തെക്കേ അമേരിക്കയിൽ കപ്പലുകളടുത്ത് അവിടെ സ്പാനിഷ് സംഘങ്ങളെത്തിയതോടെ ഇൻകകൾ ശക്തി ക്ഷയിച്ചുതുടങ്ങി. അവർ മറ്റു സ്ഥലങ്ങളിലേക്കു പോയി. ആമസോണിനുള്ളിൽ അവർ പോയ അവസാന നഗരമായിരുന്നു പൈറ്റിറ്റിയെന്നാണ് പലരുടെയും വിശ്വാസം. സ്വർണവും വെള്ളിയും രത്നങ്ങളും മറ്റ് അമൂല്യവസ്തുക്കളും നിറയെയുള്ള ഈ നഗരം ആമസോൺ കാട്ടിൽ എവിടെയോ സ്ഥിതി ചെയ്യുന്നെന്ന് ചിലർ കരുതുന്നു. ഇതിനായുള്ള തിരച്ചിലും ശക്തമാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഒട്ടേറെ സാഹസികർ പൈറ്റിറ്റി തേടിയിറങ്ങിയിട്ടുണ്ട്. എന്നാൽ കിട്ടിയിട്ടില്ല. പല വിദഗ്ധരും പൈറ്റിറ്റിയെ കെട്ടുകഥയായി തള്ളുമ്പോൾ ചിലർ അങ്ങനെയങ്ങു വിടാൻ പാടില്ലെന്നാണു പറയുന്നത്. അതിനു കാരണമുണ്ട്. ഒട്ടേറെ മൺമറഞ്ഞ നഗരങ്ങളും ആദിമ പാർപ്പിട സങ്കേതങ്ങളുമൊക്കെ ആമസോണിൽ കണ്ടെത്തിയിട്ടുണ്ട് എന്നതിനാലാണ് അത്. ആമസോൺ മേഖലയിൽ പെടുന്ന ബൊളീവിയൻ കാടുകൾക്കുള്ളിൽ കഴിഞ്ഞ വർഷം ഒരു വൻനഗരം കണ്ടെത്തിയിരുന്നു. ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരത്തിന്റെ ശേഷിപ്പുകൾ ഹെലിക്കോപ്റ്ററിൽ ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണു തെളിഞ്ഞത്. നൂറ്റാണ്ടുകളായി കാടും പടലും വളർന്നു വനമേഖലയായി മാറിയിട്ടുണ്ട് ഈ നഗരം.
ബൊളീവിയയിലെ ലാനോസ് ഡി മോജോസ് മേഖലയിലാണ് ഈ ആദിമനഗരം വെട്ടപ്പെട്ടത്. ആദിമ തെക്കൻ അമേരിക്കൻ സംസ്കാരങ്ങളുടെ മുഖമുദ്രയായ പിരമിഡുകൾ, കനാലുകൾ, പ്രത്യേക ദിശയിൽ നിർമിക്കപ്പെട്ട കെട്ടിടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നു.ഇവിടെ പാർത്തിരുന്ന കാസറബെ എന്ന ആദിമ നാഗരിക ഗോത്രമാണ് ഇവ നിർമിച്ചതെന്ന് പിന്നീട് തെളിഞ്ഞു. എഡി 500 മുതൽ 1400 വരെയുള്ള കാലയളവിലാണ് ഈ ഗോത്ര സംസ്കൃതി ഇവിടെ പ്രബലമായിരുന്നത്. ഇന്നത്തെ കാലത്തെ ആമസോൺ വനത്തിന്റെ 1700 ചതുരശ്ര മൈലുകളോളം വിസ്തീർണത്തിൽ ഇവർ അധിവാസമുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഈ നഗരം പൈറ്റിറ്റിയാകാനുള്ള സാധ്യത ശാസ്ത്രജ്ഞർ തള്ളി. എന്നാൽ ഇത്തരം കണ്ടെത്തുകൾ സാഹസികർക്ക് ആശ പകരുന്നു. പല നഷ്ടനഗരങ്ങളെയും പോലെ പൈറ്റീറ്റിയും ഭാവനയിൽ നിൽക്കുകയാണ്. ഒട്ടേറെ സാഹസികരുടെ സ്വപ്നത്തെ അപഹരിച്ചുകൊണ്ട്.