ആരാണ് യഥാർത്ഥ കർഷകൻ? കാർഷിക മേഖലയിലെ തിരുത്തപ്പെടേണ്ട ചില കണക്കുകൾ | Pramod Madhavan

ആരാണ് പുരുഷന്മാരിൽ ഉത്തമൻ?

"പ്രസാദം വദനത്തിങ്കൽ, കാരുണ്യം ദർശനത്തിലും മാധുര്യം വാക്കിലും ചേർന്നുള്ളവനേ പുരുഷോത്തമൻ" എന്നാണ് കെ. സി. കേശവപിള്ള എഴുതിയത്.

അത് അദ്ദേഹത്തിന്റെ കാവ്യഭാവന. ഇത്തരം കാര്യങ്ങളിൽ ഓരോ ആളുകൾക്കും അവരുടേതായ അളവ് കോലുകൾ ഉണ്ടാകും. എന്നാൽ ആരാണ് കർഷകൻ എന്ന കാര്യത്തിൽ സൂചിന്തിതമായ ഒരു നിർവ്വചനം അനിവാര്യം. കാരണം കൃത്യമായി അതിനെ നിർവ്വചിച്ചാൽ കാർഷിക പദ്ധതികൾക്ക് ദിശാബോധം ഉണ്ടാകും. സർക്കാരിന്റെ പരിമിതമായ സാമ്പത്തിക സഹായങ്ങൾ അർത്ഥവത്തായി ഉപയോഗിക്കാൻ കഴിയും.

ഒരാളുടെ തൊഴിൽ എന്താണ് എന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്?

  1. അയാൾ തന്റെ സമയത്തിന്റെ മൂന്നിലൊന്ന് (എട്ട് മണിക്കൂർ ) ഏത് മേഖലയിൽ ആണ് ചെലവഴിക്കുന്നത് എന്നത് കണക്കിലെടുക്കാം.
  2. ഒരാളുടെ വരുമാനത്തിന്റെ സിംഹഭാഗം വരുന്നത് ഏത് തൊഴിലിൽ നിന്നാണ് എന്നതും കണക്കിലെടുക്കാം.

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പറയുന്നത് കേരളത്തിലെ 27 ശതമാനം ആളുകൾ കൃഷിയെ മുഖ്യവരുമാനമാർഗമായി കാണുന്നവരാണ് എന്നാണ്. അപ്പോൾ അവരുടെ എണ്ണം ഏതാണ്ട് ഒരു കോടിയോളം വരും. അത്യന്തം തെറ്റിദ്ധാരണാജനകമായ ഒരു കണക്കാണിത് എന്ന് പറയേണ്ടി വരും. ഇവിടെ ഒരു തെങ്ങുള്ള ആളെയും കർഷകനായി കാണുന്ന രീതിയാണ്. കൃഷിവകുപ്പിന്റെ AIMS എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർ ഏതാണ്ട് 42 ലക്ഷമാണ്. സ്വന്തമായി കൃഷിഭൂമി ഉള്ള കുടുംബങ്ങളിൽ ഏതാണ്ട് 27 ലക്ഷം കുടുംബങ്ങൾ പ്രതിവർഷം കൃഷി ചെയ്യാനായി 6000 രൂപ കഴിഞ്ഞ ആറ് വർഷമായി കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങുന്നുമുണ്ട്.

പക്ഷെ കൃഷിയിൽ തുടർച്ചയായി എട്ട് മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന, തന്റെ വരുമാനത്തിന്റെ ഗണ്യമായ പങ്കും കൃഷിയിൽ നിന്നും വരുന്ന കർഷകരെ പ്രത്യേകമായി കണ്ടെത്തണം. ക്ഷേമനിധി പോലെയുള്ള ക്ഷേമ പരിപാടികൾ അവർക്കായി മാത്രം നിജപ്പെടുത്തണം.

കൃഷിയെ ഗൗരവമായി കാണുന്നവരെ, മുൻപ് ഞാൻ സൂചിപ്പിച്ച രണ്ട് criteria പ്രകാരം പ്രത്യേകമായി അടയാളപ്പെടുത്തേണ്ടതുണ്ട്. അവർക്ക് മാത്രമായി കൃഷി വകുപ്പ് പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. തല്ക്കാല ലാഭത്തിനു വേണ്ടിയോ തെരെഞ്ഞെടുപ്പുകളിൽ മേൽക്കൈ കിട്ടാൻ വേണ്ടിയോ ഇതിൽ കലർപ്പ് വരുത്തുന്നത് ഈ മേഖലയെ തകർക്കുകയേയുള്ളൂ.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും മുഴുവൻ സമയ കർഷകരെ പ്രത്യേകമായി കണ്ടെത്തി അവരുടെ ഒരു database ഉണ്ടാക്കേണ്ടതുണ്ട്. ആ കണക്ക് പുറത്ത് വരുമ്പോൾ ചിലപ്പോൾ വകുപ്പിനെയും പൊതുസമൂഹത്തെയും അത് അതിശയിപ്പിക്കും. അത്രമേൽ കുറഞ്ഞ എണ്ണമാകാൻ സാധ്യതയുണ്ട്. അതിൽ നാണിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ പക്ഷം. കാര്യങ്ങളെ വ്യക്തതയോടെ കാണാത്തതാണ് നമ്മുടെ പ്രശ്നം. ദുരഭിമാനവും ദുർവ്വാശികളും നമ്മൾ വെടിയണം.

അത്തരം കർഷകർക്ക് പ്രത്യേക രെജിസ്ട്രേഷൻ നൽകണം. അവർക്ക് എല്ലാ Backward & Forward Linkage കളും തദ്ദേശ സ്വയം ഭരണ വകുപ്പും കൃഷി അനുബന്ധ വകുപ്പുകളും തരപ്പെടുത്തണം. ഭൂമി (തരിശായി കിടക്കുന്നവ ), തൊഴിലാളികൾ, യന്ത്രങ്ങൾ, വായ്പ, പരിശീലനങ്ങൾ, സാങ്കേതിക വിദ്യ, ഇൻഷുറൻസ്, ആവശ്യമായ ലൈസൻസുകൾ, വൈദ്യുതി, വെള്ളം, ജലസേചന സൗകര്യങ്ങൾ, വിപണന സഹായങ്ങൾ, സംഭരണ സംസ്കരണ സഹായങ്ങൾ എന്നിവ ഒരുക്കണം. ഇത് പ്രാഥമികമായി തദ്ദേശ സ്വയം ഭരണ വകുപ്പ് ഏറ്റെടുക്കണം. അതിന്റെ ഭരണ പരമായ ഏകോപനം കൃഷിവകുപ്പ് ഏറ്റെടുക്കണം. തദ്ദേശ തലത്തിൽ കൃഷിഭവൻ, മൃഗാശുപത്രി, ക്ഷീര വികസന വകുപ്പ്, VFPCK, മത്‍സ്യ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയൊക്കെ ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ ഒരു കമ്മീഷണറുടെ കീഴിൽ വരണം.

ഒറ്റ ഓഫീസിൽ നിന്നും കർഷകന് ആവശ്യമായ മുഴുവൻ സേവനങ്ങളും ലഭ്യമാക്കണം.

ഓരോ കർഷകനും ഉത്പാദിപ്പിക്കുന്ന മൂല്യം രേഖപ്പെടുത്തപ്പെടണം. അതിന് അനുസൃതമായ ഭരണകൂടപിന്തുണ അയാൾക്ക് ലഭിക്കണം.

കേരളത്തിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമോ സക്കീർ ഭായിക്ക്.....?

...ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം...

- പ്രമോദ് മാധവൻ
Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)

📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section