'അവനെ പേടിച്ചാരും ആ വഴി നടപ്പീലാ'.. എന്ന് പറഞ്ഞ പോലെ കർഷകർ പപ്പായ കൃഷി നിർത്തുന്നതിന്റെ പ്രധാന കാരണം ഈ രോഗം തന്നെ. നാടൻ ഇനങ്ങൾക്കും മറുനാടൻ ഇനങ്ങൾക്കും ഈ രോഗം പിടിപെട്ട് കാണുന്നു.
ചെടികൾക്ക് വരുന്ന രോഗങ്ങളിൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്തവയാണ് വൈറസ് രോഗങ്ങൾ. വാഴയിലെ കോക്കാൻ (മാഹാളി ), പാവലിലെ മോസൈക്, വെണ്ടയിലെ നരപ്പ് (Yellow Vein Mosaic ),തക്കാളിയിലെ കുരുടിപ്പ് (Yellow Leaf Curl ), മരച്ചീനിയിലെ മോസൈക് (Cassava Mosaic ) എന്നിവയുടെ ശ്രേണിയിൽ ഇതാ പപ്പായയുടെ വട്ടപ്പുള്ളി രോഗവും.
നല്ല ആരോഗ്യത്തോടെ വളർന്ന് വരുമ്പോൾ പെട്ടെന്ന് ഇളം ഇലകളിൽ മോസൈക് പാറ്റേൺ ഉണ്ടാകുന്നു. ഇലകളുടെ വിരിവ് കുറഞ്ഞ്,കൂർത്ത്, നേർത്ത് വരുന്നു. (shoe string symptom ). കായ് പിടിക്കുന്നതിനു മുൻപാണ് രോഗബാധിതമാകുന്നതെങ്കിൽ പൂക്കൾ കായാകാതെ പോകുന്നു. കായ്കൾ ഉള്ള സമയത്താണ് രോഗം ബാധിക്കുന്നത് എങ്കിൽ കായ്കളിൽ വട്ടപ്പുള്ളികൾ ഉണ്ടാകുന്നു. ഇത്തരം കായ്കൾ വിളയുമ്പോൾ ചിലപ്പോൾ അഴുകൽ രോഗത്തിന് അടിപ്പെടുന്നു.
ഈ രോഗത്തിൽ നിന്നും സാധാരണ ഗതിയിൽ ചെടിയ്ക്ക് മോചനമില്ല. രോഗം പകരാതിരിക്കാൻ ചെടി പിഴുത് നശിപ്പിക്കണം. എവിടെയെങ്കിലും രോഗബാധിതമായി നിൽക്കുന്ന ചെടികളിൽ നിന്നും നീരൂറ്റി കുടിക്കുന്ന പ്രാണികൾ വഴിയാണ് രോഗ വ്യാപനം.
തയ്യാറാക്കിയത്
പ്രമോദ് മാധവൻ