ഇന്ത്യയിലെ മനോഹരമായ ചില മൺസൂൺ സ്പോട്ടുകൾ | Monsoon spots in India

ഇന്ത്യയിലെ മഴക്കാലം ശരിക്കും മാന്ത്രികമാണ്. പ്രകൃതി ഏറ്റവും മനോഹരിയാകുന്ന സമയം. കുന്നുകളും പർവതങ്ങളും പച്ചപ്പരവതാനി വിരിച്ചിരിക്കുന്ന കാഴ്ച. വെള്ളച്ചാട്ടങ്ങൾ ഏറ്റവും ഗംഭീരമാകുന്ന സമയം. അതുവരെ വരണ്ടുണങ്ങിയും നേർത്ത നൂലുപോലൊഴുകിയും കണ്ട നദികളും തടാകങ്ങളും നിറഞ്ഞൊഴുകാൻ ആരംഭിക്കും. പ്രകൃതി മുഴുവൻ പച്ചനിറം വാരിപ്പൂശുന്നത് കാണാൻ തന്നെ എന്തു ഭംഗി ആയിരിക്കും. മഴയത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമായി വേണമെന്ന് ഓർമിപ്പിച്ചുകൊണ്ട്, കേരളത്തിന് പുറത്തെ ഏറ്റവും മനോഹരമായ ചില മൺസൂൺ സ്പോട്ടുകളെ പരിചയപ്പെടുത്താം. 



1. ലോണാവാല, മുംബൈ

സഹ്യാദ്രിനിരകൾ പച്ചപ്പരവതാനി വിരിച്ചതുപോലെ നീണ്ടു പരന്നു കിടക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ മൺസൂൺ കാലത്ത് ലോണാവാലയോളം സുന്ദരമായ മറ്റൊരിടം ഉണ്ടാകില്ല. മുംബൈക്കടുത്ത് ഇത്രയും മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ ഉണ്ടെന്നു പോലും വിശ്വസിക്കാനാവാത്ത വിധം സുന്ദരമാണ് മഴക്കാലത്ത് ഇവിടം.




ആകർഷണങ്ങൾ: ടൈഗർ പോയിന്റ് എന്ന് വിളിക്കപ്പെടുന്ന മലഞ്ചെരിവിലൂടെ ഒഴുകുന്ന ഒരു അരുവിയുടെ കാഴ്ച ആസ്വദിക്കാം. ബിസി 3, 2 നൂറ്റാണ്ടുകളിൽ ബുദ്ധ സന്യാസിമാർ നിർമ്മിച്ച കാർല ഗുഹകൾ കാണാം. ബുഷി അണക്കെട്ടിന് സമീപം പ്രശസ്തമായ ഒരു വെള്ളച്ചാട്ടമുണ്ട്, ഇത് എല്ലാ മൺസൂൺ പ്രേമികൾക്കും വളരെ പ്രിയപ്പെട്ട സ്ഥലമാണ്.



2. കൊടൈക്കനാൽ, തമിഴ്നാട്

‘ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി’ എന്നറിയപ്പെടുന്ന കൊടൈക്കനാൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. പശ്ചിമഘട്ടത്തിലെ പഴനി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഇത് മനോഹരമായ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും പച്ചപ്പു നിറഞ്ഞ കുന്നുകളുമെല്ലാം കൊണ്ട് ഒരു കിടിലൻ കാഴ്ച തന്നെ മഴക്കാലത്ത് സഞ്ചാരികൾക്കായി ഒരുക്കുന്നു. 

ബെരിജം തടാകത്തിന് ചുറ്റും നടക്കുക, പാറകളും മരങ്ങളും കൊണ്ടു ചുറ്റപ്പെട്ട മനുഷ്യനിർമിത തടാകമായ കൊടൈ തടാകം സന്ദർശിക്കുക, പഴനി കുന്നുകളുടെ മനോഹരമായ കാഴ്ച ആസ്വദിക്കുക എന്നിവയാണ് കൊടൈക്കനാലിലെ ആകർഷണങ്ങൾ.



3. ഷില്ലോങ്, മേഘാലയ

മൺസൂൺ കാലത്ത് സുന്ദരമാകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഷില്ലോങ് നഗരം. ഖാസി, ജയന്തി കുന്നുകളുടെ മനോഹരമായ താഴ്‌വരകളാൽ ചുറ്റപ്പെട്ട, നിരവധി വെള്ളച്ചാട്ടങ്ങളാൽ അലങ്കരിച്ച ഷില്ലോങ്, പച്ചപ്പ് നിറഞ്ഞ പ്രകൃതിയാൽ സമ്പന്നമാകും മൺസൂൺ കാലത്ത്. മഴക്കാലത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണ് ഷില്ലോങ്.




ആകർഷണങ്ങൾ: ഡേവിഡ് സ്കോട്ട് ട്രയൽ ഒരു പഴയ ട്രെക്കിങ് റൂട്ടാണ്, ഇത് മേഘാലയയിലെ ഏറ്റവും പ്രശസ്തമായവയിൽ ഒന്നാണ്. കൂടാതെ വന്യജീവി നിരീക്ഷണം, ട്രക്കിങ്, ബോട്ടിങ് എന്നിവയും ഇവിടുണ്ട്.

എങ്ങനെ എത്തിച്ചേരാം: ഷില്ലോങ്ങിൽനിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഗുവാഹത്തിയിലാണ്. ഇത് ഏകദേശം 100 കിലോമീറ്റർ അകലെയാണ്, അവിടെനിന്ന് ടാക്സിയിൽ എളുപ്പത്തിൽ എത്തിച്ചേരാനാവും. ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ രാജ്യത്തെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.



4. ഡാർജിലിങ്

ഇന്ത്യയിലെ മികച്ച മൺസൂൺ ഗെറ്റ്എവേ. ഹിമാലയത്തിന്റെ താഴ്​വരയിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ് കുന്നുകളാൽ ചുറ്റപ്പെട്ടതുകൊണ്ട് മഴക്കാലത്ത് കനത്ത മഴ ലഭിക്കുന്ന ഇടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. പ്രകൃതി സ്നേഹികൾ, മധുവിധു ആഘോഷിക്കുന്നവർ, കുടുംബങ്ങൾ അങ്ങനെ ഏതുതരത്തിലുള്ള യാത്രകരെയും ഒരുപോലെ ആകർഷിക്കുന്ന ഈ മനോഹര ഇടം മൺസൂൺ കാലത്ത് കൂടുതൽ സുന്ദരിയായി മാറും.

എങ്ങനെ എത്തിച്ചേരാം: കൊൽക്കത്ത, ഡൽഹി, ഗുവാഹത്തി, ചെന്നൈ, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ന്യൂ ജൽപായ്ഗുരി ആണ് ഡാർജിലിംഗിലെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ആകർഷണങ്ങൾ: രംഗീത് വാലി പാസഞ്ചർ കേബിൾ കാർ, ഡാർജിലിങ് മൊണാസ്ട്രി, സാഹസിക കായിക വിനോദങ്ങൾ, ടോയ് ട്രെയിൻ. ഇവിടെയെത്തിയാൽ ഡാർജിലിങ് ചായ രുചിച്ചു നോക്കാൻ മറക്കരുത്. 



5. ജോഗ് വെള്ളച്ചാട്ടം - കർണാടക

മഴക്കാലത്ത് ജോഗ് വെള്ളച്ചാട്ടം സജീവമാകും. മഴക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. വെള്ളച്ചാട്ടത്തിൽ നാല് വ്യത്യസ്ത കാസ്കേഡുകളാണുള്ളത്. പ്രാദേശികമായി രാജ, റാണി, റോവർ, റോക്കറ്റ് എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. നാല് കാസ്കേഡുകളും കൂടിച്ചേർന്ന് വലിയ വെള്ളച്ചാട്ടമായി പതിക്കുന്നു. മഴക്കാലത്ത് തളിരിടുന്ന പുതിയ പച്ചപ്പിനാല്‍ വെള്ളച്ചാട്ടവും പരിസരവും അതിമനോഹരമായി കാണപ്പെടും. മഴക്കാലത്ത് ഒരു കിടിലൻ ഡ്രൈവ് പോകാനും പറ്റിയ സ്ഥലമാണ് ഇത്. കേരളത്തിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഈ മൺസൂൺ സ്പോട്ടിലേക്ക് ആവട്ടെ അടുത്ത യാത്ര.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section