ചുരുങ്ങിയ കാലത്തിനുള്ളിൽ വിളവെടുക്കാം, ഒപ്പം റബ്ബറിനേക്കാൾ ഇരട്ടി വിലയും. അധ്വാനവും പരിചരണച്ചെലവും നാലിലൊന്ന് മാത്രം. ജില്ലയുടെ കിഴക്കൻ മേഖലകളിലും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ മേഖലകളിലും റബ്ബർ പൂർണമായി വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് മാറിയ നിരവധി കർഷകരാണുള്ളത്.
റബ്ബറിന് ഇടവിളയാക്കിയവരും പൂർണമായി കവുങ്ങ് മാത്രം കൃഷിചെയ്തവരും നിരവധിയാണ്. തോട്ടങ്ങളുടെ അതിരുകളിലും കവുങ്ങുകൾ സ്ഥാനം പിടിച്ചു. ഉണങ്ങിയ കൊട്ടപ്പാക്കിന് 300-310 രൂപ വരെ വിലയുണ്ട്. പഴുത്ത അടയ്ക്കയ്ക്ക് അഞ്ചു രൂപയോളം കിട്ടും. ഹൈറേഞ്ച് മേഖലയിലെ വൻകിട തേയില തോട്ടങ്ങളിൽ പോലും കവുങ്ങുകൾ ഇടവിളയായി കൃഷിചെയ്തു തുടങ്ങി. പരമ്പരാഗത റബ്ബർ നഴ്സറികൾ പലതും തൈകളുടെ ഉത്പാദനം നാലിലൊന്നായി കുറച്ചു. പകരം ലക്ഷക്കണക്കിന് കവുങ്ങിൻ തൈകളാണ് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത്.
മംഗളയും കുള്ളനും പ്രിയം
മംഗള ഇനത്തിൽപെട്ട കവുങ്ങിനും കുള്ളൻ കവുങ്ങുകൾക്കുമാണ് കൂടുതൽ ആവശ്യക്കാരുള്ളത്. കൃഷിചെയ്ത് രണ്ടര മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഇവ കായ്ച്ചു തുടങ്ങും. തുടർന്നുള്ള വർഷങ്ങളിൽ വിളവ് ഇരട്ടിയാകും. നാടൻ കവുങ്ങുകളെ അപേക്ഷിച്ച് നാലിരട്ടിയിലേറെ ഉത്പാദനശേഷിയുമുണ്ട്. മുൻപ് അഞ്ച് രൂപ മുതൽ 10 രൂപയായിരുന്നു കവുങ്ങിൻതൈ വില. 30 മുതൽ 35 രൂപ വരെയാണ് ഇപ്പോൾ വില. മലബാർ മേഖലയിൽനിന്നാണ് ഇത്തരം കവുങ്ങിൻ തൈകൾ കൂടുതലായി മധ്യകേരളത്തിൽ എത്തിത്തുടങ്ങിയത്.
മികച്ച വരുമാനം ചുരുങ്ങിയ പരിപാലനം
മറ്റ് വിളകളിൽനിന്നു കവുങ്ങ് കൃഷിയെ ജനകീയമാക്കുന്നത് ചുരുങ്ങിയ പരിപാലനവും മികച്ച വരുമാനവുമാണ്. പ്രത്യേക പരിപാലനമോ സ്ഥിരം ജോലിക്കാരോ ആശ്യമില്ല. ഉടമയ്ക്ക് സ്വയം കൃഷിചെയ്യാം. കാലാവസ്ഥയും പ്രശ്നമല്ല. ആറടി അകലത്തിൽ തൈകൾ നട്ടുപിടിപ്പിക്കാം. ചുരുങ്ങിയ സ്ഥലങ്ങളിൽപോലും കവുങ്ങുകൾ നടാം.
ഏറ്റവും ലാഭകരം
കഷ്ടപ്പാടില്ലാതെ മികച്ച വരുമാനം നൽകുന്ന ഒരേയൊരു വിള കവുങ്ങാണ്. അഞ്ചു വർഷം മുൻപാണ് 250 തൈകൾ നട്ടത്. മൂന്നാം വർഷം മുതൽ വിളവ് ലഭിച്ചു. ഇപ്പോൾ ചുവട്ടിൽ കുരുമുളകും കൃഷിചെയ്യുന്നു. ഇരട്ടി ലാഭമുണ്ട്.
✍🏻 ജോസഫ് തോമസ് (കർഷകൻ)