ 150 മുതല്‍ 160 വരെ പൂക്കള്‍ ആവശ്യമായി വരും. 12 ഗ്രാം കുങ്കുമം ലഭിക്കണമെങ്കിൽ ഒരു കിലോഗ്രാം പൂക്കൾ വേണ്ടിവരും. കാര്യമായ ജലസേചനം ഒന്നും ആവശ്യമില്ലാത്ത ചെടി നട്ടുവളര്‍ത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴങ്ങുകള്‍ വളരും. വാണിജ്യാവശ്യങ്ങൾക്കായി പൂക്കളിൽ നിന്ന് ഉള്ളിലെ ചുവന്ന നാര് വേർതിരിച്ച് ഉണക്കിയെടുക്കുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section