പ്രകൃതിയിലെ കൗതുകമുണർത്തുന്ന ഫലങ്ങളിൽ ഒന്നാണ് മിറാക്കിൾ ഫ്രൂട്ട് എന്നറിയപ്പെടുന്ന Synsepalum dulcificum എന്ന ചെടിയുടെ കായ. മിറക്കിൾ ബെറി എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത് കഴിച്ചതിനുശേഷം പുളി ഉള്ള എന്തെങ്കിലും വസ്തു കഴിച്ചാൽ അതു മധുരം ഉള്ളതായി അനുഭവപ്പെടും എന്നതാണ്. പടിഞ്ഞാറേ ആഫ്രിക്കയിലാണ് ഈ ചെടി രൂപംകൊണ്ടത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് കൃഷിചെയ്യപ്പെടുന്നു. മിറാക്കിൾ ബെറി പല ഭക്ഷണങ്ങളിലും, പാനീയങ്ങളിലും മധുരം തോന്നിപ്പിക്കാൻ ആയി ഉപയോഗിക്കുന്നു. എന്നാൽ അമേരിക്ക പോലെയുള്ള ചില രാജ്യങ്ങളിൽ ഇത് ഒരു ഫുഡ് അഡിറ്റീവ് ആയിട്ടാണ് കണക്കാക്കുന്നത്.
അതിനാൽ തന്നെ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണങ്ങളുണ്ട്.മിറക്കിൾ ഫ്രൂട്ടിലെ ഷുഗർ അളവ് കുറവാണെങ്കിലും ഇതിലെ മിറാകുലിന് എന്ന പദാർഥമാണ് മേൽപ്പറഞ്ഞ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് കഴിക്കുമ്പോൾ ഈ പദാർത്ഥം നാവിലെ രസമുകുളങ്ങളുമായി ചേർന്ന് ബൈൻഡ് ചെയ്യപ്പെടുന്നു. അതിനാൽ ഇതിനു പുറകെ കഴിക്കുന്ന പുളിയുള്ള ഭക്ഷണങ്ങളും നാവിൽ മധുരം ഉള്ളതായി അനുഭവപ്പെടുന്നു. ഇതിനു കാരണം ഈ പദാർത്ഥം നാവിലെ പുളി തിരിച്ചറിയാനുള്ള രസമുകുളങ്ങളെ തടയുന്നതാണ്. ഈ അവസ്ഥ അരമണിക്കൂറോളം നേരത്തേക്ക് സാധാരണയായി നിലനിൽക്കും.