ഒരു കുഞ്ഞൻ പുഴുവിനെകാട്ടി ഇവൻ ആളെക്കൊല്ലിയാണെന്നാണ് ചിലർ വാർത്തകൾ പടച്ചുവിടുന്നത്. സർപ്പത്തെക്കാൾ വിഷമുണ്ടെന്നും സ്പർശിക്കുമ്പോൾ തന്നെ മനുഷ്യനെ കൊല്ലുമെന്നുമൊക്കെയാണ്ഇക്കൂട്ടരുടെ വാദം.
എന്നാൽ ഇങ്ങനെ പ്രചരിക്കുന്നത്
ലിമാകോഡിഡേ കുടുംബത്തിൽപെട്ട പുഴുവിന്റെ ചിത്രമാണ്. തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കാനും
ചിലപ്പോൾ ഷോക്കടിപ്പിക്കും പോലൊരു തരിപ്പ് ഉണ്ടാക്കാനും പോന്ന ലിമാകോഡിഡേ ശലഭം ആണ് ആളെക്കൊല്ലി പുഴുക്കൾ ആയി കുറച്ചു ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്. മനുഷ്യർക്ക് മാരകമാകുന്ന വിഷം ഇവയ്ക്കില്ലെന്നും ഇവയുടെ രോമം ചൊറിച്ചിലിനു കാരണമാകുമെന്നല്ലാതെ മറ്റു ജീവികളെ കടിക്കാനോ മുറിവേൽപ്പിക്കാനോ ഇവയ്ക്ക് കഴിയില്ലെന്നും വിദഗ്ധർ പറയുന്നു.
ഒച്ചിനെപ്പോലെ വളരെ പതുക്കെ സഞ്ചരിക്കും എന്നതിനാൽ ഒച്ചുശലഭം എന്നും ഇവയുടെ കൊക്കൂണുകൾക്ക് കപ്പിന്റെ ആകൃതിയാണ് എന്നതിനാൽ കപ്പ് ശലഭം എന്നും പേരുണ്ട്. മാവ്, വട്ട, ഇരിമുള്ള്, വാഴ, സപ്പോട്ട, തൊടലി എന്നീ മരങ്ങളുടെ ഇലകൾ തിന്നുന്ന ലിമാകോഡിഡേ ലാർവകളെ കണ്ടെത്തിയിട്ടുണ്ട്.
നിശാശലഭങ്ങൾ സാധാരണ ഇലകളിലാണു മുട്ടയിടുക. മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന പുഴുക്കൾ ഏകദേശം ഒരു മാസത്തോളം ഇലകളുടെ മൃദുഭാഗങ്ങൾ തിന്നു വളരുന്നു. പിന്നീട് കൊക്കൂൺ അഥവാ സമാധിദശയിലേക്കു മാറുന്നു. സമാധിദശ 10 - 20 ദിവസം നീണ്ടു നിൽക്കും. പിന്നീട് കൊക്കൂൺ പൊട്ടിച്ച് ശലഭമായി പുറത്തു വരും.