കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ തേച്ചാൽ..? | Bath before oil

ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യ രഹസ്യമാരാഞ്ഞപ്പോൾ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തൽ. നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവർ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്, നന്നായി വിയർത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയിൽ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കർഷത പാലിച്ചിരുന്നു. മരുന്നുകൾ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീർക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ.



എങ്ങനെ കുളിക്കണം...?

തേച്ചുകുളി എന്നാൽ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാൽ നിറുകയിൽ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിത പ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീ ഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയിൽ താഴുന്നതാണു നീർക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളിൽ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്ടുള്ളവർ പതിവായി നിറുകയിൽ എണ്ണതേച്ചു കുളിച്ചിരുന്നു. എണ്ണ നിറുകയിൽ തേച്ചു ശീലിച്ചാൽ വെള്ളവും വിയർപ്പും നിറുകയിൽ താഴില്ല, നീർക്കെട്ടും പനിയുമുണ്ടാകുകയുമില്ല.

പച്ച വെളിച്ചെണ്ണ തേയ്ക്കാമോ....?

ജലാംശമില്ലാത്ത എണ്ണയാണു നിറുകയിൽ തേക്കണ്ടേത്. പച്ചവെളിച്ചെണ്ണയിൽ ജലാംശമുണ്ട്. അതുകൊണ്ടാണ് എണ്ണ തേച്ചാൽ നീരിറക്കമുണ്ടാകും എന്ന അനുഭവവും ഭയവുമുള്ളത്. വെയിലത്തു വച്ചു ചൂടാക്കിയതോ ചുമന്നുള്ളിയും തുളസിക്കതിരും ചതച്ചിട്ടു മുറുക്കിയതോ രോഗാനുസൃതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയിൽ തേക്കുന്നത്. നീർപിടുത്തമുള്ള എണ്ണ നിറുകയിൽ തേച്ചാൽ നീർക്കെട്ടുണ്ടാകുകയില്ലെന്നു മാത്രമല്ല, ശരീരത്തെവിടേയുമുള്ള നീർക്കെട്ട് വലിഞ്ഞ്, വിട്ടുമാറാത്ത ജലദോഷം ,തലവേദന, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ആസ്മ, അലർജി, സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും.

കുളിക്കാൻ നല്ല സമയമേത്....?

കുളിക്കു കേരളീയർ മിടുക്കരാണെങ്കിലും ശാസ്ത്രജ്ഞാനമില്ലാത്ത കുളി അനാരോഗ്യത്തിനിടയാക്കുകയാണിവിടെ! രാവിലെയോ വൈകുന്നേരമോ സന്ധ്യയ്ക്കോ ആണു കുളിക്കാവുന്ന സമയം. രാവിലത്തെ കുളി വിശേഷിച്ചും ആയുസ്സും ആരോഗ്യവും ഉണർവും ഉന്മേഷവും ഉണ്ടാക്കും. നട്ടുച്ചയ്ക്കും പാതിരാത്രിയിലും കുളി പാടില്ല. ആഹാരം കഴിച്ചിട്ടുപോയി കുളിക്കരുത്. എപ്പോഴും തലയാണ് ആദ്യം കുളിക്കേണ്ടത്. തലയിൽ തണുത്ത വെള്ളമേ പാടുള്ളു. തല തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം ദേഹം ചൂടുവെള്ളം കൊണ്ടു കുളിക്കണം. ആദ്യംദേഹം കുളിച്ചാൽ ദേഹത്തിലെ ചൂടു തലയിലേക്കു പ്രവഹിക്കുമെന്നതു മുടികൊഴിച്ചിലിനും തലവേദനയ്ക്കും അനാരോഗ്യങ്ങൾ ക്ക് എല്ലാം കാരണമാകും. തലയിൽ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷകരമാണ്. ഒരു വട്ടംകൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു വേണം കുളിനിർത്താൻ.




ദേഹത്ത് എണ്ണ തേക്കുമ്പോൾ 
എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത് ശരീര പുഷ്ടിക്കും ക്ഷീണം കുറയാനും നല്ലതായതിനാൽ ദിവസവും ചെയ്യാം. നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം. ചെവിയിൽ എണ്ണ തേക്കുന്നത് കാലുകൾക്കു തണുപ്പേകും. കാലടികളിൽ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കണ്ണിൽ തേക്കണം. ദേഹം മുഴുവൻ എണ്ണ തേച്ച ശേഷം മൃദുവായി തടവണം. നല്ലെണ്ണ തേച്ചുകുളിക്കുന്നത് അനുയോജ്യമാണ്.

കടപ്പാട്: ഡോ. വി.എം. സാലി
ചീഫ് മെഡിക്കൽ ഓഫീസർ 
ഗവ. ആയൂർവേദാശുപത്രി, പരവൂർ, കൊല്ലം



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section