പൂന്തോട്ടത്തിൽ ജമന്തി കൃഷി
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ പുഷ്പങ്ങളില്‍ ഒന്നാണ് ജമന്തി. ലളിതമായ കൃഷി രീതിയും ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതും ജമന്തി കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്. വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍ പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്, ഗോള്‍ഡ്, ഷോബോട്ട്, റെഡ് സെവന്‍സ്റ്റാര്‍ എന്നിവ ഇവയുടെ പ്രധാനയിനങ്ങളാണ്. പശിമയുള്ള മണ്ണിലാണ് കൂടുതലും ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശത്തിലും ജമന്തി കൃഷി ചെയ്യാം. പടശേഖരങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്‌സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്.
നഴ്‌സറിയില്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകാതെ നോക്കണം. 1.5×1.5 നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നഴ്‌സറികള്‍ ഉണ്ടാക്കേണ്ടത്. 30 കിലോഗ്രാം കാലിവളവും അര കിലോഗ്രാം രാസവളവും സംയോജിപ്പിച്ച് മണ്ണില്‍ നല്‍കണം.
വിത്തുകള്‍ 7.5 സെന്റിമീറ്റര്‍ അകലത്തില്‍ നിരകളായി വിതയ്ക്കണം. ഇവയെ കാലിവളം ഉപയോഗിച്ച് മൂടി നല്ലവണ്ണം ജലസേചനം നടത്തി മുളപ്പിച്ച ചെടികള്‍ ഒരു മാസത്തിനകം മാറ്റി നടണം.
നന്നയി കാലിവളം ചേര്‍ത്ത് ഒരുക്കിയ മണ്ണില്‍ വേണം കൃഷി ചെയ്യുവാന്‍. കൃഷിസ്ഥലത്ത് 112:60:60 എന്നതോതില്‍ എന്‍ പി കെ വളങ്ങള്‍ നല്‍കുന്നതും നല്ലതാണ്.
ഫ്രഞ്ച് മാരിഗോള്‍ഡ് 30X30 സെന്റിമീറ്റര്‍ അകലത്തിലും ആഫ്രിക്കന്‍ ഇനം 45X45 സെന്റിമീറ്റര്‍ അകലത്തിലും വേണം കൃഷിയിടത്തില്‍ നടുവാന്‍.
തൈകള്‍ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്ക്കണം. 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നൈട്രജന്‍ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്ക്കുകയും ആവശ്യമില്ലാത്ത ഇലകളും തലപ്പുകളും നുള്ളുകയും ചെയ്യണം. മണ്ണിന്‍റെ ഈര്‍പ്പം,കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതല്‍ ആറ് ദിവസം കൂടുമ്പോള്‍ നനയ്ക്കണം. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തലപ്പുകള്‍ നുള്ളുന്നത് നല്ലതാണ്. ഇത് തൈകള്‍ നട്ട് 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നടത്തണം.
കീടങ്ങളുടെ ആക്രമണം ജമന്തിക്ക് വളരെ കുറവാണ്. പുല്‍ച്ചാടികള്‍, തണ്ടുതുരപ്പന്‍ പുഴു എന്നിവ ചിലപ്പോള്‍ ആക്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍വാര്‍ച്ചക്കുറവുള്ള മണ്ണില്‍ വേര് ചീയലിന് കാരണമാകുന്നു.
വേരുചീയല്‍ തടയുന്നതിന് മാലത്തയോണ്‍,കാര്‍ബറില്‍ എന്നിവ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം. ചെടിയകലം പാലിക്കുകയും മണ്ണിന്റെ ഘടന അനുസരിച്ച് കൃഷിരീതികള്‍ അവലംബിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ നിന്നും ചെടിയെ സംരക്ഷിക്കാം.
തൈകള്‍ മാറ്റി നട്ട് രണ്ട് മാസത്തിന് ശേഷം പൂക്കള്‍ വിളവെടുക്കാം.പിന്നീട് തുടര്‍ച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ ഞെട്ടുകളോടെ വേണം വിളവെടുക്കുവാന്‍.
|
തയ്യാറാക്കിയത് Anoop Velur |