കാർഷിക മാലിന്യത്തിൽ നിന്ന് സമ്പത്ത് (Waste-to-Wealth): ഇന്ത്യയുടെ സർക്കുലർ ഇക്കോണമി സാധ്യതകൾ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കൃഷി നിർണ്ണായക പങ്കുവഹിക്കുമ്പോഴും, അത് ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഓരോ വർഷവും ഏകദേശം 350 ദശലക്ഷം ടൺ കാർഷിക മാലിന്യങ്ങളാണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൃത്യമായ രീതിയിൽ സംസ്‌കരിക്കാത്ത പക്ഷം ഈ മാലിന്യങ്ങൾ വായു, മണ്ണ്, ജലം എന്നിവയുടെ മലിനീകരണത്തിന് കാരണമാവുകയും കാലാവസ്ഥാ വ്യതിയാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഈ പ്രതിസന്ധിയെ മറികടക്കാനായി 'മാലിന്യത്തിൽ നിന്ന് സമ്പത്ത്' (Waste-to-Wealth) എന്ന നൂതനമായ കാഴ്‌പ്പാട് രാജ്യം നടപ്പിലാക്കി വരികയാണ്. പാഴായിപ്പോകുന്ന അവശിഷ്ടങ്ങളെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിഭവങ്ങളായി പുനർനിർമ്മിക്കുന്ന 'സർക്കുലർ ഇക്കോണമി' (Circular Economy) എന്ന സംവിധാനമാണിത്. ഉൽപ്പാദനത്തിന്റെ ഓരോ ഘട്ടത്തിലും മാലിന്യങ്ങൾ കുറയ്ക്കുക എന്ന തത്വത്തിലാണ് ഇത് അധിഷ്ഠിതമായിരിക്കുന്നത്.

സർക്കുലർ ഇക്കോണമിയുടെ ആറ് തത്വങ്ങൾ

കുറയ്ക്കുക (Reduce), പുനരുപയോഗിക്കുക (Reuse), പുനചംക്രമണം നടത്തുക (Recycle), പുതുക്കുക (Refurbish), വീണ്ടെടുക്കുക (Recover), നന്നാക്കുക (Repair) എന്നീ ആറ് തത്വങ്ങളാണ് സർക്കുലർ ഇക്കോണമിയുടെ അടിസ്ഥാനം.

2050-ഓടെ ഇന്ത്യയിലെ സർക്കുലർ ഇക്കോണമി വിപണിക്ക് 2 ട്രില്യൺ ഡോളർ മൂല്യം ഉണ്ടാകുമെന്നും ഇത് ഏകദേശം 10 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നതായും പിഐബി റിപ്പോർട്ട് ചെയ്യുന്നു. പ്രകൃതിയുടെ പുനരുൽപ്പാദന ശേഷിയെ മാതൃകയാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വൈക്കോൽ കത്തിക്കലും വൈദ്യുതി ഉൽപ്പാദനവും

വിളവെടുപ്പിന് ശേഷം ബാക്കിയാകുന്ന വൈക്കോലും മറ്റ് അവശിഷ്‌ടങ്ങളും പാടത്ത് തന്നെ കത്തിക്കുന്നത് മണ്ണിൻ്റെ ഫലഭൂയിഷ്ഠി കുറയ്ക്കുകയും വായു മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. എന്നാൽ, ഇവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ വർഷം തോറും 18,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇത്തരത്തിൽ ലഭിക്കുന്ന ജൈവ വളങ്ങൾ മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.

കന്നുകാലി മാലിന്യവും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

ഇന്ത്യയിലെ കന്നുകാലികളുടെ വലിയ എണ്ണം കണക്കിലെടുക്കുമ്പോൾ, അവയുടെ ചാണകവും മറ്റ് അവശിഷ്‌ടങ്ങളും വലിയൊരു മാലിന്യ സ്രോതസ്സാണ്. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത് പകർച്ചവ്യാധികൾ തടയുന്നതിനും ഒപ്പം ജൈവ വളങ്ങൾ നിർമ്മിക്കുന്നതിനും ഉപകരിക്കും. മൃഗങ്ങളുടെ അസ്ഥികൾ, തോൽ എന്നിവയിൽ നിന്ന് അധിക മൂല്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്.

ഭക്ഷ്യമാലിന്യങ്ങളും 'ബയോചാർ' സാധ്യതകളും

വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതും ഭക്ഷ്യമാലിന്യങ്ങളുടെ ശരിയായ സംസ്‌കരണവും ഈ ദൗത്യത്തിലെ പ്രധാന വശങ്ങളാണ്. വിപണികളിലും വീടുകളിലും പാഴാകുന്ന ഭക്ഷണം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മീഥെയ്ൻ വാതകം പുറത്തുവിടുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം മാലിന്യങ്ങളെ 'ബയോചാർ' (Biochar) പോലുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കും, ഇത് മണ്ണിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മരക്കഷണങ്ങൾ, കാർഷികവിളകളുടെ അവശിഷ്ടങ്ങൾ, ജൈവമാലിന്യം തുടങ്ങിയ ജൈവപദാർഥങ്ങൾ ഓക്‌സിജന്റെ അഭാവത്തിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഒരുതരം കരിയാണ് ബയോചാർ. ഇത് മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിക്കാനും കാർബൺ മണ്ണിൽ തന്നെ നിലനിർത്താനും സഹായിക്കുന്നു.

'ഗോബർധൻ' (GOBARdhan) പദ്ധതി

ഭാരത സർക്കാരിൻ്റെ 'ഗോബർധൻ' പദ്ധതി ഒരു നിർണ്ണായക ചുവടുവെപ്പാണ്. ചാണകം, കാർഷികാവശിഷ്ട‌ങ്ങൾ, ഭക്ഷ്യമാലിന്യങ്ങൾ എന്നിവയെ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി), ജൈവ വളം എന്നിവയാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുന്നു.

2026 ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ 51.4% ജില്ലകളിലും ഈ പദ്ധതി വ്യാപിച്ചു കഴിഞ്ഞു, 979 ബയോഗ്യാസ് പ്ലാന്റുകൾ നിലവിൽ പ്രവർത്തനക്ഷമമാണ്.

കാർഷിക അവശിഷ്ട സംസ്കരണം (Crop Residue Management)

കാർഷിക അവശിഷ്ടങ്ങളുടെ സംസ്കരണത്തിനായി വൻതുകയാണ് സർക്കാർ ചിലവഴിക്കുന്നത്. വൈക്കോലും മറ്റും പാടത്ത് കത്തിക്കുന്നത് ഒഴിവാക്കി അവയെ മണ്ണിൽ ചേർക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ശേഖരിക്കാനോ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

  • കർഷകർക്ക് ഇതിനായി ആവശ്യമായ യന്ത്രങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന 42,000 കസ്റ്റം ഹയറിങ് സെൻ്ററുകൾ ഇതിനോടകം സ്ഥാപിക്കപ്പെട്ടു.
  • കൂടാതെ, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് (AIF) വഴി ജൈവ വള നിർമ്മാണത്തിനും മറ്റ് സംസ്കരണ യൂണിറ്റുകൾക്കുമായി ഏകദേശം 850 കോടി രൂപയുടെ വായ്‌പകൾ അനുവദിച്ചിട്ടുണ്ടെന്നും പിഐബി വ്യക്തമാക്കുന്നു.
  • കാർഷിക മൂല്യവർദ്ധനവിനും വിളവെടുപ്പിന് ശേഷമുള്ള നഷ്‌ടം കുറയ്ക്കുന്നതിനുമായി സംഭരണശാലകൾ, കോൾഡ് സ്റ്റോറേജ് എന്നിവ നിർമ്മിക്കാൻ ഈ ഫണ്ട് സാമ്പത്തിക സഹായം നൽകുന്നു.

ജല മാനേജ്മെൻ്റും സുസ്ഥിര വികസന ലക്ഷ്യങ്ങളും

ജല മാനേജ്മെൻ്റിലും സർക്കുലർ ഇക്കോണമി തത്വങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഗാർഹിക-വ്യവസായ മാലിന്യ ജലം കൃഷിക്കും പൂന്തോട്ട പരിപാലനത്തിനുമായി പുനരുപയോഗിക്കുന്നത് 'ജൽ ശക്തി മിഷൻ' പ്രോത്സാഹിപ്പിക്കുന്നു. മഴവെള്ള സംഭരണവും ഭൂഗർഭജല റീചാർജിങും വഴി ജലലഭ്യത ഉറപ്പുവരുത്തുന്നത് കൃഷിയുടെ സുസ്ഥിരമായ നിലനിൽപ്പിന് അത്യാവശ്യമാണ്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഇന്ത്യയുടെ ഈ പ്രവർത്തനങ്ങൾ ചേർന്നുനിൽക്കുന്നു. വിശപ്പ് രഹിത ലോകവും സുസ്ഥിര കൃഷിയും ലക്ഷ്യമിടുന്ന SDG 2 ലേക്ക് ഇത് വലിയ സംഭാവനകൾ നൽകുന്നു.

Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)

📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section