നമ്മുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും വച്ച് പിടിപ്പിക്കേണ്ട വിളയാണ് തക്കാളി. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ മുതലുള്ള കാലയളവ് തക്കാളി കൃഷി ചെയ്യാൻ മികച്ച സമയമാണ്. മണ്ണിൽ മാത്രമല്ല ഗ്രോബാഗുകളിൽ ചട്ടികളിലും തക്കാളി കൃഷി അനായാസം ചെയ്യാം. എന്നാൽ കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നത് തക്കാളിയിൽ കണ്ടുവരുന്ന കീടങ്ങളാണ്. ഇത്തരത്തിൽ തക്കാളിയിൽ കണ്ടുവരുന്ന കീടങ്ങളേയും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും ആണ് താഴെ നൽകുന്നത്.
കീടങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും
വെള്ളീച്ച
തക്കാളിയിൽ പ്രധാനമായും കണ്ടുവരുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ് വെള്ളീച്ച. ഇത്തരത്തിൽ വെള്ളീച്ച ആക്രമണം ചെടിയെ ബാധിക്കുമ്പോൾ ഇലകൾ മഞ്ഞളിപ്പ് ഉണ്ടാകുകയും പൂർണ്ണമായും ചെടി നശിക്കുകയും ചെയ്യുന്നു. വെള്ളീച്ച ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗം കാണപ്പെടുന്ന ചെടികളെ പൂർണ്ണമായും നശിപ്പിച്ചു കളയുകയാണ് നല്ലത്. കൂടാതെ ഇതിനെ പ്രതിരോധിക്കുവാൻ 20 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി 10 ദിവസം ഇടവിട്ട് കൃഷിയിടങ്ങളിൽ തളിക്കുന്നത് ഗുണകരമാണ്. അല്ലെങ്കിൽ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അതിരാവിലെയോ വൈകുന്നേരം സമയങ്ങളിലോ തളിച്ചു കൊടുക്കുന്നതും നല്ലതാണ്. കെണികൾ ഉപയോഗപ്പെടുത്തിയും വെള്ളീച്ച ആക്രമണം ഇല്ലാതാക്കാം. ഇതിനുവേണ്ടി മഞ്ഞ ബോർഡറിൽ ആവണക്കെണ്ണ തേച്ച് കൃഷിയിടങ്ങളിൽ തൂക്കി ഇട്ടാൽ മതി.
ചിത്രകീടം
പലപ്പോഴും തക്കാളിയുടെ ഇലകളിൽ ചിത്രം വരച്ച പോലെയുള്ള പാടുകൾ കാണപ്പെടാറുണ്ട്. ഇതുതന്നെയാണ് ചിത്ര കീടത്തിൻറെ ആക്രമണത്തെ സൂചിപ്പിക്കുന്ന പ്രഥമ ലക്ഷണം. ഇത്തരത്തിൽ പാടുകൾ കാണപ്പെടുന്ന ഇലകൾ പൂർണ്ണമായും നശിപ്പിച്ചു കളയണം. കൂടാതെ ഇതിനെ പ്രതിരോധിക്കുവാൻ ചെടി നട്ടു ഒരാഴ്ച കഴിഞ്ഞ് ഓരോ ചെടിക്കു ചുറ്റും 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കൂടാതെ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൽഷൻ തളിച്ചു കൊടുത്താൽ മതി.
നിമാവിരകൾ
വേരുകളെ ആക്രമിക്കുന്ന പ്രധാന കീടമാണ് നിമാവിര. നിമാവിര ഇല്ലാതാക്കുവാൻ മണ്ണിൽ സ്യൂഡോമോണസ് കൾച്ചർ ചേർക്കുന്നത് ഗുണം ചെയ്യും. ഇത് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ച് കൊടുത്താൽ മതി. കൂടാതെ കൃഷിയിടത്തിൽ ബന്ദി പൂക്കൾ ഇടവിളയായി കൃഷി ചെയ്യുന്നത് നല്ലതാണ്. ഇത് നിമാവിരകളുടെ ആക്രമണം മാത്രമല്ല ചെടികളെ ബാധിക്കുന്ന മറ്റു നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ ബന്ദി ചെടിയിലേക്ക് ആകർഷിക്കുകയും ഒരുപരിധിവരെ കീടങ്ങളുടെ ആക്രമണം കുറയ്ക്കുകയും ചെയ്യുന്നു.
മണ്ടരി
ഇലകളെ കാർന്നുതിന്നുന്ന പ്രധാനപ്പെട്ട മണ്ഡരി. എട്ടുകാലി വർഗ്ഗത്തിൽപ്പെട്ട ഇവ തക്കാളിയുടെ ഇലകൾ തവിട്ടുനിറത്തിൽ ആകുകയും, ചെടികൾ മുരടിച്ചു പോകുവാൻ കാരണമാകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുവാൻ കഞ്ഞിവെള്ളം നേർപ്പിച്ചു ഇലകളുടെ അടിഭാഗത്ത് സ്പ്രേ ചെയ്താൽ മതി. വൈകുന്നേര സമയങ്ങളിൽ കഞ്ഞിവെള്ളം ഇലകളിൽ തളിച്ചു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. സൂര്യപ്രകാശം അധികം ലഭ്യമാകുന്ന സമയങ്ങളിൽ കഞ്ഞി വെള്ളം സ്പ്രേ ചെയ്ത് നൽകുമ്പോൾ ചിലപ്പോൾ കഞ്ഞിവെള്ളം ബാഷ്പീകരിച്ചു പോകുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിരാവിലെയോ വൈകുന്നേര സമയങ്ങളിലോ കഞ്ഞിവെള്ളം സ്പ്രേ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ മണ്ഡരിയും വലകളും കഞ്ഞിവെള്ളത്തിൽ പറ്റിപ്പിടിച്ച് നശിച്ചുപോകുന്നു. കഞ്ഞി വളപ്രയോഗം നാല് ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ ആവർത്തിക്കുന്നതാണ് കൂടുതൽ ഫലപ്രദം.