വെയിലുള്ളിടത്ത് വിളവ് - പ്രമോദ് മാധവൻ | Pramod Madhavan


"വെയിൽ ഇല്ലെങ്കിൽ വിളവില്ല"എന്ന കാര്യമാണ്, കൃഷിയിൽ തുടക്കക്കാരനായ ഒരാൾ മനസ്സിലാക്കേണ്ട ആദ്യത്തെ പാഠം.



ചെടികൾ ഇന്നലെ കൊണ്ട വെയിലാണ് നാളത്തെ അവയുടെ വിളവ്. 

സൂര്യപ്രകാശം (Light Energy) എന്ന ഇന്ധനത്തിന്റെ 
 സാന്നിധ്യത്തിൽ, ഇലകൾ എന്ന പാത്രത്തിൽ, ഹരിതകത്തിന്റെ (Chlorophyll ) മധ്യസ്ഥതയിൽ വെള്ളവും (H2O) വളവും (17 അവശ്യ മൂലകങ്ങൾ) കാർബൺ ഡയോക്സയ്ഡും (CO2) ചേരുമ്പോൾ അന്നജം (C6 H12 O6) ഉണ്ടാകുന്നു.

പയർ ചെടികൾക്ക് ഒരു പടി കൂടി കടന്ന് പ്രോട്ടീൻ നിർമ്മിക്കാനുള്ള സവിശേഷ കഴിവ് ഉണ്ട്. എണ്ണക്കുരുക്കൾക്ക് ഇതേ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് കൊഴുപ്പും എണ്ണയും (fats & oils) ഉത്പാദിപ്പിക്കാൻ കഴിവുണ്ട്.

ഒരേ അസംസ്കൃത വസ്തുക്കളിൽ നിന്നും വ്യത്യസ്തമായ വിഭവങ്ങൾ!!

ചെടികൾ ഇവയെ വേരുകളിലോ ഇലകളിലോ പൂവുകളിലോ കായ്കളിലോ തണ്ടുകളിലോ വിത്തുകളിലോ കിഴങ്ങുകളിലോ തരാതരം പോലെ സംഭരിച്ച്, സൂക്ഷിച്ച് വയ്ക്കുന്നു. നമ്മൾ അത് മോഷ്ടിക്കുന്നു.

ഇതാണ്, ഇത് മാത്രമാണ് ഈ ലോകത്ത് ജീവൻ നില നിൽക്കാൻ കാരണം. 'എന്റേതായൊന്നുമില്ലെന്നാൽ എല്ലാമെനിക്കായി" 'എന്നാണല്ലോ ഹോമോ സാപ്പിയൻസിന്റെ കാഴ്ചപ്പാട്.




ഓരോ ചെടികൾക്കും വേണ്ട സൂര്യ പ്രകാശത്തിന്റെ തോത് വ്യത്യസ്തമാണ്. ('തെങ്ങിന്റെ തളപ്പല്ല (തെങ്ങിൽ കയറുമ്പോൾ കാലിൽ കെട്ടുന്ന വള്ളി) കവുങ്ങിന് ' എന്ന് പറയുംപോലെ).

ചിലവ തുറസ്സായ സാഹചര്യവും സമൃദ്ധമായ സൂര്യ പ്രകാശവും ആഗ്രഹിക്കുന്നു.(Sun loving Plants, Heliophytes).

ചിലവ ഭാഗികമായുള്ള തണൽ സഹിക്കുന്നവയാണ്. (Shade Tolerant Plants).

ചില ചെടികൾക്ക് അരിച്ചിറങ്ങുന്ന സൂര്യപ്രകാശം (Filtered sunlight) മതി. അവ Shade loving /Sciophytes ആയി കരുതപ്പെടുന്നു.

ചെടികളുടെ ഈ ആവശ്യകത അറിഞ്ഞ് വിളകൾ തെരഞ്ഞെടുക്കുന്ന കർഷകന്, മറ്റ് കാര്യങ്ങൾ കൂടി ഒത്തുവന്നാൽ വിജയം സുനിശ്ചിതം. 

സൂര്യപ്രകാശത്തിൽ തരംഗ ദൈർഘ്യം(Wave length) കുറഞ്ഞ നീലയും തരംഗം ദൈർഘ്യം കൂടിയ ചുവപ്പും ആണ് ചെടികൾ കൂടുതലായി ആഗിരണം ചെയ്യുന്നത്.

 രാവിലെത്തെ വെയിലിൽ നീല രശ്മികൾ കൂടുതലും ഉച്ച കഴിഞ്ഞ് ചുവപ്പ് രശ്മികൾ കൂടുതലും ആയിരിക്കും. 
അതായത്,രാവിലത്തെ വെയിൽ പച്ചക്കറികൾക്ക് കൂടുതൽ ഉത്തമം ഉത്തമാ...

വെയിലിന്റെ ദിശ നോക്കി, ചെടികൾ നട്ട്,വെയിലറിഞ്ഞ് കൃഷി ചെയ്യണം. 

കിഴക്ക് നിന്നുള്ള വെയിൽ ചൂട് കുറഞ്ഞതാണ്. പടിഞ്ഞാറു നിന്നുള്ളത് ചൂടേറിയതും. 

വടക്കു കിഴക്ക് നിന്നുള്ള വെയിൽ നല്ലതാണ്.. ആയതിനാൽ വൃക്ഷ വിളകൾ വയ്ക്കാൻ വടക്ക്‌ ദിക്ക്‌ അനുയോജ്യം. താങ്ങ് മരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കുരുമുളക് വള്ളികൾ നടാം.

തെക്കു പടിഞ്ഞാറൻ വെയിൽ കടുപ്പം. അതിനാൽ തെങ്ങിൻ തൈകൾക്ക് ആ ദിശയിൽ നിന്നും വെയിൽ ഏൽക്കാതിരിക്കാൻ തണൽ നൽകണം. 

ഫല വൃക്ഷങ്ങളുടെ പടിഞ്ഞാറൻ വെയിൽ നേരിട്ട് തട്ടുന്ന ചില്ലകൾ ആദ്യം പൂവിടുമത്രേ ഉദാഹരണം ഗ്രാമ്പൂ. അതു തരംഗ ദൈർഘ്യം കൂടിയ ചുവപ്പിന്റെ കളി. 

ഇഞ്ചി, മഞ്ഞൾ എന്നിവ പടിഞ്ഞാറു ദിശയിൽ നട്ടാൽ വിളവ് കൂടും. 

പടിഞ്ഞാറു ഭിത്തിയിൽ ചാണകം ഒട്ടിച്ച്,അതിൽ വിത്ത് പതിപ്പിച്ച് വെയിൽ കൊള്ളിച്ച് നടുമത്രേ, മുളക്കരുത്ത് കിട്ടാൻ. 

പടിഞ്ഞാറോട്ട് ചെരിവുള്ള കുന്നുകൾ തേയില, കാപ്പി കൃഷിക്ക് കൂടുതൽ അനുയോജ്യമത്രേ.. 

നമ്മൾ കൃഷി ചെയ്യുന്ന ഏതാണ്ട് എല്ലാ വിളകളും ദിവസം 6 മണിക്കൂറിൽ കൂടുതൽ വെയിൽ ഇഷ്ടപ്പെടുന്നവയാണ്. 

എന്നാൽ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി,വിവിധ തരം കിഴങ്ങുകൾ , കൂവ, കാന്താരി മുളക് എന്നിവ അല്പമൊക്കെ തണൽ സഹിക്കും. 

വെയിൽ ഇല്ലാത്തിടത്ത് നേന്ത്രവാഴ കൃഷിക്ക് ഇറങ്ങരുത് രമണാ.. ഏത്തവാഴയ്ക്ക് 'മുകളിൽ തീ, കീഴെ നനവ്' എന്നാണ്.

എന്നാൽ ഞാലിപ്പൂവൻ, പാളയൻ കോടൻ, മൊന്തൻ, റോബസ്റ്റ, പടറ്റി എന്നിവ കുറെയൊക്കെ തണൽ സഹിക്കും. തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി നടാം.

നമ്മുടെ പച്ചക്കറികൾ എല്ലാത്തിനും ആറ് മണിക്കൂറിൽ കൂടുതൽ വെയിൽ കിട്ടുന്ന സ്ഥലങ്ങൾ തന്നെ വേണം. (മുളക് അല്പമൊക്കെ വെയിലില്ലായ്മ സഹിക്കും).

തെങ്ങിൻ തോട്ടത്തിൽ ആദ്യ 7 വർഷവും 25 കൊല്ലത്തിനു ശേഷവും എല്ലാ ഇടവിളകളും നന്നായി വിളയുന്നതിന് കാരണവും ലഭ്യമാകുന്ന വെയിൽ തന്നെ. ഓലക്കാലുകളുടെ ആകൃതി തന്നെ വെയിൽ താഴേയ്ക്ക് അരിച്ചിറങ്ങാൻ പാകത്തിനാണ്. 

പക്ഷെ നമ്മുടെ വീട്ടുവളപ്പുകളിൽ വെയിൽ കിട്ടാൻ ആണെല്ലോ പ്രയാസം.
അത്‌ കടയിൽ നിന്നും വാങ്ങാൻ കഴിയില്ലല്ലോ ... 

 ലക്കും ലഗാനുമില്ലാതെ മരങ്ങൾ വച്ച് വീട്ടുവളപ്പിനെ ഒരു Crop Museum ആക്കി മാറ്റിയിരിക്കുക ആണ് ശരാശരി മലയാളി. ആയതിനാൽ തന്നെ കീഴേക്ക് അരിച്ചിറങ്ങുന്ന വെയിൽ കമ്മി.
അങ്ങനെയാണ് മലയാളി കൃഷി ചെയ്യാൻ ടെറസ്സിൽ കയറിയത്.

ഗൃഹ നിർമാണ വൈദഗ്ധ്യം മൂലം അവിടവും കെട്ടിയടച്ചു.

ആയതിനാൽ,കൃഷിയിൽ വെയിലിന്റെ മഹത്വം അറിയുക. 

വീട്ടിൽ ഉള്ളവരുടെ ഹൃദയവും കരളും കിഡ്നിയും രക്ഷിക്കാൻ നന്നായി വെയിൽ കിട്ടുന്ന 2 സെന്റ് (80 ചതുരശ്ര മീറ്റർ) സ്ഥലം പച്ചക്കറി വിളകൾക്കായി ഓരോ വീട്ടിലും സജ്ജമാക്കുക.




പേരക്കുട്ടിക്ക് കട്ടിലും കട്ടളയും തൊട്ടിലും ഉണ്ടാക്കാൻ വേണ്ടി, ഉള്ള പുരയിടം മുഴുവൻ തേക്കും മഹാഗണിയും വച്ചു പിടിപ്പിക്കുന്നത് വിവേകമല്ല എന്നറിയുക. ഭക്ഷ്യവിളകൾക്ക് മുൻഗണന നൽകുക.

ഇന്നലെ ചെടികൾ കൊണ്ട വെയിൽ ആണ് നമ്മളുടെ ശരീരം 
മറക്കരുത്.

✍🏻 പ്രമോദ് മാധവൻ  



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section