കേരളത്തിലെ കാർഷിക സംരംഭകത്വം: എന്ത് കൊണ്ട് നാം പിന്നിലാകുന്നു? | Pramod Madhavan

ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നൊരു കാര്യം റബ്ബർ, ചില സുഗന്ധ വ്യഞ്ജനങ്ങൾ, ചക്ക, പൈനാപ്പിൾ പോലെയുള്ള ചില നാടൻ പഴങ്ങൾ എന്നിവ ഒഴിച്ചാൽ ബാക്കി എല്ലാ കാർഷിക വിളകളുടെയും കാര്യത്തിൽ വലിയ ഒരു ഉത്പാദന വിടവ് (Production Gap) കാണാൻ കഴിയും എന്നതാണ്. എന്തിന് നമ്മുടെ പ്രധാന കാർഷിക ഉത്പന്നമായ തേങ്ങയുടെ കാര്യത്തിൽപ്പോലും ഇത് കാണാം.

അതിന് കൃഷിവകുപ്പിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചരിത്രപരമായി അതങ്ങനെയാണ്. കേരളം എന്നും ഭക്ഷ്യവിളകളെക്കാൾ പ്രാധാന്യം നൽകിയത് നാണ്യവിളകൾക്ക് ആയിരുന്നു. കൊളോണിയലിസ്റ്റ് താല്പര്യങ്ങൾ അതായിരുന്നു. പിന്നാലെ വന്നവരും അതിൽ മാറ്റങ്ങൾ വരുത്തിയില്ല.

ഭൂവിനിയോഗ നയത്തിന്റെ അഭാവം

സംസ്ഥാന രൂപീകരണ സമയത്ത് തന്നെ ഒരു ഭൂവിനിയോഗ നയ (Land Use Policy) ത്തിന് രൂപം കൊടുത്തിരുന്നുവെങ്കിൽ കൃഷിഭൂമി ഇത്രയധികം കർഷികേതര ആവശ്യങ്ങൾക്കായി തരം മാറ്റം ചെയ്യപ്പെടില്ലായിരുന്നു. ആ നയത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സർവ്വേ നമ്പർ ഭൂമിയും അതതിന് നിർദ്ദേശിക്കപ്പെട്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിച്ചിരുന്നുവെങ്കിൽ അത് നോക്കി ഭൂമി വാങ്ങാൻ ജനങ്ങൾക്ക് കഴിയുമായിരുന്നു.

പല കാര്യങ്ങളിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇനിയും ഒരു ഭൂവിനിയോഗ നയം നടപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കും. ഓരോ തുണ്ട് ഭൂമിയും വാങ്ങുമ്പോൾ തന്നെ അത് വനഭൂമി, പട്ടയമില്ലാത്ത ഭൂമി, നിലം, കര എന്നൊക്കെ കൃത്യമായി രേഖപ്പെടുത്താൻ സംവിധാനം ഉണ്ടായിരുന്നുവെങ്കിൽ ഒരുപാട് പേർ പറ്റിയ്ക്കപ്പെടുമായിരുന്നില്ല. ഇപ്പോൾ പോലും കേരളത്തിൽ ഇത്തരത്തിൽ informed decision making, ഭൂമി വാങ്ങലിന്റെ കാര്യത്തിൽ ഇല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കേണ്ടി വരും. ഈ ഒരു സൗകര്യമില്ലായ്മ ഒരുപാട് തരം ഭൂമി പറ്റിയ്ക്കലിന് കാരണമായിട്ടുണ്ട്. ഇനി അത്തരം പരാതികൾ ഒരു സിവിൽ കോടതിയിൽ എത്തിയാലോ, ഒരു പുരുഷായുസ്സിൽ അതിൽ തീരുമാനവും ഉണ്ടാകില്ല. അതാണ് അവസ്ഥ.

മൂല്യവർദ്ധനയുടെ ആവശ്യകത

നമുക്ക് വിഷയത്തിലേക്ക് വരാം. സാധാരണ ഗതിയിൽ കഴിക്കാനുള്ള ഭക്ഷണ സാധനങ്ങൾ വേണ്ടത്ര ഉത്പാദിപ്പിച്ച ശേഷമാണ് മൂല്യവർധിത ഉത്പന്നങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ ആകേണ്ട കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുകയേയുള്ളൂ. പക്ഷേ നെല്ല്, എണ്ണയുടെ ആവശ്യത്തിനുള്ള നാളികേരം, മഞ്ഞൾ പോലെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ കാര്യത്തിൽ മൂല്യവർധന അനിവാര്യമാണ് താനും.

എന്ത് കൊണ്ടാണ് വേണ്ട ഗതിവേഗത്തിൽ കാർഷിക മൂല്യവർധന കേരളത്തിൽ നടക്കാത്തത്?

  1. സ്കൂൾ തലം മുതൽ പഠനവിഷയങ്ങളിൽ ഭക്ഷ്യസംസ്കരണം പോയിട്ട് കൃഷി പോലും ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് കുഞ്ഞുങ്ങൾ കൃഷിയെക്കുറിച്ച് മനസ്സിലാക്കേണ്ടത്? കൃഷിയുമായി നാഭീനാള ബന്ധം ചെറിയ പ്രായത്തിൽ തന്നെ ഉടലെടുക്കണം.
  2. ഉദ്യോഗസ്ഥൻ (Employee) ആകാനാണ് നമ്മുടെ പഠനം. തൊഴിൽ ദാതാവ് (Employer) ആകാൻ ആരും പഠിപ്പിക്കുന്നില്ല. "പപ്പനാവന്റെ പത്ത് ചക്രം" സമ്പാദിക്കുകയെന്നത് തന്നെയാണ് ഇന്നും മല്ലുക്കുഞ്ഞുങ്ങളുടെ ജീവിത ലക്ഷ്യം.
  3. ജീവിതത്തിൽ calculated risk എടുക്കേണ്ടതിനെക്കുറിച്ച് ആരും സ്‌കൂളുകളിലും കലാലയങ്ങളിലും പഠിപ്പിക്കുന്നില്ല. Safe ആയി ഒരു comfort zone സൃഷ്ടിച്ച് അതിൽ ജീവിക്കാനാണ് നമ്മുടെ കോച്ചിങ്. പിന്നെ എങ്ങനെ ഇവിടെ 'വെസ്സെനെസ്' നടക്കും. എങ്ങനെ സംരംഭകർ ഉണ്ടാകും?
  4. യുവതീ യുവാക്കളുടെ പേരിൽ അവരുടെ നല്ല കാലത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം മാതാപിതാക്കൾ നൽകുന്നില്ല. ആയതിനാൽത്തന്നെ പലപ്പോഴും ഒരു സംരംഭത്തിനു വേണ്ടി ബാങ്ക് വായ്പ എടുക്കാൻ അവർക്ക് കഴിയുന്നില്ല.
  5. വർഷം മുഴുവൻ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള കാർഷിക അസംസ്കൃത വസ്തുക്കൾ ഒരു ഇൻഡസ്ട്രിയ്ക്ക് താങ്ങാവുന്ന നിരക്കിൽ ഈ സംസ്ഥാനത്ത് ലഭ്യമല്ല. അത് അവരുടെ scale നെ ബാധിയ്ക്കുന്നു. പല സംരംഭകരും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കൊണ്ട് വരുന്നത്.
  6. വിപണിയിൽ ഉള്ള സമാനമായ മൂല്യവർധിത ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് ഒപ്പം പിടിച്ച് നിൽക്കാൻ പലപ്പോഴും നമ്മുടെ സംരംഭകർക്ക് കഴിയുന്നില്ല.
  7. Packing, packaging രീതികൾ പലപ്പോഴും കാലാനുസൃതമാകുന്നില്ല.
  8. വേണ്ടത്ര പരസ്യം നൽകാൻ പലപ്പോഴും സംരംഭകൻ ശ്രദ്ധിയ്ക്കുന്നില്ല. അല്ലെങ്കിൽ വലിയ കമ്പനികളോട് അക്കാര്യത്തിൽ മത്സരിക്കാൻ അവർക്ക് കഴിയുന്നില്ല.
  9. ഉത്പന്നങ്ങൾക്ക് വിദേശ വിപണികൾ ആവശ്യപ്പെടുന്ന safety, quality എന്നിവ ഉറപ്പ് വരുത്താൻ പലപ്പോഴും സംരംഭകർക്ക് കഴിയുന്നില്ല.
  10. ഉത്പന്നങ്ങളുടെ product integrity, Nutritional Integrity എന്നിവ നില നിർത്താൻ പലപ്പോഴും ഉത്പാദകർക്ക് കഴിയുന്നില്ല. ഉദാഹരണമായി, ഒരേയിനം മഞ്ഞൾ ഇനം തന്നെ തുടർച്ചയായി ഉപയോഗിച്ചാലേ ഒരേ നിലവാരം നില നിർത്താൻ കഴിയൂ. ഓരോ ദിവസവും കിട്ടുന്നത് വ്യത്യസ്തമായ ഇനങ്ങൾ ആണെങ്കിൽ അവയുടെ curcumin content വ്യത്യസ്തമായിരിക്കും.
  11. തന്റെ ഉത്പന്നത്തെ ശരിയായി വിപണിയിൽ position ചെയ്യാൻ പലർക്കും കഴിയുന്നില്ല. സാധാരണ ഉത്പന്നമാണോ ഔഷധമാണോ ഹെൽത്ത്‌ supplement ആണോ എന്ന് കൃത്യമായി position ചെയ്യാൻ സംരഭകന് കഴിയണം.
  12. ഉത്പന്നത്തിന്റെ വില പലപ്പോഴും ഒരു കസ്റ്റമറെ അത് വീണ്ടും വീണ്ടും വാങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ആകില്ല. പലപ്പോഴും ലോകത്തില്ലാത്ത വിലയായിരിക്കും ഈടാക്കുക.

ചുരുക്കത്തിൽ പദ്ധതികളുടെ കുറവോ സബ്‌സിഡികൾ ഇല്ലാത്തതോ ബാങ്കുകൾ വേണ്ടത്ര സഹായിക്കാത്തതോ അല്ല ഇവിടുത്തെ പ്രശ്നം. മുകളിൽ പറഞ്ഞ പലതുമാണ്. എന്നിരിക്കിലും ലോകവിപണിയിൽ മികച്ച ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന ഒരുപിടി ഭക്ഷ്യ സംസ്കരണ കമ്പനികൾ കേരളത്തിൽ നിന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. നിറപറ, പവിഴം, Eastern, മേളം, കിച്ചൻ ട്രെഷർസ് എന്നിങ്ങനെ നിരവധി ബ്രാൻഡുകൾ നല്ല നിലയ്ക്ക് ബിസിനസ്സ് നടത്തുന്നുണ്ട്.

വാൽക്കഷ്ണം

2006 ൽ കുടുംബശ്രീ മിഷനിൽ ജോലി ചെയ്യുമ്പോൾ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ T. K. Jose IAS പറഞ്ഞ ഒരു തമാശ ഓർക്കുന്നു. സർക്കാർ വകുപ്പുകൾക്ക് അക്കാലത്ത് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളുണ്ട്. ഗ്രാമവികസനം, നഗര വികസനം, വ്യവസായ വികസനം, വനിതാ ക്ഷേമം, പട്ടികജാതി, വർഗ്ഗ വികസനം പോലെയുള്ള വകുപ്പുകളിൽ പ്രത്യേകിച്ചും. അവരെക്കുറിച്ചാണ് പുള്ളി പറഞ്ഞത്. സംരഭത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു സർക്കാർ വകുപ്പ് "ഒരു കാലിയിൽ തുടങ്ങി നാൽക്കാലിയിൽ" എത്തും.

  • ഒരുകാലി: തയ്യൽ മെഷീൻ.
  • ഇരുകാലി: കോഴി, താറാവ്, കാട.
  • മുക്കാലി: ഓട്ടോ റിക്ഷ.
  • നാൽക്കാലി: പശു, ആട്, മുയൽ, പോത്ത്, എരുമ മുതലായവ.

ലോൺ കൊടുത്ത് ഇതൊക്കെ വാങ്ങിപ്പിക്കും. സബ്‌സിഡി നൽകും. കുറച്ച് നാൾ കഴിയുമ്പോൾ ഇതെല്ലാം ആർക്കെങ്കിലും വിൽക്കും. ചങ്കരൻ പിന്നേം തെങ്ങേൽ തന്നെ..

ആ നിലയിൽ നിന്നൊക്കെ നമ്മൾ ഏറെ മാറിക്കഴിഞ്ഞു. ഇവിടെ പഠിച്ചിട്ടും (??) ജോലിയില്ലാതെ (??) നിൽക്കുന്ന ITI, ഡിപ്ലോമ, B Tech, Food Technology, BSc(അഗ്രി ), Veterinary സയൻസ് തുടങ്ങിയ കോഴ്‌സുകൾ ഒക്കെ പഠിച്ചവർക്ക് വേണ്ടത്ര orientation നൽകിയാൽ ചിലരെങ്കിലും നല്ല സംരംഭകർ ആകാൻ സാധ്യതയുണ്ട്. വലിയ ഗ്യാരന്റിയൊന്നും ഇല്ല. (ഞെക്കി പഴുപ്പിക്കേണ്ട ഒന്നല്ല സംരഭകത്വം).

സ്വർഗീയ അബ്ദുൾ കലാം ജി പറഞ്ഞത് പോലെ "ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, ഉറക്കം കെടുത്തുന്നതാകണം സ്വപ്നം" എന്ന സത്യം യുവ തലമുറ മനസ്സിലാക്കണം.

ചിലരുടെ കാര്യം വരുമ്പോൾ ഉപയോഗിക്കാൻ പറ്റിയ ഒരു പഴഞ്ചൊല്ല് പൂർവ്വസൂരികൾ കണ്ടെത്തിയിട്ടുണ്ട്. "തേങ്ങാ പത്തരച്ചാലും താളല്ലേ കറി" എന്ന്.

- പ്രമോദ് മാധവൻ
Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)

📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section