മുപ്പത് സെന്റിൽ നിന്നാരംഭിച്ച വലിയ സ്വപ്നം; 8 ഏക്കറിലെ ഡ്രാഗൺ ഫ്രൂട്ട് വിപ്ലവം | Dragon Fruit Success Story Kerala

2021- ൽ 30 സെന്റിൽ ആരംഭിച്ച 150 ഡ്രാഗൺ ഫ്രൂട്ട് ചെടികൾ നട്ടാണ് ഡിഗോൾ തോമസ് തൻ്റെ പുതിയ കൃഷി പ്രയാണം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ചെടികൾ മികച്ച വളർച്ച കാണിച്ചതോടെ ആത്മവിശ്വാസം വർദ്ധിച്ചെങ്കിലും, വേനൽക്കാലം എത്തിയതോടെ യഥാർത്ഥ വെല്ലുവിളി ആരംഭിച്ചു. ജലക്ഷാമം ചെടികളുടെ നിലനിൽപ്പിന് ഭീഷണിയായി.

പരമ്പരാഗത ജലസേചന രീതി ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കിട്ടാതെ ചെടികൾ ക്ഷീ‌ണിച്ചു. അതിനൊപ്പം തന്നെ കൃത്യമായ നനയ്ക്കായി തൊഴിൽ ചെലവും കുത്തനെ ഉയർന്നു. ഈ അവസ്ഥയിൽ പഴയ രീതിയിൽ പിടിച്ചു നിൽക്കുന്നത് അപകട കരമാണെന്ന് തിരിച്ചറിഞ്ഞ ഡിഗോൾ ആധുനിക കൃഷി സാങ്കേതിക വിദ്യകൾ പഠിക്കാൻ തീരുമാനിച്ചു.

തുള്ളിനനയിലേക്കുള്ള പ്രയാണം

ആദ്യമായി കൃഷിയുടെ നൂതന സങ്കേതങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അതിലൂടെയാണ് തുള്ളിനനയെപ്പറ്റി അറിയുന്നത്.

തുള്ളിനനയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ. ഡിസൈൻ, ജല നിയന്ത്രണം. വളപ്രയോഗം എന്നി വയെക്കുറിച്ച് കൂടുതൽ വ്യക്തത നേടുന്നതിനായാണ് വയനാട് കൃഷി എഞ്ചിനിയറിംഗ് ഓഫിസിൽ ഡിഗോൾ എത്തുന്നത്. RKVY-PDMC (Per Drop More Crop) എന്ന സർക്കാർ പദ്ധതി യുടെ പിന്തുണയോടെ അത്യാധുനിക ഡ്രിപ്പ് സിസ്റ്റം സ്ഥാപിക്കാൻ കഴിയുമെന്ന് ഡിഗോളിന് മനസ്സിലായി.

ഒരു ഹെക്ടർ 62 സെന്ററിൽ ഡ്രിപ്പ് ഇറിഗേഷൻ

RKVY-PDMC പദ്ധതിയുടെ ഭാഗമായി ഏകദേശം 1 ഹെക്ടർ 62 സെൻ്റ് സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കായി പൂർണമായും ശാസ്ത്രീയ രൂപകൽപനയിലൂടെ ഡിസൈൻ അനുസരിച്ച് തുള്ളിനന സംവിധാനം സ്ഥാപിക്കാൻ ഡിഗോളിന് സാധിച്ചു. പദ്ധതിയിൽ നിന്ന് 55 ശതമാനം സബ്സിഡി ലഭിച്ചതോടെ തുടക്കച്ചെലവ് ഗണ്യമായി കുറഞ്ഞു. വളരെ കുറഞ്ഞ ചെലവിൽ ഒരു ആധുനിക ജലസേചന സംവിധാനം പൂർത്തിയാക്കാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ കൃഷിക്ക് വലിയ തിരിച്ചുവരവായി.

ഡ്രിപ്പ് സംവിധാനം പ്രവർത്തനം തുടങ്ങിയതോടെ കൃഷിയിടത്തിൽ പ്രത്യക്ഷമായ മാറ്റങ്ങൾ അനുഭവപ്പെട്ടു. ഓരോ ചെടിക്കും ആവശ്യമായ അളവിൽ ശരിയായ സമയത്ത് ശരിയായ സ്ഥാനത്ത് വെള്ളം ലഭിക്കുന്നതോടെ വളർച്ച ഏകികൃതമായി. അമിത നനവ് ഒഴിവായതോടെ ഫംഗസ് പോലുള്ള രോഗങ്ങൾ വൻതോതിൽ കുറയുകയും ചെയ്തു.

മുൻകാല ജലസേചന രീതി വഴി വേണ്ടിവന്നിരുന്ന ജലത്തിന്റെ അളവിനെ അപേക്ഷിച്ച് 50 മുതൽ 60 ശതമാനം വരെ ജലം ലാഭിക്കാൻ തുള്ളിനന സംവിധാനം സഹായിച്ചു. ചില സമയങ്ങളിൽ ഈ ലാഭം 70 ശതമാനം വരെ എത്താറുണ്ട്. ഇതുവഴി വേനൽക്കാല ത്ത് ജലക്ഷാമ ഭീഷണി കൃഷിയെ ബാധിക്കാതെ സുരക്ഷിതമാക്കാൻ സാധിച്ചു.

അവനി: എട്ട് ഏക്കറിലെ സുസ്ഥിര കൃഷിയിടം

ഇന്ന് ഡിഗോൾ തോമസിന് പയ്യമ്പള്ളി, വയനാട് പ്രദേശത്ത് ആകെ 8 ഏക്കർ ഭൂമിയാണ് കൈവശമുള്ളത്. ഇതിൽ ഭൂരിഭാഗവും വർഷങ്ങളായി കൃഷിക്കായി ഉപയോഗിക്കുന്നതാണ്. മണ്ണിന്റെ സ്വഭാവം കളിമണ്ണും മണലും ചുവന്ന മണ്ണായതിനാൽ നല്ല നിർവാർച്ചയുള്ള സ്ഥിരമായ ഉത്പാദനത്തിന് അനുയോജ്യമായ പ്രദേശമാണിത്.

ഇപ്പോൾ ഈ കൃഷിയിടത്തിൽ മംഗോസ്റ്റീൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, ഞാലിപ്പൂവൻ, വാഴ തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ദീർഘകാല വരുമാന സമ്പ്രദായത്തിലേക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ ഡിസൈൻ ചെയ്ത ബഹുവിളകൃഷി മാതൃ കയാണ് ഇവിടെ അനുവർത്തിക്കുന്നത്.

സുഹൃത്തുമായി ചേർന്ന് അവനി എന്ന പേരിലാണ് ഈ പാർട്ട്‌ണർഷിപ്പ് ഫാം നടത്തുന്നത്.

ജലോപയോഗത്തിന്റെ മികച്ച മാതൃക

വേനൽക്കാലത്ത് ചെറിയതോതിൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശ മാണിത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഡിഗോൾ തന്റെ കൃഷിയിടത്തിൽ കുളവും കൃത്യമായ ജലനിയന്ത്രണ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത് ഇതോടൊപ്പം തുള്ളിനന സംവിധാനവും ചേർന്നതോടെ ജലത്തെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്ന ഒരു കൃഷിയിടമായി ഇത് മാറുകയാണ്.

ഡിഗോളിനിഷ്ടം ഡ്രാഗൺ ഫ്രൂട്ട്

ഡ്രാഗൺ ഫ്രൂട്ട് കൃഷി തിരഞ്ഞെടുക്കാൻ ഡിഗോൾ തോമസിനെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങൾ ഇതാണ്:

  • ആദ്യ വിളവെടുപ്പ് 8 മാസം മുതൽ 1 വർഷത്തിനകം.
  • വർഷങ്ങളോളം സ്ഥിര ഉത്പാദനം നൽകുന്ന ഉയർന്ന മൂല്യമുള്ള വിള.
  • കുറച്ചു വെള്ളം മാത്രം ആവശ്യം.
  • വിപണിയിൽ സ്ഥിര വില - കിലോക്ക് 100 രൂപ മുതൽ 150 വരെ.
  • ശരിയായ പരിപാലനത്തിലൂടെ ഏക്കറിൽ 10 മുതൽ 12 ലക്ഷം രൂപ വാർഷിക വരുമാനം.
ഡിഗോളിന്റെ വിലയിരുത്തലിൽ തുള്ളിനന സംവിധാനം നൽകുന്ന പ്രധാന ഗുണങ്ങൾ ഇവയാണ്:
  • വെള്ളം ഒരു തുള്ളിയും പാഴാകുന്നില്ല.
  • ഓരോ പോസ്റ്റിനും ആവശ്യത്തിന് മാത്രം വെള്ളം ലഭിക്കുന്നു.
  • പോസ്റ്റുകൾക്കിടയിൽ കാടുകെട്ടൽ വൻതോതിൽ കുറയുന്നു.
  • വളം നേരിട്ട് വേരിൽ എത്തിക്കാൻ കഴിയുന്നു.
  • ഇലകളിൽ വെള്ളം വീഴാത്തതിനാൽ ഫംഗസ് രോഗങ്ങൾ കുറയും. ഒരേപോലെ സ്ഥിരമായ വളർച്ചയും, ഒരേപോലെ വിളവെടുപ്പും സാധ്യമാകും.

ശാസ്ത്രീയ പരിപാലനം - വിജയത്തിനാധാരം

ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിൽ ഡിഗോൾ പാലിക്കുന്ന പ്രധാന പരിപാലന മുറകൾ:

  • പോസ്റ്റുകൾ ഉറപ്പോടെയും സ്ഥിരമായും സ്ഥാപിക്കൽ.
  • 3-4 പ്രധാന തണ്ടുകൾ മാത്രം നില നിർത്തുന്നു.
  • 45 ദിവസത്തിലൊരിക്കൽ പ്രൂണിങ്.
  • 15-20 ദിവസത്തിലൊരിക്കൽ ജൈവ രാസവള പ്രയോഗം.
  • പൂവിടൽകാലത്ത് ചെറിയ നന.
  • പുതയിടലിലൂടെ കള നിയന്ത്രണം.
  • സ്ഥിരമായ രോഗകീട നിരീക്ഷണം.
കൂടുതൽ വിവരങ്ങൾക്ക്:
ഡിഗോൾ തോമസ്
📞 7012661716
Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)

📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section