ബോണ്‍സായി ചെടികള്‍ വളര്‍ത്താം | Bonsai plants can be grown

                                                                                    Bonsai plant

ഉദ്യാനത്തില്‍ ഏറ്റവും കൗതുകം നിറഞ്ഞതും അലങ്കാരമുള്ളതുമാണ് ബോണ്‍സായി ചെടികള്‍. ബോണ്‍സായി എന്ന വാക്കിൻ്റെ  അര്‍ത്ഥം തളികയിലെ സസ്യം എന്നാണ്. ബോണ്‍സായി സംവിധാനം ചെയ്യുന്നതിന് പല രീതികളും ഉപയോഗിക്കുന്നുണ്ട്. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി), പാറമേന്‍ വളര്‍ത്തുന്ന രീതി എന്നിവയാണ് പ്രധാനമായിട്ടുമുള്ളത്. 

ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്‍ 10 വര്‍ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്‍ ചെടിച്ചട്ടിയില്‍ സ്വതന്ത്രമായി നട്ട് വളര്‍ത്തുന്നു.അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുന്നത്. 

ബോണ്‍സായി ഉണ്ടാക്കുവാന്‍ വേണ്ട വൃക്ഷങ്ങളുടെ തൈകള്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്‍ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് ആവശ്യമാണ്. അരയാല്‍, പേരാല്‍, വാളന്‍പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ്, ചെമ്പകം എന്നിങ്ങനെ വന്‍ വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്‍സായിയാക്കി മാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്‍സായിയായി വളര്‍ത്താം എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എല്ലാം ഉണ്ടാകണമെന്നു മാത്രം.

രണ്ടു ഘട്ടങ്ങളായിട്ടാണ ബോണ്‍സായി ഉണ്ടാക്കുന്നത്. അദ്യഘട്ടത്തില്‍ ചെടിയുടെ തായ്‌വേര് മുറിച്ചുമാറ്റി ചട്ടികളില്‍ നടുകയാണ് വേണ്ടത്. ഈ ചട്ടികളില്‍ തുല്യ അളവില്‍ മണ്ണും ജൈവവളവും ചേര്‍ത്തുവേണം തൈകള്‍ നടുവാന്‍. പരന്ന പാത്രങ്ങളിലാണ് ഇവ നടേണ്ടത്. സിമന്റ്, തടി, പോഴ്‌സ്‌ലൈന്‍ എന്നിവ കൊണ്ടുള്ള പാത്രങ്ങളാണ് നല്ലത്. ജലനിര്‍ഗമനത്തിന് നാലഞ്ച് ദ്വാരങ്ങള്‍ വേണം. പാത്രത്തിന്റെ പൊക്കത്തിന്റെ എട്ടിലൊന്നുഭാഗം ചെറിയ ഓടുകഷണങ്ങള്‍ പാകണം. പകരമായി ചരലും മണലും ഉപയോഗിക്കാം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, ഇലകള്‍ അഴുകിപ്പൊടിഞ്ഞ മണ്ണ്, തരിയില്ലാത്ത മണല്‍ എന്നിവ സമമായി ചേര്‍ത്ത് പാത്രത്തിന്റെ പകുതിവരെ നിറയ്ക്കുക. അതിനുശേഷം ചെടികള്‍ പാത്രത്തിലേക്ക് നടാം. ഇവയ്ക്ക് സാധാരണ രീതിയില്‍ ജലസേചനവും വളവും നല്‍കി വളര്‍ത്തുക.

ചെടി അധികം ഉയരം വയ്ക്കാതെ വ്യാപിച്ച് വളരുകയോ ചെയ്യാതെ ശാഖമുറിച്ച് നിയന്ത്രിക്കണം. ഏകദേശം എട്ട് 10 വര്‍ഷത്തിന് ശേഷം ബോണ്‍സായി രണ്ടാം ഘട്ടം ആരംഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ചെടികളുടെ വളര്‍ച്ച നിരക്ക്  പരിശോധിച്ചാണ്.തൈകള്‍ക്ക് ആവശ്യത്തിന് വേരും ശാഖകളും വരുന്നതും ശ്രദ്ധിക്കണം. പരിശോധന തൃപ്തി കരമെങ്കില്‍ ആദ്യത്തെ ചട്ടിയില്‍ നിന്നും തൈകള്‍ഇളക്കിയെടുക്കണം. 

 പരന്ന് അധികം ഉയരമില്ലാത്ത ചട്ടികളില്‍ മൂന്ന് നാല്  വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. ഇത്തരത്തിലുള്ള ചട്ടിവേണം തിരഞ്ഞെടുക്കുവാന്‍. തൈയ്യുടെ വേരുകള്‍ ഇറങ്ങി നശിക്കാത്തവിധം ചട്ടികള്‍ ആവശ്യമാണ് ഇത്തരം ചട്ടികള്‍ വിപണിയില്‍ ലഭിക്കും. ചെടിയുടെ തായ്ത്തടിയുടെ വണ്ണം ചട്ടിയുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.

ചെടിയുടെ വളര്‍ച്ച നിയന്ത്രിക്കേണ്ടത് ചെറിയ നൂല്‍കമ്പികള്‍ ഉപയോഗിച്ചാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ അലുമിനിയം കമ്പിയോ ചെമ്പ് കമ്പിയോ ലംബമായി കടത്തിവിടുക. ശേഷം കമ്പി ഉള്‍പ്പടെ സുക്ഷിരങ്ങള്‍ ചെറിയ പ്ലാസ്റ്റിക് വലകഷണങ്ങള്‍ ഉപയോഗിച്ച് അടയ്ക്കുക. പഴയ ചട്ടിയില്‍ നിന്നെടുത്ത ചെടി അതിന്റെ വേരുകള്‍ പകുതിയോളം ചെത്തിമിനുക്കി പുതിയ ചട്ടിയില്‍ കൊള്ളുന്ന വിധത്തിലാക്കുക.

അതിന് ശേഷം ചട്ടിയുടെ ചുവട്ടില്‍ ചരല്‍ നിറഞ്ഞ കട്ടിയുള്ള മണ്ണ് നിരത്തുക. ചെടി അതിലേക്ക് ഉറപ്പിച്ച് നിറുത്തണം. ആവശ്യമില്ലാത്ത തളിരിലകളും ചില്ലകളും വെട്ടി മാറ്റണം. ശേഷം ലംബമായി നില്‍ക്കുന്ന കമ്പികൊണ്ട് ചെടിയുടെ തായ്ത്തടി വരിഞ്ഞുമുറുക്കുക. ശാഖകള്‍ ആവശ്യമുള്ള രീതിയില്‍ കമ്പികൊണ്ട് കെട്ടി നിയന്ത്രിക്കണം.

ചട്ടിയുടെ ബാക്കിയുള്ള സ്ഥലത്ത് ചാണകപ്പൊടി,മണല്‍ എന്നിവ നിറയ്ക്കാം. തണലിനും അലങ്കാരത്തിനുമായി ഇതിന് മുകളില്‍ പായല്‍ നിരത്തണം. അദ്യത്തെ രണ്ട് ആഴ്ച തണലില്‍ വെച്ച് നനച്ചതിന് ശേഷം പിന്നീട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. ഒപ്പം നനയ്ക്കുകയും വളപ്രയോഗവും നടത്താം. ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതിനു നല്ലത് സ്‌പ്രേയര്‍ ഉപയോഗിച്ച് ഇലകള്‍ നനയ്ക്കുന്നതാണ്.ഇങ്ങനെ 10 മുതല്‍ 20 വര്‍ഷം വരെ ചെടിയെ നിയന്ത്രിച്ച് വളര്‍ത്തണം. ഓരോ വര്‍ഷം കഴിയുമ്പോഴും ചെടിയുടെ ഭംഗി കൂടി വരുകയെയുള്ളു. വളര്‍ച്ചയ്ക്ക് അനുസരിച്ച് കമ്പി അഴിച്ചുകെട്ടണം.

20 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ ബോണ്‍സായി ചെടിക്കുള്ളത്. എന്നാല്‍ പലവലുപ്പത്തിലും ആകൃതിയിലും ബോണ്‍സായി ചെടികള്‍ ഉണ്ട്. ചൈനക്കാര്‍ ബോണ്‍സായിയുടെ ആകൃതിയെക്കാള്‍ ഉയരത്തിനായിരുന്നു പ്രധാന്യം കൊടുക്കുന്നത്. ബോണ്‍സായിയായി നട്ടുവളര്‍ത്തുന്ന ചെടികളില്‍ നിന്നു തന്നെ അതിന്റെ വംശഗുണമുള്ള പുതിയ ചെടികള്‍ സൃഷ്ടിച്ചെടുക്കാം. ലെയറിങ്ങാണ് ഇതിനായി നടത്തുന്നത്. 

 ലെയറിങ്ങിനായി ചെടിയുടെ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തില്‍ തൊലിമാറ്റിയ ശേഷം ഇവിടെ വളര്‍ച്ച ഹോര്‍മോണുകള്‍ തേച്ചുപിടിപ്പിക്കുക.ഈ ഭഗത്ത് ഒരു പ്ലാസ്റ്റിക് കവറിലിട്ട് അടിഭാഗം കെട്ടി പ്ലോട്ടിങ്ങ് മിശ്രിതം നിറയ്ക്കണം. കൂടിന്റെ മുകള്‍ ഭാഗം കെട്ടി ചെറിയ തുളകള്‍ ഇട്ട് നനയ്ക്കണം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വേരുകള്‍ ഉണ്ടാകും. അപ്പോള്‍ ചെടിയുടെ അടിഭാഗം മുറിച്ച് ഇവയെ പുതിയ ചെടിയാക്കിമാറ്റം.

ബോണ്‍സായികള്‍ വളരുംതോറുമാണ് ഭംഗി വര്‍ദ്ധിക്കുന്നത്.  ആല്‍ത്തറകളും ആല്‍വൃക്ഷങ്ങളും അതേരീതിയില്‍ ഉണ്ടാക്കുവാന്‍ കഴിയും. 2000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഇതിന് വില ലഭിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section