തെങ്ങിൻ തൈ നടുന്ന രീതി | How to plant coconut saplings

coconut tree farming in kerala 04


തെങ്ങ് നടാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

             തെങ്ങുകൃഷി ചെയ്യുവാനായി തിരഞ്ഞെടുക്കുന്ന സ്ഥലം സന്ദർശിക്കുക. ആ സ്ഥലത്തിൻ്റെ പ്രത്യേകതകൾ ഒന്ന് നിരീക്ഷിക്കുക .അവിടെ മരങ്ങളും ,കുറ്റിച്ചെടികളും ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടാൽ നമുക്ക് തൈങ്ങിൻ തൈ നടാനായി തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ സ്ഥലത്ത് നല്ല സൂര്യപ്രകാശം കിട്ടുന്നുണ്ടോ എന്നു കൂടെ ശ്രദ്ധിക്കണം.തെങ്ങിൻ തൈ നടാൻ തിരഞ്ഞെടുത്ത  സ്ഥലം ഒരുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് അവിടത്തെ കുറ്റിച്ചെടികളും ,പാഴ് വൃക്ഷങ്ങളും ഉണ്ട് എങ്കിൽ അവ വെട്ടിമാറ്റുക എന്നതാണ്.കൃഷിയിടമൊരുക്കുമ്പോൾ ഭൂമിയുടെ കിടപ്പ് ,മണ്ണിൻ്റെ തരം ,ജലനിരപ്പ് തുടങ്ങിയവ കൃത്യമായി കർഷകൻ മനസിലാക്കിയിരിക്കണം .നിരപ്പില്ലാത്ത ഭൂമിയിലും കുന്നിൻചരിവിലും കൃഷി ചെയ്യുമ്പോൾ , ചരിവിനെതിരെ കോണ്ടൂർ വരമ്പുകളിട്ട് ഭൂമി തട്ടുകളായി നിരപ്പാക്കി വേണം, തെങ്ങുകൃഷിയാരംഭിക്കുവാൻ . വെള്ളം കെട്ടിനിൽക്കാനിടയുള്ള താഴ്ന്ന ഭൂമിയിൽ ഏകദേശം ഒരു മീറ്റർ ഉയരത്തിലുള്ള മൺകൂനകൾ ഉണ്ടാക്കി അതിനു മുകളിൽ നടുന്നതാണ് നല്ലതാണ്.

1) തെങ്ങിന് വളരാൻ യോജിച്ച തരം മണ്ണായിരിക്കണം കൃഷിയിടത്തിലുണ്ടാകേണ്ടത്. പശിമരാശി മണ്ണ്, എക്കൽ മണ്ണ് ,ചെമ്മണ്ണ്, മണ്ണാഴമുള്ള ചെങ്കൽമണ്ണ് ,മണലിന്റെ അംശം കൂടിയ തീരദേശമണ്ണ്, എന്നിവയിൽ  കേരവൃക്ഷം നന്നായി തഴച്ചുവളരുന്നു.

2) കൃഷിയിടത്തിലെ മണ്ണിന് 150 സെൻ്റീമീറ്റർ എങ്കിലും ആഴമുണ്ടാകണം. കാരണം 120 സെൻറീമീറ്റർ താഴ്ച്ചയിൽ വരെ തെങ്ങിൻ്റെ വേര് വളരുന്നതിനാൽ ,ഇളക്കമുള്ള മണ്ണ് ആവശ്യമാണ്. .

3) മണ്ണിനടിയിൽ രണ്ടു മീറ്റർ താഴ്ചയിലെങ്കിലും, പാറയും ഉറച്ച പ്രതലങ്ങളും ഉണ്ടാകുവാൻ പാടില്ല. അത് തെങ്ങിൻ്റെ വേരു വളർച്ചയെ പ്രതികൂലമാക്കും. 

4) കൃഷിയിടത്തിൽ ഭൂഗർഭ ജലവിതാനം ഒന്നര മീറ്ററിന് താഴെയായിരിക്കണം

5) മണ്ണിന് ഉയർന്ന നീർവാർച്ച ഉണ്ടായിരിക്കണം.

6) ജലനിർഗ്ഗമനശേഷി കുറഞ്ഞ സ്ഥലങ്ങളിൽ നാളികേര കൃഷി ഒഴിവാക്കുക.

8 ) മണ്ണിന് ഭേദപ്പെട്ട ഫലപുഷ്ടിഉണ്ടായിരിക്കണം .

9) മഴ തീരെ കുറവുള്ള സ്ഥലങ്ങളും തണുപ്പ് കൂടിയ ഹൈറേഞ്ച് പ്രദേശങ്ങലിലും നാളികേര കൃഷിക്ക് യോജിച്ചതല്ല.

10) കാടുപിടിച്ച സ്ഥലം ആണെങ്കിൽ അവ വെട്ടിതെളിച്ച് വൃത്തിയാക്കിയ ശേഷമെ തൈകൾ നടാൻ പാടുള്ളു. .

11) സാധാരണ കൃഷി സ്ഥലമാണെങ്കിൽ വലിയ തയ്യാറെടുപ്പ് ആവശ്യമില്ല. നേരിട്ട് കുഴികളെടുത്ത് നടാവുന്നതാണ്.

12) മണ്ണിനടിയിൽ കടുപ്പമുള്ള പാളി ഉണ്ടെങ്കിൽ, ഡിസംബർ മാസത്തിൽ തൈക്കുഴിയെടുത്ത് ഓരോ കുഴിയിലും 2 കിലോഗ്രാം വീതം കല്ലുപ്പ് ഇടുന്നത് നല്ലതാണ്.

13) ഭൂഗർഭ ജലവിതാനം വളരെ ഉയർന്നാണെങ്കിൽ ഇടയ്ക്ക് ചാലുകൾ കീറി ജലവിതാനം ഒന്നര മീറ്ററിലേക്ക് താഴ്ത്തുക .

14) വെള്ളക്കെട്ടുള്ള  സ്ഥലങ്ങളിൽ കൂനകളൊ ,ബണ്ടുകളോ തയ്യാറാക്കി അതിന് മുകളിൽ നടാവുന്നതാണ്.

തെങ്ങിൻ തൈ നടാനായി കുഴികൾ എടുക്കുന്ന രീതി.

   കൃഷിസ്ഥലത്തിലെ മണ്ണിൻ്റെ ഘടന ,ഭൂജലനിരപ്പ് എന്നിവയെ ആശ്രയിച്ചാണ് തൈ നടാനായി കുഴികൾ എടുക്കേണ്ടത്. ചെങ്കൽ മണ്ണിൽ 1.2 x 1.2x 1.2 മീറ്റർ വലിപ്പത്തിലാണ് കുഴിയെടുക്കേണ്ടത്. എക്കൽ മണ്ണ്, പശിമരാശി മണ്ണ് എന്നിവയിൽ കുഴിയുടെ വലിപ്പം 1x 1x 1 മീറ്ററായിരിക്കണം. തീരദേശ ഗ്രാമങ്ങളിലെ മണൽ മണിൽ 0.75 x 0.75 x 0.75 മീറ്ററാണ് വലിപ്പം .കുഴിയുടെ അകൃതി സമചതുരമാണ്. എന്നാൽ ചില പ്രദേശങ്ങളിൽ സിലണ്ടർ ആകൃതിയിലും കുഴികൾ എടുക്കാറുണ്ട്.. കുഴിയെടുക്കുമ്പോൾ കിട്ടുന്ന അടിമണ്ണ് കുഴിക്കു ചുറ്റുമിട്ട് ബണ്ടുണ്ടാക്കി ചവിട്ടി ഉറപ്പിയ്ക്കണം. മഴ പെയ്യുമ്പോൾ ഒഴുകിയെത്തുന്ന വെള്ളം തെങ്ങിൻ കുഴികളിൽ ഇറങ്ങി കെട്ടി നിന്നാൽ തൈകൾ അഴുകി പോകുവാനുള്ള സാദ്ധ്യത കൂടുതലാണ്. ആയതിനാൽ കുഴിക്കു ചുറ്റും ബണ്ട് വച്ച് തൈകൾക്ക് സംരക്ഷണം നൽകണം. കുഴികളിലേക്ക് നേരിട്ട് പതിക്കുന്ന മഴത്തുള്ളികൾ അപകടകാരികളല്ല. വെള്ളക്കെട്ടുള്ള സ്ഥലത്തും ഭൂജലനിരപ്പ് വളരെ ഉയർന്ന പ്രദേശങ്ങളിൽ മണ്ണുവെട്ടിപ്പൊക്കി കൂനകൂട്ടി നടാറുണ്ട്.തെങ്ങിൻ തൈ വളരുന്നതിനനുസരിച്ച് തൈക്കു ചുറ്റും മണ്ണിടുകയും ചെയ്യുന്നു.

തൈകൾ നടേണ്ട ആഴം

    60 സെൻ്റീമീറ്റർ ആഴത്തിലാണ് തെങ്ങിൻ തൈകൾ നടുന്നത്. തൈക്കുഴിയുടെ അടിഭാഗം കിളച്ച് കുഴിയുടെ ഉള്ളിൽ ഒരടി ഉയരത്തിൽ വളക്കൂറുള്ള മേൽമണ്ണ് വെട്ടിയിട്ട്. അതിനു നടുവിലായി ഒരു ചെറിയ കുഴിയെടുത്താണ് തെങ്ങിൻ തൈ നടുന്നത്. നട്ടു കഴിയുമ്പോൾ തൈയുടെ കീഴ്ഭാഗത്തുള്ള തേങ്ങ മുഴുവനായി മണ്ണിനടിയിൽ താഴ്ത്തിവയ്ക്കണം.നടുന്ന സമയത്ത് വളമൊന്നും ചേർക്കണമെന്ന് നിർബന്ധമില്ല.ചില കർഷകർ വീട്ടിൽ വിറകു കത്തിച്ച് കിട്ടുന്ന ചാരവും ,ചാണകവും ,കൃഷിയിടത്തിലെ കളകളുമൊക്കെ അടിവളമായി നൽകുന്നുണ്ട്.. മണൽ പ്രദേശങ്ങളിൽ കുഴിയുടെ അടിഭാഗത്ത് രണ്ടു നിര തൊണ്ട് മലർത്തി അടുക്കാറുണ്ട് .വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കൂനകളിൽ നട്ട തൈകൾക്ക് അവ വളർന്നു വരുന്നതിനനുസരിച്ച് ചുറ്റും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്. മണ്ണിലെ PH ക്രമീകരിക്കുന്നതിന് കുഴിയൊന്നിന് 250 ഗ്രാം മുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ഇടുന്നത് നല്ലതാണ്.കുമ്മായം ഇട്ട് 3 ദിവസം കഴിഞ്ഞ് തെങ്ങിൻ തൈകൾ നടാം . നടുമ്പോൾ കുഴിയിൽ പാകത്തിന്, നനവുണ്ടായിരിക്കണം. കുറച്ചു ദിവസത്തേക്ക് തെങ്ങോല കൊണ്ട് കിഴക്ക് പടിഞ്ഞാറ് ദിശയിൽ മറയ്ക്കുക.  കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന വെയ്ലിലെ തടഞ്ഞു നിർത്തി തണൽ നൽകുന്നത് നല്ലതായിരിക്കും.

   കേരളത്തിൽ തെങ്ങിൻ തൈകൾ നടുന്നതിന് ഏറ്റവും ജോജിച്ച സമയം മെയ് മാസമാണ്. കാലവർഷത്തിന് തൊട്ടുമുമ്പുള്ള വേനൽമഴ പെയ്ത് ഭൂമി തണുക്കുമ്പോൾ ,മെയ് മാസത്തോടെ തെങ്ങിൻ തൈകൾ നടാവുന്നതാണ്.തുടർന്ന് തൈകൾ നടുന്നതിനുള്ള യോജിച്ച മാസം സെപ്റ്റംബറാണ്.കനത്ത മഴ ലഭിക്കുന്ന മാസങ്ങളിൽ തൈ നടീൽ ഒഴിവാക്കേണ്ടതാണ്.

    തെങ്ങിൻ തൈകൾ നടാനായി എടുത്ത കുഴിയിൽ ഒരടി ഉയരത്തിൽ വളക്കൂറുള്ള മേൽമണ്ണടുക. അതിനു നടുവിലായി ചെറിയ കുഴിയെടുത്ത് തൈ നടാവുന്നതാണ്. തൈ നടുമ്പോൾ തേങ്ങയുടെ ഭാഗം മാത്രം മണ്ണിനടിയിൽ താഴ്ത്തിവയ്ക്കുക. ഇളകിയ മണ്ണ് തൈക്ക് ചുറ്റും ചെറുകൂന പോലെ കൂട്ടി ചവിട്ടി ഉറപ്പിയ്ക്കുക. തൈയുടെ കടഭാഗം മണ്ണിനടിയിൽ പോകാതെ ശ്രദ്ധിക്കണം. തൈകൾ വേരുപിടിച്ചു കിട്ടുന്നതുവരെ തണൽ നൽകുന്നത് നല്ലതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ നിന്നയച്ചുകൊടുക്കുന്നതും നല്ലതാണ്.

NB: നാളികേര കൃഷിയുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങളും ,സംശയങ്ങളും ,നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

തയ്യാറാക്കിയത് 

SK. ഷിനു (കൃഷി അസിസ്റ്റൻ്റ്)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section