സ്വാഭാവിക റബ്ബറിന്റെ ഭാവി ശോഭനം | പ്രമോദ് മാധവൻ



സ്വാഭാവിക റബ്ബറിന് (Natural Rubber ) ഏറ്റവും വലിയ വെല്ലുവിളി കൃത്രിമ റബ്ബറാണ്. എന്നാൽ കൃത്രിമ റബ്ബർ ഉണ്ടാക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നാണ്. പ്രധാനമായും നാഫ്തയിൽ നിന്നും.


 ക്രൂഡ് ഓയിൽ ആദ്യം ശുദ്ധീകരിച്ച് നാഫ്തയുണ്ടാക്കുന്നു. നാഫ്തയും പ്രകൃതി വാതകവും കൂട്ടിച്ചേർത്ത് ബ്യൂട്ടാഡീൻ, സ്റ്റൈറീൻ, ഐസോപ്രീൻ എന്നീ മോണോമെറുകൾ ഉണ്ടാക്കുന്നു. അതിന് ശേഷം ഉൽപ്രേരകങ്ങളുടെ സഹായത്തോടെ അതിനെ പോളിമർ സംയുക്തങ്ങളാക്കുന്നു. ഇത് റബ്ബറിന് തത്തുല്യമായ വസ്തു ആകുന്നു.


പക്ഷേ ഈ പ്രക്രിയ വലിയ അളവിൽ കാർബൺ വമനത്തിന് കാരണമാകുന്നു. ഒരു കിലോ കൃത്രിമ റബ്ബർ ഉണ്ടാക്കാൻ രണ്ടര കിലോ കാർബൺ ഡയോക്‌സൈഡ് തുല്യം (CO2 Equivalent) വമനം ഉണ്ടാകും. മാത്രമല്ല ഈ ഉത്പാദന പ്രക്രിയയിൽ അപകടകാരികളായ നിരവധി രാസവസ്തുക്കളും അന്തരീക്ഷ മലിനീകരണകാരികളായ അജൈവ മാലിന്യങ്ങളും ഉണ്ടാകുന്നു.


എന്നാൽ സ്വാഭാവിക റബ്ബർ ഉത്പാദനം ഒരു കാർബൺ സങ്കലന (Carbon Farming) പ്രക്രിയയാണ്. ഒരു ദീർഘകാലവിളയായ റബ്ബർ വലിയ അളവിൽ കാർബണിനെ സ്വന്തം തടിയിൽ സംഭരിച്ചു വച്ച് അന്തരീക്ഷത്തെ രക്ഷിക്കുന്നു. അതിന്റെ കൊഴിഞ്ഞു വീഴുന്ന ഇലകൾ മണ്ണിൽ കാർബൺ സമ്പുഷ്‌ടീകരിക്കുന്നു.ആയതിനാൽ ആ ഉത്പാദന പ്രക്രിയ സുസ്ഥിരമാണ്. പക്ഷെ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വലിയ വെല്ലുവിളികളെ നേരിടാൻ കഴിയണം.


പക്ഷേ, ജൈവ കാർബൺ സ്രോതസ്സുകൾ (ബയോ എഥനോൾ )പോലെയുള്ളവ ചെലവ് കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ നാഫ്തയിലുള്ള ആശ്രിതത്വം കുറയ്ക്കാം. Carbon Capture & Utilization (CCU) വഴി അന്തരീക്ഷത്തിൽ നിന്നും നേരിട്ട് കാർബൺ ഡയോക്സൈഡിനെ കുടുക്കുന്ന രീതിയിൽ, പുനരുപയോഗ രീതിയിൽ ലഭ്യമാകുന്ന ഹൈഡ്രജനുമായി ചേർത്ത്  ബ്യൂട്ടഡിൻ ഉത്പാദിപ്പിക്കാൻ ഗവേഷകർക്ക് ചുരുങ്ങിയ ചെലവിൽ സാധിച്ചാൽ വീണ്ടും റബ്ബറിന് തിരിച്ചടിയാകും. പക്ഷേ അതത്ര എളുപ്പമല്ല.


വാൽക്കഷ്ണം :വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, കേരളം കഴിഞ്ഞാൽ ഇന്ത്യയുടെ "റബ്ബറള'ങ്ങൾ ആവുകയാണ്.നിലവിൽ ത്രിപുര, അസം, മേഘാലയ, നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഏതാണ്ട് ഒന്നര ലക്ഷം ഹെക്റ്ററിൽ റബ്ബർ കൃഷി ചെയ്യുന്നുണ്ട്. അവിടെ ഇനിയും വിസ്തൃതി കൂടും.


 അതെ സമയം ഇങ്ങ് കേരളത്തിൽ റബ്ബർ കൃഷി കുറയുകയാണ്. ഇവിടെ ചെറുകിട കർഷകൻ കൂടുതൽ ലാഭ സാദ്ധ്യത(??) കളുള്ള ഫലവർഗ കൃഷികളിലേക്ക് ചുവട് മാറുകയാണ്.

പ്ലാന്റേഷൻ നിയമത്തിൽ അയവ് വരുത്തിയാൽ വൻകിടതോട്ടങ്ങളും വൈവിധ്യവത്കരണത്തെ പുൽകും.


 2012 ലെ വിലയിടിവിന് ശേഷം കേരളത്തിൽ റബ്ബർ പഴയ റബ്ബറല്ല. മാത്രമല്ല ചെറിയ തോട്ടങ്ങളിൽ പോലും വീട്ടച്ഛനും വീട്ടമ്മയും റബ്ബർ ടാപ്പിംഗ് ഏറ്റെടുക്കാൻ തയ്യാറല്ല. വീട്ടുമക്കൾക്ക് മൊബൈലിൽ നിന്നും കയ്യെടുക്കാൻ നേരവുമില്ല. തൽഫലമായി റബ്ബറിന്റെ പുന:കൃഷി കുറയും. (ലോക ബാങ്ക് പദ്ധതിയായ KERA യിൽ 30000 ഹെക്ടർ സ്ഥലത്ത് പുന:കൃഷി നടത്താൻ ആറ് ജില്ലകളിൽ ആകർഷമായ പാക്കേജ് ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല ). വാർദ്ധക്യം ബാധിച്ച തോട്ടങ്ങൾ, ടാപ്പിംഗ് നടത്താൻ ആളില്ലാത്ത അവസ്ഥ, യുവാക്കളുടെ നാട് വിടലും നിസംഗതയും, വിലയുടെ അസ്ഥിരത, വിദേശ പഴവർഗവിളകളുടെ പ്രലോഭനം എന്നിവയെല്ലാം റബ്ബറിന് ഭീഷണി സൃഷ്ടിക്കുന്നു. "ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകും" എന്ന ചൊല്ലിനെ അന്വർത്ഥമാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ മഹാലക്ഷ്മിയായി റബ്ബർ മാറുന്നു. അവിടുത്തെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ അത് സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ നാളെ അവിടെ നിന്നും ടാപ്പിംഗ് പരിശീലനം സിദ്ധിച്ച യുവതീയുവാക്കൾ കേരളത്തിലെ എസ്റ്റേറ്റുകൾ ഏറ്റെടുത്തേക്കാം.


രാജ്യത്തിനും വ്യവസായമേഖലയ്ക്കും അത് ശുഭവാർത്ത തന്നെയാണ്. കേരളത്തിൽ കുറഞ്ഞാലും രാജ്യത്തിന്റെ ഉത്പാദനം കുറയില്ല.


ഇന്ത്യയിൽ ആവശ്യമായ റബ്ബറിന്റെ 60 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. നാല്പത് ശതമാനം ഇറക്കുമതിയാണ് എന്നതും ഓർക്കണം.


All's Well That Ends Well...

പ്രമോദ് മാധവൻ

Green Village WhatsApp Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section